/indian-express-malayalam/media/media_files/ENm4slU4vLAK0EwHXIhg.jpg)
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ നിരവധി ആവശ്യങ്ങൾ കേരളം ഉന്നയിച്ചെങ്കിലും അനുകൂലമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ല. കേരളത്തിൽ നിന്ന് ബിജെപിക്ക് സ്വന്തമായി ഒരു എംപി ഉൾപ്പടെ രണ്ട് കേന്ദ്രമന്ത്രിമാർ ഉള്ളതിനാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണ ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ കരുതിയിരുന്നത്. എന്നാൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിലില്ല.കടക്കെണിയിലായ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് എന്നാവശ്യം കാലങ്ങളായി സംസ്ഥാനം കേന്ദ്രത്തിന് മുമ്പിൽ വെക്കുന്നതാണ്. ഇത്തവണ 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ചോദിച്ചത് മുഴുവൻ കിട്ടിയില്ലെങ്കിലും കുറച്ചെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ യാതൊരുവിധ സാമ്പത്തിക പാക്കേജും കേരളത്തിനായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബീഹാർ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.പൂർവോദയ പദ്ധതിയിൽ ഉൾപ്പെടുത്തി ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതികൾ മുൻനിർത്തി ആസാം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,സിക്കീം എന്നീ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായി പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അവിടെയും തഴഞ്ഞെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രഖ്യാപനങ്ങളും ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിച്ചതാണ്. എന്നാൽ, റെയിൽവേയുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും ചൊവ്വാഴ്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ഉണ്ടായില്ല. നിലമ്പൂർ-നഞ്ചൻകോട്, അങ്കമാലി-ശബരി, തലശേരി-മൈസൂരു എന്നീ പാതകളുടെ വികസനമായിരുന്നു റെയിൽവേയിൽ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്.
റബർ കർഷകർക്ക് താങ്ങുവില, കൊച്ചി മെട്രോ വികസനം, വിഴിഞ്ഞം തുറമുഖം, ശബരിമല വിമാനത്താവളം, കോഴിക്കോട്-വയനാട് തുരങ്കപാത,സിൽവർ ലൈൻ, ദേശീയ പാതാ വികസനം എന്നിവയിലെല്ലാം കേരളം പ്രതീക്ഷയർപ്പിച്ചിരുന്നെങ്കിലും ഇവയൊന്നും സംബന്ധിച്ച് കേന്ദ്രബജറ്റിൽ നിരാശമാത്രമായിരുന്നു ഫലം. കേന്ദ്രാവിഷ്‌കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്ര വിഹിതത്തിന്റെ കുടിശികയായി 3686 കോടി ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കൂടാതെ ജിഎസ്ടി പരിഷ്‌കരണം സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാനമൊന്നുമില്ലാത്തത് സംസ്ഥാന സർക്കാരിനെ കൂടുതൽ നിരാശയിലാക്കി.
ടൂറിസം രംഗത്തും സംസ്ഥാനത്തിന് പ്രയോജനകരമാകുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ല. ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള തീർഥാടന ടൂറിസം വികസനം. നാഗപട്ടണം മുതൽ തൃശൂർ വരെനീണ്ടുകിടക്കുന്ന ടൂറിസം സർക്യൂട്ട് എന്നീ പദ്ധതികൾ ബജറ്റിൽ ഇടം നേടുമെന്ന് പ്രതീക്ഷെങ്കിലും ഉണ്ടായില്ല. അതേ സമയം, ഗയ,ബോധ്ഗയ ക്ഷേത്രങ്ങളുടെ നവീകരണത്തിനും ബീഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയാണെന്നും ഇത്രയും സംസ്ഥാന വിരുദ്ധമായ ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അതേസമയം വികസന ഭാരതത്തിലേക്ക് നയിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ എൻ ബാലഗോപാലിന്റെ വിമർശങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബാലിശമായ വിമർശങ്ങളാണ് ഉയർത്തുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.