/indian-express-malayalam/media/media_files/m5IvKWvd8ag08jMHKVvw.jpg)
തിങ്കളാഴ്ച തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ പുത്തുമലയിൽ സംസ്‌കരിക്കുന്നു
മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള എട്ടാം ദിവസത്തെ തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. അതേസമയം ഏഴ് ശരീരഭാഗങ്ങള്‍ ലഭിച്ചു. ഇതോട് 224 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 189 ശരീരഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ 152 പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്.
ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ താഴേക്ക് മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാറിലും ചൊവ്വഴ്ച സൂക്ഷ്മ പരിശോധന നടത്തി. മേപ്പാടി മേഖലയില്‍ ഉരുള്‍ പ്രവാഹത്തിന്‍റെ വഴികളിലൂടെയായിരുന്നു പരിശോധന. സൂചിപ്പാറ ഭാഗത്തിനു താഴെ ദുര്‍ഘടമായ സൺറൈസ് വാലിയില്‍ ഹെലികോപ്റ്ററിൽ ദൗത്യസംഘത്തെ ഇറക്കിയും പരിശോധന നടത്തി.
ഈ പരിശോധനകള്‍ നാളെയും തുടരും. മേപ്പാടി ഭാഗത്ത് മൂന്ന് ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്നും നാല് ശരീരഭാഗങ്ങളുമാണ് കിട്ടിയത്. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തെരച്ചിലാണ് സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ രക്ഷാസേന നടത്തിയത്.
തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേരെയാണ് വിന്യസിച്ചത്. 84 മണ്ണുമാന്തി യന്ത്രങ്ങളാണ് തെരച്ചിലിന് ഉപയോഗിച്ചത്. ഇന്ന് 1126 പേര്‍ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ടായിരുന്നു. പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പൊലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്ക്വാഡ് തെരച്ചിലിന് രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കാന്‍ ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000 പേര്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ 5400 പേര്‍ വയനാട് ജില്ലയില്‍ നിന്ന് മാത്രമുണ്ട്. ഇതിനു പുറമേ 140 ടീമുകളും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് മാത്രമായി 150ലധികം ജീവനക്കാരെയാണ് നിയോഗിച്ചത്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്നും ജീവനക്കാരുണ്ട്.
ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 648 കുടുംബങ്ങളിലെ 2225 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 847 പുരുഷന്‍മാരും 845 സ്ത്രികളും 533 കുട്ടികളും ഉണ്ട്.
ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ബദല്‍ സൗകര്യമൊരുക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനുള്ള നടപടികളും അതിവേഗം മുന്നേറുന്നു. കേന്ദ്ര സര്‍വകലാശാല പ്രവേശനത്തിനായി ആദ്യ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടിയായിട്ടുണ്ട്. ദുരിതബാധിത മേഖലകളായ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ നിശ്ചിതമേഖലകളില്‍ സൗജന്യ വൈദ്യുതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Read More
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
- വയനാട് ദുരന്തം: തിരച്ചിൽ ഇന്നും തുടരും, സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.