/indian-express-malayalam/media/media_files/2024/10/23/sNXoS0LUVFmiGyulU1YG.jpg)
പ്രതീകാത്മക ചിത്രം
ബെംഗളൂരു: സ്മാർട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. വിദ്യാസമ്പന്നരായ ആളുകളെ പോലും അനായാസം സൈബർ തട്ടിപ്പിനിരയാക്കി കോടികൾ കബളിപ്പിക്കുന്ന സംഘങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചു വരികയാണ്.
2024-ന്റെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ 11,333 കോടി രൂപ നഷ്ടപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് അടുത്തിടെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ പുറത്തുവിട്ടിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരു നഗരത്തിൽ നിന്നുള്ള സൈബർ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
നവംബർ അവസാനം വരെ ബെംഗളൂരു നഗരത്തിൽ മാത്രം 16,357 പേരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായത്. 1,800 കോടി രൂപയോളം ഇതുവരെ നഷ്ടപ്പെട്ടെന്നാണ് വിവരം. ബെംഗളൂരുവിലെ സൗത്ത് സിഇഎൻ പൊലീസ് സ്റ്റേഷനിൽ മാത്രം 1400 കോസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ നഷ്ടപ്പെടുന്ന പണത്തിന്റെ കാര്യത്തിൽ 168 ശതമാനം വർധനവാണ് ഉണ്ടായത്. ഏകദേശം 5.40 കോടി രൂപയാണ് ഒരോ ദിവസവും നഗരത്തിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്നത്.
ആകെ നഷ്‌ടമായ 18,06,69,55,446 രൂപയിൽ 611 കോടി രൂപ മരവിപ്പിച്ചതായും 122 കോടി രൂപ തിരിച്ചുപിടിച്ചതായും പൊലീസ് അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ അന്വേഷണങ്ങൾ ആരംഭിച്ച ശേഷമുള്ള ബെംഗളൂരു സിറ്റി പൊലീസിന്റെ ഏറ്റവും ഉയർന്ന വീണ്ടെടുക്കലാണിത്.
കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നും ശരാശരി 48 സൈബർ കുറ്റകൃത്യങ്ങളാണ് ദിവനസേന ബെംഗളൂരിൽ രജിസ്റ്റർ ചെയ്യുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കെണിയിലാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' പരിപാടിയുടെ 115-ാം പതിപ്പിൽ "ഡിജിറ്റൽ അറസ്റ്റ്" തട്ടിപ്പുകളെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ലെന്നും, ഇത് ഒരു തട്ടിപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമ്മിപ്പിച്ചു.
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ വിവിധ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സാധ്യമാകാൻ നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരും ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More
- ഫലസ്തീൻ അനുകൂല ലേഖനം; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല
- സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
- നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
- വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ അന്തരിച്ചു
- സഞ്ജയ് മൽഹോത്ര പുതിയ റിസർവ് ബാങ്ക് ഗവർണർ; നിയമനം മൂന്നു വർഷത്തേക്ക്
- സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: എല്ലാവരും ചേർന്നു പ്രവർത്തിക്കണമെന്ന് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.