/indian-express-malayalam/media/media_files/h6hHlC7bZUWoTVD1owKD.jpg)
തിരിച്ചറിയപ്പെടാത്ത എട്ട് മൃതദേഹങ്ങൾ ഞായറാഴ്ച സംസ്‌കരിച്ചിരുന്നു
പുത്തുമല: മലവെള്ളപാച്ചിൽ, ഒരു നിമിഷം കൊണ്ട് കവർന്നെടുത്ത ആ 31 പേർക്കും നാട് വിടനൽകി. പ്രകൃതി സംഹാരതാണ്ഡവത്തിൽ, തിരിച്ചറിയാൻ പോലുമാകാതെ പോയ 31 പേർക്കാണ് തിങ്കളാഴ്ച പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിൽ അന്ത്യവിശ്രമം ഒരുക്കിയത്. ഇനിയും തിരിച്ചറിയാനാകാത്ത 31 മൃതദേഹങ്ങൾക്കൊപ്പം 158 ശരീരഭാഗങ്ങളും മറവുചെയ്തു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് വൈത്തിരി, മേപ്പാടി എന്നീ ആശൂപത്രികളിൽ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്.വരിവരിയായ ഒന്നിച്ചെത്തുന്ന ആംബൂലൻസിന്റെ ദ്യശ്യം നാടിനൊന്നാകെ സങ്കടക്കാഴ്ചയായിരുന്നു. പാതയോരങ്ങളിലെല്ലാം പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
വെള്ളതുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ തങ്ങളുടെ ഉറ്റവരുണ്ടോയന്ന് തിരയുന്ന കണ്ണുകളായിരുന്നു പുത്തുമലയിലെങ്ങും. അലമുറയിട്ട് കരയുന്നവരെ ആശ്വസിപ്പിക്കാൻ ചെന്നവരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു പുത്തുമലയിലെ ദൃശ്യങ്ങൾ. സർവ്വമത പ്രാർത്ഥനയോടെയാണ് സംസ്‌കാര നടപടികൾ തുടങ്ങിയത്. പേരും മേൽവിലാസവും ഒന്നും അറിയാത്ത അവർക്കായി ഒരേ സമയം ഓംകാര മന്ത്രവും ബാങ്ക് വിളിയും പരേതർക്കുള്ള ശുശ്രൂഷകളും മുഴങ്ങി. എല്ലാവരും ഞങ്ങളുടെ പ്രിയപ്പെട്ടവർ, നിങ്ങൾക്കായി ഈ നാട് കരയുന്നു.അന്ത്യയാത്രയ്ക്ക് ഒരുങ്ങുന്നവരോട് കേരളക്കര മന്ത്രിച്ചുകൊണ്ടേയിരുന്നു.
നേരത്തെ, പൊതുശ്മശാനത്തിൽ തിരിച്ചറിയാത്തവരുടെ ശവസംസ്‌കാരം നടത്താനായിരുന്നു തീരൂമാനിച്ചത്. എന്നാൽ പൊതുശ്മശാനം മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് നിന്നും വളരെ ദൂരത്തലായിരുന്ന. പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം 64 സെന്റ് സ്ഥലം ശവസംസ്‌കാരത്തിനായി വിട്ടുനൽകുകയായിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, എംബി രാജേഷ്, ഒആർ കേളു, കെഎൻ ബാലഗോപാൽ തുടങ്ങിയവർ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.തിരിച്ചറിയപ്പെടാത്ത എട്ട് മൃതദേഹങ്ങൾ ഞായറാഴ്ച സംസ്‌കരിച്ചിരുന്നു.
Read More
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
- വയനാട് ദുരന്തം: തിരച്ചിൽ ഇന്നും തുടരും, സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
- ലൈഫ് മിഷന് 350 കോടി അനുവദിച്ചു; 22500 പേര്ക്ക് ഗുണമെന്ന് മന്ത്രി എം.ബി രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.