/indian-express-malayalam/media/media_files/2025/05/25/NksNPTNXaKh8rdqBUTEV.jpg)
Kochi Ship Accident Photograph: (Defence Ministry)
Kerala Ship Oil Spill: കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ എംഎസ് സി എൽസ 3 ചരക്കു കപ്പൽ പൂർണമായും മുങ്ങിയതോടെ എണ്ണ കടലിൽ പടരുന്നത് വലിയ വെല്ലുവിളിയാവുന്നു. കൂടുതൽ ഇടങ്ങളിലേക്ക് എണ്ണ പടരുന്നത് തടയാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നുണ്ട്.
കപ്പലിൽ നിന്ന് എണ്ണ കടലിൽ പടരാൻ ആരംഭിച്ച് 36-48 മണിക്കൂറിനുള്ളിൽ ഇത് ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി കടലോര മേഖലകളിലേക്ക് എത്താനാണ് സാധ്യത എന്ന് ഇന്ത്യൻ നാഷണൽ ഓഷൻ ഇൻഫർമേഷൻ സർവീസസ് സെന്റർ അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഇത്.
Also Read: കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി
കപ്പലിൽ നിന്ന് കടലിൽ പടർന്ന എണ്ണ എത്തിച്ചേരാൻ സാധ്യതയുള്ള ഈ കടലോര മേഖലകളിൽ പാരിസ്ഥിതിഗ ആഘാതം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ഇന്ത്യൻ നാഷണൽ ഓഷൻ ഇൻഫർമേഷൻ സർവീസസ് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എണ്ണ പടരുന്നത് തടയാൻ കോസ്റ്റ് ഗാർഡിന്റെ 'സാക്ഷം'
എണ്ണ കടലിൽ പടരുന്നത് തടയാൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സാക്ഷം ആണ് ഉപയോഗിക്കുന്നത് എന്ന് ഡിഫൻസ് വക്താവ് അറിയിച്ചു. ഇതിനൊപ്പം കോസ്റ്റ് ഗാർഡ് ഡോർണിയർ എയർക്രാഫ്റ്റും ഉപയോഗിക്കുന്നുണ്ട്. ഡോർണിയർ എയർക്രാഫ്റ്റിലൂടെ വെള്ളത്തിൽ എണ്ണ കലർന്നിരിക്കുന്നതിന്റെ അളവ് കണ്ടെത്താനാവും.
Also Read: അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുപോയ കപ്പൽ
640 കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളാണ് എന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്. 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ആണ്.കാർഗോ സ്റ്റോർ ചെയ്തിരിക്കുന്ന ഹോൾഡുകളിലൊന്നിൽ വെള്ളം കയറിയതോടെയാണ് ഞായറാഴ്ച രാവിലിയോടെ കപ്പൽ പൂർണമായും മുങ്ങിയത് എന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടുകയോ, അടുത്ത് പോകുകയോ ചെയ്യരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. കണ്ടെയ്നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം.
Also Read: Kochi Ship Accident: നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണു, എണ്ണപ്പാട പടരുന്നത് തടയാൻ ശ്രമം
റഷ്യക്കാരനായ ക്യാപ്റ്റൻ ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന 24 പേരേയും രക്ഷപെടുത്തി. 21 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ശനിയാഴ്ച രക്ഷപെടുത്തി. മൂന്ന് പേര് ഇന്ത്യൻ നേവി കപ്പൽ സുജാത ഉപയോഗിച്ച് ഞായറാഴ്ചയാണ് രക്ഷിച്ചത്. കപ്പലിന്‍റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലാണ് ഉള്ളത്. ഇത് കൂടാതെ 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ടാങ്കിലുണ്ടെന്ന് കോസ്റ്റ് ഗാർഡ് എക്സിലൂടെ അറിയിച്ചു.
സംസ്ഥാന ഭരണകൂടവുമായി സഹകരിച്ച് മുൻപിലെത്തിയേക്കാവുന്ന എല്ലാ അപകടസാധ്യതകളും പരിഗണിച്ച് അത് ഇല്ലാതെയാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. നേവിയും കോസ്റ്റ് ഗാർഡും സംയുക്തമായാണ് എണ്ണ പടരുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്ന് ഡിഫൻസ് വക്താവ് അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച യോഗം ചേർന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ് പറഞ്ഞു. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗതയിലായിരിക്കും കണ്ടെയ്നറുകൾ കടലിൽ നീങ്ങുന്നത് എന്ന് നേവി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.