/indian-express-malayalam/media/media_files/2025/03/18/april-27-to-may-3-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-606469.jpg)
Weekly Horoscope, August 24- August 30
Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പ്രഥമ മുതൽ സപ്തമി വരെ തിഥികളിലാണ്. പ്രോഷ്ഠപദമാസത്തിൻ്റെ ആരംഭമാണ് ആഗസ്റ്റ് 24 ന് ഞായറാഴ്ച. പൂരം മുതൽ വിശാഖം വരെയുള്ള നക്ഷത്രങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ കടന്നുപോകുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകത്തിലുണ്ട്. ആഗസ്റ്റ് 30 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ആയില്യം നക്ഷത്രത്തിലാണ് ബുധൻ. ശുക്രൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു.
ശനി മീനംരാശി ഉത്രട്ടാതിയിൽ വക്രഗതി തുടരുകയാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലുണ്ട്. രാഹു കുംഭത്തിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങത്തിൽ പൂരത്തിലും പിൻഗതി തുടരുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
വാരാദ്യ ദിവസങ്ങളിൽ ഉന്നമനേച്ഛ കുറയാം. പല കാര്യങ്ങളും ചെയ്യാൻ കഴിയുമെങ്കിലും ആലസ്യത്താൽ പിന്നത്തേക്ക് മാറ്റിവെക്കുന്നതാണ്. ചുമതലകളിൽ പരാങ്മുഖരാവും. ചൊവ്വാഴ്ച മുതൽ ഉത്തരവാദിത്വങ്ങളിൽ ജാഗരൂകരാവും. ഉചിത തീരുമാനങ്ങൾ കൈക്കൊള്ളും. അവ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുവാനും കഴിയുന്നതാണ്. സ്വതന്ത്ര ചുമതലകളിൽ നന്നായി ശോഭിക്കും. ഇടപാടുകൾ ഗുണകരമാവും. മനസ്സിനെ മസൃണമാക്കുന്ന അനുഭവങ്ങൾ ഉണ്ടായേക്കും. പ്രണയികൾ ഭാവികാര്യത്തിൽ ശുഭപ്രതീക്ഷ പുലർത്തുന്നതാണ്. ഭോഗസുഖമുണ്ടാവും.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഭരണി
കഴിവിനനുസരിച്ച് ഉയരാനും സന്ദർഭത്തിനനുസരിച്ച് പ്രതികരിക്കാനും കഴിഞ്ഞില്ലല്ലോ എന്ന ഖേദമുണ്ടാവാം. ഞായറും തിങ്കളും പലതരം അസൗകര്യങ്ങൾ വരുന്നതാണ്. ചൊവ്വ മുതൽ ഊർജ്ജസ്വലത കൈവന്നേക്കും. സ്വദൗത്യങ്ങളിൽ ആബദ്ധരാവും. അധ്വാനഭാരത്തെക്കുറിച്ച് ആകുലപ്പെടുകയില്ല.
ചെലവ് അമിതമാവാതിരിക്കാൻ സാധിക്കും. വരും ദിവസങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലർത്തിക്കൊണ്ട് കർമ്മരംഗത്ത് വർത്തിക്കുന്നതാണ്. അനുരാഗികൾക്ക് ആഹ്ളാദ സന്ദർഭങ്ങൾ സംജാതമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം.
കാർത്തിക
ഗുണാനുഭവങ്ങൾ കുറയില്ല. എന്നാൽ എല്ലാക്കാര്യത്തിലും കരുതൽ വേണംതാനും. വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നത് ആത്മവിശ്വാസമുയർത്തും. ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി വന്നെത്തും. വിപണന തന്ത്രങ്ങൾ ഫലവത്തായേക്കും. കൂട്ടുകാരുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. ഔദ്യോഗിക കാര്യങ്ങളിൽ തൃപ്തികുറയാനിടയുണ്ട്. സ്ഥലംമാറ്റത്തിൻ്റെ ഉത്തരവ് കൈയിൽ കിട്ടാത്തതിനാൽ ആശങ്കയുണ്ടായേക്കും.വാഗ്വാദങ്ങൾക്ക് മുതിരരുത്. ശത്രുക്കളെ മൗനം കൊണ്ട് നിരാകരിക്കാനാവും എന്നത് ഓർമ്മിക്കണം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
രോഹിണി
ഉദ്യോഗസ്ഥർക്ക് അധികജോലിഭാരം ഉണ്ടാവും. അലച്ചിൽ മൂലം ദേഹക്ഷീണവും മടുപ്പും അനുഭവപ്പെടാം. തൊഴിലിടത്തിൽ സഹകരണം കുറയുന്നതാണ്. പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ചിലരുടെ എതിർപ്പിന് കാരണമാവാം. സ്വാശ്രയ ബിസിനസ്സുകാർ ആഘോഷങ്ങളെ മുന്നിൽക്കണ്ട് ഒരുക്കം തുടങ്ങുന്നതാണ്. ഏജൻസി പ്രവർത്തനം മോശമാവില്ല. സാമ്പത്തികം കൈകാരം ചെയ്യുന്നതിൽ വിജയം വരിക്കുന്നതായിരിക്കും. വിരുന്നുകളിൽ / മംഗളകർമ്മങ്ങളിൽ സംബന്ധിക്കുന്നതാണ്. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.
മകയിരം
കാര്യാലോചനകളിൽ ക്ഷണിക്കപ്പെടും. ഉറച്ച നിലപാടുകൾ അറിയിക്കാൻ മടിക്കില്ല. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് അർഹമായ പദവി/ ജോലി ലഭിക്കാം. ഗാർഹികമായി അസംതൃപ്തികൾ വരാവുന്നതാണ്. എന്നാൽ അനുരഞ്ജനം സ്വീകരിച്ചേക്കും. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. അമിതചിന്ത പ്രവൃത്തിയിൽ പരാങ്മുഖത്വമരുളും. പഠനത്തിൽ ഏകാഗ്രത കുറയാനിടയുണ്ട്. അപ്രസക്ത കാര്യങ്ങൾക്കായി ധനവും ഊർജ്ജവും ചെലവാകുന്നതാണ്. ബന്ധുവിൻ്റെ വിവാഹത്തിന് സാമ്പത്തിക സഹായം സ്വമേധയാ നൽകും.
Also Read:സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തിരുവാതിര
സഹജമായ സിദ്ധികൾ ചിലപ്പോൾ തിരിച്ചറിയാനായേക്കില്ല. അഥവാ അവയ്ക്ക് സ്വീകാര്യത കിട്ടാതെ വരാം. പരാശ്രയത്വം ആവശ്യമാവുന്ന ഘട്ടങ്ങളുണ്ടാവും.കടം കൊടുത്ത തുകയുടെ ചെറിയൊരു ഭാഗം മടക്കിക്കിട്ടാം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ നിന്നും മാറിനിൽക്കുക അഭികാമ്യം. വ്യവഹാരങ്ങൾ തീരാത്തതിൽ വിഷമമുണ്ടാവും. ബുധശുക്രന്മാർ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വചോവിലാസം കൈവരുന്നതാണ്. എഴുത്തുകാർക്കത് ഗുണപ്രദമാവും. കുടുംബാംഗങ്ങളുമൊത്ത് വിനോദയാത്ര ആസൂത്രണം ചെയ്യും. വാരാദ്യം കൂടുതൽ ഗുണകരമായിരിക്കും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
പുണർതം
പ്രതീക്ഷിച്ച കാര്യങ്ങൾ ഒരുവിധം നടന്നുകിട്ടിയേക്കും. കർമ്മരംഗത്ത് കൂടുതൽ സക്രിയരാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയില്ല. എന്നാൽ ഔദ്യോഗികമായ ദൗത്യകർമ്മങ്ങൾ രഹസ്യമാക്കി വെക്കുകയാവും ഉചിതം. ആവശ്യങ്ങൾക്കായുള്ള പ്രക്ഷോഭങ്ങളിൽ നിന്നും വിട്ടുനിൽക്കാനിടയുണ്ട്. തന്മൂലം ചിലരുടെ വിരോധം സമ്പാദിച്ചേക്കാം. വ്യാപാരരംഗത്തെ മാന്ദ്യത്തിന് ഒട്ടൊക്കെ മാറ്റമുണ്ടാവുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുവാനുള്ള പരസ്യങ്ങൾ ആവിഷ്ക്കരിക്കേണ്ടതായി വന്നേക്കും. പുതിയ തലമുറയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരപ്പെടാം. സാഹസങ്ങൾ ഒഴിവാക്കുക തന്നെ വേണം. വാഗ്വിലാസം ആദരണീയമാവും.
പൂയം
സ്വാശ്രയശീലം അഭിനന്ദിക്കപ്പെടും. സംഘടനയുടെ വാർഷികാഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതാണ്. പുതിയ സാങ്കേതിക വിഷയങ്ങൾ അറിയാത്തതിൽ വിഷമം തോന്നും. ധനപരമായി ശരാശരിക്കാലമാണ്. പഠനം, വിവാഹസംഭാവന, ക്ഷേത്രാടനം എന്നിങ്ങനെ സൽകാര്യങ്ങൾക്ക് ചെലവേറുന്നതായിരിക്കും. ഗൃഹത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യപരിരക്ഷയിൽ ജാഗ്രത കുറയരുത്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. സഹോദരരുടെ സ്നേഹവും പിന്തുണയും അനുഭവിച്ചറിയും. പ്രണയികൾക്കിടയിൽ പിണക്കങ്ങൾ ഉടലെടുക്കാം.
ആയില്യം
ഗൃഹനിർമ്മാണം പുരോഗമിക്കും. എന്നാൽ അനുവദിച്ച പ്ലാനിൽ മാറ്റം വരുത്താനിടയുണ്ട്. പലകാര്യങ്ങളിൽ സുഹൃത്തുക്കളുടെ അഭിപ്രായം ആരായുമെങ്കിലും അവ നടപ്പിലാക്കില്ല.പണയസ്വർണം തിരിച്ചെടുക്കാൻ സാധിച്ചേക്കും. വ്യാപാരത്തിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്.
മകൻ്റെ ജോലിക്കാര്യത്തിലെ അനിശ്ചിതത്വം വിഷമിപ്പിക്കും. ജന്മത്തിലെ ശുക്രൻ സുഖഭോഗങ്ങളുടെതായ സാഹചര്യം രൂപപ്പെടുത്താം. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. കരാർ പണികർ ചെയ്യുന്നവർക്ക് അദ്ധ്വാനം കൂടുന്നതായിരിക്കും.
Read More: Venus Transit 2025: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.