/indian-express-malayalam/media/media_files/ENTXI9zqxqckJoBVEKxw.jpg)
കേരളത്തിൽ കനത്ത മഴ
Kerala Rain Alerts Today: തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് 24 ന് കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവചനങ്ങൾക്ക് എട്ട് ദിവസം മുൻപേ ആണിത്. 2009 നു ശേഷം ഏറ്റവും വേഗത്തിൽ എത്തുന്ന കാലവർഷമാണിത്. 1975 നു ശേഷം രണ്ടുതവണയേ ഇത്ര വേഗതയിൽ കാലവർഷം വന്നിട്ടുള്ളൂ. കാലവർഷമെത്തിയതിന്റെയും അറബിക്കടലിന്റെ വടക്കൻ കർണാടക -ഗോവ തീരത്തിന്റെ ഭാഗമായി അടുത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെയും ഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ വടക്കാൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൺട്രോൾ റൂം
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
വലിയ നാശനഷ്ടം
കനത്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പാലക്കാട് പത്തിരിപ്പാലയിൽ ബസിന് മുകളിൽ മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയിൽ കാറിനു മുകളിൽ മരം വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
Also Read:കൊച്ചിയിലെ കപ്പൽ അപകടം: സംശയകരമായ വസ്തുക്കൾ കണ്ടാൽ തൊടരുത്, കപ്പൽ തീരത്ത് അടുപ്പിക്കാൻ ശ്രമം
ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. ലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us