/indian-express-malayalam/media/media_files/uploads/2023/04/shivankutty.jpg)
വി ശിവൻകുട്ടി
മേപ്പാടി : മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളിൽ പഠനം പുനഃരാരംഭിക്കും. വെള്ളാർമല, മുണ്ടക്കൈ ഈ രണ്ടു സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേർക്കാനാണ് തീരുമാനം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. ഇതിന് മേൽനോട്ടം വഹിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. ദുരന്തബാധിതരായ കുട്ടികൾക്ക് കൗൺസലിങ് നൽകും. ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിലെ സെപ്റ്റംബർ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു.
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികൾക്ക്, തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഉദ്യോഗസ്ഥർ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. കുട്ടികളുടെ ഗതാഗതം കെഎസ്ആർടിസിയുമായി ആലോചിക്കും. അല്ലെങ്കിൽ ബദൽ സംവിധാനം സജ്ജമാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനും സംവിധാനമൊരുക്കും. ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്‌കൂൾ പുനർ നിർമ്മിക്കും. അത് എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല.
ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. അതിനോടു ചേർന്ന് പൊതുവായ ഫണ്ട് ഉപയോഗിച്ചോ, അല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പോ സ്‌കൂൾ പുനർ നിർമ്മിക്കും. തകർന്ന മുണ്ടക്കൈ സ്‌കൂൾ പുനർനിർമിക്കാമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ സജി ചെറിയാൻ, ഒ ആർ കേളു എന്നിവരും ടി സിദ്ദിഖ് എംഎൽഎയും യോഗത്തിൽ സംബന്ധിച്ചു. സ്‌കൂൾ അധ്യാപകരുമായും മന്ത്രി ശിവൻകുട്ടി ചർച്ച നടത്തിയിരുന്നു.
Read More
- വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ രാജൻ
- എട്ടാം നാളും തുടരുന്ന തിരച്ചിൽ; എയർലിഫ്റ്റിങ് വഴി സ്പോട്ടിലെത്തും
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
- വയനാട് ദുരന്തം: തിരച്ചിൽ ഇന്നും തുടരും, സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.