scorecardresearch

Kochi Ship Accident: വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം

Kochi Ship Accident: എണ്ണ വെള്ളത്തിലേക്ക് വീഴിമ്പോൾ ഇത് അതിവേഗം പടരാൻ ഇടയാക്കും. സാന്ദ്രത കുറവായത് കൊണ്ടാണ് ഇത്. വെള്ളത്തിന് മുകളിൽ ഇത് എണ്ണപ്പാട സൃഷ്ടിക്കുന്നു. ഇത് സൂര്യപ്രകാശം തടയുന്നതിന് ഉൾപ്പെടെ പ്രാപ്തമാണ്

Kochi Ship Accident: എണ്ണ വെള്ളത്തിലേക്ക് വീഴിമ്പോൾ ഇത് അതിവേഗം പടരാൻ ഇടയാക്കും. സാന്ദ്രത കുറവായത് കൊണ്ടാണ് ഇത്. വെള്ളത്തിന് മുകളിൽ ഇത് എണ്ണപ്പാട സൃഷ്ടിക്കുന്നു. ഇത് സൂര്യപ്രകാശം തടയുന്നതിന് ഉൾപ്പെടെ പ്രാപ്തമാണ്

author-image
WebDesk
New Update
Ship Accident

Kochi Ship Accident

Kochi Ship Oil Spill Accident: എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കു കപ്പൽ അറബിക്കടലിൽ മുങ്ങിയതിന് പിന്നാലെ ഉടലെടുത്ത ആശങ്കകളും അപകടഭീഷണിയും മണിക്കൂറുകൾ പിന്നിടുമ്പോഴും വിട്ടൊഴിയുന്നില്ല. അത് അത്ര പെട്ടെന്ന് വിട്ടൊഴിയുകയും ഇല്ല. എണ്ണപ്പാട പടരുന്നത് ചെറുക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് കോസ്റ്റ് ഗാർഡ്. പൊല്യൂഷൻ റെസ്പോൺസ് കോൺഫിഗറേഷൻ സംവിധാനമുള്ള കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം 'ഐസിജിഎസ് സക്ഷം' ആണ് എണ്ണപ്പാട പടരുന്ന സാഹചര്യം നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ അപകടത്തിന്റെ തീവ്രത വലുതാണ്.

Advertisment

640 കണ്ടെയ്നറുകളാണ് കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ അകല മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഉണ്ടെന്നാണ് കോസ്റ്റ്ഗാർഡ് അറിയിക്കുന്നത്. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും കപ്പലിലുണ്ടെന്ന് കോസ്റ്റ് ഗാർഡ് എക്സിലൂടെ വ്യക്തമാക്കി. 

എങ്ങനെയാണ് കപ്പൽ പൂർണമായും മുങ്ങിയത്?

ഞായറാഴ്ച രാവിലെയോടെയാണ് കപ്പൽ പൂർണമായും മുങ്ങിയത്. കാർഗോ സ്റ്റോർ ചെയ്തിരിക്കുന്ന ഹോൾഡുകളിലൊന്നിൽ വെള്ളം കയറിയതോടെയാണ് കപ്പൽ പൂർണമായും മുങ്ങുന്ന സ്ഥിതിയുണ്ടായത്. കപ്പലിന്റെ മേൽത്തട്ടിന് താഴെയുള്ള ഭാഗമാണ് ഹോൾഡ്. 

Also Read: Kochi Ship Accident: കടലിൽ എണ്ണ പടരുന്നു; 36-48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളിലെത്തിയേക്കും

Advertisment

കോസ്റ്റ് ഗാർഡ് ഡോർണിയർ എയർക്രാഫ്റ്റും എണ്ണപ്പാട പടരുന്നത് നിരീക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഡോർണിയർ എയർക്രാഫ്റ്റിലൂടെ വെള്ളത്തിൽ എണ്ണ കലർന്നിരിക്കുന്നതിന്റെ അളവ് കണ്ടെത്താനാവും. വെള്ളിയാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് കപ്പൽ യാത്ര തിരിച്ചത്, പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

എന്താണ് ഓയിൽ സ്പിൽ?

പ്രകൃതി ദുരന്തങ്ങൾ, മനുഷ്യനിർമിത ദുരന്തങ്ങൾ, സാങ്കേതിക പിഴവിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിലൂടെ ഓയിൽ ടാങ്കറുകളും കപ്പലുകളും അപകടത്തിൽപ്പെടാം. എണ്ണ വെള്ളത്തിലേക്ക് വീഴിമ്പോൾ ഇത് അതിവേഗം പടരാൻ ഇടയാക്കും. സാന്ദ്രത കുറവായത് കൊണ്ടാണ് ഇത്. വെള്ളത്തിന് മുകളിൽ ഇത് എണ്ണപ്പാട സൃഷ്ടിക്കുന്നു. ഇത് സൂര്യപ്രകാശം തടയുന്നതിന് ഉൾപ്പെടെ പ്രാപ്തമാണ്. ഇതിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നതിന് തടസം നേരിടുന്നു. ഇത് കടലിലെ ആഹാരശൃംഖലയെ ഗുരുതരമായി ബാധിക്കും.

Also Read:Kochi Ship Accident: നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണു, എണ്ണപ്പാട പടരുന്നത് തടയാൻ ശ്രമം

കടൽവെള്ളത്തിൽ ഈ വിഷസാന്നിധ്യം രൂപപ്പെടുന്നതോടെ കടൽജീവികളുടെ പെട്ടെന്നുള്ള നാശത്തിന് കാരണമാവും. മത്സ്യങ്ങളുടെ പ്രത്യുൽപാദനത്തേയും വളർച്ചയേയും ഇത് ബാധിക്കുന്നതായി അമേരിക്കൻ എൻവിയോർമെന്റ് പ്രൊട്ടക്ഷൻ ഏജൻസി(ഇപിഎ) ചൂണ്ടിക്കാണിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അപകടം

ഗൾഫ് ഓഫ് മെക്സിക്കോയിൽ ഉണ്ടായ അപകടമാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓയിൽ സ്പിൽ അപകടം. 2010ൽ ആയിരുന്നു ഇത്. ഏപ്രിൽ 20ന് ആണ് അപകടം ഉണ്ടായത്. നാല് മില്യൺ ബാരൽ എണ്ണ 87 ദിവസത്തോളം ഗൾഫ് ഓഫ് മെക്സിക്കോയിൽ ഒഴുകി വ്യാപിച്ചു. ആയിരക്കണക്കിന് ജീവജാലങ്ങളുടെ നാശത്തിനാണ് ഇത് ഇടയാക്കിയത്. 

ഓയിൽ സ്പിൽ തടയാൻ ചട്ടങ്ങളുണ്ടോ? 

കപ്പലുകളിൽ നിന്നുണ്ടാകുന്ന മലിനീകരണം തടയുന്നതിനായി ചേർന്ന രാജ്യാന്തര കണവെൻഷനിൽ ഓയിൽ സ്പിൽ തടയുന്നതിന് വേണ്ട ചട്ടങ്ങളെ കുറിച്ച് പറയുന്നു. 1970കളിൽ ഓയിൽ സ്പിൽ അപകടങ്ങൾ ധാരാളമായി ഉണ്ടായതിനെ തുടർന്നാണ് 1978ൽ ഇതിനായി പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്. 

Also Read: മുങ്ങിയ കപ്പലിലെ വസ്തുക്കൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്; ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്

ഇന്ത്യയിലെ മെർച്ചന്റ് ഷിപ്പിങ് ആക്ട് ഉൾപ്പെടെയുള്ളവയാണ് ഓയിൽ സ്പിൽ ഉണ്ടാകുന്നത് തടയുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നത്. മലിനീകരണ നിയന്ത്രണ സെർട്ടിഫിക്കറ്റും ഈ ആക്ടിന് കീഴിലാണ് ലഭിക്കുന്നത്. ആ ആക്ടിൽ പറയുന്ന ചട്ടങ്ങൾ ഇന്ത്യയിലെ കപ്പലുകളും ഇന്ത്യൻ സമുദ്രപാദയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളും പിന്തുടരണം. തുറമുഖങ്ങളും ഓയിൽ സ്പിൽ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണ് നോഡൽ ഏജൻസി. 

എങ്ങനെ ഇനി ശുദ്ധീകരിക്കും?

എണ്ണപ്പാട ജലത്തിൽ കലർന്നതിന് ശേഷം എങ്ങനെ ഇത് ശുദ്ധീകരിക്കും? തീരമേഖലയിലേക്ക് വ്യാപിക്കുന്നതിന് മുൻപ് സ്കിമ്മിങ്ങിലൂടെ എണ്ണ കടൽ വെള്ളത്തിലെ പ്രതലത്തിൽ നിന്ന് നീക്കാനാവും. കടൽവെള്ളത്തിൽ എണ്ണപ്പാട കലർന്ന ഒരു മേഖലയിൽ ചൂടുകൂട്ടുക എന്നതാണ് മറ്റൊരു മാർഗം. കെമിക്കലുകളുടെ വ്യാപനം തടയാൻ ഇതിലൂടെ സാധിക്കും. എണ്ണപ്പാട ചെറിയ തുള്ളികളായി വിഭജിച്ച് മാറുന്നതോടെ ഇത് മൂലമുണ്ടാകുന്ന അപകടഭീഷണി കുറയുന്നു. 

Also Read: കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി

എന്നാൽ സാങ്കേതിക വിദ്യ വളർന്നെങ്കിലും എണ്ണപ്പാട നീക്കുക എളുപ്പമല്ല. പ്രത്യേകിച്ച് കാലാവസ്ഥ മോശമായിരിക്കുകയും അടിയൊഴുക്ക് ശക്തമായിരിക്കുകയും ചെയ്യുമ്പോൾ. മനുഷ്യരെ ഉപയോഗിച്ച് ശുദ്ധീകരിക്കുക എന്നതും പ്രയാസമേറിയതാണ്. 

എന്താണ് പ്രാദേശവാസികൾ ചെയ്യേണ്ടത്? 

മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടുകയോ, അടുത്ത് പോകുകയോ ചെയ്യരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. കണ്ടെയ്നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം.

കപ്പലിൽ നിന്ന് എണ്ണ കടലിൽ പടരാൻ ആരംഭിച്ച് 36-48 മണിക്കൂറിനുള്ളിൽ ഇത് ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി കടലോര മേഖലകളിലേക്ക് എത്താനാണ് സാധ്യത എന്ന് ഇന്ത്യൻ നാഷണൽ ഓഷൻ ഇൻഫർമേഷൻ സർവീസസ് സെന്റർ അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഇത്.

Read More

Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: