scorecardresearch

Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Monthly Horoscope for Edavam Ashwathy to Revathy: ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവ മാസം അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Edavam Ashwathy to Revathy: ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവ മാസം അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം

Edavam Month Horoscope: മേടം 31ന്  (മേയ് 14 ന്) ബുധനാഴ്ച  രാത്രി 12 മണി കഴിഞ്ഞ് ആദിത്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിൽ പ്രവേശിക്കുന്നു. മേയ് 15 വ്യാഴാഴ്ചയാണ് ഇടവം ഒന്നാം തീയതി. ഇടവമാസത്തിൽ കാർത്തിക, രോഹിണി, മകയിരം ഞാറ്റുവേലകൾ കടന്നുവരുന്നു. മാസാദ്യം ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ. ഇടവം 12,13 തീയതികളിൽ കറുത്തവാവ് വരുന്നു.

Advertisment

ഇടവം 13ന് ആണ് ഗ്രീഷ്മ ഋതുവും, ജ്യേഷ്ഠ മാസവും ആരംഭിക്കുന്നത്. ഇടവം 27,28 തീയതികളിൽ വെളുത്തവാവ് വരും. മേടം 31 ന് രാത്രിയിൽ വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുകയാൽ ഇടവമാസം തുടങ്ങുമ്പോൾ വ്യാഴം മിഥുനത്തിലാണ് എന്നുകാണാം. മകയിരം നക്ഷത്രത്തിൽ ഇടവം 30 വരെ തുടരും. തുടർന്ന് വ്യാഴം തിരുവാതിരയിൽ സഞ്ചരിക്കും.

വ്യാഴം വർഷത്തിൽ ഒരിക്കലാണ് രാശിമാറുന്നത്. ഇടവം 4ന് (മേയ് 18 ന്) ഞായറാഴ്ച രാത്രി രാഹു-കേതു മാറ്റവുമുണ്ട്. രാഹു മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്കും, കേതു, കന്നിരാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കും പിൻഗതിയായി പ്രവേശിക്കുന്നു. രാഹുവും കേതുവും ഒന്നരവർഷത്തിൽ/18 മാസത്തിൽ ഒരിക്കൽ രാശിമാറും. 

ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ബുധൻ ഇടവം 9 ന് മേടത്തിൽ നിന്നും ഇടവത്തിലേക്കും, ഇടവം 23 ന് മിഥുനത്തിലേക്കും സംക്രമിക്കുന്നു. ചൊവ്വ നീചക്ഷേത്രമായ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവം17 ന് മേടം രാശിയിലേക്ക് മാറുകയാണ്. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഇടവമാസത്തെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

അശ്വതി

ജന്മത്തിൽ നിന്നും ആദിത്യൻ മാറുന്നത് ആശ്വാസമേകും. എങ്കിലും രണ്ടാം ഭാവത്തിലാകയാൽ വാക്കുകളിൽ ആജ്ഞാഭാവം കടന്നുകൂടാം. ഇടവം നാലാം തീയതിയിലെ രാഹു മാറ്റം പതിനൊന്നിലേക്ക് ആവുകയാൽ ഗുണപ്രദമാണ്. പന്ത്രണ്ടിലെ ശനി സൃഷ്ടിക്കുന്ന സ്വൈരക്കേടുകൾക്ക് ഒരുപരിധിവരെ രാഹുസ്ഥിതി സന്തുലിതത്വമുണ്ടാക്കും. വരുമാനമാർഗം തടസ്സപ്പെടുകയുമില്ല. അഞ്ചിലേക്ക് കേതു വരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കും. മക്കളുടെ കാര്യത്തിൽ മനക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. ചൊവ്വ നാലിൽ തുടരുകയാൽ വാഹനം ഉപയോഗിക്കുന്നതിൽ നല്ലശ്രദ്ധയുണ്ടാവണം. ഗാർഹികമായ ചില ഭിന്നതകൾ തലപൊക്കാം. മാസപ്പകുതിക്കു ശേഷം ശുക്രൻ ജന്മരാശിയിൽ വരുന്നത് ദേഹസുഖം, ഭോഗാനുഭവങ്ങൾ, മനസ്സന്തോഷം ഇവയ്ക്ക് കാരണമാകും. മൂന്നിൽ വ്യാഴം സഞ്ചരിക്കുകയാൽ തൊഴിൽ മേഖലയിൽ അധ്വാനഭാരം കൂടാം. വ്യാഴം ഭാഗ്യഭാവത്തിൽ നോക്കുന്നത് ഗുണകരമാണുതാനും.

ഭരണി

വ്യാഴം മൂന്നാം ഭാവത്തിലേക്ക് മാറിക്കഴിഞ്ഞു. ലക്ഷ്യത്തിലെത്താൻ കൂടുതൽ പ്രയത്നം ആവശ്യമായി വരുന്ന കാലഘട്ടമാണ്. ജന്മരാശിയിൽ നിന്നും ആദിത്യൻ മാറുന്നത് കുറച്ചൊക്കെ ആശ്വാസമേകും. എന്നാൽ മുഖരോഗങ്ങൾക്ക്-ഇ.എൻ.ടി- രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഏഴരശ്ശനി യാത്രകൾക്ക് വഴിയൊരുക്കാം. ചിലപ്പോളവ ക്ലേശപ്രദങ്ങളായെന്ന് വന്നേക്കും. ചെലവിൻ്റെ കോളം പെരുകാനും സാധ്യതയുണ്ട്. ഉപരിപഠനത്തിനുള്ള അവസരങ്ങൾ ബുധൻ്റെ രണ്ടാം ഭാവസ്ഥിതി (ഇടവം 10നു ശേഷം) ഒരുക്കിത്തരും. മാസം പകുതിക്കുമേൽ ശുക്രൻ ജന്മരാശിയിൽ വരുന്നത് ഭൗതിക സമൃദ്ധിക്കും പാരിതോഷിക ലബ്ധിക്കും കാരണമാകുന്നതാണ്. നാലിൽ തുടരുന്ന ചൊവ്വ ബന്ധുവിരോധം സൃഷ്ടിക്കാം. ഇടവം 4 ലെ രാഹുമാറ്റം ഗുണകരമാവും എന്നതിൽ സംശയമില്ല. കേതുമാറ്റം ശാഠ്യങ്ങൾ വളർത്താം.

കാർത്തിക

മാസാദ്യത്തിലെ പത്തുദിനങ്ങൾ ആദിത്യൻ കാർത്തിക നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. (കാർത്തിക ഞാറ്റുവേല). അതിനാൽ അലച്ചിലും ദേഹക്ലേശവും വരാം. ഇടവക്കൂറുകാർക്ക് വ്യാഴമാറ്റം ഗുണപ്രദമാണ്. ധനപരമായ ശോച്യതകൾക്ക് പരിഹാരം തെളിയുന്നതായിരിക്കും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല.  സ്വകാര്യ സ്ഥാപനത്തിൽ വേതന വർദ്ധനവ് ഉണ്ടാവും. മേടക്കൂറുകാർക്ക് തൊഴിലിടത്തിൽ വിരോധികളുണ്ടാവും. രാഹു മാറ്റം മത്സരങ്ങളിൽ വിജയം നൽകുന്നതാണ്. എതിർപ്പുകളെ മറികടക്കും.  വിദേശപഠനം,  തൊഴിൽ ഇവ സാധ്യമാകും. സഹോദരരുടെ സഹായം പ്രതീക്ഷിക്കാം. പ്രണയ തടസ്സങ്ങൾ നീങ്ങുന്നതാണ്. ഏകപക്ഷീയമായ അഭിപ്രായങ്ങൾ കുടുംബത്തിൻ്റെ പിന്തുണയിൽ വിള്ളലുണ്ടാക്കും.

രോഹിണി

ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹത്തിന് ആയാസം ഭവിക്കും. വിഭവനാശം ഉണ്ടാവുന്നതാണ്. രണ്ടിലെ ഗുരു നൽകുന്ന ഫലം കിട്ടിത്തുടങ്ങുവാൻ വൈകുന്നതാണ്. വാക്കുകളിൽ മിതത്വം പാലിക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക്  പരീക്ഷാവിജയത്തിനനുസരിച്ചുള്ള കോഴ്സുകളെക്കുറിച്ച് ധാരണ ലഭിക്കുന്നതാണ്. പതിനൊന്നിലെ ശനി പാരമ്പര്യ തൊഴിലിൽ വിജയം സമ്മാനിക്കും. വയോജനങ്ങളിൽ നിന്നും നല്ലവാക്കുകൾ കേൾക്കും. 11ലും 12ലും ആയി ശുക്രൻ സഞ്ചരിക്കുകയാൽ പ്രണയകാര്യത്തിൽ സന്തോഷം ഭവിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. രാഹു പത്തിലും കേതു നാലിലേക്കും മാറുന്നത് അത്ര ഗുണകരമല്ല. ഉടനെയല്ലെന്നു വന്നാലും, പിന്നീട് ഗൃഹസൗഖ്യം കുറയാനിടയുണ്ട്. ജോലിമാറ്റത്തിന് തത്കാലം മുതിരരുത്. വസ്തുവിൽക്കാൻ സാധ്യതയുണ്ട്.

മകയിരം

ആദിത്യൻ്റെ സഞ്ചാരം അനുകൂല ഭാവങ്ങളിലല്ലാത്തതിനാൽ ദേഹക്ലേശം വരാം. അധികാരികളുടെ പ്രീതി ലഭിക്കാനും സാധ്യത കുറവാണ്. ഇടവമാസം ഒടുവിൽ വരെ വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ഗുണകരമല്ല. രാഹുകേതുമാറ്റം ഭാഗികമായി ഗുണം ചെയ്യും. പണം മുടക്കി ചെയ്യുന്ന ഏർപ്പാടുകൾ ലാഭകരമാവാൻ വൈകിയേക്കും. കടബാധ്യതകൾ വർദ്ധിപ്പിക്കരുത്. വിലപിടിച്ച രേഖകൾ നഷ്ടപ്പെടാനിടയുണ്ട്. കൂട്ടുകെട്ടുകളിൽ ശ്രദ്ധയുണ്ടാവണം. ബന്ധുക്കളുമായി രമ്യത പുലർത്താൻ ശ്രമിക്കും. പുതുവാഹനം വാങ്ങാൻ യോജിച്ച സമയമല്ല. കലാകാരന്മാരെ  നല്ല അവസരങ്ങൾ തേടിവരുന്നതാണ്. ഇടവക്കൂറുകാർക്ക് ശനിയുടെ ആനുകൂല്യമുള്ളതിനാൽ തടസ്സങ്ങളെ മറികടക്കും. മിഥുനക്കൂറുകാർക്ക്  കണ്ടകശനിക്കാലം തൊഴിൽ മാന്ദ്യത്തിന് കാരണമാകും.

തിരുവാതിര

ആദിത്യൻ പന്ത്രണ്ടിലും ഗുരു ജന്മത്തിലുമാണ്. ഇരുഗ്രഹസ്ഥിതികളും ഗുണകരമല്ല. കാര്യസാധ്യത്തിന് നിരന്തര യാത്രകൾ വേണ്ടി വന്നേക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സം വരാനിടയുണ്ട്. നല്ല കാര്യങ്ങൾ എന്നുകരുതുന്നവ പ്രാവർത്തികമാക്കാൻ കിണഞ്ഞ് പ്രവർത്തിക്കണം. പരീക്ഷാ വിജയത്തിൽ അനുമോദനങ്ങൾ തുടരപ്പെടുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിൽ ആശയക്കുഴപ്പം മാറിയേക്കാം. കണ്ടകശനിയാകയാൽ സ്വാശ്രയ ബിസിനസ്സിൽ പുരോഗതി കുറയും. ഇടപാടുകൾ വിജയിക്കാൻ ധാരാളം വിട്ടുവീഴ്ചകൾ വേണ്ടിവരുന്നതാണ്. രണ്ടിലെ ചൊവ്വ സംഭാഷണത്താൽ ശത്രുക്കളെ സൃഷ്ടിക്കും. മൂന്നിലെ രാഹുകേതുക്കളിൽ നിന്നും നാമമാത്രമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും. പ്രണയസാഫല്യം ഉണ്ടാവുന്നതാണ്. ദാമ്പത്യസൗഖ്യവും അനുഭവപ്പെടും.

പുണർതം

മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. എല്ലാ മാറ്റങ്ങളും ഗുണകരമാവും എന്ന് പറയാനാവില്ല. സാമ്പത്തിക നഷ്ടം വരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണം. സംരംഭകർക്ക് പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്നതാണ്. നിലവിലെ ഉദ്യോഗത്തിൽ ഉന്മേഷം കുറയാം. ചുമതലകളിൽ വീഴ്ച വരികയാൽ മേലധികാരികളുടെ അപ്രീതി നേടുവാനിടയുണ്ട്. പൊതുപ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയരുന്നതാണ്. ഇഷ്ടമില്ലെങ്കിലും ബിസിനസ് കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. ശുക്രൻ പതിനൊന്നിൽ വരികയാൽ മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിത നിലവാരം ഉയരുന്നതാണ്. രാഹുകേതുമാറ്റത്താൽ ലാഭനഷ്ടങ്ങൾ സമമായേക്കും . ചൊവ്വയുടെ അനിഷ്ടസ്ഥിതിക്ക് കേതുവിൻ്റെ ഇഷ്ടസ്ഥിതി ബലാബലമാവും.

പൂയം

ആദിത്യൻ്റെ പതിനൊന്നിലെ സഞ്ചാരം വളരെയധികം ആത്മവിശ്വാസം സമ്മാനിക്കും. കാര്യവിജയമുണ്ടാവുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കാം. പിതാവിൽ നിന്നും അവകാശം/ധനലബ്ധി ഇവ പ്രതീക്ഷിക്കാം. ബുധനും കൂടി പതിനൊന്നിലേക്ക് വരികയാൽ വിദ്യാഭ്യാസത്തിൽ ലക്ഷ്യം കൈവരിക്കും. ഗുരു പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് ആത്മീയമായ അന്വേഷണങ്ങളും യാത്രകളും ഉണ്ടാവുമെന്നാണ്. സൽകാര്യങ്ങൾക്കായി ചെലവുണ്ടാകും. ഇടവം നാലാം തീയതി രാഹുവും കേതുവും അനിഷ്ടഭാവങ്ങളിൽ മാറുന്നു. വിഷാദം, കാര്യതടസ്സം ഇവ ഭവിക്കാം. കലഹവാസന നിയന്ത്രിക്കപ്പെടണം. ചൊവ്വ പൂയം - ആയില്യം നാളുകളിൽ തുടരുന്നതും അനുകൂലമല്ല. ദാമ്പത്യത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്.

ആയില്യം

രാഷ്ട്രീയ വിജയം കൈവരിക്കും. എതിരാളികളെ നിഷ്പ്രഭരാക്കാനാവും. ആദർശത്തെക്കാൾ പ്രായോഗികത ചിന്തയിൽ നിറയും. അവസരങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. പിതൃ-പുത്രബന്ധം രമ്യമായേക്കും. തൊഴിൽ തേടുന്നവർക്ക് ജോലികിട്ടാം. രാഹു, കേതു, ചൊവ്വ ഇവയുടെ ദുഃസ്വാധീനം മൂലം കലഹമുണ്ടാവാൻ സാധ്യതയുണ്ട്. പുതുസംരംഭങ്ങളിൽ അനൈക്യം വരാം. ദേഹക്ളേശം ഭവിക്കുന്നതാണ്. ഗൃഹം വിട്ടുനിൽക്കേണ്ട സാഹചര്യം ഉരുവാകാം. ദാമ്പത്യത്തിൽ പാരസ്പര്യം കുറയും. ഭൂമി കച്ചവടത്തിൽ അമളികൾ പിണയാം. ഒമ്പതിലെ ശനിയും പന്ത്രണ്ടിലെ വ്യാഴവും ചെലവിനിടവരുത്തും. നാട്ടിൽ കഴിയുന്നവർക്ക് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വരാം. കലാപ്രവർത്തനം വിജയിച്ചേക്കും. കുടുംബ സംഗമം, സഹപാഠി സംഗമം ഇവയിൽ സംബന്ധിക്കേണ്ടി വന്നേക്കാം.

മകം

ആദിത്യൻ പത്തിലും വ്യാഴം പതിനൊന്നിലും സഞ്ചരിക്കുന്നതിനാൽ സംരംഭങ്ങളിൽ വിജയമുണ്ടാവും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. ജോലിമാറ്റത്താൽ ജോലി നഷ്ടമായവർക്ക് ഇപ്പോൾ പുതിയ അവസരങ്ങൾ കൈവരുന്നതാണ്. സമൂഹമധ്യത്തിൽ അംഗീകാരമുണ്ടാവും. മേലധികാരികൾ ഉപദേശം തേടാം. പൊതുവേ നിക്ഷേപങ്ങളിൽ നിന്നും മറ്റും ഉയർന്ന ആദായം ലഭിക്കാം. അഷ്ടമത്തിൽ ശനിയും പന്ത്രണ്ടിൽ ചൊവ്വയും ജന്മത്തിൽ കേതുവും സഞ്ചരിക്കുന്നതിനാൽ വ്യക്തിപരമായി പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്. വാഹനം, അഗ്നി മുതലായവ ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയരുത്. ഏഴാം ഭാവത്തിലെ രാഹു ദാമ്പത്യത്തെ അസംതൃപ്തമാക്കാം. പരസ്പരം കുറ്റപ്പെടുത്തുന്ന രീതി കൂടിക്കൂടി വരുന്നതാണ്.

പൂരം

ആത്മവിശ്വാസം ഉയരുന്നതാണ്. തൊഴിലിടത്തിൽ സ്വാധീനം വർദ്ധിക്കും. അധികാരപൂർവ്വമായ ചുമതലകൾ ലഭിക്കാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് സ്വീകാര്യത പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർ നിരാശപ്പെട്ടില്ല.  വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനായി നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നതാണ്. ധനപരമായി സമ്മർദ്ദങ്ങളുണ്ടാവില്ല. ബിസിനസ്സ് തന്ത്രങ്ങൾ ഉപഭോക്താക്കളെ സ്വാധീനിക്കാം. സുഹൃൽ ബന്ധങ്ങൾ വിപുലമായേക്കാം. കുടുംബത്തിൽ ഒട്ടൊക്കെ സമാധാനം ഉണ്ടാവുന്നതാണ്. എന്നാലും ജീവിത പങ്കാളിയോട് വിയോജിക്കേണ്ട സന്ദർഭങ്ങൾ കൂടും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ ആലോചനകൾ ഊർജ്ജിതമാവും. പുതിയ വാഹനമോ മുന്തിയ ഇലക്ട്രോണിക് ഉല്പന്നങ്ങളോ വാങ്ങാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ കരുതൽ വേണം.

ഉത്രം

ചിങ്ങക്കൂറുകാർക്ക് തൊഴിൽപരമായി മെച്ചപ്പെട്ട ഫലം ഉണ്ടാവും. കരാർപണികളിൽ ഏർപ്പെട്ടവർക്കും ദിവസവേതനക്കാർക്കും തുടർച്ചയായി പണിയുണ്ടാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാഹചര്യം അനുകൂലമാണ്. സാമ്പത്തിക സ്രോതസ്സുകൾ തടസ്സപ്പെട്ടില്ല. ഏഴിലേക്ക് രാഹുവും ജന്മത്തിൽ കേതുവും വരികയാൽ സ്വകാര്യജീവിതത്തിൽ തടസ്സങ്ങളുണ്ടാവും. കേതു ഉത്രം നക്ഷത്രത്തിൽ തുടരുന്നത് ദേഹക്ലേശത്തിന് വഴിയൊരുക്കും. കന്നിക്കൂറുകാർക്ക് പ്രയത്നത്തിനനുസരിച്ചുള്ള പ്രതിഫലമോ അംഗീകാരമോ കിട്ടുകയില്ല. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാൻ വൈകും. ഏഴിലെ ശനിയാൽ കൂട്ടുകച്ചവടം ഉന്മേഷരഹിതമാവും. രാഹുകേതുക്കളുടെ മാറ്റവും ചൊവ്വയുടെ സ്ഥിതിയും സാമ്പത്തികമായി ഗുണം ചെയ്യും.

അത്തം

സമ്മിശ്രമായ അനുഭവങ്ങൾ ഇടവമാസത്തിൽ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് വലിയ ഉന്മേഷം ഉണ്ടായേക്കില്ല. പുതിയ പദ്ധതികൾ സാക്ഷാൽക്കരിക്കാൻ ക്ലേശിക്കുന്നതാണ്. വായ്പയ്ക്കുള്ള അപേക്ഷ അനുവദിക്കപ്പെടില്ല. ഉപരിവിദ്യാഭ്യാസത്തിന് ആഗ്രഹിച്ച കോഴ്സിൽ പ്രവേശനം സാധ്യമായേക്കും. അന്യസംസ്ഥാനത്തോ പുറം നാട്ടിലോ പഠനം തുടരാനാവും. ഏഴാം ഭാവത്തിലെ കണ്ടകശനിയാൽ പ്രണയികൾക്ക് തടസ്സങ്ങളെ നേരിടേണ്ടിവരുന്നതാണ്. ദാമ്പത്യത്തിലും സുഖം കുറയാനിടയുണ്ട്. പിണക്കങ്ങൾ ആവർത്തിക്കാം. രാഹു, ചൊവ്വ എന്നീ ഗ്രഹങ്ങൾ അനുകൂല ഫലങ്ങളേകും. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ശത്രുശല്യത്തെ ചെറുക്കാൻ കഴിഞേക്കും. വസ്തുവിൽ നിന്നും ആദായമുണ്ടാവും. കേതു ജന്മരാശിയിൽ നിന്നും മാറിയതിനാൽ  മനസ്സിന് ആശ്വാസം ഭവിക്കുന്നതാണ്.

ചിത്തിര

തുലാക്കൂറുകാർക്ക് ആദിത്യൻ അഷ്ടമത്തിലാകയാൽ ഉദ്യോഗത്തിൽ തരംതാഴ്ത്തൽ ഉണ്ടാവും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. വ്യാഴം ഒമ്പതിൽ സഞ്ചരിച്ചു തുടങ്ങുന്നതിനാൽ മനസ്സിൽ നല്ലകാര്യങ്ങൾ നിറയും. ഭാവിയെക്കുറിച്ച് പലതും സ്വപ്നം കാണും. കേതു പതിനൊന്നിലേക്ക് മാറുന്നതിനാൽ രഹസ്യധനം ലഭിക്കാം. രാഹുവിൻ്റെ പഞ്ചമസ്ഥിതി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങളാണ് അനുഭവത്തിൽ വരിക. രാഹു ആറാമെടത്തിൽ മാറുന്നതും കേതു ജന്മത്തിൽ നിന്നും നീങ്ങുന്നതും നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ശത്രുഭയമുണ്ടാവില്ല. കടക്കെണിയിൽ ആശ്വാസമുണ്ടാവും. രോഗഗ്രസ്തർക്ക് പുതിയ ചികിൽസ ഫലവത്താകും. ഏഴിലെ ശനി ദാമ്പത്യക്ലേശങ്ങൾക്ക് കാരണമാകുന്നതാണ്.

ചോതി

വ്യാഴം ഒമ്പതിൽ സഞ്ചരിച്ചു തുടങ്ങിയതിനാൽ ചോതി നാളുകാർക്ക് ഭാഗ്യവഴികൾ തുറക്കപ്പെടുന്നതാണ്. കഴിവുകൾ പ്രയോജനപ്പെടുത്തും. സ്ഥാനബഹുമാനങ്ങൾ തേടിവരുന്നതാണ്. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നത് ജോലിയിൽ ചില തടസ്സങ്ങൾ സൃഷ്ടിക്കാം. പുനർ ശ്രമങ്ങൾ വേണ്ടിവന്നേക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ശനിയുടെ അനുകൂലസ്ഥിതിയാൽ ശത്രുവിജയം സാധ്യമാകും. രോഗബാധിതർക്ക് ചികിൽസ ഫലം ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ആവിഷ്കരിക്കാൻ സാധിച്ചേക്കും. പുതുസംരംഭങ്ങൾ ആദായം നൽകിത്തുടങ്ങുന്നതാണ്. രാഹുമാറ്റം അനാവശ്യമായ ശാഠ്യം, മക്കളുടെ കാര്യത്തിൽ ചില മനപ്രയാസങ്ങൾ എന്നിവ സൃഷ്ടിക്കാം. കേതു പതിനൊന്നിൽ സഞ്ചരിക്കുന്നത് പരോക്ഷ ധനാഭത്തിനും വഴിയൊരുക്കുന്നതാണ്.

വിശാഖം

നക്ഷത്രാധിപനായ വ്യാഴം രാശിമാറിക്കഴിഞ്ഞു. വിശാഖം നാളുകാർക്കും മാറ്റത്തിൻ്റെ കാറ്റ് വീശാതിരിക്കില്ല. തുലാക്കൂറുകാർക്ക് വ്യാഴമാറ്റം ഗുണകരമാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. കഴിവിലുമധികം അംഗീകാരങ്ങൾ ഉപലബ്ധമാകാം. വരുമാന മാർഗം സുഗമമായിത്തീരും. എന്നാൽ ആദിത്യൻ കാര്യതടസ്സങ്ങളുണ്ടാക്കും. മേലധികാരിയുടെ അപ്രീതി ഭവിക്കാം. പിതൃ - പുത്ര ബന്ധത്തിൽ രമ്യത കുറയുന്നതാണ്. വൃശ്ചികക്കൂറുകാർക്ക് യാത്രയും തന്മൂലം അലച്ചിലുമുണ്ടാവും. കഠിനാധ്വാനം കൊണ്ടുമാത്രമേ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കാനാവൂ എന്ന സ്ഥിതി വന്നേക്കാം. തുലാക്കൂറുകാർക്ക് മത്സരങ്ങളിൽ അനായാസ വിജയം പ്രതീക്ഷിക്കാം.  വൃശ്ചിക്കൂറുകാർക്ക് അഞ്ചിലെ ശനിസ്ഥിതിമൂലം ഉപാസനകളിൽ ഭംഗം ഭവിക്കും. തെറ്റായ ഉപദേശങ്ങൾ ലഭിക്കാനിടയുണ്ട് എന്നതും പ്രസ്താവ്യം.

അനിഴം

ഇടവമാസത്തിൽ അനിഴം നാളുകാർക്ക് ഗ്രഹസ്ഥിതി അത്രകണ്ട് അനുകൂലമല്ല. ഏഴിൽ സഞ്ചരിക്കുന്ന ആദിത്യൻ വഴിനടത്തയും യാത്രാക്ലേശവും സൃഷ്ടിക്കും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. പങ്കുകച്ചവടത്തിലും തൃപ്തിയുണ്ടാവില്ല. രാശ്യധിപൻ ചൊവ്വ നീചക്ഷേത്രത്തിൽ തുടരുകയാൽ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും അനുഭവപ്പെടും. പരിചിത വിഷയമായാലും പ്രവൃത്തിയിൽ പിശകുകൾ ഉണ്ടാവാം. വ്യാഴത്തിൻ്റെ അഷ്ടമസ്ഥിതി അവിചാരിത തടസ്സങ്ങൾ ഉണ്ടാക്കും. രാഹു നാലിലേക്ക് വരുന്നത് മനസ്സമാധാനക്കുറവിന് കാരണമാകുന്നതാണ്. ഗൃഹത്തിൽ നിന്നും പഠനം, ജോലി ഇവയാലോ മറ്റു കാരണങ്ങളാലോ വിട്ടുനിൽക്കേണ്ടി വന്നേക്കും. അല്പമായ സന്തോഷങ്ങളും സാമാന്യമായ വരുമാനവും പ്രതീക്ഷിച്ചാൽ മതിയാകും.

തൃക്കേട്ട

ബുധസൂര്യയോഗം നൈപുണ്യമുണ്ടാക്കും. പ്രൊഫഷണൽ കോഴ്സുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാനാവും. തൊഴിലന്വേഷകർ നിരാശപ്പെടില്ല. അഞ്ചിലെ ശനി ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ട്. അഷ്ടമത്തിലെ വ്യാഴം രണ്ടാംഭാവത്തിലേക്ക് നോക്കുകയാൽ ധനപരമായി തരക്കേടില്ലാത്ത കാലമാണ്. വീടുമാറാനിടയുണ്ട്, നാലിലെ രാഹുവാൽ. വിദേശ യാത്രക്ക് സാധ്യത കാണുന്നു. ഗൃഹനിർമ്മാണത്തിൽ സർക്കാർ ഇടപെടലാൽ തടസ്സം വരാം. സ്വതന്ത്ര ചിന്താഗതിയും വ്യക്തമായ നിലപാടുകളും പ്രകടിപ്പിക്കുകയാൽ സംഘടനകളിൽ അനഭിമതനാവും. നിലവിലെ വ്യാപാരം മാറുന്നതിന് കാലം അനുകൂലമല്ല. വലിയ മുതൽമുടക്കുകളും പ്രയോജനം ചെയ്യില്ല. കലാപരമായ താല്പര്യം ഉണ്ടാവും. അതിനെ പുഷ്ടിപ്പെടുത്താൻ സമയസൗകര്യാദികൾ സിദ്ധിച്ചേക്കില്ല. യോഗ - ധ്യാനം - വ്യായമ പരിശീലനം ഇവ ഗുണം ചെയ്യുന്നതാണ്.

മൂലം

ആദിത്യൻ ആറിൽ സഞ്ചരിക്കുന്നതിനാൽ കാര്യസിദ്ധി ഭവിക്കും. തടസ്സങ്ങളെ മറികടക്കാനാവും. മേലധികാരികളുടെ  പ്രീതി നേടുന്നതാണ്. വിദേശത്ത് ഉയർന്ന പഠിപ്പിനുള്ള അവസരം വ്യാഴൻ്റെ ആനുകൂല്യം മൂലം ലഭ്യമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വന്നുചേരും. സുഹൃൽബന്ധങ്ങൾ ദൃഢമാകുന്നതാണ്. സമൂഹത്തിൽ അംഗീകരിക്കപ്പെടും. രോഗഗ്രസ്തർക്ക് ആശ്വാസം പ്രതീക്ഷിക്കാം. രാഹുവിൻ്റെ മൂന്നാം ഭാവത്തിലേക്കുള്ള മാറ്റം ധനപരമായ ഉയർച്ചയ്ക്കും തൊഴിൽ വളർച്ചയ്ക്കും വഴിയൊരുക്കും. കണ്ടകശനിക്കാലം ആകയാൽ ഗൃഹനിർമ്മാണം മെല്ലയാവുന്നതാണ്. അക്കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അഷ്ടമഭാവത്തിലെ ചൊവ്വയുടെ സ്ഥിതിയാൽ വിഷാദം, വീഴ്ച, മനക്ലേശം ഇവ സാധ്യതകൾ. പതിവായുള്ള ആരോഗ്യ പരിശോധനകളിൽ അമാന്തം വരുത്തരുത്.

പൂരാടം

ആദിത്യനും ഗുരുവും മാസാദ്യം മുതലും രാഹു ഇടവം 4-ാം തീയതിക്കു ശേഷവും അനുകൂലസ്ഥിതിയിൽ വരുന്നു. കുറച്ചുനാളായി അനുഭവിച്ചു പോരുന്ന  മാനസിക സംഘർഷത്തിന് അയവുണ്ടാവും. ഭൗതിക സാഹചര്യങ്ങൾ ഒട്ടൊക്കെ വരുതിയിലായേക്കും. തൊഴിലിടത്തിലെ സംഘർഷം കുറയും. കഴിവുകൾ പോഷിപ്പിക്കാനാവും. ഒപ്പമുള്ളവരുടെ അനാവശ്യമായിട്ടുള്ള നിസ്സഹകരണവും എതിർപ്പും നീങ്ങും. ദിശാബോധം പഠിപ്പ്, കുടുംബ ജീവിതം എന്നിവയിലും പ്രത്യക്ഷമാകുന്നതാണ്. തൊട്ടതെല്ലാം നഷ്ടത്തിലാവുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവും. കണ്ടകശനി നാലിൽ ശക്തമാവുകയാൽ ബന്ധുവിരോധം, സുഹൃൽ കലഹം, വീടിന് അറ്റകുറ്റപ്പണി ഇവ സാധ്യതകളാണ്. അഷ്ടമത്തിലെ ചൊവ്വ ആരോഗ്യകാര്യത്തിൽ വിഷമങ്ങൾ വരുത്താമെന്നതിനാൽ കരുതലുണ്ടാവണം.

ഉത്രാടം

ധനുക്കൂറുകാർക്ക് കൂടുതൽ അനുകൂല ഫലങ്ങൾ ഇടവമാസത്തിൽ സംജാതമായേക്കും. അധികാരികളുടെ പ്രീതി നേടുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായിട്ടെങ്കിലും വരുമാനമുണ്ടാവും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് ഒട്ടൊക്കെ വിരാമം ഭവിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാം. മകരക്കൂറുകാർക്ക് ശത്രുക്കൾ മിത്രങ്ങളും, മിത്രങ്ങൾ ശത്രുക്കളുമാവുന്ന സ്ഥിതി വരാം. കർമ്മമേഖലയിൽ, വിശിഷ്യാ സ്വാശ്രയ വ്യാപാരത്തിൽ, ആശയക്കുഴപ്പങ്ങൾ ഉണ്ടാവാനിടയുണ്ട്. ഉന്നതവിദ്യാഭ്യാസകാര്യത്തിൽ വിളംബം വന്നേക്കും. കുടുംബരംഗത്ത് സ്വാസ്ഥ്യം കുറയും. ധനപരമായി മെച്ചമുണ്ടാവില്ല. പതിവായുള്ള ആരോഗ്യപരിശോധനയിൽ മുടക്കം വരുത്തരുത്.

തിരുവോണം

പ്രമുഖന്മാർ നൽകിയ വാഗ്ദാനങ്ങൾ ഫലിക്കാനും ഫലിക്കാതിരിക്കാനുമിടയുണ്ട്. കർമ്മമേഖല കുറ്റമറ്റതാവില്ല.  പാളിച്ചകൾ തിരുത്തി മുന്നേറുന്നതിനാവും. അവ്യക്തതയും സന്ദേഹവും തുടരുമെങ്കിലും പ്രത്യുല്പന്നമതിത്വം പ്രയോജനപ്പെടുത്തും. വ്യാഴം ആറിലാകയാൽ സാമ്പത്തിക കാര്യങ്ങളിൽ നല്ലശ്രദ്ധ ഉണ്ടാവണം. നിക്ഷേപങ്ങളിൽ കരുതൽ വേണ്ടതുണ്ട്. കണക്കുകളിൽ കൃത്യത പുലർത്തണം. സാമാന്യത്തിലധികം അദ്ധ്വാനിക്കേണ്ടിവരും, ലക്ഷ്യപ്രാപ്തിക്ക്. രാഹുവിൻ്റെ രണ്ടിലെ സഞ്ചാരം, ചൊവ്വയുടെ ഏഴിലെ സ്ഥിതി ഇവ കുടുംബ കലഹങ്ങൾക്ക് വഴിയൊരുക്കാം. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടും. മകൻ്റെ ഭാവി കാര്യത്തിൽ  അവ്യക്തതയുണ്ടാവും. വിദേശപഠനം, തൊഴിൽ എന്നിവ പ്രതീക്ഷിച്ച കാലത്തിലും നീളാം. അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും സാധ്യത കാണുന്നു. ആസൂത്രണം ഇല്ലാത്ത കാര്യങ്ങൾ വിജയിക്കാനുമിടയുണ്ട്. പൊതുസമ്മതി ഭവിക്കും.

അവിട്ടം

മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭാഗികമായി പൂർത്തീകരിക്കും. പൊടുന്നനെ തീരുമാനിക്കുന്ന കാര്യങ്ങളിൽ തടസ്സം വരാനിടയുണ്ട്. മേലധികാരികളോട് പറയുന്ന പരാതികൾ വനരോദനമാവും. ഔദ്യോഗികമായ ഉയർച്ച പ്രതീക്ഷിക്കും. പക്ഷേ അനർഹർക്ക് അവ ലബ്ധമാകുന്നത് കാണേണ്ടിവരും. സഹജമായ പല ഗുണങ്ങളും കഴിവുകളും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കും. അഭിനന്ദനങ്ങൾ കിട്ടാം. മാസത്തിൻ്റെ നല്ലൊരുപങ്കും നക്ഷത്രാധിപനായ ചൊവ്വ നീചത്തിൽ തുടരുകയാണെന്നതിനാൽ അകാരണമായ പിരിമുറുക്കം അനുഭവപ്പെടാം. വ്യാഴമാറ്റം കുംഭക്കൂറുകാർക്ക് ആശ്വാസമേകും.  മക്കളുടെ കാര്യത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കുന്നതാണ്. ജീവകാരുണ്യത്തിലും സമൂഹ നന്മയ്ക്കുള്ള കൃത്യങ്ങളിലും ചുവടുവെയ്പുകൾ നടത്തുന്നതാണ്. രാഹു-കേതുമാറ്റം പലതരം സമ്മർദ്ദങ്ങൾ ഉണ്ടാക്കും. ദേഹസൗഖ്യത്തിന് കുറവുവരാം.

ചതയം

വ്യാഴത്തിൻ്റെ മാറ്റം സദ്ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. മാനസിക നിലവാരം ഉയരും. ഭൗതിക കാര്യങ്ങളിൽ ഉദ്വേഗം ഉണ്ടാവില്ല. മകളുടെ / മകൻ്റെ കാര്യങ്ങളിൽ സുഗമത ദൃശ്യമാകും. ധനപരമായ കരുതൽ പുലർത്തുന്നതിനും സാധിക്കും. ജന്മനക്ഷത്രാധിപനായ രാഹു ജന്മനക്ഷത്രത്തിൽ പിൻഗതിയായെത്തുന്നു. ഏഴരശ്ശനിക്കാലം തുടരുന്നുണ്ട്. ആദിത്യൻ് നാലാം ഭാവത്തിലുമാണ്. ഇവമൂന്നും മാനസിക-ശാരീരിക സമ്മർദങ്ങൾ ഉയർത്താം. അനാവശ്യമായ കാലവിളംബം ഉണ്ടാക്കും. മുൻപില്ലാത്തവിധം അലസരാവുന്നതാണ്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. അക്കാര്യം ചൂണ്ടിക്കാണിച്ചാൽ അംഗീകരിക്കാനും തിരുത്താനും സന്നദ്ധതയുണ്ടാവില്ല. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവർത്തിത ശ്രമം വേണ്ടി വരും. ചൊവ്വയുടെ ആറിലെ സ്ഥിതി ശത്രുവിജയം, ഭൂമിയിൽ നിന്നുള്ള ആദായം എന്നിവയ്ക്ക് കാരണമായേക്കാം.

പൂരൂരുട്ടാതി

രാഹു  പൂരൂരുട്ടാതി നാലാംപാദത്തിൽ നിന്നും ഇടവം 4ന് പൂരൂരുട്ടാതി മൂന്നാം പാദത്തിലേക്ക് പ്രവേശിക്കും. മീനക്കൂറായാലും കുംഭക്കൂറായാലും രാഹു പൂരൂരുട്ടാതിയിൽ തന്നെയാണ്. അതിനാൽ ആലസ്യം, മാനസിക പിരിമുറുക്കം, പിൻവാങ്ങൽ/പിൻവലിയൽ എന്നിവ സഹജമാവും. ദുശ്ശാഠ്യം ഏറുന്നതാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകും. ശനിയുടെ പ്രതികൂലതയും ഉള്ളതിനാൽ ലക്ഷ്യപ്രാപ്തി എളുപ്പമായേക്കില്ല. കുംഭക്കൂറുകാർക്ക് വ്യാഴത്തിൻ്റെ അഞ്ചിലെ സ്ഥിതി കുറച്ചൊക്കെ അനുകൂലമാണ്. ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിച്ചേക്കും. മീനക്കൂറുകാർക്ക് ആദിത്യൻ സഹായ ഭാവത്തിലാകയാൽ സർക്കാർ സഹായം, രാഷ്ട്രീയ പിന്തുണ, സഹപ്രവർത്തകരുടെ സഹകരണം ഇവയുണ്ടാവും. ചൊവ്വ കുംഭക്കൂറുകാരുടെ എതിർ ശക്തികളെ പ്രതിരോധിക്കുന്നതാണ്.

ഉത്രട്ടാതി

ജന്മത്തിൽ - ജന്മരാശിയിലും ജന്മനക്ഷത്രത്തിലും - ശനി സഞ്ചരിക്കുന്ന കാലമാണ്. എത്ര ചടുലമായ നീക്കങ്ങളും പതുക്കെയാവും. പലകാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്ന് കുടുംബത്തിൽ നിന്നും തന്നെ പരിഭവങ്ങൾ ഉയരാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറിയതും കേതു ആറാം ഭാവത്തിലായതും ആശ്വാസകരമാണ്. വ്യാഴത്തിൻ്റെ നാലിലെ സഞ്ചാരം സമ്മിശ്രമാണ്. തൊഴിൽ ഭാവത്തെ നോക്കുകയാൽ കർമ്മരംഗം മ്ളാനമാവില്ലെന്ന് ഊഹിക്കാം. ആദിത്യൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഈ മാസത്തിൽ തടസ്സപ്പെട്ട പല കാര്യങ്ങളും പ്രവർത്തന സജ്ജമാക്കാൻ സാധിക്കും. ചൊവ്വ അഞ്ചാം ഭാവത്തിലാകയാൽ മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

രേവതി

ജന്മശനിയും പന്ത്രണ്ടിലെ രാഹുവും വിപരീത ഫലങ്ങളും കാര്യതടസ്സവും കർമ്മ പരാങ്മുഖത്വവും നൽകുന്നതാണ്. പരിശ്രമങ്ങൾ പകുതിയിൽ ഉപേക്ഷിക്കപ്പെടാം.  സന്ദിഗ്ദ്ധത തുടരപ്പെടുന്നതാണ്. വിഷാദത്തിൻ്റെ ചില്ലകളിലേക്ക് മനസ്സ് പെട്ടെന്ന് ചേക്കേറും. മൂന്നാം ഭാവത്തിലെ ആദിത്യൻ, ആറിലെ കേതു, ബുധശുക്രന്മാർ ഇവർ ജീവിതത്തെ സന്തുലിതമാക്കും. പ്രസന്നഭാവങ്ങൾ സമ്മാനിക്കും. നാലാം ഭാവത്തിലെ വ്യാഴം  ദോഷശക്തിയല്ല. ഗാർഹികാന്തരീക്ഷം മുന്നത്തെക്കാളും മെച്ചപ്പെടുന്നതാണ്. അഞ്ചിലെ ചൊവ്വ നിർബന്ധശീലം കാട്ടുവാൻ പ്രേരിപ്പിക്കും. മക്കളുമായി വെറുതെ പിണങ്ങാം.  മക്കളുടെ കാര്യമോർത്ത് ക്ലേശിക്കാനും സാധ്യതയുണ്ട്. കച്ചവടത്തിൽ കൂടുതൽ ധനം മുടക്കുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. പ്രണയികൾക്ക് / ദമ്പതികൾക്ക് ശൈഥില്യത്തിനുശേഷം ഒത്തിണങ്ങാൻ സന്ദർഭം സംജാതമാകുന്നതാണ്.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: