/indian-express-malayalam/media/media_files/CNVIpy9Z0ItmsGCFnl5g.jpg)
മല്ലികാർജുൻ ഖാർഗെ
ഡൽഹി: ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങളിൽ പുകയുന്ന ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ വീണ്ടും നടത്തണമെന്ന് കോൺഗ്രസ്. പേപ്പർ ചോർച്ചയും അഴിമതിയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും, പരീക്ഷ സുതാര്യമായി വീണ്ടും നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ശനിയാഴ്ച ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന മുറവിളികൾക്കിടെ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയ്ക്ക് ഹാജരായ ലക്ഷക്കണക്കിന് വരുന്ന സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഇത് സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നീറ്റ്-യുജി വീണ്ടും നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
എംബിബിഎസ്, ബിഡിഎസ്, ആയുഷ്, മറ്റ് അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി) നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു. മെയ് 5ന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെ വലിയ തോതിലുള്ള ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ഉയർത്തുന്നത്.
നീറ്റ് പരീക്ഷയിലെ ഒരു പേപ്പറും ചോർന്നിട്ടില്ലെന്ന് മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചുവെന്ന് എക്‌സിലൂടെയാണ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് യുവാക്കളോട് പച്ചക്കള്ളം പറയുകയാണെന്നും, അവരുടെ ഭാവി നശിപ്പിക്കുകയാണെന്നും, ഖാർഗെ ആരോപിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത് ബിജെപിയും ആർഎസ്എസും വിദ്യാഭ്യാസ മാഫിയയെ പ്രോത്സാഹിപ്പിക്കുകയാണെന്നും, എൻസിഇആർടി പുസ്തകങ്ങളും പരീക്ഷകളിലെ ചോർച്ചയും ഉൾപ്പെടെ, വിദ്യാഭ്യാസ സമ്പ്രദായം തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
"നീറ്റ്-യുജി വീണ്ടും നടത്തണമെന്ന ആവശ്യം ഞങ്ങൾ ആവർത്തിക്കകയാണ്. നീറ്റ് പരീക്ഷ സുതാര്യമായ രീതിയിൽ ഓൺലൈനായി നടത്തണം. എല്ലാ പേപ്പർ ചോർച്ച കുംഭകോണങ്ങളും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മോദി സർക്കാരിന് ഈ ദുഷ്പ്രവൃത്തികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല," ഖാർഗെ എക്സിൽ കുറിച്ചു.
പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളെ എതിർത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും വെവ്വേറെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സി.ബി.ഐ ഏറ്റെടുത്തതായി പ്രതികരണങ്ങളിൽ അറിയിച്ചു.
Read More
- തമിഴ്നാട് ബിഎസ്പി അധ്യക്ഷനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 8 പ്രതികൾ പിടിയിൽ
- ദുഃഖമുണ്ട്, കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് വിശ്വസം; ആദ്യമായി പ്രതികരിച്ച് ഭോലെ ബാബ
- ഹത്രാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ
- മൊബൈൽ കമ്പനികളുടെ ചാർജ്ജ് വർദ്ധനവ്; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
- പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന "പരാന്നഭോജി"; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്
- ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ
- ബിജെപി നേതാവ് എൽ.കെ അദ്വാനി വീണ്ടും ആശുപത്രിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.