scorecardresearch

രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന: ആരോഗ്യമന്ത്രി

ഗുരുതരമയി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ആവശ്യമായ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനുമാണ് വിവിധ വകുപ്പുകളുടെ സംയോജിത പരിശോധന

ഗുരുതരമയി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ആവശ്യമായ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനുമാണ് വിവിധ വകുപ്പുകളുടെ സംയോജിത പരിശോധന

author-image
WebDesk
New Update
Veena George

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിതമായി പരിശോധനകള്‍ നടത്തുന്നത്.

Advertisment

പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളില്‍ ഫീല്‍ഡുതല പരിശോധനകള്‍ നടത്തിയത്. ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീല്‍ഡുതല പരിശോധനകള്‍ സംഘടിപ്പിച്ചത്. ഫീല്‍ഡുതല പരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വിജയകരമായ സംയോജിത പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അന്വേഷണം നടത്തി കണ്ടുപിടിച്ച് അതിനനുസൃതമായി പ്രതിരോധം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയില്‍ എലിപ്പനി, ആലപ്പുഴയില്‍ പക്ഷിപ്പനി, ഇടുക്കിയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പരിശോധനകളാണ് നടത്തിയത്. 

ഫീല്‍ഡുതല പരിശോധനകള്‍ക്ക് മുന്നോടിയായി ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ അടിസ്ഥാനമാക്കിയുള്ള പരിശീലനവും തുടര്‍ന്ന് വകുപ്പ്തല ഏകോപന യോഗങ്ങളും ജില്ലകളില്‍ സംഘടിപ്പിച്ചിരുന്നു. ഫീല്‍ഡുതല പരിശോധനകളുടെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് അതിനനുസൃതമായ മാറ്റങ്ങള്‍ മാര്‍ഗരേഖയില്‍ വരുത്തി അന്തിമ രൂപത്തിലാക്കുന്നതിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

Advertisment

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. 

സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയാണ്. ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചും ആരംഭിച്ചു. ഏകാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

Read More

Health Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: