/indian-express-malayalam/media/media_files/2025/03/18/april-27-to-may-3-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-606469.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിലാണ്. ഏപ്രിൽ 27 ഞായറാഴ്ച അമാവാസി. പിറ്റേന്നു മുതൽ ചന്ദ്രൻ വെളുത്ത പക്ഷത്തിൽ സഞ്ചരിക്കുന്നു. അന്നുമുതൽ വൈശാഖമാസം ആരംഭിക്കുകയാണ്.
ശനി മീനം രാശിയിലാണ്. ഏപ്രിൽ 28ന് വെളുപ്പിന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ചൊവ്വ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ സ്വന്തം നക്ഷത്രമായ രേവതിയിലാണ്. ശുക്രനും ഉച്ചരാശിയായ മീനത്തിലുണ്ട്. ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. നവഗ്രഹങ്ങളുടെ രാശിസ്ഥിതി, നക്ഷത്രസ്ഥിതി ഇവ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം അപഗ്രഥിക്കുന്നു.
Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
അശ്വതി
വാരം ആരംഭിക്കുന്നത് അശ്വതി നാളിലാണ്. ജന്മനക്ഷത്രത്തിൽ കറുത്തവാവ് വരുകയാൽ ശുഭാരംഭം ഒഴിവാക്കണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ സുഹൃൽ സമാഗമം, ഗൃഹസന്തോഷം, പ്രവർത്തന മേഖലയിൽ സംതൃപ്തി ഇവയുണ്ടാവാം. വാരമധ്യ ദിവസങ്ങളിൽ ജോലിഭാരം കൂടാനിടയുണ്ട്. ഏകോപനം എളുതാവില്ല. മനസ്സന്തോഷം കുറയുന്നതായിരിക്കും. മുൻപത്തെ ചില പ്രവർത്തികളോർത്ത് വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ സാമ്പത്തികമായി മോശമാവില്ല. വെള്ളി, ശനി ദിവസങ്ങളിൽ മെച്ചെപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.
ഭരണി
ഗുണാനുഭവങ്ങൾ കുറയില്ല. ഗൃഹത്തിൽ സമാധാനമുണ്ടാവും. വിരുന്നുകൾ നടത്തും. അല്ലെങ്കിൽ അവയിൽ പങ്കെടുക്കും. ഇഷ്ടപ്പെട്ടവരുമായി സാമീപ്യസല്ലാപാദികൾക്ക് സന്ദർഭമുണ്ടാവും. വസ്ത്രാഭരണാദികൾ വാങ്ങുന്നതാണ്. ആരോഗ്യത്തിൽ തൃപ്തിയനുഭവപ്പെടും. വാരമധ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. മനക്ലേശം ഭവിക്കാം. ഉറക്കം തടസ്സപ്പെടും. വാരാന്ത്യദിനങ്ങളിൽ അപ്രതീക്ഷിത സഹായം ലഭിക്കും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ഭാവിയെക്കുറിച്ച് കുടുംബവുമായി ആലോചിക്കാനാവും. ചിലരെ സാന്ത്വനിപ്പിക്കാൻ സന്ദർഭം ലഭിക്കുന്നതാണ്.
കാർത്തിക
ജന്മനക്ഷത്രാധിപൻ ആദിത്യൻ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ വ്യക്തിപ്രഭാവം ഉയരുന്നതാണ്. തൊഴിലിടത്തിൽ പദവിക്കുപരി സ്വാധീനവും അധികാരവുമുണ്ടാവും. ഒപ്പമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നൈപുണ്യം പുലർത്തുന്നതാണ്. ആലോചന യോഗങ്ങളിൽ വാക്കുകൾ വിലമതിക്കപ്പെടും. ബിസിനസ്സ് യാത്രകളാൽ പ്രയോജനം ഭവിക്കും. കുടുംബത്തിലെ യുവതലമുറയുമായി ദൃഢബന്ധം സ്ഥാപിക്കുന്നതാണ്. ധനോന്നതിയുണ്ടാവും. വിരുന്നുകൾ, മംഗളവേളകൾ ഇവയിൽ സംബന്ധിക്കും.
രോഹിണി
സ്വന്തം കാര്യം കൂടുതൽ ചിന്തിക്കും. സ്വർത്ഥത അറിഞ്ഞോ അറിയാതെയോ ഏറും. ന്യായമായ ആഗ്രഹങ്ങൾ തടസ്സപ്പെടില്ല. വാരാദ്യം ചന്ദ്ര സഞ്ചാരം പന്ത്രണ്ടാം രാശിയിലാകയാൽ ചെലവേറാം. അനിഷ്ടന്മാരെ ആശ്രയിക്കാനിടയുണ്ട്. യാത്രാക്ലേശത്തിനും സാധ്യത കാണുന്നു. വാരമധ്യത്തിലെ ദിവസങ്ങളിൽ തൊഴിലിടത്തിൽ സംതൃപ്തിയുണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ നിർവ്വഹണത്തിൽ എത്തിക്കുവാൻ കഴിയും. കുടുംബസുഖം, ഇഷ്ടഭക്ഷണയോഗം ഇവ പ്രതീക്ഷിക്കാം. വേതനാദികൾക്ക് പുറമേ കൈവായ്പകൾ, മുൻകൂർ തുക എന്നിവയും കൈവശമെത്താം. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യമുണ്ടാവും.
മകയിരം
ബുദ്ധിയുണർന്ന് പ്രവർത്തിക്കും. ഏകാഗ്രത ഭംഗപ്പെടില്ല. സമയനിഷ്ഠ, കൃത്യനിർവ്വഹണം ഇവയിൽ നിർബന്ധശീലം പുലർത്തുന്നതിനാൽ ശത്രുക്കൾ കൂടിക്കൊണ്ടിരിക്കും. വിളംബ കാലത്തിലായിരുന്ന കലാപ്രവർത്തനങ്ങൾ വേഗഗതിയിലാവും. അവസരങ്ങൾ തെരഞ്ഞെടുക്കും. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം വിജയം കാണും. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ശ്രമം തുടരുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. മകൻ്റെ ആവശ്യങ്ങൾ സമ്മർദ്ദമുണ്ടാക്കാം. വാരാദ്യത്തിലെ പിരിമുറുക്കത്തിന് ക്രമേണ അയവുണ്ടാവും.
തിരുവാതിര
വാക്കിലും കർമ്മത്തിലുമെല്ലാം ആത്മവിശ്വാസം നിറയും. ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കുന്നതാണ്. കർമ്മരംഗം പുഷ്ടിപ്പെട്ടേക്കും. മേലധികാരകൾ പ്രീതരാവുന്നതാണ്. നേതൃപദവിയിൽ സഹപ്രവർത്തകർ പിന്തുണയ്ക്കും. ട്രാൻസ്ഫർ പ്രതീക്ഷിക്കുന്നവർ നിരാശപ്പെടില്ല. കുടുംബത്തോടൊപ്പം ലഘുയാത്രകൾക്ക് അവസരം ഭവിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടി അനുകൂല ഷിഫ്റ്റിലേക്ക് മാറും. ചൊവ്വ രണ്ടിൽ തുടരുന്നതിനാൽ ധനാഗമത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാം.
പുണർതം
തൊഴിൽ തടസ്സങ്ങളെ മറികടക്കുന്നതാണ്. നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കരാർ പണികൾ നീട്ടിക്കിട്ടും. സർക്കാരിൽ നിന്നുള്ള കാര്യങ്ങൾ സുഗമമാവും. ബിസിനസ്സുകാർക്ക് ധാരാളം പുതിയ ഓർഡറുകൾ ലഭിക്കുന്നതാണ്. മനസ്സിനെ ബാധിച്ച വിഷമങ്ങൾ അകലാം. വാഹനം, വീട് ഇവയ്ക്ക് പുതുമോടിവരുത്തും. പിതാവിൻ്റെ രോഗാവസ്ഥ തൃപ്തികരമാവും. ആശുപത്രീവാസം അനുഭവിക്കുന്നവർക്ക് വീട്ടിൽ പോകാനായേക്കും.
പൂയം
ആദിത്യൻ അനുകൂലനാവുകയാൽ തൊഴിൽ രംഗത്ത് പുരോഗതി വരും. ചുമതലകൾ ശുഷ്ക്കാന്തിയോടെ നിർവഹിക്കുന്നതാണ്. മനസ്സ് കൂടുതൽ സർഗാത്മകമാവും. കലാപഠനത്തിൽ ശ്രദ്ധ പുലർത്തും. ഓൺലൈൻ ആയി ചെയ്തുവരുന്ന വ്യാപാരം വിപുലീകരിക്കും. ഞായർ മുതൽ വ്യാഴം വരെ കൂടുതൽ ഗുണാനുഭവങ്ങൾ വന്നെത്തുന്നതാണ്. കുടുംബ ക്ഷേത്ര ദർശനം സാധ്യമാവും. സ്വന്തം പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന സന്ദർഭങ്ങൾ സംജാതമാകുന്നതാണ്. ഒപ്പമുള്ളവരുടെ അനാരോഗ്യ പ്രവണതകളെ ചൂണ്ടിക്കാട്ടും. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം.
ആയില്യം
പ്രവർത്തിക്കാൻ ഉത്സാഹമുണ്ടാവും. പുതിയ കാര്യങ്ങൾ പുതുതലമുറയിൽ നിന്നും ഗ്രഹിക്കും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ അനുമതി സർക്കാരിൽ നിന്നും നേടുന്നതാണ്. ദൂരദിക്കിലേക്ക് ഉദ്യോഗമാറ്റമില്ലെന്ന വിവരം ലഭിക്കുന്നത് ആശ്വാസമുണ്ടാക്കും. ധനപരമായി മെച്ചമുണ്ടാവും. വ്യാപാരാവശ്യങ്ങൾക്ക് യാത്ര വേണ്ടിവന്നേക്കും. രോഗഗ്രസ്തനായ ബന്ധുവിനെക്കണ്ട് സഹായധനം നൽകും. അയൽ തർക്കങ്ങൾ സ്വയം പരിഹരിക്കും. ജന്മരാശിയിൽ ചൊവ്വ തുടരുന്നതിനാൽ മനക്ഷോഭം സാധ്യതയാണ്. വ്യായമം മുടക്കരുത്. ഉപഭോക്താവിൻ്റെ താത്പര്യം പരിഗണിക്കുമെങ്കിലും ഗുണനിലവാരത്തിൽ അനുരഞ്ജനത്തിന് മുതിരില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.