scorecardresearch

Malayalam New Year Astrology: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

Malayalam New Year Prediction: അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam New Year Prediction: അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
varshaphalam

New Year Astrology Prediction: വർഷ ഫലം

malayalam New Year Prediction: 1200 കർക്കടകം 31ന്, 2025 ആഗസ്റ്റ് 16ന്, ശനിയാഴ്ച രാത്രി 1 മണി 52 മിനിട്ടിന് ആദിത്യൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെ കൊല്ലവർഷം 1201 പിറക്കുന്നു. പിറ്റേ പ്രഭാതമായ ആഗസ്റ്റ് 17 ഞായറാഴ്ചയാണ് 1201 ചിങ്ങമാസം ഒന്നാം തീയതിയായി  കണക്കാക്കുന്നത്. വ്യാഴം മിഥുനം രാശിയിലും കർക്കടകം രാശിയിലുമായി ഈ വർഷം നേർ-വക്രസഞ്ചാരം നടത്തുന്നു. വ്യാഴത്തിൻ്റെ ഉച്ച രാശിയാണ് കർക്കടകം എന്നോർക്കാം. 

Advertisment

ശനിക്കും രാഹുവിനും (കേതുവിനും) രാശിമാറ്റമില്ലാത്ത വർഷംഎന്ന പ്രത്യേകതയുമുണ്ട്. ശനിക്ക് രാശിക്കുള്ളിൽ തന്നെയാണ് വക്രസഞ്ചാരം വരുന്നത്. ശനി മീനം രാശിയിൽ സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം എന്നീ രാശികളിലും തുടരുകയാണ്. ചാന്ദ്രവർഷത്തിലെ 39ഉം 40ഉം വർഷങ്ങളായ വിശ്വാവസു, പരാഭവം എന്നീ വർഷങ്ങളാണ് 1201 ൽ സംഭവിക്കുന്നത്. ഇക്കൊല്ലം രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും സംഭവിക്കുന്നുണ്ടെങ്കിലും ചിങ്ങം 22ന്/സെപ്തംബർ 7ന് ചതയം നക്ഷത്രത്തിൽ നടക്കുന്ന ചന്ദ്രഗ്രഹണമാണ് പൂർണ്ണമായിട്ടുള്ളത്.  
       
മേടം മുതൽ ഇടവം വരെ പന്ത്രണ്ടുകൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷികഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

ഗുരു മൂന്ന്, നാല് ഭാവങ്ങളിലും ശനി പന്ത്രണ്ടിലും രാഹു പതിനൊന്നിലും സഞ്ചരിക്കുകയാൽ നടപ്പ് വർഷത്തിലെ ചില അനുഭവങ്ങളെങ്കിലും പുതുവർഷത്തിലും ഏറെക്കുറെ അതുപോലെ ആവർത്തിക്കാം. നിലവിലെ തൊഴിൽ/ പദവി എന്നിവ അതുപോലെ തുടരപ്പെടുന്നതാണ്. പുതിയ ജോലി തേടുന്നവർക്ക് അവ ലഭിച്ചാലും പ്രതീക്ഷിച്ച ഗുണാധിക്യം കിട്ടിയേക്കണമെന്നില്ല. ബിസിനസ്സുകാർക്ക് നവസംരംഭങ്ങൾ ആരംഭിക്കാനാവും. എന്നാൽ മുടക്കിയ തുക മടക്കിക്കിട്ടാൻ കാലതാമസം വരുന്നതായിരിക്കും. വസ്തു/വീട് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനാവും. കുടുംബപരമായ സ്വൈരക്കേടുകൾക്കും സമാധാനം കൈവരാം. അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം സിദ്ധിച്ചേക്കും. പ്രണയസാഹചര്യം ഉദയം ചെയ്യാം. എന്നാൽ വിവാഹസാഫല്യത്തിന്  വിഘ്നങ്ങൾ വരുന്നതാണ്.  ഏഴരശ്ശനിക്കാലമാകയാൽ പല കാര്യങ്ങളും ഇഴഞ്ഞുനീങ്ങും. സാമ്പത്തികമായി സംതൃപ്തി ഭവിക്കും. ചിട്ടി,ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇത്യാദികളിലൂടെ ധനാഗമം ഉയരുന്നതാണ്.

ഭരണി

വ്യാഴം മൂന്നിലും നാലിലും, ശനി പന്ത്രണ്ടിലും, രാഹു പതിനൊന്നിലും സഞ്ചരിക്കുന്ന കാലമാകയാൽ ഗുണദോഷസമ്മിശ്രമായ വർഷമായിരിക്കും. ഏഴരശ്ശനിക്കാലം തുടങ്ങിക്കഴിഞ്ഞ സാഹചര്യവുമുണ്ട്. തൊഴിൽ രംഗത്ത് നിലവിലെ സ്ഥിതി അതുപോലെ തുടരാനോ അല്പം മോശമാകാനോ സാധ്യതയുണ്ട്. വലിയ പരിവർത്തനങ്ങൾക്ക് സാധ്യത കുറവാണ്. മനപ്പൂർവ്വം മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാൽ ദുസ്സാഹസമായി അനുഭവപ്പെട്ടേക്കും. എങ്കിലും പതിനൊന്നിൽ രാഹു സഞ്ചരിക്കുകയാൽ ധനോന്നതി ഭവിക്കുന്നതാണ്. കുമാർഗത്തിലൂടെയും പണവരവ് ഉണ്ടാവാം. ഭോഗസുഖം ഭവിക്കും. മൂല്യങ്ങളിൽ വിശ്വാസം കുറയുന്നതായിരിക്കും. ജോലി ലഭിച്ചാൽ ദൂരസ്ഥലത്തായേക്കാം. അല്ലെങ്കിൽ അർഹതക്കനുസരിച്ചുള്ളതാവില്ല. അന്യദേശത്ത് കഴിയാൻ അവസരം വന്നെത്തുന്നതാണ്. പ്രൈവറ്റ് ജോലിയിൽ അധികാരവും പദവിയും കിട്ടും. കടബാധ്യത പരിഹരിക്കാൻ കിണഞ്ഞ് ശ്രമിക്കേണ്ടതായി വരും. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണം.

