scorecardresearch

Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ

Jupiter Transit 2025, Guru Gochar 2025 in Malayalam: വ്യാഴത്തിൻ്റെ മിഥുനം രാശിയിലെ സഞ്ചാരകാലം (2025 -2026) നാലുകൂറുകളിൽ ജനിച്ചവരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണ് ഇവിടുത്തെ പ്രതിപാദ്യം

Jupiter Transit 2025, Guru Gochar 2025 in Malayalam: വ്യാഴത്തിൻ്റെ മിഥുനം രാശിയിലെ സഞ്ചാരകാലം (2025 -2026) നാലുകൂറുകളിൽ ജനിച്ചവരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണ് ഇവിടുത്തെ പ്രതിപാദ്യം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Jupiter Transit 2025 in malayalam: 2025 മേയ് മാസം 14 ന് (1200 മേടം 31 ന്) ബുധനാഴ്ച സന്ധ്യയ്ക്ക്  7 മണിക്ക് വ്യാഴം രാശി മാറുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇടവം രാശിയിൽ നിന്നും തൊട്ടടുത്ത മിഥുനം രാശിയിലേക്കാണ്  വ്യാഴത്തിൻ്റെ വാർഷികമായ ഈ രാശിമാറ്റം സംഭവിക്കുന്നത്. 

Advertisment

ശരാശരി വ്യാഴം അഥവാ ഗുരു (Jupiter) ഓരോ രാശിയിലും ഒരു വർഷക്കാലം സഞ്ചരിക്കും. 360 ഡിഗ്രിയടങ്ങിയ രാശിചക്രത്തെ ചുറ്റിവരാൻ വ്യാഴത്തിന് 12 കൊല്ലം വേണം. ഇതിനെയാണ് 'വ്യാഴവട്ടം' എന്നു വിളിക്കുന്നത്. ഇപ്പോൾ ഇടവം രാശിയിൽ നിന്നും വ്യാഴം മിഥുനത്തിലേക്ക് സംക്രമിക്കുന്നു. ഇനി പതിനൊന്നാണ്ടുകൾ കഴിഞ്ഞാവും വ്യാഴം ഇടവത്തിൽ വീണ്ടുമെത്തുക.

വ്യാഴത്തിൻ്റെ രാശിമാറ്റം, ശനിയുടെ രാശിമാറ്റം പോലെ സുപ്രധാനമാണ്. പന്ത്രണ്ടു കൂറുകളിലായി വരുന്ന  നാളുകാരുടേയും ജീവിതത്തെ വ്യാഴമാറ്റം അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കും. ഗ്രഹങ്ങളിൽ ഈശ്വരാംശം ഏറ്റവും കൂടിയിരിക്കുന്ന ഗ്രഹം വ്യാഴമാണ്. വ്യാഴം സൽഭാവങ്ങളിൽ സഞ്ചരിച്ചാൽ ദൈവാധീനം അഭംഗുരമായി അനുഭവപ്പെടും. ആ വ്യക്തി ആ വർഷം ഭാഗ്യത്തിൻ്റെ നെറുകയിലെത്തും. ജീവിതം 

സമ്പൽസമൃദ്ധമാവും. വ്യാഴം ദോഷസ്ഥാനത്ത് സഞ്ചരിക്കുകയാണെങ്കിൽ കഷ്ടനഷ്ടങ്ങൾ ജീവിതത്തിൽ തുടർക്കഥയാവും. "തൊട്ടതെല്ലാം കുറ്റം" എന്ന സ്ഥിതിവരാം. അതിനാൽ വിശ്വാസികൾ വ്യാഴത്തിൻ്റെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകാറുണ്ട്. വ്യാഴത്തിൻ്റെ മിഥുനം രാശിയിലെ സഞ്ചാരകാലം (2025 -2026) നാലുകൂറുകളിൽ ജനിച്ചവരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണ് ഇവിടുത്തെ പ്രതിപാദ്യം.

Weekly Horoscope Apr 27- May 03: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

Advertisment

രണ്ടാം കൂറിൽ നിന്നും മൂന്നാം കൂറിലേക്കാണ് വ്യാഴം മാറുന്നത്. മൂത്ത സഹോദരരുടെ പിന്തുണ കിട്ടും. സാഹസങ്ങൾക്ക് മുതിരരുത്. മൂന്നിലെ വ്യാഴം ഭാഗ്യസ്ഥാനത്തേക്ക് നോക്കുകയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. പിതാവിൻ്റെ മനസ്സറിഞ്ഞ് നിലപാടുകളെടുക്കും. ഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന പക്ഷം മനസ്സിന് സമാധാനം വന്നെത്താതിരിക്കില്ല. 'മൂന്നിലെ വ്യാഴം മുറവിളി കൂട്ടും' എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. ജീവിതത്തിൽ സങ്കടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാവും അതിൻ്റെ ആശയം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. മുതൽ മുടക്കുകളിൽ കരുതൽ വേണം. ജോലിയിൽ അധ്വാനം കൂടുന്നതായിരിക്കും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിച്ചേക്കില്ല. അനർഹർക്ക്/എതിരാളിക്ക് സ്ഥാനോന്നതി ലഭിക്കുന്നത് വിഷമം സൃഷ്ടിച്ചേക്കും. സംസ്കാര ശൂന്യരെ പിന്തുണക്കേണ്ട സ്ഥിതി വരുന്നത് മനക്ലേശത്തിന് കാരണമാവുന്നതാണ്.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ജന്മരാശിയിൽ നിന്നും വ്യാഴം രണ്ടാം രാശിയിലേക്ക് വരുകയാണ്. ധനം, വാക്ക്, കുടുംബം, വിദ്യാഭ്യാസം എന്നിവയെ സംബന്ധിക്കുന്നതാണ് രണ്ടാം ഭാവം. ഇപ്പറഞ്ഞവക്കെല്ലാം പുഷ്ടിയും മെച്ചവും വന്നുചേരും. ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടുന്നതാണ്. പൂട്ടിപ്പോയ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിച്ചും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്താനാവുന്നതാണ്. പഠനത്തിൽ ഏകാഗ്രത വന്നു ചേരും. അവിവാഹിതരുടെ വിവാഹസ്വപ്നം സഫലമാവുന്നതാണ്. ശത്രുക്കളുടെ ഉപദ്രവത്തെ അതിജീവിക്കും. വാക്കുകളുടെ ഔചിത്യവും അന്തസ്സും അംഗീകരിക്കപ്പെടും. ജീവിതം കൂടുതൽ സ്വച്ഛന്ദമാവും. ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നതാണ്. എഴുത്തും കലയും പുരസ്കൃതമാവും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,  2, 3 പാദങ്ങൾ)

ജന്മരാശിയിലേക്ക് ഗുരു സംക്രമിക്കുന്നു. പൊതുവേ സമ്മർദങ്ങൾ കൂടുന്ന കാലമായിരിക്കും. അനാവശ്യമായ തിടുക്കം ഉണ്ടാവും.  ആത്മവിശ്വാസം ബാധിക്കപ്പെടും. ജോലിമാറ്റം കൊണ്ട് കരുതിയ അത്രയും ഗുണമുണ്ടായേക്കില്ല. അർഹതപ്പെട്ട പ്രൊമോഷൻ കിട്ടാൻ കാത്തിരിപ്പ് തുടരപ്പെടും. വ്യാഴം ഏഴിലേക്ക് നോക്കുകയാൽ  വിവാഹനിശ്ചയത്തിന് സാധ്യതയുണ്ട്. പിതാവിൽ നിന്നും ആനുകൂല്യം കൈവരുന്നതാണ്. സന്താനക്ലേശം മൂലം വിഷമിച്ചവർക്ക് സന്താനപ്രാപ്തി പ്രതീക്ഷിക്കാം. വിവാദങ്ങളിൽ ഏർപ്പെടുന്നതും വ്യവഹാരങ്ങൾക്ക് മുതിരുന്നതും ഗുണകരമാവില്ല. ധനപരമായി ശ്രദ്ധയുണ്ടാവണം. അന്യദേശത്ത് തുടർ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചേക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ ആവശ്യമായി വരുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

വ്യാഴം പതിനൊന്നിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. പ്രതികൂലഭാവമായിട്ടാണ് പന്ത്രണ്ടാം ഭാവം പരിഗണിക്കപ്പെടുന്നത്. ചെലവ്, അവമതിപ്പ്, കഷ്ടനഷ്ടങ്ങൾ, അലച്ചിൽ, പ്രവാസം ഇവയൊക്കെ പന്ത്രണ്ടാം ഭാവത്തിൻ്റെ പൊതുസ്വഭാവങ്ങൾ. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനവസരം ലഭിക്കുന്നതാണ്. നാടുവിട്ടു കഴിയുന്നവർക്കാകട്ടെ മടങ്ങിവരാൻ സാഹചര്യം അനുകൂലമായേക്കില്ല. വേറെ വേറെ സ്ഥലത്ത് ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുവാൻ ഇനിയും കാത്തിരിപ്പ് തുടരണം. കരുതി വെച്ചിരുന്ന ധനം മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കപ്പെടും. ആശുപത്രിച്ചെലവും സാധ്യതയാണ്. വീഴ്ച, അപകടം ഇവയുണ്ടാവാതിരിക്കാൻ വാഹനയാത്രയിൽ ജാഗ്രത വേണം. കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ കിണഞ്ഞു പരിശ്രമിക്കണം. ദുഷ്പ്രേരണകൾക്ക് വിധേയരാവാതിരിക്കാനും മനസ്സുറപ്പ് വേണ്ടതുണ്ട്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

വ്യാഴമാറ്റത്തിൻ്റെ ഏറ്റവും പൂർണ്ണ ഗുണഭോക്താക്കൾ  ചിങ്ങക്കൂറുകാരാണ്. പതിനൊന്നാം ഭാവത്തിലാണ് വ്യാഴം ഇനിമേൽ സഞ്ചരിക്കുക. ആഗ്രഹങ്ങൾക്ക് സഫല്യം കൈവരുന്ന ഭാവമാണ് പതിനൊന്നാമെടം എന്നാണ് ജ്യോതിഷ സങ്കല്പം. തടസ്സങ്ങളെ അതിജീവിക്കാനാവും. ധനപരമായി സുസ്ഥിതി വന്നുചേരും. തൊഴിലില്ലാത്തവർക്ക് വരുമാന മാർഗം തുറന്നുകിട്ടുന്നതാണ്. ആഗ്രഹിച്ച കോഴ്സുകളിൽ ഉപരിപഠനം നടത്താനാവും. ബിസിനസ്സിൽ മെച്ചം പ്രതീക്ഷിക്കാം. വസ്തുവാങ്ങാനോ ഗൃഹം സ്വന്തമാക്കാനോ അവസരം ഉണ്ടാവും. കടുത്ത മത്സരങ്ങളിൽ പോലും വിജയിക്കാൻ കഴിയും. സാമൂഹികമായ അംഗീകാരം കൈവരുന്നതാണ്. അവിവാഹിതർക്ക് വിവാഹം, സന്താനലബ്ധി ഇവയുണ്ടാവും. സൽകർമ്മങ്ങളുടെ നേതൃപദവി, ആരോഗ്യസൗഖ്യം എന്നിവ കൈവരുന്നതാണ്.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

വ്യാഴം പത്താം ഭാവത്തിലേക്ക് സംക്രമിക്കുകയാണ്. 3, 6, 8, 12 ഭാവങ്ങളിലാണ് വ്യാഴം ഏറ്റവും അനിഷ്ടകാരി. പത്താം ഭാവത്തിൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാവും ഭവിക്കുന്നത്. തൊഴിൽ മാറ്റത്തിന് ആഗ്രഹിക്കുമെങ്കിലും നിലവിലെ തൊഴിലിൽ തുടരേണ്ടിവരും. അഥവാ നിലവിലെ ജോലി ഉപേക്ഷിച്ചാൽ മെച്ചപ്പെട്ടത് കിട്ടണമെന്നില്ല. ബിസിനസ്സിൽ ഒരുപാട് മുതൽമുടക്കിന് മുതിരരുത്.  വിദേശത്തോ അന്യനാട്ടിലോ തൊഴിൽ ലഭിക്കാം. ചെറുകിട സംരംഭങ്ങൾ ഗുണകരമാവും. ഏജൻസി, കമ്മീഷൻ വ്യാപാരം ഇവയിൽ നിന്നും ആദായം ഉണ്ടാകുന്നതാണ്. മാർക്കറ്റിംഗ് മേഖലയിൽ പുഷ്ടിയുണ്ടാവും. ജീവിതശൈലീ രോഗങ്ങളിൽ കരുതൽ വേണ്ടതുണ്ട്. കടം വീട്ടാനാവും. ബന്ധുക്കളോടും സുഹൃത്തുക്കളോടും അധികം അടുപ്പമുണ്ടാവില്ല.

തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)

വ്യാഴം അനിഷ്ടസ്ഥാനമായ എട്ടാമെടത്തിൽ നിന്നും ഭാഗ്യസ്ഥാനമായ ഒമ്പതാമെടത്തിലേക്ക് മാറുകയാണ്. ജീവിതം സൗഭാഗ്യപൂർണമാകും. നഷ്ടപ്പെട്ട പദവി തിരികെക്കിട്ടും. കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയുന്നതാണ്.  മുൻപ് തള്ളിപ്പറഞ്ഞവർ അംഗീകരിക്കാൻ സ്വമേധയാ 
മുന്നോട്ടു വരുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം ഉണ്ടാവും. ദാമ്പത്യബന്ധം കൂടുതൽ സ്നേഹനിർഭരമായേക്കും. തൊഴിൽ മാറ്റം കൊണ്ട് ഗുണം വരും. വേതനം ഉയരുന്നതാണ്. ബിസിനസ്സുകാർക്ക് വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക്  പഠന മികവ് കൈവരുന്നതാണ്. വിദേശപഠനം സാധ്യമാകും. സ്ക്കോളർഷിപ്പ് കിട്ടാം. കലാകാരന്മാരെ നല്ല  അവസരങ്ങൾ തേടിവരുന്നതാണ്.  വാഹനം വാങ്ങുക, ഗൃഹം നിർമ്മിക്കുക തുടങ്ങിയ സ്വപ്നങ്ങൾ സഫലമായേക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ഏഴാം ഭാവത്തിൽ നിന്നും വ്യാഴം എട്ടിലേക്ക് മാറുകയാണ്. അനിഷ്ടഭാവമാണ് എട്ടാം ഭാവം. പലതരം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ടാവും. സുഗമമെന്നു കരുതിയവ ദുർഗമമായേക്കാം. ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പുതിയ ജോലി കിട്ടുക എളുപ്പമാവില്ല. അഥവാ കിട്ടിയാലും മെച്ചം ഭവിക്കണമെന്നില്ല. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. അന്യദേശത്ത് പഠനം / ജോലി ഇവയ്ക്ക് സാധ്യതയുണ്ട്. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം.  കൂട്ടുകെട്ടുകളിൽ കരുതൽ പുലർത്തണം. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഉദാസീനരാവും. ബിസിനസ്സിൽ പാർട്ണേഴ്സിനെ ചേർക്കുന്നത് കരുതലോടെ വേണം. യാത്രകളിൽ കരുതൽ അനിവാര്യം. അസുഖം ചെറുതായാലും വൈദ്യസഹായം കൈക്കൊള്ളുക നന്ന്. കുടുംബ സ്വത്തിന്മേൽ തർക്കം വരാനിടയുണ്ട്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

വ്യാഴം ഏഴാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഏഴാമെടത്തിലെ വ്യാഴം സുസ്ഥിതിയിലാണ്. അതിനാൽ അനുകൂലമായ ഫലങ്ങൾ തുടർച്ചയായി ഉണ്ടാവും. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഉത്തരം കിട്ടുന്നതാണ്. വ്യാപാരത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. പാർട്ണർഷിപ്പ് സംരംഭങ്ങൾ വിജയിക്കും. വിദേശത്ത് പഠിക്കാനോ തൊഴിൽ നേടാനോ അവസരം സിദ്ധിക്കുന്നതാണ്.  ഉദ്യോഗാർത്ഥികൾക്ക് അർഹതക്കൊത്ത വരുമാന മാർഗം തുറന്നുകിട്ടിയേക്കും. പൊതുവേ ധനസ്ഥിതി മെച്ചപ്പെടുന്ന സന്ദർഭമാണ്. പ്രണയസാഫല്യം ഭവിക്കും. വിവാഹാലോചനകൾ ഫലവത്താകും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. വാഹനയോഗം ഉള്ളതിനാൽ പഴയത് മാറ്റി വാങ്ങാനോ, പുതുവാഹനം വാങ്ങാനോ സാധിച്ചേക്കും. തീർത്ഥാടനത്തിന് / ഉല്ലാസയാത്രകൾക്ക് സാഹചര്യം അനുകൂലമാണ്.

മകരക്കൂറിന് (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

മിഥുനത്തിൽ പ്രവേശിക്കുന്ന വ്യാഴം മകരക്കൂറുകാരുടെ ആറാംഭാവത്തിലാണ്. അനിഷ്ടഭാവമാണത്. പ്രതികൂലഫലങ്ങൾക്ക് മുൻതൂക്കമുണ്ടാവും. കാര്യവിഘ്നം വരാം. ലക്ഷ്യത്തിലെത്താൻ കൂടുതൽ സഞ്ചരിക്കേണ്ട സ്ഥിതി വരുന്നതാണ്. ദുഷ്പ്രേരണകൾക്ക് എളുപ്പം വിധേയരാവും. നവസംരംഭങ്ങൾ കരുതിയ ഫലം നൽകണമെന്നില്ല. കായികാധ്വാനം കൂടുന്നതാണ്. ധനപരമായി അമളികൾ വരാം. തൊഴിൽ / പഠിപ്പ് തുടങ്ങിയ കാരണങ്ങൾ മൂലം നാട്ടിൽ നിന്നും അകലെ കഴിയാനിടയുണ്ട്.  വ്യത്യസ്ത ജോലിസ്ഥലത്താകയാൽ ദമ്പതികൾക്ക് ഒരുമിക്കാൻ സന്ദർഭം കുറയുന്നതായിരിക്കും. വാഹനയാത്രയിൽ ജാഗ്രതയുണ്ടാവണം.  സംഘടനയിൽ എതിർപ്പധികരിക്കും. രോഗക്ലേശാദികൾക്ക് ചികിൽസ വേണ്ടിവരുന്നതാണ്. മിതവ്യയം, മിതസംഭാഷണം, മിതാഹാരം ഇവ ശീലിക്കുന്നത് ഗുണകരമാവും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

വ്യാഴം ഗുണപ്രദമായ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കുകയാണ്.  സന്താനപ്രാപ്തിയില്ലാത്തവർക്ക് സന്താനഭാഗ്യം ഉണ്ടാവും. മക്കൾക്ക് ഉന്നത ബിരുദ ലബ്ധി , ജോലി, വിവാഹസിദ്ധി ഇവ പ്രതീക്ഷിക്കാം. ധനവരവിലെ തടസ്സങ്ങൾ നീങ്ങി ധനപരമായ അഭ്യുദയം ഉണ്ടാകുന്നതാണ്. കാര്യാലോചനകളിൽ കൈക്കൊള്ളുന്ന നിലപാടുകൾക്ക് പിന്തുണ ലഭിക്കും. പൊതുവേ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി ഇവമൂലം ധനാഗമം വരും. പിതാവിന് ശ്രേയസ്സുണ്ടാവുന്ന കാലമാണ്. തൊഴിലില്ലാത്തവർക്ക് അർഹതയ്ക്കനുസൃതമായ ജോലി കിട്ടാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസം ഭവിക്കും. സാഹിത്യം, കല, സിനിമ മുതലായ മേഖലയിൽ ശോഭിക്കാനാവും. ഭാവിജീവിതത്തിന് സഹായകമായ നിക്ഷേപങ്ങൾ കരുതാനായേക്കും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

മൂന്നാം ഭാവത്തിലായിരുന്ന വ്യാഴം നാലാം ഭാവത്തിൽ സഞ്ചരിക്കുന്നു. പ്രായേണ സമ്മിശ്രമായ അനുഭവങ്ങളാവും. ഗൃഹത്തിലെ അശാന്തി നീങ്ങുവാനിടയുണ്ട്. കുടുംബാംഗങ്ങൾ തമ്മിൽ ഇണങ്ങുന്നതിന് സാഹചര്യം ഒത്തുവരുന്നതാണ്.  സുഹൃത്തുക്കളുടെ പിണക്കം തീരും. വസ്തുവാങ്ങുന്നതിന് അവസരം സംജാതമാകും. ആധാരം / പ്രമാണം പരിശോധിക്കാൻ മറക്കരുത്.  ഗൃഹനിർമ്മാണം ആരംഭിച്ചേക്കും. തൊഴിൽ മാറുന്നത് കരുതലോടെ വേണം. ബിസിനസ്സിൽ പണം മുടക്കുന്നതിലും ജാഗ്രത ആവശ്യമാണ്. ദൂരദിക്കിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങിവരാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് നൂതന വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം കൈവരും. മകൻ്റെ നിർബന്ധത്തിന് വഴങ്ങി വാഹനം വാങ്ങുന്നതാണ്. കൃഷികാര്യങ്ങളിൽ താല്പര്യമുണ്ടാവും. വളർത്തുജീവികൾ മൂലം ആദായം കിട്ടാൻ സാധ്യത കാണുന്നു.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: