scorecardresearch

ദുരന്തബാധിതരെ ക്യാമ്പിൽനിന്ന് മാറ്റും, ചാലിയാറിലും വനമേഖലയിലും തിരച്ചിൽ ശക്തമാക്കും: മുഖ്യമന്ത്രി

മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണെന്നും, പരിശോധന സ്വകാര്യ ലാബുകളിൽ നടത്താനാകുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണെന്നും, പരിശോധന സ്വകാര്യ ലാബുകളിൽ നടത്താനാകുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
CM Pinarayi Vijayan, CM Kerala, cm

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിൽ, കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തിരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ചചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്. 

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡിഎന്‍എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍  നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്.

Advertisment

അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.

ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലെ ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തേണ്ടതാണ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും, മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Read More

Wayanad Landslide Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: