/indian-express-malayalam/media/media_files/2025/06/25/love-horoscope-fi-2025-06-25-16-18-48.jpg)
നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ജീവിതം ഒന്നേയുള്ളു! അതിനാൽ ജീവിതത്തെ സംബന്ധിച്ച സർവ്വകാര്യങ്ങളും കരുതലോടെ വേണം എന്നായിരുന്നു, പൂർവ്വികരുടെ വിശ്വാസം. വിവാഹപ്പൊരുത്തം പ്രാധാന്യം നേടിയത് ഇക്കാരണത്താലാവണം. ജനിച്ച കൂറിനെ / ജന്മരാശിയെ കേന്ദ്രീകരിച്ച് ജീവിതത്തെ സംബന്ധിച്ച മിക്കകാര്യങ്ങളും നിർണ്ണയിക്കാനാവും. ജീവിത പങ്കാളിയുടെ കുടുംബ പശ്ചാത്തലം, രൂപം, പഠിപ്പ്, തൊഴിൽ, സംസ്കാരം തുടങ്ങിയവ അവരവരുടെ ജന്മരാശിയുടെ ഏഴാം രാശിയെ മുൻനിർത്തി ചിന്തിക്കുന്നു. "നല്ലേഴാമെടമുണ്ടെങ്കിൽ ഇല്ലം താനിന്ദ്രലോകമാം" എന്ന പഴമൊഴി പദ്യത്തിൻ്റെ പൊരുളിതാവാം.
ഏഴാം രാശി, രാശിയുടെ അധിപൻ, രാശിയിൽ നിൽക്കുന്ന ഗ്രഹം, രാശിയിലേക്ക് നോക്കുന്ന ഗ്രഹം ഇവയെല്ലാം ഭർത്താവിൻ്റെ/ഭാര്യയുടെ രൂപഭാവാദികളിലേക്ക് വിരൽചൂണ്ടുന്നു. ഒപ്പം ശുക്രൻ്റെ ബലാബലവും പ്രധാനമാണ്. 'ശുക്രനെ വിവാഹകാരകൻ' എന്ന് ജ്യോതിഷം വിളിക്കുന്നു. നല്ല വിവാഹത്തിനും, ദാമ്പത്യസൗഖ്യത്തിനും ഗ്രഹനിലയിലെ ശുക്രൻ്റെ സ്ഥിതി പരിഗണിക്കപ്പെടും.
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടുകൂറുകളിൽ ജനിച്ചവരുടെ പ്രണയിനി/കാമുകൻ/ജീവിത പങ്കാളി എങ്ങനെയുള്ള ആളാവും?
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറുകാർക്ക് ഏഴാമെടമായി വരുന്നത് തുലാം രാശിയാണ്. ശുക്രൻ്റെ സ്വന്തം വീട് (സ്വക്ഷേത്രം) ആണ് തുലാം. ഒപ്പം ശനിയുടെ ഉച്ചവീട്, സൂര്യൻ്റെ നീചവീട് ആകിയ സവിശേഷതകളും തുലാം രാശിക്കുണ്ട്. ജീവിതത്തെ സ്നേഹിക്കുന്നവരാവും മേടക്കൂറുകാരുടെ കാമുകൻ/ കാമുകി. അഥവാ ജീവിത പങ്കാളി. പുതുമകളും പരിഷ്കാരങ്ങളും ഇവർക്കുണ്ടാവും. മുന്തിയ വേഷഭൂഷകൾ ഇഷ്ടപ്പെടും. സുഗന്ധലേപനാദികൾ ആസ്വദിക്കും. പ്രണയത്തെ നേഞ്ചേറ്റും.സഞ്ചാരശീലരാവും, പൊതുവേ തുലാം രാശിയിലെ മനുഷ്യർ. ധാരാളം യാത്രകൾ ചെയ്യും. വിദേശത്ത് ജീവിക്കുന്നവരും കുറവല്ല. സർക്കാർ ജോലിയെക്കാൾ സ്വാശ്രയ വരുമാനമോ പ്രൈവറ്റ് ജോലിയോ ആവും ഉണ്ടാവുക. കച്ചവടരംഗം മറ്റൊരു സാധ്യതയാണ്. നീതിബോധം, സന്തുലിതവ്യക്തിത്വം എന്നിവ ഇവരിൽ പ്രതീക്ഷിക്കാം. ഇണയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നതിന് മനസ്സുള്ളവരാവും. ഇണയെ ചേർത്തുപിടിക്കുന്നതിലും പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ ഒപ്പം നിൽക്കാനും മേടക്കൂറുകാരുടെ പ്രണയിക്ക് / പങ്കാളിക്ക് കഴിയും.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് വൃശ്ചികം രാശിയാണ്. വൃശ്ചികം രാശിയുടെ സ്വരൂപം തേളാണ്. വൃക്ഷപ്പൊത്തുകളിലും മൺചുമരുകളുടെ ഉള്ളിലും ഒളിഞ്ഞിരിക്കുന്ന ക്ഷുദ്രജീവിയാണ് തേൾ. Scorpion എന്ന വാക്കിൽ നിന്നാണ് ഈ രാശിക്ക് ഇംഗ്ലീഷിൽ Scorpio എന്ന പേരുവന്നത്. വൃശ്ചികം സ്ഥിരരാശിയാകയാൽ സ്ഥിരസ്വഭാവം പ്രകടിപ്പിക്കും എന്ന മേന്മ മറന്നുകൂടാ. ചൊവ്വയുടെ വീടാണ് വൃശ്ചികം രാശി. ചൊവ്വയെ 'ക്രൂരഗ്രഹം' എന്നുപറയാറുണ്ട്. അനുരാഗകാലം ആയാലും ദാമ്പത്യത്തിലായാലും ചൊവ്വയുമായി ബന്ധപ്പെട്ട വ്യക്തികൾ അധീശത്വവും മേൽക്കോയ്മയും ഇഷ്ടപ്പെടുന്നവരാവും. മസൃണ ഭാവങ്ങളുള്ളിലുണ്ടാ യാലും ഇവരുടെ തന്നെ പരുക്കൻ മട്ടുകൾ അവയെ സ്വയം പിന്തള്ളാനിടയുണ്ട്. അനുരഞ്ജനം എന്ന പദം പൊതുവേ വൃശ്ചികക്കൂറുകാരുടെ നിഘണ്ടുവിൽ ഉണ്ടാവില്ല. ദൗത്യങ്ങളിൽ വിജയിക്കും. ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നവരാവില്ല. ഇടവക്കൂറുകാരുടെ പ്രണയം/ദാമ്പത്യം എന്നിവയിൽ ഇവയെല്ലാം സംഗതമാണ്. കാമുകൻ/ കാമുകി നേരിടുന്ന പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കരുതാൻ ഇടവക്കൂറുകാരുടെ പ്രിയപ്പെട്ടവർക്ക് കഴിയും. ചിലപ്പോൾ 'പൊസസ്സീവ്നെസ്സ്' അമിതമാകാനും ഇടയുണ്ട്.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ഏഴാമെടം ധനുരാശിയാണ്. വില്ലേന്തിയ പുരുഷൻ്റെ ഉടലും അരയ്ക്കു താഴെ കുതിരയുടെ ആകൃതിയുമാണ്. പുരുഷരാശിയാണ്, ധനു. മിഥുനക്കൂറിൽ ജനിച്ച പുരുഷൻ്റെ കാമുകി / ഭാര്യ പൗരുഷം ഉള്ളവളാവും. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും എങ്ങനെ പെരുമാറണമെന്ന് അറിയുന്നവളായിരിക്കും. മിഥുനക്കൂറിൽ ജനിച്ച സ്ത്രീയുടെ കാമുകൻ അഥവാ ജീവിത പങ്കാളി ആത്മശക്തി പുലർത്തും. വ്യാഴമാണ് ഈ രാശിയുടെ നാഥൻ. മിഥുനക്കൂറുകാരുടെ ഇണ പരിഷ്കാരവും ഒപ്പം സംസ്കാരവും ഉള്ളയാളായിരിക്കും. ഉയർന്ന ജോലികളിൽ ശോഭിക്കും. ഭൗതികമായ നേട്ടങ്ങൾ കൈവരിക്കും. ഒപ്പം ആത്മീയമായ ഉണർവ്വും പുലർത്തും. ദേവഗുരുവും ദേവമന്ത്രിയുമാണ് വ്യാഴം. നല്ല ഉപദേശങ്ങൾ അർഹതയുള്ളവർക്ക് നൽകും. ജീവിതത്തിൽ മിതത്വം പുലർത്തുവാനാവും. ഇവർ പരാശ്രയത്വം ആഗ്രഹിക്കില്ല. നന്മയിലും മൂല്യങ്ങളിലും വിശ്വസിക്കും. അനുരഞ്ജനങ്ങൾക്ക് തയ്യാറാവാത്തത് ഗാർഹസ്ഥ്യത്തെ ചിലപ്പോൾ ഉലയ്ക്കാറുണ്ട്. അക്കാര്യവും ഓർമ്മിക്കാം. കാമുകിയുടെ / കാമുകൻ്റെ ജീവിതയാഥാർത്ഥ്യങ്ങൾക്ക് ഇണങ്ങും വിധം സ്വന്തം മനസ്സിനെ പാകപ്പെടുത്താൻ മിഥുനക്കൂറുകാരുടെ പങ്കാളിക്ക് കഴിയും. ചടുലമായ പ്രതികരണം നിർവഹിക്കാനുമാവും.
കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഏഴാമെടമായി വരുന്നത് മകരം രാശിയാണ്. ചരരാശിയാണ് മകരം. ജീവിത പങ്കാളിക്ക് സഞ്ചാരശീലം ഏറെയുണ്ടാവും. അന്യനാട്ടിൽ ജീവിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ ക്ലേശങ്ങൾ സൃഷ്ടിക്കാൻ പ്രവാസവും ഒരു കാരണമായേക്കാം. കർക്കടകം രാശിയുടെ അധിപനായ ചന്ദ്രനും മകരക്കൂറിൻ്റെ അധിപനായ ശനിയും തമ്മിൽ പൊരുത്തക്കുറവുണ്ട്. അതിനാൽ കർക്കടകക്കൂറിൽ ജനിച്ചവരുടെ പ്രണയ ജീവിതത്തിൽ തടസ്സങ്ങളും ശൈഥില്യങ്ങളും ആവർത്തിക്കാം. ദാമ്പത്യത്തിലും അതിൻ്റെ പ്രതിഫലനം ഉണ്ടാവുന്നതാണ്. ഗ്രഹങ്ങളിൽ അതിവേഗസഞ്ചാരിയാണ് ചന്ദ്രൻ. ശനിയാകട്ടെ മന്ദഗാമിയും. ഒരാൾക്ക് ക്ഷമ തീരെയുണ്ടാവില്ല. ആലസ്യത്തോളം ചെല്ലുന്ന സഹിഷ്ണുത മറ്റയാളിൽ കാണാം. ഒരുപാട് പടവെട്ടി മുന്നോട്ട് വന്നയാളാവും മകരക്കൂറുകാർ. അവഗണനയുടെ നെല്ലിപ്പലകയോളം ചെന്നിട്ട് പടിപ്പടിയായി ഉയർന്നുവന്നവരുമായിരിക്കും. മകരക്കൂറുകാരിൽ പ്രായത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ പ്രകടമാവും. ഭാവനയുടെ ലോകത്ത് സ്വപ്നസഞ്ചാരം നടത്തുന്നവരാവും കർക്കടകക്കൂറുകാർ. അവരുടെ 'നല്ലപാതി' യാകട്ടെ പരമാർത്ഥങ്ങളിൽ നിന്നും ഒളിച്ചോടുന്നില്ല. കൂടെ നിന്നുകൊണ്ട് സ്വപ്നങ്ങളെ പകൽവെളിച്ചങ്ങളാക്കാൻ സന്നദ്ധത കാട്ടുന്നു.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് കുംഭം രാശിയാണ്. കുംഭം ഒരു സ്ഥിരരാശിയും പുരുഷരാശിയുമാണ്. വാക്കുകളിൽ സ്ഥിരതയുള്ളവരാവും, കുംഭം രാശിയിൽ ജനിക്കുന്നവർ. സ്ഥിരോത്സാഹികളുമാവും. ക്രമമായ അധ്വാനത്തിലൂടെ വിജയിക്കുന്ന ശീലം ഇവർക്കുണ്ടാവും. ശനിയാണ് രാശിനാഥനെന്നതിനാൽ ശനിയുടെ ഗ്രഹപരമായ സവിശേഷതകളും ഇവിടെ ഓർക്കണം. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യനും ശനിയും തമ്മിൽ ശത്രുതാബന്ധമാണ് പറയപ്പെടുന്നത്. സാമ്യങ്ങളെക്കാൾ വൈരുദ്ധ്യങ്ങളാവും അധികം. അതിനാൽ ചിങ്ങക്കൂറുകാരുടെ അനുരാഗത്തിലും ദാമ്പത്യത്തിലും കലഹവും അനൈക്യവും കടന്നുവരാം. ഇവരുടെ ജീവിതപങ്കാളിയുടെ ബാല്യകൗമാരാദികൾ ക്ലേശകരമായിരുന്നിരിക്കണം. അതിൻ്റെ അനുരണനങ്ങൾ ഭാവിയെ സ്വാധീനിക്കാം. പ്രസന്നതയെക്കാൾ വിഷാദ ഭാവം കൂടുതലാവാനിടയുണ്ട്. തന്മൂലം ഇവർ സിനിക്കുകളാവും. അല്ലെങ്കിൽ ദാർശനിക വീക്ഷണം പുലർത്തും. ഏകാന്തതയെ ഇഷ്ടപ്പെടും. പ്രായവ്യത്യാസം മൂലമുള്ള പ്രശ്നങ്ങളും ദാമ്പത്യത്തിൽ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉറച്ച മനസ്സാണ് ചിങ്ങക്കൂറുകാരുടെ ഏഴാമെടത്തിൻ്റെ മൂലധനം. പ്രേമത്തിലും ദാമ്പത്യത്തിലും പങ്കാളിയെ ചേർത്തുപിടക്കുന്നു. കണ്ണീർപ്പാടങ്ങളുടെ വരമ്പത്ത് കൈകോർത്ത് നടന്ന് നഷ്ടസ്വപ്നങ്ങൾ മറക്കുകയും നല്ലനാളയെ ഭാവന ചെയ്യുകയും ചെയ്യുന്നു.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
കന്നിക്കൂറുകാരുടെ ഏഴാമെടം മീനം രാശിയാണ്. ഉഭയരാശിയും സ്ത്രീ രാശിയുമാണ് മീനം. തലയും വാലും അന്യോനം വിപരീതമായി കിടക്കുന്ന ഇരുമത്സ്യങ്ങളാണ് രാശിസ്വരൂപം. അതിനാൽ വൈരുദ്ധ്യങ്ങൾ ഉള്ള ആളാവും കന്നിക്കൂറുകാരുടെ കാമുകൻ/ കാമുകി. അഥവാ ഭാര്യ/ ഭർത്താവ്. ഭൗതികതയെ ഇഷ്ടപ്പെടും. എന്നാൽ ആത്മീയ സാധനകളാൽ ഏർപ്പെടുന്നവരുമാവും. ഇവർ പ്രവാസം ദീർഘകാലത്തേക്കോ അല്പകാലത്തേക്കോ നടത്താൻ സാധ്യതയുണ്ട്. മീനക്കൂറിൻ്റെ അധിപൻ വ്യാഴമാണ്. ഗ്രഹങ്ങളിൽ വ്യാഴത്തിനാണ് ഈശ്വരാംശം കൂടുതൽ. പരിമിതികളെ വേഗം തിരിച്ചറിയാനും തിരുത്താനും സന്നദ്ധതയുണ്ടാവും. വിദ്യാകാരകനായ ബുധൻ്റെ നീചരാശിയാണ് വ്യാഴം. പഠനത്തിൽ വല്ലകാരണവശാലും പിന്നിലായാലും അനുഭവസമ്പത്തും മൂല്യബോധത്താലും പരിമിതികളെ മറികടക്കും. സ്നേഹശീലരാവും. മീനം ശുക്രൻ്റെ ഉച്ചരാശി കൂടിയാകയാൽ പ്രണയം ഇവരിൽ അടിമുടിയുണ്ടാവും. ആജീവനാന്തം അതിൻ്റെ ഊഷ്മളത നിലനിർത്താനും ശ്രമിക്കും. സ്നേഹം ഉറക്കുപാട്ട് മാത്രമല്ല ഉത്ഥാനമന്ത്രവും കൂടിയാണ്. തോൾ ചാഞ്ഞും മുഗ്ദ്ധാക്ഷരങ്ങൾ മൊഴിഞ്ഞും പ്രണയകാലത്തും ദാമ്പത്യത്തിലും എല്ലാം ജീവിതത്തെ സാന്ത്വന സംഗീതമാക്കി മാറ്റുവാൻ കന്നിക്കൂറുകാരുടെ ഒപ്പം ജീവിതസഹയാത്ര ചെയ്യുന്നയാളിനാവും.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ഏഴാമെടം മേടക്കൂറാണ്. മുട്ടനാട് (Ram) ആണ് മേടം രാശിയുടെ സ്വരൂപമായി വരുന്നത്. ചരരാശി, പുരുഷരാശി തുടങ്ങിയ സവിശേഷതകളുമുണ്ട്. രാശികളിൽ ഒന്നാമത്തേതുമാണ്. അതിനാൽ തുലാക്കൂറുകാരുടെ ജീവിത സഹചാരിക്ക് സഞ്ചാരപ്രിയത്വം സ്വതന്ത്രശീലം എന്നിവയുണ്ടാവും. അയാൾ/ അവൾ പ്രായേണ അവരുടെ വീട്ടിലെ മൂത്തകുട്ടിയായേക്കും. മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിന് കഴിയുന്ന മാനസിക ഘടനയോട് കൂടിയ വ്യക്തിയാവും. സ്വാശ്രയ ജോലികളിലൂടെയാവും ജീവിതം കരുപ്പിടിപ്പിക്കുന്നത്. ചൊവ്വയാണ് മേടം രാശിയുടെ അധിപൻ. അതിനാൽ ശീലങ്ങളിൽ വഴക്കമില്ലായ്മയും കാർക്കശ്യവും കണ്ടേക്കും. സ്നേഹസാമ്രാജ്യത്തിൻ്റെ ഛത്രാധിപതിയാണ് എന്ന ഗർവ്വ് അവരിൽ ചിലപ്പോൾ ഏകപക്ഷീയമായ അധികാരമായി പ്രത്യക്ഷപ്പെടാം. പ്രണയത്തിലെ വിലോലതയും വിലാസങ്ങളും വിവാഹശേഷം വരണ്ടുണങ്ങിയ നദിയുടെ പ്രതീതിയാവും സൃഷ്ടിക്കുക. അങ്ങനെയും ഒരു വശമുണ്ട്. ചെറിയ കാര്യങ്ങളിൽ ചിലപ്പോൾ കലഹസ്വരം ഉയർത്താം. വലിയ വിഷയങ്ങളിൽ സ്നേഹപാത തീർക്കാനും സാധിക്കുന്നവരാവും.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഏഴാമെടമായി വരുന്നത് ഇടവം രാശിയാണ്. സ്ഥിരരാശിയാണ് ഇടവം. ചുമതലകൾ ഏറ്റെടുക്കുന്നവരാവും. കുട്ടിക്കാലം തൊട്ട് കുടുംബത്തിനായി അധ്വാനിക്കും. വളർച്ചയിലെ തടസ്സങ്ങളെ അവഗണിക്കാനുള്ള മനക്കരുത്തുണ്ടാവും. വീട്, വസ്തു, വാഹനം തുടങ്ങിയവ സ്വന്തമാക്കണമെന്ന് കുട്ടിക്കാലം തൊട്ടുതന്നെ തീവ്രമായി ആഗ്രഹിക്കും. പഠനകാലത്ത് ഏകാഗ്രത പുലർത്തും. ലക്ഷ്യബോധവും കഠിനാധ്വാനവും ഇവരെ വിജയശ്രീലാളിതരാക്കുന്നതാണ്. ഇടവം രാശിയുടെ അധിപൻ ശുക്രനാകയാൽ പ്രണയം ഒരു ആജന്മവാസനയായി ഇവരിലുണ്ടാവും. കൗമാരത്തിനും മുന്നേ അനുരാഗം മൊട്ടിടും. തേന്മാവിൽ മുല്ലവള്ളിയെന്നോണം ഞാറ്റുവേലകൾ അനുകൂലമാവുമ്പോൾ പടർന്നു കയറും. ജീവിതത്തോടുള്ള സ്നേഹമാണ് സത്യത്തിൽ ഇവരിൽ കാമവും ശൃംഗാരവും ലൈംഗികാഭിനിവേശവും ഒക്കെയായി മാറുന്നത്. ഭക്തിക്ക് നവവിധ ഭാവങ്ങളുണ്ടെന്ന് പറയുന്നതുപോലെ വൃശ്ചികക്കൂറുകാരുടെ പങ്കാളിയുടെ സ്നേഹശീലങ്ങൾക്കും നാനാഭാവങ്ങൾ ഉണ്ടായിരിക്കും. വേനലിലും വറ്റാത്ത അപൂർവ്വ നദികളെപ്പോലെയാണ് അവർ. പ്രണയകാലത്തിൽ കാമുകനോട്/ കാമുകിയോട്, പിന്നീട് ദാമ്പത്യത്തിൽ ഭാര്യയോട്/ ഭർത്താവിനോട് പ്രിയഭാവങ്ങളും ഹൃദയബന്ധവും കൂടുകയല്ലാതെ കുറയുന്നില്ല. ഒരു മുഴുവൻ ജീവിതവുമാണ് അവിടെ ഗ്യാരൻ്റിയാവുന്നത്.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴാം ഭാവമായി വരുന്നത് മിഥുനം രാശിയാണ്. പുരുഷനും സ്ത്രീയും ആശ്ലേഷിച്ച് നിൽക്കുന്നതാണ് ഇതിൻ്റെ സ്വരൂപം. ജീവിതത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവരാവും. പ്രണയത്തെ ജീവനായി കരുതും. ശൃംഗാരരസത്തിൽ അഭിരമിക്കും. വൈരുദ്ധ്യങ്ങളുണ്ടാവുമെങ്കിലും അവയെ സമന്വയിപ്പിക്കുന്നതിൽ നൈപുണ്യം കാട്ടും. വീണയേന്തിയ സ്ത്രീ, ഗദയേന്തിയ പുരുഷൻ എന്നത് കലകളോട് താത്പര്യം ഉണ്ടാവും എന്നതിൻ്റെ ധ്വനിയാണ്. ഗദ ഒരു യുദ്ധായുധമാണല്ലോ. ആകയാൽ ജീവിതത്തെ ഒരു പോരാട്ടമാക്കാനും മിഥുനക്കൂറുകാർക്കാവും എന്നതും ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു. മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ധനുക്കൂറുകാരുടെ പ്രണയ/ ദാമ്പത്യ പങ്കാളി വചോവിലാസത്താൽ അനുഗൃഹീതരായിരിക്കും. വലിയ ബുദ്ധിശാലികളാവും. ബുദ്ധിയും സ്നേഹവും കൂടി ഇവരിൽ ഓട്ടപ്പന്തയം നടത്തിക്കൊണ്ടിരിക്കും. ജീവിതത്തിൻ്റെ മസൃണവും സ്നിഗ്ദ്ധവുമായ ഭാവങ്ങളെ ഉൾക്കൊള്ളാൻ അവർക്കാവും. ചിലപ്പോൾ യുക്തികളും തർക്കങ്ങളും വാദങ്ങളും കൊണ്ട് എതിരാളികളെ നേരിടുന്നതുപോലെ പ്രിയജനത്തോടും പെരുമാറിക്കളയും. ദാമ്പത്യം ഒരു മുൾമെത്തയാവുക അപ്പോഴായിരിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
മകരക്കൂറകാരുടെ ഏഴാമെടം കർക്കടകം രാശിയാണ്. ഞണ്ട് ആണ് രാശിസ്വരൂപം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു വ്യക്തിത്വത്തെ കർക്കടകം സൂചിപ്പിക്കുന്നു. ചരരാശിയാകയാൽ ദീർഘയാത്രകൾ, പ്രവാസം എന്നിവയൊക്കെ ഈരാശിക്കാരുമായി ബന്ധപ്പെട്ടതാണ്. ചന്ദ്രനാണ് രാശിനാഥൻ. മാസത്തിൽ വെളുത്ത/ കറുത്ത പക്ഷങ്ങളായി ചന്ദ്രൻ്റെ ജീവിതം വിഭജിതമാകുന്നു. അതിനാൽ അഭിവൃദ്ധിയുടെ ആരോഹണവും പരിക്ഷയത്തിൻ്റെ അവരോഹണവും ഇവരിൽ നിരന്തരമാണ്. അനുനിമിഷമാണ് ഇവരുടെ ഭാവം പകരുന്നത്. നവരസങ്ങളും ഓരോ ദിവസവും ഇവരുടെ ഹൃദയത്തിലൂടെ കടന്നുപോകും. ചിലത് സ്ഥായിഭാവം കൈക്കൊള്ളും. ചില ഭാവങ്ങൾ നൈമിഷികങ്ങളാവും. ഒപ്പമുള്ള സഹയാത്രികനെ/സഹയാത്രികയെ ഈ ഭാവപ്പകർച്ചകൾ ചെറുതായോ വലുതായോ ബാധിക്കും. സ്നേഹം / രതി എന്നിവയൊക്കെ ചിലപ്പോൾ പെരുമഴക്കാലമായി പെയ്തിറങ്ങും. പ്രതിസന്ധികളിൽ ചേർത്തുപിടിക്കും. തള്ളിപ്പറയാതെ കൂടെ കൂട്ടും. ചിലപ്പോഴെങ്കിലും മറുവശവുമുണ്ടാവും. ചെറിയ കാര്യങ്ങൾക്ക് നീരസം, കലഹബുദ്ധി, വിരോധം. അങ്ങനെ അനുരാഗവും ദാമ്പത്യവുമൊക്കെ വളരെ വേഗം ഊഷരഭൂമിയാവാനും മതി. മകരക്കൂറുകാർ ഇവയുമായി ഇണങ്ങിയില്ലെങ്കിൽ ദാമ്പത്യം വലിയ ശൂന്യത സൃഷ്ടിക്കും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
കുംഭക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് ചിങ്ങം രാശിയാണ്. സിംഹം ആണ് രാശിസ്വരൂപം. അനഭിഗമ്യന്മാരാവും. ഉയർന്ന പദവികൾ, അധികാരം, രാഷ്ട്രീയം ഇവയൊക്കെ ചിങ്ങം രാശിയുമായി ബന്ധപ്പെടുന്നവയാണ്. ആൾക്കൂട്ടത്തിലലയുമ്പോൾ തന്നെ ഏകാന്തതയെ ആസ്വദിക്കും. രാശിനാഥൻ ഗ്രഹചക്രവർത്തിയായ ആദിത്യനാകുന്നു. കുംഭക്കൂറുകാരുടെ അധിപനായ ശനിയും ഏഴാമെടത്തിൻ്റെ അധിപനായ ആദിത്യനും തമ്മിൽ ശത്രുതയുണ്ട്. അതിനാൽ ഇവരുടെ പ്രണയത്തിൽ അനൈക്യം ഇടയ്ക്കിടെ കടന്നുവരാം. ദാമ്പത്യത്തിലും പൊരുത്തക്കേടുകൾ ഉണ്ടാവുന്നതായിരിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത മാനസികാവസ്ഥ ഉണ്ടാവും. 'തനിക്ക് തൻ്റെ വഴി' എന്ന തത്ത്വശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കും. എങ്കിലും വിരുദ്ധതകൾക്കിടയിലും ഒരു പാരസ്പര്യം വന്നുചേരാം. പദനിസ്വനത്തിന് കാതോർക്കുവാൻ കഴിക്കും. അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കും. പ്രണയത്തിൻ്റെ സ്നിഗ്ദ്ധവും മുഗ്ദ്ധവുമായ ഭാവങ്ങൾ കുംഭക്കൂറുകാരുടെ പങ്കാളിയിലും വറ്റിവരണ്ടു പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാരുടെ ഏഴാമെടം കന്നിരാശിയാണ്. കന്നി ഉഭയരാശിയാണ്. നെൽക്കറ്റയും ചൂട്ടുമേന്തിയ ഒരു കന്യകയാണ് സ്വരൂപം. ലജ്ജാശീലരും അന്തർമുഖരുമാണ് കന്നിരാശിക്കാർ. എത്ര പട്ടണപ്പകിട്ടിൽ വസിച്ചാലും നാട്ടിൻപുറത്തിൻ്റെ നന്മകൾ ഉപേക്ഷിക്കാത്തവരാവും. ബുധനാണ് കന്നിരാശിയുടെ അധിപൻ. 'ബുധൻ സമം ബുദ്ധി' എന്നൊരു ചൊല്ലുണ്ട്. ബൗദ്ധികമായി വളരെ മുൻപന്തിയിൽ നിൽക്കുന്നവരാവും തന്മൂലം കന്നിരാശിക്കാരെന്നും വരുന്നു. കലകളിലും ശാസ്ത്രങ്ങളിലും അറിവും പാണ്ഡിത്യവും ധാരാളമായിട്ടുണ്ടാവും. അന്യനാട്ടിൽ ജീവിക്കുവാനിടയുണ്ട്. സ്വാശ്രയ ജോലികളിൽ ശോഭിക്കുന്നു. പ്രണയത്തിൽ കന്നിക്കൂറുകാർ പിറകിലാവില്ല. ആത്മാർത്ഥമായി സ്നേഹിക്കും. ദാമ്പത്യത്തിൻ്റെ നിലനിൽപ്പിന് പ്രാധാന്യം നൽകും. ഹൃദയബന്ധത്തിൽ വിശ്വസിക്കുന്നവരാണ്. ജീവിതത്തിൻ്റെ പ്രസരിപ്പും പ്രസന്ന ഭാവങ്ങളും ഇഷ്ടപ്പെടുന്നതിനാൽ ബന്ധം തകരുന്നത് സഹിക്കാനാവില്ല. പാണ്ഡിത്യത്തെക്കാൾ മനുഷ്യത്വത്തിന് വിലനൽകാനറിയുന്ന കൂട്ടരാണ്. " ജീവിക്കുക; സ്നേഹിക്കുക" എന്നതാവും ഇവരുടെ മന്ത്രം എന്നുപറയാം.
Read More: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.