/indian-express-malayalam/media/media_files/tasRSMqFHVmgJqeY2H40.jpg)
Express photo by Anil Sharma
ഡൽഹി: 15 വർഷത്തിനിടെ ജൂൺ മാസം പെയ്തതിൽ ഏറ്റവും ഉയർന്ന അളവിലുള്ള മഴയാണ് ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മഴയിൽ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ന്റെ മേൽക്കൂര തകർന്ന് ഒരു ജീവൻ നഷ്ടപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്ന് മണിക്കൂറിനുള്ളിൽ 148 മില്ലീമീറ്ററിലധികം മഴയാണ് തലസ്ഥാനത്ത് പെയ്തത്. മഴയിൽ ഡൽഹി വിമാനത്താവളത്തിലെ പഴയ മേലാപ്പിൻ്റെ ഒരു ഭാഗം പുലർച്ചെ 5 മണിയോടെ തകർന്നു വീണു. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലേക്കാണ് തകർന്ന മേൽപ്പാലം പതിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ 8.30 വരെ സഫ്ദർജംഗ് ബേസ് സ്റ്റേഷനിൽ, 24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള കണക്കനുസരിച്ച്, ജൂൺ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. 235.5 മില്ലിമീറ്റർ മഴ ലഭിച്ച, 1936 ജൂൺ 28-നാണ് അവസാനമായി ഇത്രയധികം മഴ രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ ഡൽഹി ഭരണം സ്തംഭനാവസ്ഥയിലായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി, ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന അടിയന്തര യോഗം വിളിച്ചുകൂട്ടി. മഴ നാശം വിതച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെല്ലാം ജോലിയിൽ ഹാജരാകാനും നിർദേശമുണ്ട്.
അവധിയിലുള്ള എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും ഉടൻ തന്നെ ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യണമെന്നും, ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് അടുത്ത രണ്ട് മാസത്തേക്ക് അവധി അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും, റിപ്പോർട്ട് ചെയ്യുന്നതിനുമായി ജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറും നൽകിയിട്ടുണ്ടെന്ന് എൽജി ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ്, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ തുടങ്ങിയ ഏജൻസികളുടെ എല്ലാ സ്റ്റാറ്റിക് പമ്പുകളും പരിശോധിച്ച് പ്രവർത്തനക്ഷമണെന്ന് ഉറപ്പ് വരുത്താനും നിർദേശമുണ്ട്.
Read More
- പാർലമെന്റിലെത്താൻ ബോട്ട് വേണം; കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയെന്ന് ശശി തരൂർ
- ജൂലൈ 3 മുതൽ വില കൂടും; റീച്ചാര്‍ജ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും
- കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി
- പന്നൂൻ വധം: 'ഇന്ത്യയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്', സ്ഥാപനപരമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്ക
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.