Advertisment

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കാർത്തിക

മേടം-ഇടവം രാശികളിലായി വരുന്ന നക്ഷത്രമാണ് കാർത്തിക. ഇടവക്കൂറുകാർക്ക് ധാരാളം നേട്ടങ്ങൾ വന്നെത്തുന്ന വർഷമാണിത്. കാര്യനിർവഹണം സുഗമമാവും. തൊഴിലിൽ മുന്നേറ്റം സാധ്യമാകുന്നതാണ്. സ്വപ്നം കണ്ട പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിക്കുന്നതായിരിക്കും. അധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം, വാഹന ലബ്ധി തുടങ്ങിയവ സാധ്യമാകുന്നതാണ്. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കാൻ കഴിയും. ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല. മേടക്കൂറുകാരായ കാർത്തികക്കാർക്ക് പ്രതിസന്ധികളേയും പ്രശ്നങ്ങളേയും അടിക്കടി അഭിമുഖീകരിക്കേണ്ടി വന്നേക്കും. രാഷ്ട്രീയത്തിൽ വിരോധികളുടെ എണ്ണം കൂടുന്നതാണ്. സ്വത്തുതർക്കങ്ങൾ മനസ്സിൻ്റെ സ്വാസ്ഥ്യം കെടുത്താനിടയുണ്ട്. അമിതമായ അദ്ധ്വാനം ഉണ്ടായാലും അല്പലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടി വരാം. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ അനിവാര്യമാണ്. സാഹസങ്ങൾക്ക് മുതിരുമ്പോൾ ഏഴരശ്ശനിക്കാലം എന്നത് ഓർമ്മയിലുണ്ടാവണം.

രോഹിണി

ഗുരു രണ്ടിലും മൂന്നിലും,  ശനി പതിനൊന്നിലും രാഹു പത്തിലും സഞ്ചരിക്കുന്ന ഈ കാലഘട്ടം  പല നിലയ്ക്കും രോഹിണി നാളുകാർക്ക് ഗുണകരമാണ്. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനാവും. കഴിവിനനുസരിച്ച ജോലി കൈവരുന്നതാണ്. വിദേശത്ത് അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ച സിദ്ധിക്കുന്നതാണ്. വേതന വർദ്ധനവ് പ്രതീക്ഷിക്കാം. സംഘടനകളിൽ നേതൃപദവിക്കായി മത്സരിച്ചേക്കും. ദൂരദിക്കുകളിൽ ജോലി ചെയ്തിരുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാം. അവിവാഹിതരുടെ പ്രണയം / വിവാഹം സഫലമാവുന്നതാണ്. സന്താനപ്രാപ്തിയില്ലാതെ വിഷമിച്ചിരുന്നവരുടെ സങ്കടം തീരാനിടയാവും. വസ്തു വാങ്ങാനോ ഗൃഹനിർമ്മാണം നടത്താനോ സാധിച്ചേക്കും. കടബാധ്യതകൾ തീർക്കും. മാത്രമല്ല സാമ്പത്തികമായി ഭദ്രത വരുകയും ചെയ്യും. ബിസിനസ്സുകാർക്ക് ശരാശരിക്കാലമാണ്.  ജീവിത ശൈലീ രോഗങ്ങൾ ഇടക്കിടെ ഉപദ്രവിക്കാം. സുഹൃത്തുക്കളോട്  കരുതലോടെ പെരുമാറേണ്ടതുണ്ട്.

മകയിരം

ഇടവം - മിഥുനം രാശികളിലായി വരുന്ന മകയിരം നക്ഷത്രക്കാർക്ക് ഈ വർഷം പ്രതീക്ഷിച്ച കാര്യങ്ങളിൽ ചിലതെങ്കിലും നേടാനാവും. തൊഴിലിലെ ചാഞ്ചാട്ടം മാറി ഉയർന്ന വരുമാനമാർഗം ഉള്ള പദവിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നതാണ്. ബന്ധുക്കൾ സഹായിച്ചിട്ടോ സ്വർണ്ണപ്പണയത്തിലൂടെ കിട്ടുന്ന ധനത്താലോ  നവസംരംഭം തുടങ്ങാനാവും. കഠിന പരിശ്രമം കൊണ്ടുമാത്രം ഏതുമേഖലയിലും വിജയിക്കാൻ കഴിയുന്ന വർഷമാണിതെന്ന് മറക്കരുത്. വിദേശജോലി സ്വപ്നം കാണുന്നവർ അതാതു നാടുകളിലെ തൊഴിൽ നിയമങ്ങൾ കൃത്യമായി മനസ്സിലേക്കണ്ടതുണ്ട്. പ്രണയം സഫലമാവാൻ കടമ്പകൾ ഏറെയുണ്ടാവും.  പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ വീടുവെക്കാനുള്ള സാഹചര്യം സംജാതമാകും. സിവിൽ കേസുകൾ നടത്തുന്നവർക്ക് ഊർജ്ജനഷ്ടവും പണനഷ്ടവും ഭവിക്കാം. സകുടുംബം തീർത്ഥാടനം നടത്താനവസരം കൈവരുന്നതാണ്. ആരോഗ്യകാര്യത്തിൽ ജാഗരൂകത കരണീയമാണ്.

തിരുവാതിര

ശനി പത്താംഭാവത്തിലും രാഹു ഒമ്പതിലും വ്യാഴം ജന്മരാശിയിലും രണ്ടിലും ആയി സഞ്ചരിക്കുകയാൽ പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ക്ഷമയും സഹനശീലവും പരീക്ഷിക്കപ്പെടാം. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. തൊഴിൽ തേടുന്നവർക്ക് കഴിവിനനുസരിച്ച അവസരങ്ങൾ കരഗതമാവണമെന്നില്ല. മേലധികാരികളുടെ അനിഷ്ടം വരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. സാമ്പത്തികമായ അമളികളുണ്ടാവാതിരിക്കാൻ  കരുതലുണ്ടാവണം.   പ്രണയശൈഥില്യം, വിവാഹതടസ്സം ഇവ അനുഭവത്തിൽ വന്നേക്കും. ബിസിനസ്സുകാർ വലിയ മുതൽമുടക്കുകൾക്ക് കഴിവതും തുനിയരുത്. നിലവിലെ സ്ഥിതി അങ്ങനെ തന്നെ തുടരുവാനാണ് സാധ്യത. കടബാധ്യത കൂടാതിരിക്കാൻ  ആവശ്യങ്ങൾ വെട്ടിച്ചുരുക്കും. പ്രവാസികൾക്ക് കരുതിയമാതിരി സാമ്പാദ്യം വളർത്താൻ കഴിഞ്ഞേക്കില്ല. ചിങ്ങം, തുലാം, വൃശ്ചികം, മീനം, മേടം എന്നീ മാസങ്ങളിൽ അഭിവൃദ്ധിയുണ്ടാവും.

പുണർതം

മിഥുനം - കർക്കടകം രാശികളിലായി വരുന്നു, പുണർതം നക്ഷത്രം. കർക്കടകക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ ലക്ഷ്യപ്രാപ്തി കഠിനമാവും. ആത്മവിശ്വാസം കുറയാനിടയുണ്ട്. എതിർപ്പുകളെ പ്രതിരോധിക്കാൻ വിഷമിക്കും. മിഥുനക്കൂറുകാർക്ക് വ്യാഴം ജന്മരാശിയിലും രണ്ടാമെടത്തിലും മാറിമാറി സഞ്ചരിക്കുകയാൽ പ്രയത്നം പാഴാകില്ല. സ്വപ്നങ്ങളിൽ ചിലതെങ്കിലും സഫലമാവുന്നതാണ്. എന്നാൽ മിഥുനക്കൂറുകാർക്ക് കണ്ടകശ്ശനിക്കാലമുള്ളതിനാൽ ഉദ്യോഗം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. ആഗ്രഹിക്കാത്ത സ്ഥലംമാറ്റം ഉണ്ടാവാം. കർക്കടകക്കൂറുകാർക്ക് അഷ്ടമരാഹു ആരോഗ്യപ്രശ്നങ്ങൾ, അകാരണ ഭയം എന്നിവ സൃഷ്ടിക്കാനിടയുണ്ട്. ആദർശത്തിൽ ഉറച്ചുനിൽക്കുക ദുഷ്കരമാവും. പൊതുവേ പുണർതം നാളുകാർ സ്ഥിരോത്സാഹം, മിതവ്യയം, ക്ഷമാശീലം, ആരോഗ്യപരിപാലനം തുടങ്ങിയവ പുലർത്തണം.

പൂയം

പന്ത്രണ്ടിലും ജന്മരാശിയിലുമായി ഗുരുവും ഒമ്പതിൽ ശനിയും അഷ്ടമത്തിൽ രാഹുവും സഞ്ചരിക്കുകയാൽ പ്രായേണ അനുകൂലമല്ലാത്ത സാഹചര്യങ്ങളാണുള്ളത്. ഏതു രംഗത്തും വിജയം അനായാസമായേക്കില്ല. പോരാട്ടവീര്യവും സ്ഥിരോത്സാഹവും ക്ഷമയും ആവശ്യമാണ്. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. ബന്ധുക്കളിൽ നിന്നും സഹായം ലഭിച്ചേക്കില്ല. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ വരും. ന്യായമായ അവകാശങ്ങൾ ബലം ചെലുത്തി നേടേണ്ട സ്ഥിതിയുണ്ടാവും. സുഹൃത്തുക്കൾ വഞ്ചിക്കുന്നുവെന്ന തോന്നലുണ്ടായേക്കും. ചെയ്തുപോരുന്ന തൊഴിലിൽ വളർച്ച പരിമിതമായിരിക്കും.  അധികമായി മുതൽ നിക്ഷേപിക്കുന്നത് ആലോചിച്ചുവേണം. ദൂരദിക്കുകളിൽ ജോലിവശാൽ വേറിട്ടു കഴിയുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിക്കാൻ അവസരം ചുരുങ്ങും.  ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ വിഷമിപ്പിക്കാം. ചെറിയ നേട്ടങ്ങളും ന്യായമായ ധനവരുമാനവും ആശ്വാസമേകും.  കന്നി, തുലാം, വൃശ്ചികം, ധനു, മേടം, ഇടവം മാസങ്ങളിൽ നേട്ടങ്ങൾ കരഗതമാവുന്നതാണ്.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

ആയില്യം

വ്യാഴം പന്ത്രണ്ടിലും ജന്മത്തിലുമായി സഞ്ചരിക്കുന്നു. ശനി ഒമ്പതിലും രാഹു അഷ്ടമത്തിലുമാണ്, ഈ വർഷം. സമ്മർദ്ദങ്ങൾക്കിടയിലൂടെ കാര്യവിജയം കരസ്ഥമാക്കേണ്ട വർഷമാണ്.  പ്രതിലോമശക്തികൾ ഉള്ളിലും പുറത്തുമുണ്ടാവും. അവയെ നിരാകരിക്കേണ്ടതുണ്ട്. പ്രവാസം അവസാനിപ്പിക്കാൻ ആഗ്രഹിച്ചേക്കും. വീടുപണി മൂലം ഉണ്ടായ കടങ്ങൾ തീർക്കാൻ സാധിക്കാത്തത് വിഷമിപ്പിക്കാം. സാങ്കേതിക വിദ്യാഭ്യാസം ക്ലേശകരമായി തോന്നിയേക്കും. ഗവേഷണ പ്രബന്ധരചന വെല്ലുവിളികൾ നിറഞ്ഞതായി അനുഭവപ്പെടും. രോഗക്ലേശിതർക്ക് വിദഗ്ദ്ധ ചികിൽസയ്ക്ക് സഹായധനം ലഭിക്കുന്നതാണ്. ശിഥിലമായ പ്രണയബന്ധം വീണ്ടും തളിർക്കാനിടയുണ്ട്. രാഷ്ട്രീയ മത്സരങ്ങളിൽ കനത്ത വെല്ലുവിളികളെ നേരിടേണ്ടി വരാം. ധനപരമായ ഇടപാടുകളിൽ കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്.  സമ്പാദ്യം സുരക്ഷിതമായ നിക്ഷേപമാക്കാനാവും. അതിലെ കുറച്ചുഭാഗം  മകൻ്റെ നിർബന്ധത്തിന് വഴങ്ങി വാഹനം വാങ്ങിനൽകുവാൻ ഉപയോഗിക്കുന്നതാണ്.

മകം

വ്യാഴം പതിനൊന്നിലും,  പന്ത്രണ്ടിലും ആയി സഞ്ചരിക്കുന്നു. 
ശനി അഷ്ടമത്തിലും രാഹു ഏഴിലുമാണ്. ജീവിത വിജയത്തിന് കുറച്ചൊക്കെ അനുകൂലമായ സാഹചര്യമാണുള്ളത്. എന്നാൽ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കൂടി അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ചിരകാലാഭിലാഷങ്ങൾ നേടാനാവും. സാമ്പത്തിക വളർച്ചയുടെ പാതയിലെത്തുന്നതാണ്. സമൂഹത്തിൽ ബഹുമാന്യരായിട്ടുള്ള വ്യക്തികൾ പിന്തുണയ്ക്കും. ആസൂത്രണം ചെയ്ത സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നല്ല ശമ്പളത്തോടുകൂടിയ ജോലി ലഭിക്കുന്നതാണ്. ഫ്ളാറ്റ് വാങ്ങുന്നതിന് സാധിച്ചേക്കും. ആഢംബര വാഹനം സ്വന്തമാക്കാനാവും. വേണ്ടപ്പെട്ടവരുടെ സാമ്പത്തിക സഹായം കൈവരുന്നതാണ്. പ്രണയത്തിൽ ചില തടസ്സങ്ങൾ ഏർപ്പെടാം. ദാമ്പത്യജീവിതവും സുഗമമാവുമെന്ന് പറയാനില്ല. തൊഴിൽപരമായിട്ടോ മറ്റു കാരണങ്ങളാലോ ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ കഴിയും.

പൂരം

വ്യാഴം വർഷത്തിൻ്റെ കൂടുതൽ പങ്കും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. തൊഴിൽ രംഗത്ത് മുന്നേറ്റമുണ്ടാക്കും. സാമ്പത്തിക ദുരവസ്ഥ ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. സൽപ്രവൃത്തികളിലൂടെ സമൂഹമധ്യത്തിൽ അംഗീകാരം സ്വന്തമാക്കുന്നതിന് സാഹചര്യം ഒരുങ്ങും. നവസംരംഭങ്ങൾ യാഥാർത്ഥ്യമാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകി പ്രവർത്തിക്കുവാൻ ശ്രദ്ധകാട്ടും. രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുരാഗ കാര്യത്തിൽ ശിഥിലത വരാനിടയുണ്ട്. ദാമ്പത്യത്തിലും അലോസരം തലപൊക്കാം. വീടുവെക്കാനോ വാങ്ങാനോ വളരെയധികം പ്രയത്നിക്കേണ്ട സ്ഥിതിവരുന്നതാണ്. കേതു ജന്മനക്ഷത്രത്തിൽ കുറച്ചു മാസങ്ങൾ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം ബാധിക്കപ്പെടാം. അഷ്ടമശനിയാകയാൽ ഉറ്റവരുടെ വിരഹവിയോഗാദികൾ മനസ്സിനെ മ്ളാനമാക്കാനിടയുണ്ട്.

ഉത്രം

ചിങ്ങം - കന്നി രാശികളിലായി വരുന്ന നക്ഷത്രമാണ് ഉത്രം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനാവും. പുതിയ ലക്ഷ്യങ്ങൾ എപ്പോഴും മുന്നിലുണ്ടാവും. ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കരാർ ജോലികൾ ചെയ്യുന്നവർക്ക് തുടർ അവസരങ്ങൾ ലഭിക്കുന്നതാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വെല്ലുവിളികൾ വന്നുചേർന്നേക്കും. പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം ചേർക്കാൻ അവസരം ഉണ്ടാവുന്നതാണ്. അതിര് തർക്കങ്ങൾ മൂലം ഉണ്ടായ വ്യവഹാരങ്ങൾ മധ്യസ്ഥന്മാർ മുഖാന്തിരം പരിഹരിക്കാൻ വിദൂര സാധ്യതയുണ്ട്. വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകമായ കരുതൽ വേണ്ടതാണ്. വീടുമായി പിണങ്ങിപ്പോയവർക്ക് വീണ്ടും ഇണക്കത്തിലാവാനാവും. അനുരാഗത്തിൽ തടസ്സങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഏകപക്ഷീയമായ തീരുമാനങ്ങൾ ദാമ്പത്യത്തിൽ ഇടയ്ക്ക് കയ്പുരസം നിറയ്ക്കാനുമിടയുണ്ട്.

അത്തം

വ്യാഴം പത്ത്, പതിനൊന്ന് ഭാവങ്ങളിലും, ശനി ഏഴിലും, രാഹു ആറിലും  സഞ്ചരിക്കുകയാൽ സമ്മിശ്രമായ അനുഭവങ്ങൾ ആവർത്തിക്കുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാം. എന്നാൽ പൂർണ്ണതൃപ്തി ഉണ്ടാവില്ല. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സുഗമതയും അധികാരവും കുറയുന്നതാണ്. പ്രതീക്ഷിച്ച സ്ഥാനോന്നതി ഉണ്ടാവില്ല. വേതനത്തിൽ നാമമാത്രമായ വർദ്ധനവ് വന്നാലായി. ബിസിനസ്സിൽ ലാഭം കൂടാനിടയില്ല. നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. പുതുസംരംഭങ്ങളെ ഒരു പരീക്ഷണമായി കണ്ടാൽ മതി. ഏഴിലെ ശനിയാൽ അന്യദേശത്ത് ജോലിക്കോ പഠിപ്പിനോ അവസരം ഒരുങ്ങാം. പാർട്ണർഷിപ്പ് ബിസിനസ്സിൽ മടുപ്പുണ്ടാവും. ഗൃഹനിർമ്മാണത്തിന്  തുടക്കം കുറിക്കാൻ കഴിഞ്ഞേക്കും. വാഹനയോഗമുണ്ട്. ആറാം ഭാവത്തിലെ രാഹു അപ്രതീക്ഷിത ധനാഗമം, ശത്രുവിജയം എന്നിവ സമ്മാനിക്കുന്നതാണ്. പ്രണയം നിലനിർത്തുക ക്ലേശകരമായി തോന്നും. ദാമ്പത്യത്തിൽ അലോസരങ്ങൾ ഉണ്ടാവുന്നതാണ്.

ചിത്തിര

കന്നി- തുലാം രാശികളിൽ സമ ഓഹരിയായി വരുന്ന നക്ഷത്രമാണ് ചിത്രാ അഥവാ ചിത്തിര. കൊല്ലവർഷം 1201 ൽ കന്നിക്കൂറുകാരെക്കാൾ തുലാക്കൂറുകാർക്ക് ഗുണാധിക്യം ഭവിക്കുന്ന ഗ്രഹസ്ഥിതിയാണ് വന്നിരിക്കുന്നത്.  ന്യായമായ അഭീഷ്ടങ്ങൾ നേടാനാവുന്നതാണ്. മത്സരങ്ങളിൽ വിജയശ്രീലാളിതരാവും. അഭിമുഖങ്ങളിൽ മികച്ച പ്രകടനം നടത്തി ഉദ്യോഗം നേടും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. പൊതുവേ ഭാഗ്യപുഷ്ടിയുള്ള കാലമായിരിക്കും. പലവഴികളിലൂടെ ധനാഗമമുണ്ടാവും. വിഘ്നങ്ങളെ മറികടന്ന് പ്രണയികൾക്ക് ഒന്നാവാനാവും. തുലാക്കൂറുകാർക്ക് അഞ്ചിലെ രാഹുസ്ഥിതി മൂലം മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ വന്നേക്കും. ആറാംഭാവത്തിലെ ശനി  രോഗശാന്തിയേകും. കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് പ്രതിസന്ധികളിൽ പോരാടി മുന്നേറേണ്ടി വരാം. നിരുന്മേഷത അനുഭവപ്പെടാം. ചിലപ്പോൾ നിസ്സംഗത തോന്നാനുമിടയുണ്ട്. വീടുപുതുക്കാൻ സാധിച്ചേക്കില്ല. സെക്കൻഹാൻഡ് വാഹനം വാങ്ങിയേക്കും. പ്രണയകാര്യത്തിൽ ഉദാസീനരാവും. വിവാഹസാഫല്യം നീളാനിടയുണ്ട്.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചോതി

വ്യാഴം ഒമ്പതിലും പത്തിലുമായി സഞ്ചരിക്കുന്നു. ശനി ആറാം ഭാവത്തിലാണ്. ഈ രണ്ടു മുഖ്യഗ്രഹങ്ങളും അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ ഭാഗ്യപുഷ്ടിയുള്ള കാലഘട്ടമാണെന്ന് നിസ്സംശയം പറയാം. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. തൊഴിലില്ലാത്തവർക്ക് അർഹതക്കനുസരിച്ച ജോലി കിട്ടുന്നതാണ്. പഠന മികവുണ്ടാവും. കലാപരമായി വളർച്ചയുടെ കാലമായിരിക്കും. വ്യാപാരം തുടങ്ങാനും നിലവിലുള്ളതിന് പുതിയ ശാഖ ആരംഭിക്കാനും സാധിക്കുന്നതാണ്. സാമ്പത്തികമായി സ്വയംപര്യാപ്തതയിൽ എത്തിച്ചേരാനാവും. സ്ഥാനമാനങ്ങൾ ആശിച്ചില്ലെങ്കിലും, കൈവരുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം ഭവിക്കും. വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയും. ഗാർഹികാന്തരീക്ഷം സമാധാനപൂർണ്ണമാവും. വാഹനയോഗത്താൽ പുതുവാഹനം വാങ്ങിയേക്കും. അഞ്ചിലെ രാഹുസഞ്ചാരം  ഗുണകരമല്ലാത്ത ശാഠ്യവും പിടിവാശികളും ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

വിശാഖം

തുലാം - വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വ്യാഴം. തുലാക്കൂറുകാർക്ക് കൂടുതൽ അനുകൂലമായ സാഹചര്യം സംജാതമാകുന്നതാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. തൊഴിൽ മുന്നേറ്റം വരും. ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും പണവരവ് ഉണ്ടാവും. വിദ്യാഭ്യാസാർത്ഥം അന്യദേശവാസം പ്രതീക്ഷിക്കാം. പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. അഞ്ചാം ഭാവത്തിലെ രാഹു ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കും. വേണോ വേണ്ടയോ എന്ന ചിന്തയിൽ വലയാം. ഫ്ളാറ്റ് വാങ്ങാൻ ശ്രമം തുടങ്ങിയേക്കും. നാട്ടിലെ വസ്തുവിൽക്കാൻ തടസ്സങ്ങൾ വന്നെത്തും. വൃശ്ചികക്കൂറുകാർക്ക് ഗൃഹത്തിൽ സമാധാനം കുറയുന്നതാണ്. വാടകവീട് മാറാനിടയുണ്ട്. മക്കളുടെ ശാഠ്യശീലങ്ങൾ വിഷമിപ്പിച്ചേക്കും.  ബന്ധുക്കളുമായി വിരോധിക്കാം. സ്വാശ്രയ തൊഴിലിൽ മുന്നേറ്റം മെല്ലെയാവും. അനുരാഗം മൊട്ടിടാൻ സാഹചര്യം ഉണ്ടായേക്കും.

അനിഴം

എട്ടാമെടത്തിലും ഒമ്പതാമെടത്തിലുമായി വ്യാഴം സഞ്ചരിക്കുന്നു. നാലിൽ രാഹുവും അഞ്ചിൽ ശനിയും വർഷം മുഴുവനും ഉണ്ട്. അതിനാൽ ഗുണം കുറഞ്ഞും ദോഷം അല്പം  കൂടുതലായും അനുഭവപ്പെടുന്ന വർഷമാണിത്. അനായാസമായി നേടേണ്ടവ പ്രയത്നത്തിലൂടെ മാത്രമായിരിക്കും കരഗതമാവുക. കടം വാങ്ങി ബിസിനസ്സിൽ നിക്ഷേപിക്കുന്നത് പ്രയോജനം ചെയ്യില്ല. അന്യനാട്ടിൽ പഠനം /  തൊഴിൽ ഇവയ്ക്ക് അവസരം സംജാതമാകും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ സ്വപ്നത്തിൽ ജീവിക്കും. വിശ്വസ്തരെന്ന് കരുതിയവർ ഉപജാപം നടത്തുന്നതിന് നേതൃത്വം വഹിക്കാം. പ്രാധാന്യമുള്ള രേഖകൾ/ പ്രമാണങ്ങൾ തുടങ്ങിയവ നഷ്ടപ്പെടാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പണം കണ്ടെത്താൻ വിഷമിക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്. അർഹതയുള്ള വിവാഹബന്ധം ലഭിക്കാനായി അന്വേഷണം തുടരേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്.

തൃക്കേട്ട

വ്യാഴം അഷ്ടമ നവമഭാവങ്ങളിലാണ്. കണ്ടകശനിദോഷമില്ല. നാലാമെടത്ത് രാഹു സഞ്ചരിക്കുന്നു. ഭാഗ്യാനുഭവങ്ങൾ ചിലപ്പോൾ മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞും വന്നെത്തും. വെല്ലുവിളികൾ നിറഞ്ഞ ചുമതലകൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. അന്യനാട്ടിൽ പഠിപ്പിനനുസരിച്ചുള്ള ജോലി ലഭിക്കാനിടയുണ്ട്. വൈകിയാണെങ്കിലും കഴിവുകൾ മറ്റുള്ളവർ മനസ്സിലാക്കും. കുടുംബത്തിൽ നിന്നും സ്വീകാര്യത കൈവരുന്നതാണ്. സ്വന്തമായി കമ്പനി/ സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസരം സിദ്ധിക്കും. നാലാമെടത്തിൽ രാഹു സഞ്ചരിക്കുകയാൽ മനശ്ശക്തി ചിലപ്പോൾ ക്ഷീണിക്കാം. വീടുവാങ്ങുക/വീടുനിർമ്മിക്കുക തുടങ്ങിയവയിൽ തടസ്സങ്ങൾ വരുന്നതാണ്. വാഹനത്തിൻ്റെ കാര്യത്തിലും ഇതുതന്നെയാവും ഒട്ടൊക്കെ അനുഭവം. മക്കളുടെ പ്രവർത്തനങ്ങൾ ദുരൂഹമായി തോന്നാം. തന്മൂലം വിഷമിച്ചേക്കും. അനുരാഗികൾക്കിടയിൽ കൂടുതൽ ഹൃദയൈക്യം വരുന്നതാണ്. വിവാഹ തീരുമാനം നീളുന്നതായിരിക്കും. ചിങ്ങം, കന്നി, ധനു, മകരം, മേടം, കർക്കടകം എന്നീ മാസങ്ങൾ കൂടുതൽ ശുഭഫലങ്ങൾ നൽകും.

Also Read: Daily Horoscope July 31, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മൂലം

വ്യാഴം ഏഴിലും എട്ടിലും, ശനി നാലിലും, രാഹു മൂന്നിലും സ്ഥിതിചെയ്യുകയാൽ ഈ വർഷം പലതരം നേട്ടങ്ങൾ വന്നെത്തും. പ്രവർത്തന മേഖല വിപുലീകരിക്കാനാവും. പൊതുരംഗത്ത് സക്രിയമാവാനും ആദരം നേടാനും അവസരം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നാട്ടിൽ/ വിദേശത്ത് അവസരങ്ങൾ സംജാതമാകുന്നതാണ്. ഭൂമിയിൽ നിന്നും കൃഷി/ വാടക ഇത്യാദികളിലൂടെ ആദായം വന്നെത്തും. കൂട്ടുബിസിനസ്സിൽ വിജയിക്കാനാവും. ഉപജാപം, ദുഷ്പ്രേരണകൾ എന്നിവകളെ തുച്ഛീകരിച്ചുകൊണ്ടു മുന്നേറണം. പുതിയ വീട് വെക്കാൻ തടസ്സങ്ങൾ ഉണ്ടാവും. നാലിലെ ശനി/ കണ്ടകശനി കാലതാമസം സൃഷ്ടിക്കുന്നതാണ്. സെക്കൻഹാൻഡ് വാഹനം വാങ്ങാനിടയുണ്ട്. പ്രണയാനുഭവം ജീവിതത്തെ മാറ്റിമറിക്കാം. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാൻ ഏഴാംഭാവത്തിലെ വ്യാഴം വഴിയൊരുക്കും. മൂന്നാം ഭാവത്തിലെ രാഹു കടബാധ്യതകൾ പരിഹരിക്കാനുള്ള സാഹചരം രൂപപ്പെടുത്തുന്നതാണ്. ചിങ്ങം, കന്നി, തുലാം, കുംഭം, മേടം, ഇടവം എന്നീ മാസങ്ങൾക്ക് മേന്മയേറും.

പൂരാടം

ഗ്രഹനില പൊതുവേ അനുകൂലമായിട്ടുള്ള വർഷമാണ്. ജീവിതത്തിൽ മുന്നേറാൻ അവസരം ഒരുങ്ങും. എന്നാൽ കണ്ടകശ്ശനിക്കാലം ആകയാൽ തടസ്സങ്ങളെ അതിജീവിക്കേണ്ടി വരുന്നതാണ്. ജോലി തേടുന്നവർക്ക് കഴിവിനൊത്ത ഉപജീവന മാർഗം തെളിയും. സ്വന്തം ബിസിനസ്സിൽ വിപുലീകരണം സാധ്യമാകും. ആവശ്യമായ ബാങ്ക് വായ്പകൾ ലഭിക്കുന്നതാണ്. പുതിയ വീട് നിർമ്മിക്കാൻ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. മനം മടുക്കാം. അതിനാൽ തുടർ ശ്രമങ്ങൾ അനിവാര്യമാണ്. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത കാട്ടണം. അറ്റകുറ്റപ്പണികൾ ആവർത്തിക്കുന്നതാണ്. രോഗക്ലേശിതർക്ക് പുനർ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. ഏഴിലെ വ്യാഴം അനുരാഗ ഭാവങ്ങളെ പുഷ്കലമാക്കും. ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. ഗാർഹിക ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. വിദേശയാത്ര സാധ്യതയാണ്.

ഉത്രാടം

ധനുക്കൂറും മകരക്കൂറുമായി വരുന്നു, ഉത്രാടം നക്ഷത്രം. പൊതുവേ പറഞ്ഞാൽ വ്യാഴാനുകൂല്യം ഉള്ളതിനാൽ ഉത്രാടം ഒന്നാം പാദത്തിൽ / ധനുക്കൂറിൽ ജനിച്ചവർക്ക് ഈയ്യാണ്ട് അഭീഷ്ടങ്ങൾ നിറവേറപ്പെടുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കാനാവും. രാഷ്ട്രീയത്തിലൂടെ അധികാരലബ്ധി കൈവരും. പാർട്ണർഷിപ്പ് ബിസിനസ്സിൽ ലാഭം ഉയരുന്നതാണ്. കാലത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞ് സ്വയം മാറാനുള്ള മനസ്സുണ്ടാവും. കണ്ടകശനിക്കാലമാകയാൽ ചില തടസ്സങ്ങൾ ലക്ഷ്യത്തെ പിന്നോട്ടു വലിക്കാനിടയുണ്ട്. അക്കാര്യം എപ്പോഴും ഓർമ്മിക്കണം. മകരക്കൂറുകാർക്ക്, അധ്വാനഭാരം കൂടിയേക്കാം. സംരംഭങ്ങൾ സമാരംഭിക്കാൻ പലതരം കടമ്പകൾ കടക്കേണ്ടി വന്നേക്കും. ഗൃഹനിർമ്മാണം/ ജീർണ്ണോദ്ധാരണം സാധ്യമാകുന്നതാണ്. മൂന്നാം ഭാവത്തിലെ ശനി മെല്ലെയാണെങ്കിലും സ്ഥിരവളർച്ചക്ക് വഴിതുറന്നു തരും. പ്രണയികൾ വിഘ്നങ്ങളെ നേരിടും. വേർപിരിയലുകൾ വിഷമമുണ്ടാക്കും. വരുമാന മാർഗം ഉയരുമെങ്കിലും നിക്ഷേപ സമാഹരണം സാധ്യമായേക്കില്ല.

തിരുവോണം

വ്യാഴം പൂർണ്ണമായും അനുകൂല ഭാവത്തിലല്ല. കരുതിയ കാര്യങ്ങളും ആസൂത്രണം ചെയ്തവയും സാക്ഷാൽകരിക്കാൻ വിഘ്നങ്ങൾ ഭവിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചേക്കാം. പക്ഷേ പ്രതീക്ഷിച്ച പദവിയാവില്ല. അല്ലെങ്കിൽ അന്യനാട്ടിലായേക്കും. സ്വന്തം വ്യാപാരത്തിൽ പുരോഗതിക്ക് വേഗമില്ലാത്തത് വിഷമിപ്പിക്കും. കരണീയം തെളിയില്ല. തൊഴിലാളികളുടെയും സഹപ്രവർത്തകരുടേയും സഹകരണം തുലോം കുറവായിരിക്കും. മത്സരങ്ങൾ കഠിനമാവുന്നതാണ്. നിഷ്പ്രയാസത ഒരിടത്തും / ഒന്നിലും ഉണ്ടാവില്ല. നിരന്തര പ്രയത്നങ്ങളും ഇച്ഛാശക്തിയും വിജയ കിരീടം ചൂടുന്നതാണ്. വയോജനങ്ങളുടെ പിന്തുണ ലഭിച്ചേക്കും. ആരോഗ്യപരമായി തരക്കേടില്ലാത്ത സന്ദർഭമാണിത്. രണ്ടിലെ രാഹു പഠനത്തിൽ ശൈഥില്യം വരുത്താനിടയുണ്ട്. കുടുംബ ജീവിതത്തിൽ സംതൃപ്തി ശരാശരിയായിരിക്കും. പ്രണയികൾ പിണങ്ങിയും ഇണങ്ങിയും കഴിയും. ഫ്ളാറ്റ് വാങ്ങാനുള്ള പരിശ്രമം തുടരേണ്ടി വരുന്നതാണ്.

അവിട്ടം

മകരം - കുംഭം കൂറുകളിൽ വരുന്ന നക്ഷത്രമാണ് അവിട്ടം. മകരക്കൂറിന് സമ്മിശ്ര ഫലമാവും. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവർക്ക് വർഷാന്ത്യം വരെ കാത്തിരിക്കേണ്ടി വരുന്നതായിരിക്കും. ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റത്തിന് തടസ്സങ്ങൾ വരാം. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവുന്നതാണ്. ആലസ്യം പ്രവർത്തനങ്ങളെ ബാധിക്കും. മനസ്സ് പെട്ടെന്ന് തളർച്ചയിലേക്ക് പോവും. അസുഖക്കാരനാണ് എന്ന തോന്നൽ പിടികൂടാം. ഊഹക്കച്ചവടം ധനനഷ്ടത്തിന് ഇടവരുത്തും. ഇടയ്ക്കിടെ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൻ്റെ പിന്തുണ കിട്ടുന്നതാണ്. കുംഭക്കൂറുകാർക്ക് മനസ്സിന് ചാഞ്ചല്യമുണ്ടാവില്ല. ഉറച്ചുനിൽക്കും. ജോലിയിൽ പ്രൊമോഷൻ/ വേതന വർദ്ധനവ് ഇവയുണ്ടാവുന്നതാണ്. ആരോഗ്യ ക്ലേശങ്ങൾ ഒട്ടൊക്കെ നിയന്ത്രണത്തിലാവും. പ്രണയികൾക്ക് ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞേക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി കൈവരുന്നതാണ്. ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടും.

ചതയം

വ്യാഴം അഞ്ചിലും ആറിലും സഞ്ചരിക്കുന്നു. ഏഴരശ്ശനി അവസാന രണ്ടരവർഷത്തിലാണ്. രാഹു ജന്മരാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു. വൃശ്ചികത്തിനു ശേഷം ചതയത്തിൽ പ്രവേശിക്കും. ഗുണാനുഭവങ്ങൾ; ഒപ്പം പ്രതിസന്ധികളും -- വർഷഫലം ഏറെക്കുറെ ഈവിധമായിരിക്കും. പുതുസംരംഭങ്ങൾ തുടങ്ങാനാവും. പക്ഷേ ഓരോ ചുവടുവെയ്പിലും കരുതലുണ്ടാവണം. കൃത്യനിഷ്ഠ കുറയരുത്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സ്വാധീനം വർദ്ധിക്കും. സംഘടനകളിൽ വാക്കുകൾ വിലമതിക്കപ്പെടും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഇൻക്രിമെൻ്റ് ലഭിക്കുന്നതായിരിക്കും. ഉപരിപഠനം ആശിച്ച വിധത്തിൽ പൂർത്തിയാക്കുവാനാവും. വലിയ തീർത്ഥയാത്രകളുടെ ഭാഗമാവുന്നതാണ്. മാതാപിതാക്കളെ / കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും. പ്രണയസാഫല്യം, സന്താനപ്രാപ്തി മുതലായ ആഗ്രഹങ്ങൾ ഫലിക്കും.  തുടങ്ങിയ വീടുപണി പിന്നെയും നീളുന്നതായിരിക്കും.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

പൂരൂരുട്ടാതി

കുംഭം - മീനം കൂറുകളിലായി വരുന്ന നക്ഷത്രമാണ് പൂരൂരുട്ടാതി. ഏഴരശ്ശനിക്കാലം തുടരുന്നതിനാൽ കാര്യസാധ്യത്തിന് കഠിനാധ്വാനം ആവശ്യമായ കാലമാണ്. പ്രതീക്ഷിച്ച സഹായം കിട്ടണമെന്നില്ല. ശത്രുവാര്?മിത്രമാര്? എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും, പലപ്പോഴും. സുഹൃൽബന്ധത്തിൽ വിള്ളലുകൾ വരാനിടയുണ്ട്. വിദ്യാഭ്യാസകാര്യത്തിൽ നേട്ടങ്ങളുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് ജോലി കിട്ടാം. പരാധീനതകൾക്കിടയിൽ അതൊരുവലിയ ആശ്വാസമായി അനുഭവപ്പെടും. കുടുംബത്തിൻ്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതാണ്. പ്രവാസികൾക്ക് പുതിയ തൊഴിൽ നിയമങ്ങൾ മൂലം  ആശ്വാസമുണ്ടാവും. ഭൂമി വാങ്ങാനോ വീടുണ്ടാക്കാനോ ശ്രമിക്കുന്നവർക്ക്  നിരാശയാവും ഫലം. അക്കാര്യത്തിൽ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. പ്രണയ ബന്ധം വീട്ടുകാർ എതിർത്തേക്കും. മാതാപിതാക്കൾ കണ്ടെത്തുന്ന ജീവിതപങ്കാളിയെ സ്വീകരിക്കുവാനാണ് സാധ്യത. സാമ്പത്തിക സമ്മർദ്ദത്തിന് അയവുണ്ടാവുന്ന വർഷമായിരിക്കും.

ഉത്രട്ടാതി

ജന്മശനിക്കാലമാണ് എന്നത് ഓർമ്മയിലുണ്ടാവണം. തടസ്സങ്ങൾ സഹജമാവും. സ്വശക്തി ദുർബലപ്പെടുന്നതാണ്. അകാരണമായ ഭയം പിടിപെടാം. സ്വയം ഓരോരോ  കാരണങ്ങൾ കണ്ടെത്തി ചെയ്യുന്ന പ്രവൃത്തികളിൽ ഒഴികഴിവ് പറയാനിടയുണ്ട്. വലിയ മുതൽമുടക്കുകൾക്ക് മുതിരരുത്. വ്യാഴം നാലിലും അഞ്ചിലും തുടരുകയാൽ ഗാർഹികാന്തരീക്ഷം കുറെയൊക്കെ മെച്ചപ്പെടുന്നതാണ്. കുടുംബാംഗങ്ങൾക്ക് പലതരം ക്ഷേമൈശ്വര്യങ്ങൾ വന്നെത്തും. മകൻ്റെ / മകളുടെ പഠിപ്പ് അഭിവൃദ്ധിയിലാവും. ജോലിക്കായുള്ള പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. രോഗികൾക്ക് ആരോഗ്യപുഷ്ടിക്കായി തുടർ ചികിൽസ വേണ്ടിവരാം. പന്ത്രണ്ടിലെ രാഹു, ചെലവുകൾ ഉയർത്തും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രവാസത്തിന് സാധ്യത കാണുന്നു. പ്രണയജീവിതം പ്രതിസന്ധിയിലാവാം. തുടങ്ങിയ വീടുപണി ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു നീങ്ങുന്നതാണ്.

രേവതി

ഏഴരശനിക്കാലം തുടരുകയാണ്. എല്ലാ മേഖലയിലും ശക്തിക്ഷയമോ പരാജയമോ വരാനിടയുള്ളതിനാൽ കരുതൽ വേണ്ടതുണ്ട്. സാഹസങ്ങൾക്ക് 
ഒരു കാരണവശാലും മുതിരരുത്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണ്ടതുണ്ട്. പുതിയ ജോലിക്കായി നിലവിലെ ജോലി ഉപേക്ഷിക്കുന്നത് പലവട്ടം ആലോചിച്ചിട്ടാവണംചെയ്യാൻ. നിലവിലെ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോവാനാവും. പക്ഷേ വലിയ തോതിൽ പണം മുടക്കരുത്. ഏജൻസി/ കമ്മീഷൻ ഏർപ്പാടുകൾ ഗുണകരമാവും. വീടുനിർമ്മാണം തുടങ്ങാൻ സാധിച്ചേക്കും. എന്നാൽ പൂർത്തിയാക്കാൻ വൈകുന്നതാണ്. മകൻ്റെ നിർബന്ധത്തിന് വഴങ്ങി വാഹനം വാങ്ങി നൽകേണ്ടി വന്നേക്കാം. അനുരാഗികൾ കുടുംബത്തിൻ്റെ എതിർപ്പ് നേരിടുന്നതാണ്.  ബന്ധശൈഥില്യം മനസ്സിനെ ബാധിക്കാനിടയുണ്ട്. ആത്മീയ സാധനകൾ മുടക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം. അപരിചിതരുമൊത്തുള്ള ദീർഘയാത്രകൾ ഒഴിവാക്കുക കരണീയം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: