scorecardresearch

April Month Horoscope 2025: ഏപ്രിൽ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

April Month Horoscope 2025: അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പതു നാളുകളിൽ ജനിച്ചവരുടെ ഏപ്രിൽ മാസത്തിലെ നക്ഷത്രഫലമാണ് ഇവിടെ അവതരിപ്പിക്കുന്നത്

April Month Horoscope 2025: അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പതു നാളുകളിൽ ജനിച്ചവരുടെ ഏപ്രിൽ മാസത്തിലെ നക്ഷത്രഫലമാണ് ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope

April Month Horoscope 2025: ഏപ്രിൽ മാസത്തെ നക്ഷത്രഫലം

April Monthly Horoscope 2025: ഏപ്രിൽ 13 വരെ ആദിത്യൻ മീനം രാശിയിലും തുടർന്ന് മേടം രാശിയിലുമാണ് സഞ്ചരിക്കുന്നത്. മേടം ആദിത്യൻ്റെ ഉച്ചക്ഷേത്രമാണ്. ആദിത്യൻ്റെ അത്യുച്ചത്തെ അടയാളപ്പെടുത്തുന്ന 'മേടപ്പത്ത്'ഏപ്രിൽ 23 ന് ഭവിക്കുന്നു. രേവതി, അശ്വതി എന്നീ ഞാറ്റുവേലകൾ പൂർണ്ണമായും, ഭരണി ഞാറ്റുവേല ഭാഗികമായും ഏപ്രിലിലുണ്ട്. ഏപ്രിൽ 14ന് തിങ്കളാഴ്ച പ്രഭാതത്തിൽ വിഷുക്കണി.

Advertisment

ഏപ്രിൽ ഒന്നിന് ശുക്ലപക്ഷ ചതുർത്ഥിയാണ് തിഥി. കേരളത്തിലെ മുഖ്യ ക്ഷേത്രോത്സവങ്ങളിൽ ഒന്നായ മീനഭരണി അന്നാണ്. ഏപ്രിൽ 12 ന് പൗർണ്ണമിയും ഏപ്രിൽ 27 ന് അമാവാസിയും ഭവിക്കുന്നു. ചൊവ്വ ഏപ്രിൽ മൂന്നിന് മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് കടക്കുന്നു. കർക്കടകം രാശി ചൊവ്വയുടെ നീചക്ഷേത്രമെന്നത് പ്രസ്താവ്യം. ഏപ്രിൽ 13 ന് പുണർതം നാളിൽ നിന്നും പൂയത്തിലേക്ക് സംക്രമിക്കുകയാണ്, ചൊവ്വ. ഒരു മാസത്തിലധികം ചൊവ്വ പൂയത്തിൽ തുടരുന്നതാണ്.

ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾക്ക് ഏപ്രിലിൽ രാശിമാറ്റമില്ല. ഇരുഗ്രഹങ്ങളും മീനം രാശിയിലാണ് ബുധൻ്റെ നീചരാശിയാണ് മീനം. ബുധൻ ഏപ്രിലിൽ  ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് വക്രസഞ്ചാരം നടത്തുന്നു. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ തുടരുന്ന കാര്യം സൂചിപ്പിച്ചു. ശുക്രനും വക്രസഞ്ചാരമുണ്ട്. ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിൽ ബുധനെപ്പോലെ വക്രസഞ്ചാരം അഥവാ പിൻഗതി നടത്തുകയാണ് ശുക്രനും. 

രാഹു, ശനി, ബുധൻ, ശുക്രൻ, ആദിത്യൻ (13 വരെ) എന്നീ അഞ്ചുഗ്രഹങ്ങൾ ഏപ്രിൽ മാസത്തിൽ മീനം രാശിയിൽ സഞ്ചരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ആദിത്യനൊഴികെ എല്ലാ ഗ്രഹങ്ങളും പൂരൂരുട്ടാതി നാലാംപാദത്തിൽ ഏപ്രിൽ മാസത്തിൽ കുറച്ചുദിവസങ്ങൾ സംഗമിക്കുന്നുമുണ്ട്. ഏപ്രിൽ 4 to 11വരെയാണ് 
ഈ കൂടിച്ചേരൽ. 

നാലുഗ്രഹങ്ങൾ ഒരു നക്ഷത്രത്തിൻ്റെ നാലാം പാദത്തിൽ ഒത്തിരിക്കുക അസാധാരണം തന്നെയാണ്. ബുധൻ ഏപ്രിൽ 11 ന് വീണ്ടും ഉത്രട്ടാതിയിലേക്ക് നീങ്ങുമെങ്കിലും മറ്റു മൂന്നുഗ്രഹങ്ങളും പൂരൂരുട്ടാതിയിൽ തുടരുന്നുണ്ട്. നാലുഗ്രഹങ്ങൾ (ഒരു പക്ഷേ മൂന്നുഗ്രഹങ്ങളും) ഒരു നക്ഷത്രത്തിൽ ഒത്തുചേരുന്നത് അപൂർവമായ പ്രതിഭാസവുമാണ്.

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. ഏപ്രിൽ 27 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. ഏപ്രിൽ 10 മുതൽ മകയിരം നക്ഷത്രത്തിൽ പ്രവേശിക്കും. രാഹു മീനം രാശിയിൽ പൂരുരുട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുകയാണ്. ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ  ഏപ്രിൽ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും, ശനിയും രാഹുവും പന്ത്രണ്ടിലും സഞ്ചരിക്കുന്നതിനാൽ യാത്രകളുടെ എണ്ണം കൂടും. എല്ലാം പൂർണ്ണവിജയം ആയിരിക്കുമെന്ന് പറയാനാവില്ല.  അനൗദ്യോഗിക യാത്രകളും ഉണ്ടാവും. തീരുമാനങ്ങൾ സമചിത്തതയോടെ കൈക്കൊള്ളാൻ വിഷമിക്കും. പ്രവർത്തന സ്വാതന്ത്ര്യം കുറയാനിടയുണ്ട്. ബന്ധുക്കളുമായി രമ്യത കുറയാം. വലിയതോതിൽ മുതൽമുടക്കി നവ സംരംഭങ്ങൾ ആരംഭിക്കുവാൻ ഈ സന്ദർഭം അനുകൂലമല്ല. നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മാനസിക പക്വത നേടുകയാണ് അഭിലഷണീയം. ക്ഷമയോടെയുള്ള പ്രവർത്തനങ്ങൾ ഗുണം ചെയ്യും.  വ്യാഴം രണ്ടാം ഭാവത്തിലുള്ളതിനാൽ ധനവരവിന് വലിയ മാറ്റം വരില്ല. കടം വീട്ടാനും മരുന്നു വാങ്ങാനും പൈസ ചെലവാകുന്നതാണ്.

ഭരണി

പന്ത്രണ്ടാം ഭാവത്തിലും ജന്മത്തിലും സൂര്യൻ സഞ്ചരിക്കുന്നതിനാൽ തൊഴിൽ സംതൃപ്തി കുറയാനുള്ള സ്ഥിതി കാണുന്നു. ശനിയും രാഹുവും ശുക്രനും മറ്റും പന്ത്രണ്ടിൽ തുടരുകയാൽ ഏപ്രിൽ മാസത്തിൽ സമാധാനഭംഗം ഉണ്ടാവുന്നതാണ്. പ്രശ്നങ്ങൾക്ക് പോംവഴി തെളിയുകയുമില്ല. സാംക്രമിക രോഗങ്ങൾ ബാധിക്കാനിടയുണ്ട്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അജ്ഞാതമായ സമ്മർദ്ദം ഉണ്ടായേക്കാം. മാർക്കറ്റിംഗ് മേഖലയിലുള്ളവർക്ക് ബിസിനസ്സ് ലഭിക്കാൻ ഒരുപാട് അലയേണ്ടി വരും. ചെലവിൽ നിയന്ത്രണം വേണം. ഉദ്യോഗസ്ഥർക്ക് ഇരിപ്പിടത്തിൽ സ്വസ്ഥമായിരിക്കാൻ സാധിച്ചേക്കില്ല. 'അങ്ങോടിങ്ങോട്' ഉഴലേണ്ടി വരാം. വീടുവിട്ടുനിൽക്കാൻ സാഹചര്യങ്ങൾ ഉദിക്കാം. ഉപരിപഠനത്തിന് സാധ്യത തെളിയുന്നതായിരിക്കും. നിക്ഷേപങ്ങളുടെ പലിശ, ഊഹക്കച്ചവടം,  ഇവയിലൂടെ വരുമാനം ഉണ്ടാവുന്നതാണ്.

കാർത്തിക

മേടക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ മാനസിക സമ്മർദ്ദം ഒരു തുടർക്കഥയാവും.  തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളും. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. പാർട്ണർഷിപ്പ് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. പിതാവിൻ്റെ സ്വത്തുക്കളിലെ ആദായം സഹോദരന്മാർ പങ്കിട്ടെടുത്തേക്കും. ന്യായമായ ഓഹരി പോലും കിട്ടിയേക്കില്ല. യാത്രകൾ കൂടുവാനിടയുണ്ട്. കാര്യങ്ങൾ 'തട്ടീം മുട്ടീം'  മുന്നോട്ടു പോകുമെന്നുമാത്രം. ഇടവക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതി താരതമ്യേന ഗുണകരമായിരിക്കും. കിട്ടാനുള്ള ധനം അനപേക്ഷിതമായി തന്നെ ലഭിക്കും. ഉദ്യോഗസ്ഥർക്ക് ഓഫീസിലും പുറത്തും സ്വാധീനശക്തി ഉയരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്രഫലങ്ങളാവും.

രോഹിണി

ഏപ്രിൽ ആദ്യപകുതിയിൽ മികവുകളേറും. ആദിത്യനും രാഹുവും ശനിയും പതിനൊന്നിൽ സഞ്ചരിക്കുകയാൽ കച്ചവടത്തിൽ ലാഭമേറും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടുന്നതാണ്. മത്സരങ്ങളിലും പരീക്ഷകളിലും പ്രശസ്ത വിജയം കരസ്ഥമാക്കും. പരിശ്രമങ്ങൾ സഫലമാകും. തൊഴിൽ തേടുന്നവർക്ക് നിയമനം ലഭിക്കുന്നതാണ്. പാരമ്പര്യ വസ്തുക്കളിൽ നിന്നും ആദായം വന്നെത്തും. പിതാവിനും സ്വസ്ഥതയുണ്ടാവും. പിതാവിൽ നിന്നും തനിക്കും പലതരം അനുകൂലതകൾ കരഗതമായേക്കും. സഹോദരരുടെ പിന്തുണയുണ്ടാവും. ദാമ്പത്യത്തിൽ സംതൃപ്തി പുലരുന്നതാണ്. ഏപ്രിൽ 15 ന് ശേഷം സർക്കാർ കാര്യങ്ങളിൽ കാലതാമസം നേരിടും. പൊതുരംഗത്തുള്ളവർ വിമർശിക്കപ്പെടാം. ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. 
ദേഹ ക്ലേശത്തിന് സാധ്യത കാണുന്നു.

മകയിരം

ഇടവക്കൂറിൽ ജനിച്ചവർക്ക് മാസത്തിൻ്റെ ആദ്യപകുതിയിൽ കൂടുതൽ നേട്ടങ്ങളുണ്ടാവും. മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്തവ ഇപ്പോൾ അനായാസം കൈവരും. ഉന്നതാധികാരികൾ / മേലുദ്യോഗസ്ഥർ പിന്തുണക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണത്തോടെ കൃത്യനിർവഹണം സുലഭമാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അലച്ചിലേറും. ബിസിനസ്സിൽ ആശിച്ചവിധം പുരോഗതിയുണ്ടാവില്ല. ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതാണ്. മിഥുനക്കൂറിൽ ജനിച്ചവർക്ക് ഉടനീളം നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ കണ്ടകശനിയുണ്ടെങ്കിലും തടസ്സങ്ങളെ മറികടക്കാനാവും. ധനലാഭം പല വഴികളിലൂടെ വരും. അനുബന്ധ തൊഴിലുകൾ പുഷ്ടിപ്പെടുന്നതാണ്. കിടപ്പ് രോഗികൾക്ക് ആശ്വാസം ഭവിക്കും.

തിരുവാതിര

സാമാന്യം അനുകൂല ഫലങ്ങൾ സൃഷ്ടിക്കുന്ന ഗ്രഹസ്ഥിതിയാണുള്ളത്. ആദിത്യൻ 10,11ലായി സഞ്ചരിക്കുന്നതിനാൽ തൊഴിൽ മേഖല പുഷ്ടിപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകളോ പുതുപദവികളോ ലഭിക്കാം. രാഷ്ട്രീയത്തിൽ അഭ്യുദയം കൈവരും. പിതൃസ്വത്തിൽ നിന്നും അനുഭവം പ്രതീക്ഷിക്കാം. എന്നാൽ കണ്ടകശ്ശനി തുടങ്ങിയതിനാൽ ബിസിനസ്സ് നവീകരണം കരുതലോടെ വേണം. രാഹു-ശനി യോഗം മന്ദഗതിയുണ്ടാക്കും. ക്ഷമ പരീക്ഷിക്കപ്പെടും. കൃത്യാന്തരങ്ങളേറും. ഗാർഹികമായി പല പ്രശ്നങ്ങളും പരിഹരിക്കേണ്ടി വരുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിൽ അവ്യക്തതകൾ പൂർണമായി മാറില്ല. പന്ത്രണ്ടിൽ വ്യാഴം തുടരുകയാൽ നല്ല കാര്യങ്ങൾക്കായി ചെലവധികരിക്കും. ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്.

പുണർതം

ആദിത്യൻ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ പൊതുവേ ആത്മവിശ്വാസം, കാര്യവിജയം, അധൃഷ്യത എന്നിവ പ്രതീക്ഷിക്കാം. തടസ്സപ്പെട്ടിരുന്ന സർക്കാരിൽ നിന്നുമുള്ള അനുമതിപത്രം ലഭിക്കുന്നതാണ്. കണ്ടകശനിക്കാലം ആരംഭിച്ചതിനാൽ തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിരരുത്. കരാറുകൾ സ്വീകരിക്കും മുൻപ് അവയുടെ നിയമവശം പരിശോധിക്കണം.  വിദേശവ്യാപാരം പുഷ്ടിപ്പെടും. വിദേശ ധനം വന്നുചേരുന്നതാണ്. ബന്ധുക്കളെ / സുഹൃത്തുക്കളെ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. സംഘടനകളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതാണ്. സകുടുംബം അവധിക്കാല യാത്രകൾ നടത്തും. ആദ്യ ആഴ്ചക്കുശേഷം ചൊവ്വ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് വലിയ ആശ്വാസമാണ്. വയോജനങ്ങളുടെ ആരോഗ്യപാലനത്തിൽ ശ്രദ്ധയുണ്ടാവണം.

പൂയം

നക്ഷത്രനാഥനായ ശനി അനിഷ്ട പ്രദമായ എട്ടാം ഭാവത്തിൽ നിന്നും മാറിക്കഴിഞ്ഞു. ഒമ്പതാം ഭാവത്തിലെ ശനിക്ക് 8,12, ജന്മരാശി എന്നിവയിൽ സഞ്ചരിക്കുമ്പോഴുള്ള ദോഷശക്തിയില്ല. അതിനാൽ പൂയം നാളുകാർ സമ്മിശ്രമായിട്ടുള്ള മാറ്റങ്ങളുടെ അരികിലാണ് എന്നുപറയാം. ഈയാഴ്ചക്കുശേഷം ചൊവ്വ പൂയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് അശുഭപ്രദമാണ്. സാഹസകർമ്മങ്ങളിൽ ഏർപ്പെടരുത്. ക്ഷോഭവാസന നിയന്ത്രിക്കപ്പെടണം. പ്രകോപിതരാവാൻ സാഹചര്യങ്ങൾ ഉണ്ടായേക്കും. ദാമ്പത്യത്തിൽ സംതൃപ്തി കുറയാം. പതിനൊന്നിൽ വ്യാഴം തുടരുന്നതിനാൽ  കൈമോശം വന്ന പഴ്സോ പണമോ രേഖകളോ തിരികെക്കിട്ടാം. ബിസിനസ്സിൽ നിന്നും ധനാഗമം മോശമാവില്ല. ഏപ്രിൽ രണ്ടാം പകുതിയിൽ ആദിത്യൻ പത്താമെടത്തിൽ പ്രവേശിക്കുകയാൽ കർമ്മരംഗം കൂടുതൽ ശോഭയുള്ളതാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്.

ആയില്യം

മാസാദ്യ പകുതിയിൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതിന് സാധ്യത കാണുന്നു. ന്യായാന്യായങ്ങളെക്കുറിച്ച് വിവേകം നഷ്ടപ്പെടുന്നതാണ്. പാപഗ്രഹങ്ങൾ ഒമ്പതാമെടത്തിൽ സഞ്ചരിക്കുകയാൽ ഭാഗ്യഭ്രംശം വരാം. നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' നഷ്ടമാകുന്നതാണ്. തൊഴിൽ കലഹങ്ങളിൽ ഏർപ്പെടാനിടയുണ്ട്. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കഴിവിനനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞെന്നുവരില്ല. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ലൈസൻസിനുള്ള അപേക്ഷയിൽ തീരുമാനമുണ്ടാവും. വായ്പകൾ ലഭിക്കുന്നതിനിടയുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണത്തോടെ പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കും. ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ ക്ഷോഭം നിയന്ത്രിക്കാൻ ക്ലേശമുണ്ടാകും.

മകം

എട്ടിലും ഒമ്പതിലും ആദിത്യൻ സഞ്ചരിക്കുന്നു. അഷ്ടമത്തിൽ നാലുഗ്രഹങ്ങൾ സംഗമിക്കുന്നുമുണ്ട്. ഏറ്റവും കരുതലുണ്ടാവേണ്ട കാലഘട്ടമാണ്. പ്രത്യേകിച്ചും മാസത്തിൻ്റെ ആദ്യപകുതിയിൽ. (ഏപ്രിൽ 1 - 13). പണമെടപാടുകൾക്ക്   കണക്ക് സൂക്ഷിക്കാൻ മറക്കരുത്. ആരോഗ്യപരമായി സ്വൈരം കുറയാം. കിടപ്പുരോഗികളുടെ കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. ഔദ്യോഗിക രംഗത്ത് പ്രതീക്ഷിക്കുന്ന സ്ഥാനക്കയറ്റം ആദ്യപകുതിയിൽ നടന്നേക്കില്ല. രണ്ടാം പകുതിയിൽ രാശിനാഥനായ ആദിത്യന് ഉച്ചമുള്ളതിനാൽ സാധ്യതയായി പറയാം. സംഘടനകളുടെ തലപ്പത്തേക്ക് പേര് നിർദ്ദേശിക്കപ്പെടും. നിലപാടുകൾക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. യാത്രകൾ വേണ്ടിവരും. സ്വത്തുതർക്കങ്ങൾക്ക് തത്കാലം മുതിരരുത്. മക്കളുടെ കാര്യത്തിൽ ശ്രദ്ധവേണം. ക്ഷേത്രാടനം സാധ്യതയാണ്.

പൂരം

അഷ്ടമരാശിയിൽ ശുഭപാപഗ്രഹങ്ങൾ സമന്വയിച്ചിരിക്കുകയാൽ അധികമായി വിപരീത ഫലങ്ങളും കുറച്ചൊക്കെ ഗുണാനുഭവങ്ങളും ഉണ്ടാവുന്നതാണ്. അധികാരികളുടെ അപ്രീതി നേടുവാനിടയുണ്ട്. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. രാഷ്ട്രീയക്കാർ ദുഷ്പ്രചരണങ്ങളിൽ കുടുങ്ങുന്നതാണ്. ഗവൺമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സത്തിനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചില ഗുണാനുഭവങ്ങൾ വന്നേക്കും. കരാർ പണികൾ ഉറച്ചുകിട്ടുന്നതാണ്. ഏജൻസി വ്യാപാരം മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ കലാശാലകളിൽ പ്രവേശനം കിട്ടാം. അന്യദേശത്ത്
 തൊഴിൽ പ്രശ്നങ്ങളാൽ വലയുന്നവർക്ക് ആശ്വസിക്കാനുള്ള അവസരം ഭവിക്കും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകുന്നതാണ്. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്.

ഉത്രം

ഉത്രം നാളിൻ്റെ വേധനക്ഷത്രമായ പൂരൂരുട്ടാതിയിൽ ശുഭ- പാപ ഗ്രഹങ്ങൾ സംഗമിക്കുകയാൽ പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം സമ്മർദ്ദങ്ങൾ ഉത്രം നാളുകാർ നേരിടേണ്ടതായി വരുന്നതാണ്. ഒരുപക്ഷേ കടബാധ്യത പിരിമുറുക്കം സൃഷ്ടിക്കാം. പ്രണയം, ദാമ്പത്യം തുടങ്ങിയവയും ക്ലേശഹേതുകങ്ങളാവാം. ബന്ധങ്ങൾ ചിലപ്പോൾ വഴിപിരിയലിൻ്റെ വക്കത്തോളം എത്തിയേക്കും. ഔദ്യോഗിക കാര്യങ്ങളിൽ നല്ലശ്രദ്ധ പുലർത്തണം. അധികാരികളുടെ അനിഷ്ടത്തിനും സാധ്യത കാണുന്നു. മാസത്തിൻ്റെ രണ്ടാം പകുതിയിൽ പൊതുവേ മാനസിക സംഘർഷങ്ങൾ ഒഴിയാനും മോശമല്ലാത്ത നേട്ടങ്ങൾ കരഗതമാവാനും ഇടയുണ്ട്. അഭിമുഖങ്ങളിൽ തിളങ്ങുന്നതാണ്. ബിസിനസ്സിലെ തടസ്സങ്ങൾ അല്പാല്പമായി നീങ്ങും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്.

അത്തം

ആദിത്യസഞ്ചാരം 7,8  ഭാവങ്ങളിലാകയാൽ സമ്മിശ്രഫലങ്ങൾ ഭവിക്കും. ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങളും ഏഴിൽ സഞ്ചരിക്കുന്നതിനാൽ പാർട്ണർഷിപ്പ് ബിസിനസ്സിൽ തർക്കങ്ങളും അതൃപ്തിയും ഉടലെടുക്കാനിടയുണ്ട്. ജീവിതത്തിൽ മുന്നേറാനുള്ള വഴികൾ കഠിനമായിത്തോന്നും. ലഭിച്ച വാഗ്ദാനങ്ങൾ ജലരേഖകളാവും. എന്നാൽ വ്യാഴം ഒമ്പതിൽ തുടരുന്നതിനാൽ നിർഭാഗ്യം ഭവിക്കില്ല. പതർച്ച തോന്നിയാലും മുന്നോട്ടു നീങ്ങാനുള്ള കരുത്തുണ്ടാവും. ഈശ്വരാരാധനയും മന്ത്രസാധനയും മറ്റും മനസ്സമാധാനമേകും. കുടുംബം പിന്തുണയ്ക്കും. ഏപ്രിൽ ആദ്യ ആഴ്ച ചൊവ്വ പതിനൊന്നിൽ വരുന്നതിനാൽ ഭൂമി /വസ്തു /സ്വർണം ഇവയിലൂടെ ആദായം ലഭിക്കാനിടയുണ്ട്. എതിരാളകളുടെ നീക്കങ്ങൾ ചെറുക്കാനാവും. ചെറുപ്പക്കാരുടെ വിവാഹവിഷയത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും. വിദേശയാത്രക്ക് അവസരം തെളിയും.

ചിത്തിര

സമ്മിശ്രഫലങ്ങളാണ് കൂടുതലും. ശനിയും രാഹുവും ആദിത്യനും ആറാം ഭാവത്തിലാകയാൽ തുലാക്കൂറുകാർക്ക് മാസാദ്യം വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പരാശ്രയത്വം കുറയും. ധനവരവിലെ തടസ്സങ്ങൾ മാറിക്കിട്ടുന്നതാണ്. പരീക്ഷ, മത്സരങ്ങൾ, അഭിമുഖം ഇവകളിൽ വിജയം വരിക്കുവാനാവും. കലയിലും കായിക രംഗത്തും പ്രതിഭാവിലാസം തെളിയിക്കാൻ സന്ദർഭമുണ്ടായേക്കും. സാമൂഹിക അംഗീകാരം കിട്ടുന്നതാണ്. കന്നിക്കൂറുകാർക്ക് കർമ്മമേഖലയിൽ ചില തടസ്സങ്ങൾ വരാം. സാമ്പത്തിക ഞെരുക്കത്താൽ സ്വർണ്ണം / ഭൂമി പണയത്തിനിടയുണ്ട്. ബിസിനസ്സിൽ  മുതലിറക്കുന്നത് കരുതലോടെ വേണം. കുടുംബ ബന്ധങ്ങളിൽ ശൈഥില്യം വന്നാൽ അത്ഭുതപ്പെടാനില്ല. ഏപ്രിൽ രണ്ടാം ആഴ്ചക്കുശേഷം വ്യവഹാരത്തിൽ വിജയസാധ്യത കാണുന്നു.

ചോതി

ഏപ്രിൽ 14 വരെ മികച്ച അനുഭവങ്ങളും അതിനുശേഷം സമ്മിശ്രമായ ഫലങ്ങളും പ്രതീക്ഷിക്കാം. ഔദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവരുടെ ബുദ്ധിയിലുദിക്കാത്ത പോംവഴികൾ പ്രയോജനപ്പെടുത്തും. മേലുദ്യോഗസ്ഥരുടെ അനുമോദനം ലഭിക്കാം. ബിസിനസ്സ് രംഗം അഭിവൃദ്ധിപ്പെടുന്നതാണ്. നവീകരണം ഫലം കണ്ടേക്കും. കുട്ടികളെ മികച്ച വിദ്യാഭ്യാസം കിട്ടുന്ന സ്കൂളുകളിൽ ചേർക്കുന്നതിനാവും. കലാപരമായ കഴിവുകൾക്ക് അംഗീകാരമുണ്ടാവും. വായ്പകൾക്കുള്ള  അപേക്ഷകൾക്ക് അനുകൂല തീരുമാനം ഉണ്ടാവുന്നതാണ്.  യാത്രകൾ കൂടും. ഭാഗികമായ ഫലം പ്രതീക്ഷിക്കാം. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. കുടുംബ ജീവിതത്തിൽ സ്വസ്ഥത ഭവിക്കും. ഊഹിക്കച്ചവടത്തിൽ നിന്നും ആദായത്തിന് വഴിതുറക്കുന്നതാണ്. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും.തൊഴിൽ രഹിതർക്ക് വരുമാനമാർഗ്ഗം തുറന്നുകിട്ടും.

വിശാഖം

വിശാഖം നാളുകാർക്ക് മാസാദ്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ വരാനിടയുണ്ട്. ഒരുപാട് ആശയങ്ങളുണ്ടാവും, മനസ്സിൽ. അവ പ്രാവർത്തികമാക്കുക എളുപ്പമായിരിക്കില്ല. വാഗ്ദാനങ്ങൾ ലഭിച്ചേക്കും. സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലിക്കുള്ള അറിയിപ്പ് കിട്ടുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തിരിച്ചറിയുവാനാവും. കെണികളിൽ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെടുന്നതാണ്. ബന്ധുകലഹങ്ങളെ മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കുവാൻ കഴിഞ്ഞേക്കും. ഏജൻസി പ്രവർത്തനം പുഷ്ടിപ്പെടുന്നതാണ്.  വീടുമാറ്റം സാധ്യമാകും.  വാഹനം വാങ്ങുന്നതിനുള്ള മകൻ്റെ നിർബന്ധത്തിന് വഴങ്ങുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ വ്യാപാരത്തിൽ  നല്ലമുന്നേറ്റം പ്രതീക്ഷിക്കാം. കർമ്മമേഖലയിൽ മാസത്തിൻ്റെ രണ്ടാം പകുതിയിൽ മെച്ചപ്പെട്ട സ്ഥിതിവന്നെത്തും.

അനിഴം

നക്ഷത്രാധിപനായ ശനിക്ക് മൗഢ്യം മാറിക്കഴിഞ്ഞത്  ആശ്വാസമാണ്. വ്യക്തിജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവാം എന്ന തോന്നൽ ബലപ്പെടും.  രാശിസന്ധിയിലാകയാൽ ശനിക്ക് പൂർണ്ണബലം വന്നിട്ടില്ലെന്നത് ഓർക്കണം. രാഹുയോഗം, സൂര്യയോഗം ഇവയും ഗുണകരമല്ല. അതിനാൽ പരിശ്രമങ്ങൾ പാഴാവുകയില്ലെങ്കിലും ലക്ഷ്യത്തിലെത്താൻ വൈകുന്നതാണ്. രോഗക്ലേശിതർക്ക് ചികിൽസ ഫലവത്താകണമെന്നില്ല. കുടുംബ ബന്ധങ്ങൾ തൃപ്തികരമാവും. ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണ നീങ്ങാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഉദ്യോഗസ്ഥർക്ക് തിളങ്ങാനാവും. തൊഴിൽ തേടുന്നവർക്ക് തക്കതായ ജോലി കിട്ടാം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടിയറിഞ്ഞ് പ്രതിരോധിക്കാനാവും. സംഘടനയുടെ നേതൃനിരയിലെത്തും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്.

തൃക്കേട്ട

കണ്ടകശനിക്കാലം മാറിയതിൻ്റെ ഗുണാനുഭവങ്ങൾ അല്പാല്പമായി കിട്ടിത്തുടങ്ങും.  ഭാവനാത്മകതയും ആശയപരതയും മുന്നിട്ടു നിൽക്കും. എന്നാൽ ക്രിയാപരത അത്രയുണ്ടാവില്ല. സ്വപ്നലോകത്തിൽ മുഴുകുന്നതായി തോന്നും. എന്നാലും അദ്ധ്വാനം  അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാവും. പൂർണ്ണമായും ലക്ഷ്യബോധം പുലർത്തും എന്നുപറയാനാവില്ല. ഒപ്പമുള്ളവരുടെ ചെറുനിർദ്ദേശങ്ങൾ പോലും  സ്വീകരിക്കും.  വിദ്യാർത്ഥികൾ പുതിയ കോഴ്സുകളെക്കുറിച്ച് ധാരണ നേടുന്നതാണ്.  വിദേശത്ത് പോകാനുള്ള അവസരം തേടിയേക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഏപ്രിൽ രണ്ടാം പകുതി അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുടെ പരിചയം ലഭിക്കും. ബിസിനസ്സുകാർക്ക് വായ്പകൾ കിട്ടിയേക്കാം. പരീക്ഷയിൽ പ്രശസ്ത വിജയം നേടുന്നതാണ്. മക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ആഢംബരച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്.

മൂലം

കണ്ടകശ്ശനിക്കാലം തുടങ്ങി. നാലാം ഭാവത്തിൽ ശനിക്കൊപ്പം രാഹുവും ആദിത്യനും സഞ്ചരിക്കുന്നു. മാസാദ്യം പ്രശ്നസങ്കീർണ്ണമാവും. പ്രതിരോധശക്തി മുഴുവൻ വേണ്ടിവരും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ഗൃഹനിർമ്മാണം തടസ്സപ്പെടാം. അല്ലെങ്കിൽ നിർമ്മാണാവശ്യത്തിന് ധനം തികയാതെ വരും. മാസത്തിൻ്റെ രണ്ടാം പകുതി ഔദ്യോഗികമായി തരക്കേടില്ലാത്ത കാലമാണ്. പുതിയ ചുമതലകൾ ലഭിച്ചേക്കാം. സഹപ്രവർത്തകരുടെ സഹകരണം ഗുണകരമാവും. സകുടുംബം മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷമേകും. പൂർവ്വകാല സ്മൃതികൾ സന്തോഷിപ്പിക്കും.  ഉപരിവിദ്യാഭ്യാസത്തിന്ന് ആവശ്യമായ മുന്നൊരുക്കം നടത്തും. മാതാവിൻ്റെ ആരോഗ്യപരിശോധന മുടക്കരുത്. വാഹനയാത്രയിൽ കരുതൽ വേണം.

പൂരാടം

കർമ്മമണ്ഡലത്തിൽ മുന്നേറാൻ തടസ്സങ്ങൾ അനുഭവപ്പെടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് വീണ്ടും വീണ്ടും ആലോചിച്ച ശേഷമാവണം. സ്വതസിദ്ധമായിട്ടുള്ള അറിവും പ്രായോഗികതയും മറ്റും വേണ്ടത്ര പ്രയോജനം ചെയ്തേക്കില്ല. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുകയാവും കരണീയം. വളർത്തുമൃഗങ്ങൾ ഉപദ്രവിക്കാം. അഥവാ അവയ്ക്ക് അസുഖം വരാം. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി നീളാനിടയുണ്ട്. ചെലവ് പ്രതീക്ഷിച്ചതിലും അധികമാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ധനുക്കൂറിൻ്റെ ഭാഗ്യാധിപനായ ആദിത്യൻ ഉച്ചത്തിൽ വരുന്നതിനാൽ കുറച്ചൊക്കെ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ പരിഹരിക്കപ്പെടുന്നതാണ്. സുഖഭോഗമുണ്ടാവും. മകന് വിജയം / തൊഴിൽലബ്ധി തുടങ്ങിയ നേട്ടങ്ങൾ വന്നുചേരുന്നതായിരിക്കും.

ഉത്രാടം

നക്ഷത്രാധിപനായ സൂര്യന് പാപ- ശുഭ യോഗം ആണ്  മാസാദ്യം. അതിനാൽ കൂട്ടുകെട്ടുകൾ കൊണ്ടും ബന്ധുത്വം കൊണ്ടും ഗുണവും ദോഷവും വരുമെന്ന് വ്യക്തമാവുന്നു. ആത്മവിശ്വാസം കൂടുകയും കുറയുകയും ചെയ്യും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആദിത്യന് ഉച്ചസ്ഥിതി വരികയാൽ കർമ്മരംഗം ഉണരുകയും നേട്ടങ്ങൾ ഭവിക്കുകയും ചെയ്യും. പൊതുപ്രവർത്തനം കൂടുതൽ ജനകീയമാവും. ധനുക്കൂറുകാർക്ക് മാസാദ്യം കുടുംബകാര്യങ്ങളിൽ സമാധാനമുണ്ടാവില്ല. ആദർശവും പ്രായോഗികതയും രണ്ടുവഴിക്ക് നീങ്ങുന്ന അനുഭവമുണ്ടാവും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഊഹക്കച്ചവടത്തിൽ അമളി പിണയാനിടയുണ്ട്. ഏപ്രിൽ രണ്ടാം പകുതിയിൽ സാമ്പത്തിക സ്വതന്ത്രത വന്നുചേരുന്നതായിരിക്കും. നേതൃപദവി ലഭിക്കാം.

തിരുവോണം

കർമ്മരംഗത്ത് ഉജ്ജ്വലമായ ചുവടുവെയ്പുകൾ നടത്തും. ബിസിനസ്സിൽ നവീകരണം സാധ്യമാകുന്നതാണ്. സഹോദരരുടെ പിന്തുണയോടെ പുതുസംരംഭങ്ങൾ തുടങ്ങാനാവും. രോഗദുരിതാദികൾ പിൻവാങ്ങി നിൽക്കും. പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുന്നതാണ്. ധനകാര്യം ഭംഗിയായി മാനേജ് ചെയ്യും. സംഘടനകളിൽ പിടിമുറുക്കാനാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്താനും ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം സംജാതമാകും. ശയനസുഖം, ഭോഗാനുഭവങ്ങൾ എന്നിവയുണ്ടാവും. തടസ്സങ്ങൾ മറികടന്ന് പ്രണയം ദാമ്പത്യത്തിൽ സഫലമാകാം. കുടുംബവുമായി അകന്നുകഴിഞ്ഞവർക്ക് വീണ്ടും ഇണങ്ങിച്ചേരാനാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ യാത്രകളേറും. കാഴ്ചകളിൽ അഭിരമിക്കാനാവും.

അവിട്ടം

മകരക്കൂറുകാർക്ക് ഏഴരശ്ശനിക്കാലം തീർന്നതിൻ്റെ സന്തോഷം പല നിലയ്ക്കും അനുഭവപ്പെട്ടു തുടങ്ങും. കുംഭക്കൂറുകാർ വാക്കും കർമ്മവും സമന്വയിപ്പിക്കുന്നതിൽ വിഷമമനുഭവിക്കും. പണവരവ് മോശമാവില്ല. കിട്ടാക്കടം എന്നുകരുതിയ ധനം ഭാഗികമായി കൈവശം വന്നുചേരുന്നതാണ്. ഉത്സാഹശക്തിയും ആത്മവിശ്വാസവും ഉയരും. പൊതുരംഗത്ത് ജനകീയരാവുന്നതിന് സാഹചര്യം അനുകൂലമാണ്. കുടുംബ സമേതം വിനോദയാത്ര നടത്താനാവും. മംഗളകർമ്മങ്ങൾക്ക് മുഖ്യപങ്ക് വഹിക്കും. മാസാദ്യം നക്ഷത്രനാഥനായ ചൊവ്വയ്ക്ക് നീചക്ഷേത്രസ്ഥിതി വരുന്നത് ഗുണകരമല്ല. പുരോഗതിയെ പിന്നോട്ട് വലിക്കാം. ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ നിന്നും പിൻവാങ്ങുന്നതാണ് സമുചിതമായിട്ടുള്ളത്. സഹോദരരോട് പിണങ്ങാനിടയുണ്ട്.  ആരോഗ്യകാര്യങ്ങളിൽ ജാഗ്രതയുണ്ടാവണം.

ചതയം

നക്ഷത്രനാഥനായ രാഹുവിന് ശുഭ - പാപ ഗ്രഹങ്ങളുമായി ബന്ധമുള്ളതിനാൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവാം. ജന്മശനി തീർന്നതിനാൽ ചതയം നാളുകാർക്ക് പലതരം ആശ്വാസങ്ങളുടെയും നേട്ടങ്ങളുടെയും കാലഘട്ടം തുടങ്ങുന്ന സന്ദർഭം കൂടിയാണ്. തള്ളിപ്പറഞ്ഞവർ ഉൾക്കൊള്ളും. സംഘടനകളിൽ സ്വീകാര്യത വരുന്നതാണ്. ദൂരസ്ഥലത്തു നിന്നും വീടിനടുത്തേക്ക് ജോലിമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പാരമ്പര്യ തൊഴിലുകൾ പുനരുദ്ധരിക്കാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സർക്കാർ ആനുകൂല്യം ലഭിക്കാം. ലോൺ അപേക്ഷകൾ പരിഗണിക്കപ്പെടും. സഹോദരരുമായുള്ള വസ്തുതർക്കം ഒത്തുതീർപ്പിലാവും. ഭൂമിയിൽ നിന്നും ആദായത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചിത്രകല, അഭിനയം, സാഹിത്യം മുതലായ മേഖലകളിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്.

പൂരൂരുട്ടാതി

സമ്മർദ്ദങ്ങൾ വളരെ വർദ്ധിക്കുന്ന സമയമാണ്. മനസ്സിനകത്തിരുന്ന് വിങ്ങുന്ന കാര്യങ്ങൾ സുഹൃത്തുക്കളോടോ വീട്ടുകാരോടോ പങ്കുവെക്കുന്നത് പിരിമുറുക്കത്തിന് അയവുണ്ടാക്കും. ജന്മനക്ഷത്രത്തിൽ ശനിയും രാഹുവും സഞ്ചരിക്കുന്നു. ഉടനെ ശുക്രനും ബുധനും കൂടി വക്രഗതിയായി പൂരൂരുട്ടാതിയിൽ എത്തും. ധനപരമായ പ്രശ്നങ്ങൾ ഉടലെടുക്കാം. കടബാധ്യതകൾ അധികരിക്കാനും സാധ്യത കാണുന്നു. കുടുംബ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണം. ചിലർക്ക് ആരോഗ്യപരമായുള്ള അസ്വസ്ഥതകൾക്ക് ഇടയുണ്ട്. വൈദ്യസഹായം നേടാൻ അമാന്തിക്കരുത്. പ്രാർത്ഥനയ്ക്കും യോഗ പോലുള്ള പരിശീലനങ്ങൾക്കും സമയം കണ്ടെത്തണം. മൗനവും ക്ഷമയും ഏറ്റവും നല്ല മരുന്നാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ മാറിത്തുടങ്ങുന്നതാണ്. പ്രതിസന്ധികൾക്ക് അയവുണ്ടായേക്കും.

ഉത്രട്ടാതി

പ്രശ്നങ്ങളുടെ നടുക്കുനിന്നുകൊണ്ട് അവയ്ക്ക് പരിഹാരം കാണേണ്ടി വരാം. ഉള്ളിലെ പോരാട്ടവീര്യവും അതിജീവനശക്തിയും സ്വയം പുറത്തെടുക്കേണ്ടി വന്നേക്കാം. വാക്കുകൾ കരുതലോടെയാവണം. ശത്രുക്കൾ ചുറ്റുമുണ്ടെന്ന ബോധ്യവും ജാഗ്രതയും അനിവാര്യം. തൊഴിൽ മാറുന്നതിനോ ബിസിനസ്സിൽ കൂടുതൽ മൂലധനം നിക്ഷേപിക്കുന്നതിനോ അനുകൂല സന്ദർഭമല്ല. കടം വാങ്ങിയാൽ പറഞ്ഞ സമയത്ത് മടക്കിക്കൊടുക്കാൻ വിഷമിച്ചേക്കും. ഉദ്യോഗം സ്ഥിരപ്പെട്ടുകിട്ടാൻ കാത്തിരിപ്പാവശ്യമാണ്. വിദേശ യാത്രകൾക്ക് അവസരം ലഭിക്കാം. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചില നേട്ടങ്ങൾ വന്നുകൂടായ്കയില്ല. പിതൃധനം കൊണ്ട് കാര്യസിദ്ധി കൈവരുന്നതാണ്. ദൗത്യങ്ങളുടെ മികച്ച പൂർത്തീകരണം മേലധികാരികളുടെ അനുമോദനം നേടും.

രേവതി

ജന്മത്തിൽ അഞ്ചു ഗ്രഹങ്ങൾ സഞ്ചരിക്കുന്നതും ജന്മശനിക്കാലം ആയതും കാരണം ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം ശ്രദ്ധയുണ്ടാവണം. ചിന്തിച്ചുവേണം പ്രവർത്തിക്കാൻ. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ കണിശത അനിവാര്യമാണ്. അപരിചിതരുമായുള്ള ബന്ധത്തിൽ കരുതൽ കൈക്കൊള്ളാൻ മറക്കരുത്. പൊതുവേ ആലസ്യത്തിനിടവരും. സ്വന്തം കഴിവുകൾ പലതും മറയ്ക്കപ്പെടും. പൊതുപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായി അനുഭവപ്പെട്ടേക്കാം. ജോലി മാറാൻ കാലം അനുകൂലമല്ല. അനുരഞ്ജനം ദാമ്പത്യ വിജയത്തിന് അനിവാര്യമാണെന്ന് ഓർമ്മിക്കണം. കഴിവതും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കരുത്. മക്കളുടെ, ജീവിത പങ്കാളിയുടെ വാക്കുകൾ കേൾക്കാൻ മനസ്സുവെക്കണം. ആധ്യാത്മികചര്യ പോംവഴിയാവാം.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: