/indian-express-malayalam/media/media_files/2025/04/03/medamasam-horoscope-2025-astrological-predictions-450752.jpg)
Medam Month Horoscope 2025 in malayalam: ഏപ്രിൽ13 ന് രാത്രി, 14ന് പുലർച്ചെ മേടസംക്രമം നടക്കുന്നതിനാൽ മേടം ഒന്നാം തീയതി ഏപ്രിൽ 14 ന് വരുന്നു. വിഷുദിനമായി നാം കൊണ്ടാടുന്നത് ആ പകലിനെയാണ്. ആദിത്യൻ അശ്വതി, ഭരണി എന്നീ ഞാറ്റുവേലകളിൽ മുഴുവനായും, കാർത്തിക ഞാറ്റുവേലയിൽ ഭാഗികമായും സഞ്ചരിക്കും. ആദിത്യൻ്റെ ഉച്ചരാശി എന്ന സവിശേഷത മേടത്തിനുണ്ട്.
മേട മാസം പത്താം തീയതിയെ 'മേടപ്പത്തായി' ആഘോഷിക്കുന്നു. മേടമാസത്തിന് 31 തീയതികളുണ്ട്. മേയ് 14 വരെ നീളുന്നു. ചന്ദ്രൻ മാസാദ്യം കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുകയാണ്. മേടം 14 ന് / ഏപ്രിൽ 27 ന് കറുത്തവാവും, മേടം 29 ന് / മേയ് 12 ന് വെളുത്തവാവും വരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. മേടം 31 ന്, മേയ് 14 ന് മിഥുനം രാശിയിൽ പ്രവേശിക്കും. ജ്യോതിഷത്തിൻ്റെ വാർഷിക ചിന്തയിൽ പ്രാധാന്യമുള്ളതാണ് വ്യാഴത്തിൻ്റെ രാശിമാറ്റം. ഇനി വ്യാഴം ഇടവം രാശിയിൽ വരുന്നത് 11 കൊല്ലങ്ങൾ കഴിഞ്ഞിട്ടാവും.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. മേടം 15 ന് ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. രാഹു മീനത്തിൽ, പൂരൂരുട്ടാതിയിലും കേതു കന്നിയിൽ ഉത്രത്തിലും തുടരുന്നു. രാഹുകേതുക്കൾക്ക് അടുത്തമാസം ആദ്യം രാശിപ്പകർച്ചയുണ്ട്. ചൊവ്വ തൻ്റെ നീചരാശിയായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. മേടം ഒടുവിൽ ആയില്യത്തിൽ പ്രവേശിക്കുന്നു. ബുധൻ നീചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. മേടം 14 ന് രേവതിയിൽ പ്രവേശിക്കുന്നു.
മേടം 23 ന് മീനത്തിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. മേടമാസത്തിൽ ബുധന് മൗഢ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിലാണ്. മേടം 12 ന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിലേക്ക് പ്രവേശിക്കുന്നു. ശുക്രന് രാശിമാറ്റമില്ല, മേടത്തിൽ. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ച വ്യക്തികളുടെ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
മേടമാസത്തിൽ ആദിത്യൻ ഉച്ചക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്നു. ജന്മരാശിയിലെ സൂര്യസഞ്ചാരം അനുകൂല ഫലങ്ങൾ സൃഷ്ടിക്കുമെന്ന് പറയാനാവില്ല. ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ പ്രയത്നിക്കേണ്ടതായി വന്നേക്കും. സ്വതസ്സിദ്ധമായ കഴിവുകളും പ്രത്യുല്പന്നമതിത്വവും വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. എന്നാൽ ചെറിയ നേട്ടങ്ങളും അല്പമായ സന്തോഷങ്ങളും ന്യായമായ അവകാശങ്ങളും അനുഭവിക്കുന്നതാണ്. സഹപ്രവർത്തകർ വൈകിയെങ്കിലും ആത്മാർത്ഥത തിരിച്ചറിയും. മേടം 31 വരെ വ്യാഴം രണ്ടിൽ തുടരുകയാൽ ധനാഗമ മാർഗങ്ങൾ സുഗമമാവും. സ്വന്തം വാക്ക് വെളിച്ചവും തണലുമായി ഭവിക്കുന്നതാണ്. നാലിലെ ചൊവ്വ മനസ്ഥൈര്യത്തെ ഇടക്കിടെ തുരങ്കം വെച്ചേക്കും. വാഹനയാത്രയിൽ ജാഗ്രത അനിവാര്യം.
ഭരണി
നക്ഷത്രനാഥനായ ശുക്രൻ ഉച്ചത്തിൽ തുടരുന്നത് ആത്മവിശ്വാസം ഉണർത്തും. ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത പുലർത്തുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങും. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. കുറച്ചധികം യാത്രയുണ്ടാവും. ദേഹക്ലേശം ഭവിക്കാം. ഗാർഹിക ശാന്തത കുറയുന്നതാണ്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പരിശീലിക്കേണ്ടതുണ്ട്. ഗൃഹനിർമ്മാണം തടസ്സപ്പെടാം. പ്രണയികൾക്ക് ആഹ്ളാദം തുടരാനാവും. ഭാവിയെക്കുറിച്ച് ചില നിശ്ചയങ്ങൾ കൈക്കൊള്ളുന്നതായിരിക്കും. തൊഴിൽ തേടുന്നവർക്ക് താത്കാലിക ജോലി ലഭിക്കുന്നതാണ്. മേലധികാരികൾ അപ്രിയം പുലർത്താം. കമ്മീഷൻ/ഏജൻസി വ്യാപാരം ഇവയിൽ നിന്ന് സാമാന്യമായ ആദായം ഉണ്ടാവുന്നതാണ്.
കാർത്തിക
നക്ഷത്രാധിപനായ സൂര്യ ഉച്ചസ്ഥനായതിനാൽ കാർത്തികക്കാരെ അവഗണിക്കാനാവില്ല. അവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടി വരും. നിരാകരിച്ചവർ സ്വീകരിച്ചേക്കും. ദുരാരോപണങ്ങളെ ഭംഗിയായി പ്രതിരോധിക്കുന്നതാണ്. നേതൃപദവി ലഭിക്കാം. മേടക്കൂറുകാർക്ക് ഏഴരശ്ശനിക്കാലം ആരംഭിച്ചതിനാൽ അലച്ചിലും വഴിനടത്ത മൂലം ക്ലേശവുമുണ്ടാവും. മുൻതീരുമാനങ്ങൾ നടപ്പിലാക്കുവാൻ ക്ലേശിച്ചേക്കും. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. നാലിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ഭൂമിവ്യാപാരത്തിൽ ശ്രദ്ധ പുലർത്തണം. ഇടവക്കൂറുകാർക്ക് ബിസിനസ്സിൽ നിന്നും ധനാഗമം സുഗമമാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ വഴിതുറന്നുകിട്ടും. പൊതുവേ ആഹ്ളാദാനുഭവങ്ങൾ വന്നുചേരുന്ന കാലമായിരിക്കും.
രോഹിണി
ആദിത്യൻ പന്ത്രണ്ടിൽ പ്രവേശിക്കുകയാൽ ഗുണാനുഭവങ്ങൾക്ക് മങ്ങലുണ്ടാവും. പതിനൊന്നിൽ ശനി,രാഹു, ശുക്രൻ, മാസപ്പകുതിയോളം ബുധൻ എന്നീ ഗ്രഹങ്ങൾ തുടരുന്നത് ആഗ്രഹസാഫല്യത്തിന് കാരണമാകും. പ്രണയ ജീവിതത്തിൽ ആമോദമുണ്ടാവും. ദാമ്പത്യം സന്തുഷ്ടമായിരിക്കും. പൂർവ്വികസ്വത്തിലെ ആദായങ്ങൾ അനുഭവിക്കാനാകും. പിതാവിനോട് കലഹിച്ചേക്കാം. പിതാവിനോ/തനിക്കോ ദൂരദിക്കിൽ താത്കാലികമായി മാറിത്താമസിക്കേണ്ടി വരാം. ഗൃഹനിർമ്മാണത്തിൽ ചെലവധികരിക്കാൻ സാധ്യതയുണ്ട്. സുഖഭോഗങ്ങൾക്ക് പണച്ചെലവേറും. കടബാധ്യതകൾ പരിഹരിക്കാനാവും. ഉന്നത പഠനത്തിന് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാൻ കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉണ്ടാവാം. സഹോദരാനുകൂല്യം അഭംഗുരമാവും.
മകയിരം
വ്യക്തിപരമായും തൊഴിൽ പരമായും വിജയം വരിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും അവസരമുണ്ടാവുന്ന മാസമാണ്. തടസ്സങ്ങൾ ആത്മശക്തിയെ ചോർത്താനും മാത്രം ശക്തമാവില്ല. സർക്കാരിൽ നിന്നും അപേക്ഷകൾക്ക് അനുമതി ലഭിക്കും. തൊഴിലിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസ് വിപുലീകരിക്കും. പുതിയ വാഹനം വാങ്ങും. കുടുംബത്തോടൊപ്പം വിനോദ- തീർത്ഥയാത്ര നടത്തുന്നതാണ്. ജീവിത നിലവാരം ഉയരുന്നതായിരിക്കും. മകൻ്റെ നിർബന്ധത്താൽ ഇലക്ട്രോണിക് സാമഗ്രി വാങ്ങിയേക്കും. നക്ഷത്രാധിപനായ ചൊവ്വയ്ക്ക് നീചസ്ഥിതിയുള്ളതിനാൽ ഭൂമി സംബന്ധിച്ച തർക്കങ്ങളുണ്ടാവാനിടയുണ്ട്. സഹോദരരുമായി പിണക്കം വരും. ആത്മീയ കാര്യങ്ങളിൽ ആസ്ഥ കുറയുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം.
തിരുവാതിര
സർവ്വാഭീഷ്ടസ്ഥാനമായ പതിനൊന്നാം ഭാവത്തിൽ ഉച്ചനായ ആദിത്യൻ സഞ്ചരിക്കുന്നത് ഏറ്റവും ഗുണകരമാണ്. രോഗക്ലേശങ്ങൾ താത്കാലികമായെങ്കിലും പത്തി താഴ്ത്തും. ശത്രുവിജയം ഉണ്ടാവുന്നതാണ്. കണ്ടകശനിയാൽ അനുഭവപ്പെട്ടു തുടങ്ങിയ തൊഴിൽമാന്ദ്യത്തിന് മറുമരുന്നാണ് ആദിത്യൻ്റെ ഉച്ചരാശി സഞ്ചാരം. സഹായിക്കാനും പിന്തുണയ്ക്കാനും പലരുമുണ്ടാവും. വ്യാഴം പന്ത്രണ്ടിൽ തുടരുന്നതിനാൽ മംഗളകാര്യങ്ങൾക്കായി ചെലവേർപ്പെടാം. ജീവകാരുണ്യത്തിലൂടെ മനശ്ശാന്തി നേടുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടും. രാഷ്ട്രീയമായ മുന്നേറ്റത്തിന് അവസരം വന്നുചേരുന്നതാണ്. തൊഴിലിൽ പകരക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തനം നിരീക്ഷിക്കുന്നത് നന്നായിരിക്കും. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്.
പുണർതം
രാഹു-ശനി-കേതു-ചൊവ്വ തുടങ്ങിയ പാപഗ്രഹങ്ങൾ പലതരം ക്ലേശാനുഭവങ്ങൾ സൃഷ്ടിക്കുന്നു. വ്യാഴം പന്ത്രണ്ടാം ഭാവത്തിലുമാണ്. ഈ വിപരീത സാഹചര്യത്തിന് ഉത്തമമായ പ്രതിവിധി ആഗ്രഹസാഫല്യം ഭവിക്കുന്ന സ്ഥാനമായ പതിനൊന്നാം ഭാവത്തിലെ ആദിത്യൻ്റെ ഉച്ചരാശി സഞ്ചാരമാണ്. രോഗബാധിതർ ജീവിതത്തിലേക്ക് തിരിച്ചുവന്നേക്കും. കിട്ടാക്കടം മടക്കിക്കിട്ടാനിടയുണ്ട്. സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. പ്രധാന വ്യക്തികൾ പിന്തുണയ്ക്കും. കൈമോശം വന്ന പ്രമാണം, പണം, വിലകൂടിയ വസ്തുക്കൾ എന്നിവ മടക്കിക്കിട്ടുന്നതാണ്. തൊഴിൽ തേടുന്നവർക്ക് നിയമനം ലഭിക്കും. പിതാവിനും അഭ്യുദയം ഭവിക്കുന്ന സാഹചര്യം സംജാതമാകും. ആത്മവിശ്വാസം വളരും. ജീവിതാസക്തി പുലർത്തുന്നതാണ്.
പൂയം
ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. തൊഴിൽപരമായി നേട്ടങ്ങൾ സംജാതമാകും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ വന്നുചേരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് സ്വകാര്യസ്ഥാപനത്തിൽ നിയമനം കിട്ടിയേക്കും. പിതൃസ്വത്തിന്മേലുള്ള തർക്കം അവസാനിക്കുവാനും പൂർണ്ണമായി ആദായം എടുക്കുവാനുമാവും. ജന്മനാട്ടിൽ പോവാനും ഉത്സവാഘോഷാദികളിൽ ഭാഗഭാക്കാകാനും സാധിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമം നടത്തും. സ്വയം തിരുത്താനുള്ള സന്നദ്ധത ഉണ്ടാവുമെന്നതാണ് പ്രധാന മാറ്റം. കൂട്ടത്തിൽ ചില ഭാഗ്യക്കേടുകൾ, ഇച്ഛാഭംഗങ്ങൾ, എന്നിവയും ഭവിക്കുവാനിടയുണ്ട്. വ്യാഴം പതിനൊന്നിൽ തുടരുന്ന അവസാന മാസമാണിത്. ഇനി വ്യാഴം പതിനൊന്നിൽ വരാൻ പതിനൊന്ന് വർഷം കാത്തിരിക്കണം.
ആയില്യം
കാര്യതടസ്സങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോകാൻ കഴിയുന്നതാണ്. പറഞ്ഞുറപ്പിച്ച കരാറുകളിൽ പോലും വ്യതിയാനം വരാനിടയുള്ളതിനാൽ ഇച്ഛാഭംഗം ഉണ്ടാവാം. വ്യാഴം പതിനൊന്നിൽ തുടരുന്നത് ധനപരമായി ഉയർച്ചയുണ്ടാവാനുള്ള സാധ്യതയാണ്. വ്യാപാരികൾക്ക് ബിസിനസ്സിൽ നേട്ടം ഭവിക്കും. യാത്രകൾ ഗുണകരമാവും. സംഘടനകളിൽ നേതൃപദവി ലഭിച്ചേക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനകീയ അടിത്തറ ഉണ്ടാവുന്നതാണ്. അന്യനാട്ടിൽ പഠിക്കുന്നതിന് അവസരം കൈവരും. പ്രണയികളുടെ പിണക്കം അവസാനിക്കുന്നതാണ്. മകൻ്റെ നിർബന്ധത്തിന് വഴങ്ങി ആഢംബര വാഹനത്തിന് സമ്മതം മൂളേണ്ടതായി വരും. ഗൃഹനിർമ്മാണത്തിന് രൂപരേഖയുണ്ടാക്കും. നക്ഷത്രാധിപനായ ബുധന് നീചസഞ്ചാരം തുടരുന്നതിനാൽ സാഹസകർമ്മങ്ങൾക്ക് മുതിരരുത്.
മകം
രാശിനാഥനായ ആദിത്യൻ ഒമ്പതാമെടത്തിൽ ഉച്ചസ്ഥനായി സഞ്ചരിക്കുകയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ചിട്ടി നറുക്കെടുപ്പ് ഇവകളിൽ നിന്നും ധനാഗമം ഉണ്ടാവും. കാര്യതടസ്സം നീങ്ങി ശുഭാനുഭവങ്ങൾ വന്നെത്തും. പ്രധാനമായും സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടും എന്നതുതന്നെയാണ്. അഷ്ടമത്തിലെ ശനി -രാഹു യോഗം സൃഷ്ടിക്കുന്ന ക്ലേശങ്ങൾ ഒരുപരിധിവരെ ചെറുക്കപ്പെടും. പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ അനാവശ്യ യാത്രകളും പാഴ്ച്ചെലവുകളും ഉണ്ടായേക്കും. വ്യവഹാരങ്ങളിൽ ചെന്നുചാടാതിരിക്കാൻ കരുതലുണ്ടാവണം. ഭാവി പഠനം സംബന്ധിച്ച കാര്യങ്ങളിൽ അനുകൂലത വരും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ അവസരമുണ്ടാവും. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രതയുണ്ടാവണം.
പൂരം
മങ്ങിപ്പോയ ആത്മശക്തി ഉണരുന്നതിന് സാഹചര്യം അനുകൂലമാണ്. കൂറിൻ്റെ അധിപനായ ആദിത്യൻ ഭാഗ്യഭാവത്തിൽ ഉച്ചസ്ഥനായി സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങൾ വന്നെത്തും. സാമൂഹികമായ അംഗീകാരം ലഭിക്കും. മുൻപ് നഷ്ടപ്പെട്ട അവസരങ്ങളെക്കാൾ മികച്ച അവസരങ്ങൾ കരഗതമായേക്കും. പിതാവിൻ്റെ വാത്സല്യം അനുഭവിക്കുന്നതാണ്. അകന്നുകഴിഞ്ഞവർക്ക് വീണ്ടും കുടുംബത്തോടൊപ്പം ഇണങ്ങാനാവും. സ്ത്രീകളുടെ പിന്തുണ ലഭിച്ചേക്കാം. സഹോദരാനുകൂല്യം കുറയാനിടയുണ്ട്. ശനിയും രാഹുവും അഷ്ടമത്തിൽ തുടരുന്നത് ദേഹക്ലേശത്തിനും അവിചാരിതമായ മനപ്രയാസങ്ങൾക്കും കാരണമാകാം. വൃദ്ധജനങ്ങളുടെ ആരോഗ്യപാലനത്തിൽ അലംഭാവമരുത്. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം.
ഉത്രം
ആലസ്യം നീങ്ങി ഉന്നമനേച്ഛയുണ്ടാവും. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ഉത്സുകത പ്രകടിപ്പിക്കും. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സാമാന്യമായ സംതൃപ്തി ഭവിക്കുന്നതാണ്. നക്ഷത്രാധിപനായ ആദിത്യൻ ഉച്ചത്തിലേക്കും അത്യുച്ചത്തിലേക്കും നീങ്ങുകയാൽ ഗുണാനുഭവങ്ങൾ കുറയില്ല. അവഗണിച്ചവർ സ്വയം പരിഗണിക്കാൻ മുന്നോട്ടുവന്നേക്കും. അധികാരികൾ വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും കാതോർക്കും. കുടുംബാന്തരീക്ഷം ഹൃദ്യമാവും. അനിഷ്ട രാശികളിൽ തുടരുന്ന ശനിയും രാഹുവും മറ്റും സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതാണ്. പണമെടപാടുകളിൽ കരുതൽ വേണം. ഭൂമി വാങ്ങുക, വിൽക്കുക എന്നിവയ്ക്ക് ഉചിതമായ സന്ദർഭമാണ്. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ ആവശ്യമായി വന്നേക്കും.
അത്തം
ഏഴിലെ രാഹു, കണ്ടകശനി, അഷ്ടമത്തിലെ ആദിത്യൻ, ജന്മകേതു എന്നിവ ജീവിതത്തെ പിറകോട്ടു വലിക്കാം. മനസ്സിനെ ശൈത്യം ബാധിക്കാനിടയുണ്ട്. ഉദ്യമങ്ങൾ തടസ്സപ്പെടുന്നതാണ്. ന്യായമായ വിജയം വൈകിയേക്കും. എന്നാലും ഒമ്പതിൽ തുടരുന്ന വ്യാഴം പ്രതിബന്ധങ്ങളെ അകറ്റാനും അർഹമായത് നേടാനും വഴിയൊരുക്കും. കുടുംബാന്തരീക്ഷത്തിൽ അനൈക്യം ഉണ്ടായാലും അവ പരിഹൃതമാവും. ഭാഗ്യാനുഭവങ്ങളും സാമ്പത്തികമായ സ്വസ്ഥതയും പ്രതീക്ഷിക്കാം. പതിനൊന്നിലെ ചൊവ്വ ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്തും. വാടകവീട് മാറാനോ പുതിയ വീട്ടിലേക്ക് മാറാനോ സാഹചര്യം അനുകൂലമാണ്. പ്രണയബന്ധം ദൃഢമാകും. സാമൂഹിക കാര്യങ്ങളിലെ ഇടപെടലുകൾക്ക് സ്വീകാര്യതയുണ്ടാവും. തൊഴിലിൽ നേട്ടം ഭവിക്കുന്നതാണ്.
ചിത്തിര
കർമ്മരംഗം സക്രിയമാവും. ഭാവിക്കുതകുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. ആദർശം മാറ്റിവെച്ച് കൂടുതൽ പ്രായോഗിക ചിന്തയിൽ മുഴുകുന്നതാണ്... ലാഭ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അക്കാര്യം പരസ്യമായി പറയാനും മടിയുണ്ടാവില്ല. പങ്കുകച്ചവടം ഗുണകരമാവാൻ ഇടയില്ല. പുതിയ പാർട്ണർമാരെ ചേർക്കുന്നത് ആലോചിച്ചിട്ടാവണം. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ സഫലമാവും. ഇഷ്ടവ്യക്തികളിൽ നിന്നും പാരിതോഷികം ലഭിച്ചേക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അവസരം വന്നുചേരുന്നതാണ്. പാരമ്പര്യ സ്വത്തുക്കൾ വിൽക്കുന്നതിലെ നിയമ പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തും. കന്നിക്കൂറുകാർക്കു കണ്ടകശ്ശനിക്കാലം ആരംഭിച്ചതിനാൽ ഇടപാടുകളിൽ കൂടുതൽ കരുതൽ വേണ്ടതാണ്.
ചോതി
ആദിത്യൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നത് ചിലപ്പോൾ ബിസിനസ്സിൽ പ്രതികൂലതകൾ സൃഷ്ടിക്കാം. യാത്രകൾ അധികമാവും. വഴിനടത്ത മൂലം ക്ലേശങ്ങൾ ഭവിക്കുന്നതാണ്. എട്ടിലെ വ്യാഴം മേടം 31 വരെ എട്ടിൽ തുടരും. അഷ്ടമ വ്യാഴൻ്റെ ദുരിതങ്ങൾ ഈമാസം കൂടി അനുഭവിച്ചാൽ മതിയാകും. ആറാം ഭാവത്തിലെ ശനിയും രാഹുവും പരിശ്രമങ്ങൾക്ക് അർഹമായതിലധികം ഫലം തരുന്നതാണ്. ശത്രുക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങളെ സധൈര്യം ചെറുക്കാനാവും. വ്യാപാരത്തിൽ അഭിവൃദ്ധി ഉറപ്പിക്കാം. വിപുലീകരണ ശ്രമങ്ങൾ ഫലം കാണുന്നതാണ്. പ്രവാസികൾക്ക് നേട്ടങ്ങൾ വന്നെത്തും. ജന്മനാട്ടിൽ മടങ്ങിയെത്തിവർ സംരംഭങ്ങൾ തുടങ്ങുന്നതിന് തയ്യാറാവും.
വിശാഖം
പലതരം നേട്ടങ്ങൾ അനുഭവിക്കാറാകുന്ന കാലമാണ്. പ്രയത്‌നത്തിന് അർഹത്തിലധികം ഫലം കൈവരുന്നതാണ്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മേലധികാരികൾക്ക് സീകാര്യമാവും. സഹപ്രവർത്തകർ തമ്മിൽ ചേരിതിരിവ് വന്നേക്കാം. രോഗക്ലേശമുള്ളവർക്ക് വിദഗ്ദ്ധ ചികിൽസ ഫലിക്കുന്നതാണ്. വൃശ്ചികക്കൂറുകാർ മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കും. കടബാധ്യത പരിഹരിക്കാൻ സന്ദർഭം വന്നുചേരുന്നതാണ്. വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി കിട്ടും. തുലാക്കൂറുകാർ ശത്രുപക്ഷത്തെ പരാജയപ്പെടുത്തും. സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി കിട്ടിയേക്കും. വിവാഹ കാര്യത്തിലെ കാലവിളംബം അവസാനിക്കും. മകൻ്റെ ഇഷ്ടത്തിനനുസരിച്ചുള്ള വാഹനം വാങ്ങുന്നതാണ്. അയൽ പ്രശ്നങ്ങൾക്ക് തീർപ്പുണ്ടായേക്കില്ല.
അനിഴം
കർമ്മകാണ്ഡത്തിൽ ഉജ്ജ്വല അദ്ധ്യായങ്ങൾ എഴുതിച്ചേർക്കാനാവും. ന്യായമായ അഭിലാഷങ്ങൾ ഭംഗിയായി നിറവേറ്റപ്പെടും. ദൗത്യങ്ങളുടെ പൂർത്തീകരണം സുഗമമാവും. എതിർക്കുന്നവരുടെ കൂടി കാര്യങ്ങൾ പരിഗണിക്കും. കടബാധ്യത തീർക്കാൻ പോംവഴി തെളിയുന്നതാണ്. വായ്പക്കായുള്ള അപേക്ഷ അനുവദിക്കപ്പെടും. ഉന്നത പഠനത്തിന് വിദേശത്തു പോകാൻ ഒരുക്കങ്ങൾ തുടങ്ങും. രോഗഗ്രസ്തരായവർക്ക് ചികിൽസാ മാറ്റം മൂലം ആശ്വാസം അനുഭവപ്പെട്ടേക്കും. രാഷ്ട്രീയസ്വാധീനം വർദ്ധിക്കുന്നതാണ്. പ്രൊഫഷണലുകൾക്ക് മുന്നേറാൻ കൂടുതൽ അവസരങ്ങൾ സംജാതമാകും. കുടുംബത്തോടൊപ്പം ദീർഘദൂര ഉല്ലാസയാത്ര നടത്തുവാനാവും. ജോലി തേടുന്നവർക്ക് ആശ്വസം ഭവിക്കും. ബിസിനസ്സിൽ ധനാഗമം സുഗമമായിത്തീരും.
തൃക്കേട്ട
കാര്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളും. പ്രാധാന്യം പരിഗണിച്ച് പ്രവർത്തിക്കും. ഔദ്യോഗികമായ ഉയർച്ചയുടെ കാലമാണ്. സ്വകാര്യ സ്ഥാപനത്തിൽ മികച്ച ജോലി ലഭിക്കാം. അകലങ്ങളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. ഗവേഷണത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പുലർത്തുന്നതാണ്. പ്രതിസ്വരങ്ങളെ തമസ്കരിക്കും. അഞ്ചിലെ ശനിയും രാഹുവും ആലസ്യത്തിലേക്ക് നയിക്കാം. എന്നാൽ ആറിലെ ഉച്ചസ്ഥനായ ആദിത്യൻ്റെ പ്രഭാവത്താൽ വേഗം തന്നെ കർമ്മരംഗത്ത് വ്യാപൃതരാവും. സ്വാശ്രയ സംരംഭങ്ങൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നതാണ്. പിതൃ-പുത്ര ബന്ധം രമ്യമാവും. മാതാപിതാക്കളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തും. ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടുന്നതാണ്.
മൂലം
കണ്ടകശനിയും അഷ്ടമകുജനും പ്രശ്നകർത്താക്കളാവും. കുറച്ചുകാലമായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ വിഷമിക്കുന്നതാണ്. ഭാഗ്യാധിപനായ ആദിത്യൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത് ആശ്വാസത്തിന് കാരണമാകും. പ്രതീക്ഷയുടെ താഴ്വരകളിലൂടെ സ്വപ്നയാത്ര സാധ്യമാകുന്നതാണ്. ഭാവികാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകുന്നതിനാവും. കുടുംബ പ്രശ്നങ്ങളിൽ കൂടിയാലോചന നടക്കും. സ്ത്രീസുഹൃത്തുക്കൾ സഹായിക്കുന്നതാണ്. ജോലി സംബന്ധിച്ചുള്ള കരാറുകളിൽ ഒപ്പിടും മുൻപ് മുഴുവൻ വ്യവസ്ഥകൾ അറിയേണ്ടതുണ്ട്. അനുജൻ്റെ ഭൂമിയോ വസ്തുവോ വാങ്ങും. ഔദ്യോഗിക/ബിസിനസ്സ് യാത്രകൾ കൂടുന്നതായിരിക്കും. ഊഹക്കച്ചവടത്തിൽ പറയത്തക്ക മെച്ചം ഉണ്ടാവില്ല. ധനപരമായി കരുതൽ വേണ്ടതാണ്
പൂരാടം
'പൂർവ്വ ആഷാഢം' എന്ന സംസ്കൃതമാണ് മലയാളത്തിൽ പൂരാടം എന്നായി മാറിയത്. ആറിൽ വ്യാഴം, എട്ടിൽ ചൊവ്വ, നാലിൽ ശനിയും രാഹുവും എന്നിങ്ങനെ പ്രതികൂലമായ ഗ്രഹനിലയാണിപ്പോൾ, ഇവർക്ക്. ഗൃഹനിർമ്മാണം ഇടയ്ക്ക് നിർത്തേണ്ടി വരുന്നതാണ്. അറ്റകുറ്റപ്പണിയുമുണ്ടാവും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം വന്നേക്കും. നാലിൽ ഉച്ചസ്ഥനായ ശുക്രൻ സഞ്ചരിക്കുന്നതിൻ്റെ മെച്ചം ദോഷങ്ങളെ സന്തുലിതമാക്കാം. പഞ്ചമഭാവത്തിൽ ഭാഗ്യാധിപനായ ആദിത്യൻ ഉച്ചസ്ഥനായി സഞ്ചരിക്കുന്നതും അനുകൂലമാണ്. സന്താനങ്ങൾക്ക് ശ്രേയസ്സ് വന്നുചേരും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ കരഗതമാവുന്നതാണ്. മത്സരങ്ങൾക്ക് മാനസികമായി സജ്ജരാവും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യകാര്യത്തിൽ അലസതയരുത്.
ഉത്രാടം
'ഉത്തര ആഷാഢം' എന്ന സംസ്കൃത നാമത്തെ നാം ഉത്രാടം എന്ന് മലയാളമാക്കി. ഇരുകൂറുകളിൽ വരുന്ന നക്ഷത്രമാണ്. ഗുണദോഷസമ്മിശ്രമായിരിക്കും മേടമാസത്തിലെ ഫലങ്ങൾ. നക്ഷത്രാധിപനായ ആദിത്യൻ ഉച്ചസ്ഥനായതിനാൽ ആത്മവിശ്വാസം കൂടും. ധനുക്കൂറുകാർക്ക് നാലാം ഭാവത്തിൽ കണ്ടകശ്ശനി ഉള്ളതിനാൽ മനക്ലേശം, ദേഹക്ലേശം എന്നിവ അനുഭവപ്പെടും. ഊർജ്ജവും സമയവും പ്രശ്നപരിഹാരങ്ങൾക്കായി മാറ്റിവെക്കേണ്ടി വരുന്നതാണ്. മകരക്കൂറുകാർക്ക് ശനിയും രാഹുവും വ്യാഴവും അനുകൂലരാവുന്നതിനാൽ ജീവിതത്തിൽ പ്രസന്നഭാവങ്ങൾ കൂടാം. കാര്യസിദ്ധി കൈവരുന്നതാണ്. അപ്രതീക്ഷിത സഹായം വന്നെത്തും. സന്താനങ്ങളില്ലാത്തവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. മനസ്സ് സർഗാത്മകമാവും. നല്ല വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. പദവികൾ ഉയരാം.
ധന വരവ് അധികരിക്കും.
തിരുവോണം
ഏഴരശ്ശനി തീർന്ന ശേഷമുള്ള ആദ്യമാസമാണ്. ഈ മാസം മുഴുവൻ വ്യാഴം പഞ്ചമഭാവത്തിൽ തുടരുന്നുണ്ട്. അനുകൂലമായ ഫലങ്ങൾക്കാവും മേൽക്കൈ വരുന്നത്. ഉദ്യോഗസ്ഥർക്ക് സ്വന്തം ചുമതലകളിൽ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ കഴിയും. തടസ്സങ്ങളില്ലാതെ തന്നെ കാര്യനിർവഹണം സാധ്യമാകുന്നതാണ്. വൃദ്ധജനങ്ങളുടെ അനുകൂല നിലപാടുകൾ നേട്ടമുണ്ടാക്കും. സ്ത്രീകളിൽ നിന്നും സഹായം/പിന്തുണ സ്വീകരിക്കുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടിയേക്കും. മക്കൾക്ക് പഠനം / ജോലി/ വിവാഹം ഇവയിൽ ശുഭഫലം പ്രതീക്ഷിക്കാം. ജന്മനാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതാണ്. ബിസിനസ്സിൽ ഉയർച്ചയുണ്ടാവും. ലാഭം നിക്ഷേപമാക്കി മാറ്റുവാൻ കഴിയും. ഏഴാം ഭാവത്തിലെ ചൊവ്വ ദാമ്പത്യത്തിൽ ക്ലേശങ്ങൾ സൃഷ്ടിച്ചേക്കും. വാക്കുകൾ ജീവിത പങ്കാളിയെ പ്രകോപിപ്പിക്കാം.
അവിട്ടം
മകരം, കുംഭം രാശികളിൽ വരുന്നു. മകരക്കൂറുകാർക്ക് ഗുണഫലങ്ങൾക്കാവും, മേടമാസത്തിൽ ആധിക്യം. ഏഴരശ്ശനിക്കാലം കഴിഞ്ഞതിൻ്റെ ആശ്വാസം അല്പാല്പമായി അനുഭവപ്പെട്ടു തുടങ്ങും. തൊഴിലിടത്തിൽ കർമ്മവൈഭവം തിരിച്ചറിയപ്പെടുന്നതാണ്. അർഹതയ്ക്ക് സ്വീകാര്യതയുണ്ടാവും. സംരംഭങ്ങൾ തുടങ്ങാൻ തടസ്സമുണ്ടാവില്ല. കച്ചവടത്തിൽ ആദായം വർദ്ധിക്കുന്നതാണ്. സന്താനങ്ങൾക്ക് പലതരം നേട്ടങ്ങൾ കരഗതമാവും. ചൊവ്വയുടെ അനിഷ്ടസ്ഥിതി ദാമ്പത്യക്ലേശം സൃഷ്ടിച്ചേക്കാം. കുംഭക്കൂറുകാർക്ക് സമ്മിശ്രമായ ഫലങ്ങളുണ്ടാവാം. വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടേക്കില്ല. ചിലപ്പോൾ പ്രവൃത്തിയിൽ താമസം അനുഭവപ്പെടും. ഉന്നതരായ വ്യക്തികളുടെ പിന്തുണ പ്രതീക്ഷിക്കാം. എതിർപ്പുകളെ തൃണീവൽഗണിച്ച് മുന്നേറാനാവും.
ചതയം
കാര്യസാദ്ധ്യം ചടുലമാവും, ചിലപ്പോൾ. മറ്റുചിലപ്പോൾ കാര്യവിളംബം ഭവിക്കാം. ഗ്രഹങ്ങളുടെ അനുകൂല - പ്രതികൂല സ്ഥിതിയാണ് കാരണം. വാക്കുകളിലൂടെ കിട്ടിയ ഉറപ്പുകൾ ജലരേഖകളായി മാറും. സ്വയം മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോകാനിടയുണ്ട്. കവിതയും സാഹിത്യവും കലയും ഉള്ളവർക്ക് ഭാവനയും സൃഷ്ടിശക്തിയും ഉണരുന്നതാണ്. ആദിത്യൻ ഉച്ചനായി സഞ്ചരിക്കുന്നതിനാൽ പിതാവിൻ്റെ വാത്സല്യം ലഭിക്കും. പിതാവിൽ നിന്നും ധനസഹായവും പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥരിൽ മേലധികാരികൾക്ക് വിശ്വാസമേറുന്നതാണ്. ചൊവ്വയുടെ ഇഷ്ടഭാവ സഞ്ചാരം പ്രതിഷേധ സ്വരങ്ങളെ അവഗണിക്കാൻ കരുത്തുപകരും. ഭൂമിസംബന്ധമായി ഗുണമുള്ള കാലമാണ്. വാങ്ങൽ / വിൽക്കൽ സുഗമമാവും.
പൂരൂരുട്ടാതി
മുൻഗതിയായി ശനിയും, പിൻഗതിയായി രാഹുവും പൂരൂരുട്ടാതി (നാലാം പാദത്തിൽ) തുടരുന്നതിനാൽ പലതരം സമ്മർദങ്ങൾ സൃഷ്ടിക്കപ്പെടും. ശുക്രനുമുണ്ട്, ബുധനുമുണ്ട് പൂരൂരുട്ടാതിയിൽ. അതിനാൽ കൂരിരുട്ടിനിടയിൽ ചില ഒറ്റനക്ഷത്രങ്ങൾ പ്രഭചൊരിയും പോലെ സന്തോഷാനുഭവങ്ങളും ഭവിക്കാം. എന്നിരുന്നാലും മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം. ഉന്നതാധികാരികൾ അഭിനന്ദിച്ചേക്കാം. മുതിർന്നവരുടെ പിന്തുണയും ആശിസ്സും നേടുന്നതാണ്. കുട്ടികളുടെ കൂട്ടുകെട്ടിലും പഠനകാര്യത്തിലും ശ്രദ്ധയുണ്ടാവണം. ആത്മീയ സാധനകൾ ഇടക്കിടെ മുടങ്ങാനിടയുണ്ട്. ദൈവസമർപ്പണങ്ങൾ പിന്നീടത്തേക്കാക്കും. വരുമാനം മോശമാവാനിടയില്ല. എന്നാൽ മിതവ്യയശീലം പാലിക്കുക വിഷമകരമാവും. വിരോധികളെ അവഗണിക്കും. ജീവിത പങ്കാളിയുടെ രോഗം ഭേദപ്പെടുന്നതിൽ ആശ്വാസം അനുഭവപ്പെടും.
ഉത്രട്ടാതി
ധാരാളം യാത്രകൾ ഉണ്ടാവും. പ്രയോജനമുള്ളവയും, പണച്ചെലവിനും ദേഹക്ലേശത്തിനും ഇടയുണ്ടാക്കുന്നവയും അതിലുൾപ്പെടും. ബന്ധുക്കളുമായി വിരോധംഭവിക്കും. സുഹൃജ്ജനങ്ങളുടെ പിന്തുണ കൈവരും. കൃത്യനിർവഹണം പതുക്കെയാവും. അധികാരികളുടെ അനിഷ്ടം നേടും. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിക്കും. തന്മൂലം പരിഹാസ്യരാവും. വ്യക്തിപരമായി പലതരം ചുമതലകൾ വന്നുചേരുന്നതാണ്. മാതാപിതാക്കൾക്ക് മക്കളുടെ അടുത്തുപോയി താമസിക്കേണ്ട സ്ഥിതിയുണ്ടാവാം. വിവാഹാലോചനകൾ തടസ്സപ്പെടും. നിർബന്ധബുദ്ധി വിരോധികളെ സൃഷ്ടിക്കുന്നതാണ്. ആലസ്യം മൂലം പലതും നീട്ടിവെക്കാനുള്ള പ്രവണത തലപൊക്കും. വീടുമാറുന്നതിന് സാഹചര്യം അനുകൂലമാണ്. ഏജൻസി വ്യാപാരം മെച്ചപ്പെടും. വിവാഹം, പൂജ, ഉത്സവം ഇവയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാവും.
രേവതി
നക്ഷത്രാധിപനായ ബുധൻ മാസത്തിൻ്റെ നല്ലൊരുപങ്കും നീചത്തിൽ തുടരുന്നത് മന:ക്ലേശത്തിന് കാരണമാവും. ജന്മശനിയും ജന്മരാഹുവും തൊഴിൽ രംഗത്ത് പിരിമുറുക്കമുണ്ടാക്കും. ജന്മരാശിയിലെ ശുക്രൻ ഭോഗസുഖം, താത്കാലികമായ ആഢംബരങ്ങൾ, ജീവിതാസക്തി എന്നിവയ്ക്ക് അവസരമൊരുക്കാം. രണ്ടാം ഭാവത്തിലെ ആദിത്യൻ ശത്രുക്കളിൽ നിന്നും ധനം ലഭിക്കാൻ കാരണമാകും. വാക്കുകളിൽ ആജ്ഞാശക്തി സ്ഫുരിക്കുന്നതാണ്. പഞ്ചമത്തിലെ നീചകുജൻ വേണുന്നതും വേണ്ടാത്തതുമായ കാര്യങ്ങളിൽ ശാഠ്യം ഉണ്ടാക്കും. ഏഴിലെ കേതു ദമ്പതികൾ സാഹചര്യവശാൽ വേറെ ദിക്കുകളിൽ കഴിയുന്നതിന് ഇടവരുത്തും. ദൈവികകാര്യങ്ങളിൽ തടസ്സം ഏർപ്പെടാം. ആരോഗ്യ ജാഗ്രത അനിവാര്യം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us