scorecardresearch

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ശുഭഗ്രഹങ്ങളുടെ നോട്ടമോ ചേർച്ചയോ ഇല്ലാത്ത രണ്ടുമാസക്കാലം ആരംഭിക്കുകയായി. ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

ശുഭഗ്രഹങ്ങളുടെ നോട്ടമോ ചേർച്ചയോ ഇല്ലാത്ത രണ്ടുമാസക്കാലം ആരംഭിക്കുകയായി. ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

author-image
S. Sreenivas Iyer
New Update
Mars Kethu Horoscope 2025

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ?

2025 ജൂൺ 6 ന് അർദ്ധരാത്രി ചൊവ്വ അഥവാ കുജൻ (Mars) കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 3 ന് ആണ് ചൊവ്വ തൻ്റെ നീചരാശിയായ കർക്കടകത്തിൽ പ്രവേശിച്ചത്. ജൂൺ 6 ന് രാത്രി കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 52/53 ദിവസങ്ങൾക്ക് ശേഷം, ജൂലൈ 28 ന്, ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വയുടെ ബന്ധുവായ ആദിത്യൻ്റെ ഭവനമാണ്  ചിങ്ങം. അതിനാൽ ചൊവ്വയ്ക്ക് ചിങ്ങം രാശിയിൽ ബലമുണ്ട്. ഇതൊരു സാമാന്യ തത്ത്വമാണ്.

Advertisment

എന്നാൽ ചൊവ്വ ദുർബലനാവുന്നതും അപകടകാരിയാവുന്നതും കേതുയോഗം വരുന്നതിനാലാണ്. കേതു ചിങ്ങം രാശിയിലാണിപ്പോൾ. രാഹുവിൻ്റെ ദൃഷ്ടി ചൊവ്വയ്ക്കുള്ളതിനാൽ ചൊവ്വയുടെ പാപത്വം അധികരിക്കും. ശുഭഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ ചൊവ്വയ്ക്കുണ്ടാവുന്നില്ല എന്നതും പ്രസ്താവ്യമാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി കാളസർപ്പയോഗം തുടരുകയാണ്. ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് ജൂലൈ ഒടുവിൽ പ്രവേശിക്കുമ്പോഴാണ് കാളസർപ്പയോഗത്തിന് ഭംഗം വരുന്നത്. അക്കാര്യവും പ്രധാനമാണ്. ചിങ്ങം രാശിയിൽ സംഭവിക്കുന്ന ഈ അത്യപൂർവ്വമായ ചൊവ്വ-കേതുയോഗം ഏതേതു കൂറുകാർക്ക് അനുകൂലം, ഏതേതു കൂറുകാർക്ക് പ്രതികൂലം എന്നതാണ് ഇവിടെ അവലോകനം ചെയ്യുന്ന വിഷയം.

Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം)

അഞ്ചാംഭാവമായ ചിങ്ങം രാശിയിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. നാലാം ഭാവത്തിൽ നീചനായിരുന്നു, ചൊവ്വ ഇത്രകാലം. തന്മൂലം സൃഷ്ടിക്കപ്പെട്ട മാനസിക ക്ലേശങ്ങൾ ചൊവ്വ അഞ്ചാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടായേക്കില്ല. എന്നാൽ കേതുയോഗം മൂലം തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സമ്മർദം ഉണ്ടായിക്കൊണ്ടിരി ക്കും. പിടിവാശി കൂടുവാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ  വിലമതിച്ചേക്കില്ല. മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരെ നിരീക്ഷിക്കാൻ സമയം കണ്ടത്തേണ്ടതുണ്ട്.  പലരുടേയും ഉപദേശങ്ങൾ തൃണവൽഗണിക്കും. രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനാൽ എപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നതാണ്.  ഔദ്യോഗിക കാര്യങ്ങളിൽ തഴയപ്പെടുന്നുണ്ടോ എന്ന തോന്നൽ ശക്തമാകുന്നതാണ്. ധനവരവ് പ്രതീക്ഷിച്ചതിൽ നിന്നും അല്പം കുറയാം. നവസംരംഭങ്ങൾ ഇപ്പോൾ പച്ചപിടിക്കണം എന്നില്ല. ഉപാസനാദികൾക്ക് തടസ്സം വരാം.

Advertisment

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

നാലാം ഭാവത്തിലാണ് ചൊവ്വ - കേതു യോഗം വരുന്നത്. പാപഗ്രഹങ്ങൾ നാലാമെടത്തിൽ സഞ്ചരിക്കുമ്പോൾ മനക്ലേശമുണ്ടാവും. അകാരണമായ ഭയം, വിഷാദം ഇവ സംഭവിക്കാം. സുഹൃത്തുക്കളുമായി കലഹത്തിന് ഒരുമ്പെട്ടേക്കും. ബന്ധുവിരോധവും സാധ്യതയാണ്. വാഹനം ഓടിക്കുന്നതിൽ കരുതലുണ്ടാവണം. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് നിരാശയുണ്ടാവും. സുപ്രധാന കാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ട് കുഴപ്പത്തിലാവാം. കൃത്യനിർവഹണത്തിൽ തടസ്സങ്ങൾക്കിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വസ്തുവില്പനയുടെ കാര്യത്തിൽ അവസാനനിമിഷം ഇച്ഛാഭംഗം വരാം. വലിയ തോതിൽ മുതൽമുടക്കി ബിസിനസ്സ് വിപുലീകരിക്കാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. തൊഴിലിടത്തിൽ സ്വൈരക്കുറവുണ്ടാവും.

Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3  പാദങ്ങൾ) 

മൂന്നാമെടത്തിലാണ് കുജകേതുയോഗം വരുന്നത്. പാപഗ്രഹങ്ങൾക്ക് അനുകൂലമായ രാശിയാണ് മൂന്നാമെടം. ആത്മവിശ്വാസം വാനോളമുയരും. പ്രയത്നിക്കാനുള്ള സന്നദ്ധത സംജാതമാകും. ലഘുശ്രമത്താൽ വിപുലമായ നേട്ടങ്ങൾ കൊയ്യുന്നതാണ്. മറഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകളെ മറികടന്ന് മുന്നോട്ടു പോകും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ധനപരമായി ഉത്കർഷം ഭവിക്കുന്നതായിരിക്കും. കിട്ടാക്കടങ്ങൾ കിട്ടുവാനിടയുണ്ട്. വ്യാപാരത്തിലും വ്യവസായത്തിലും പുതിയ ചുവടുവെയ്പുകൾ നടത്തിയേക്കും. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരും. കിടപ്പുരോഗികൾക്ക് ആശ്വാസം ഭവിക്കും. ഭൗതികമായ ഉയർച്ചകൾ വരുന്നതാണ്. ഭാവിയെ മുൻനിർത്തി ചില നിക്ഷേപങ്ങൾ നടത്തുവാൻ കഴിയും. സമൂഹത്തിൻ്റെ ആദരം ലഭിക്കുന്നതാണ്. ആരോഗ്യസൗഖ്യം പ്രതീക്ഷിക്കാം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

രണ്ടാമെടത്തിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. രണ്ടാമെടത്തിൽ സ്ഥിതി, അഷ്ടമത്തിൽ നോട്ടം എന്നിവ അത്ര അനുകൂലമല്ല. വാക്കുകൾക്ക് അറിയാതെ തന്നെ പാരുഷ്യം വരുന്നതാണ്. വാഗ്ദാനലംഘം ഉണ്ടാവും. ദുരാരോപണങ്ങൾ കേൾക്കാനുമിടയുണ്ട്. സാക്ഷി നിന്നതിൻ്റെ പേരിൽ വിരോധം വരാം. ഉപരി വിദ്യാഭ്യാസത്തിനായി നടത്തുന്ന പരിശ്രമങ്ങൾ വിളംബത്തിലാവും. കുടുംബസ്ഥാനമാണ് രണ്ടാമെടം. അതിനാൽ ദാമ്പത്യത്തിൽ സ്വരച്ചേർച്ച കുറയുന്നതാണ്. ധനവരവിൽ മാന്ദ്യമുണ്ടാവും.  സദുദ്യമങ്ങൾ ഫലം കാണാൻ ഇരട്ടി അധ്വാനം ആവശ്യമായേക്കും. മുറിവ്, വ്രണം, തീപ്പൊള്ളൽ പോലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് ബന്ധശൈഥില്യം ഏർപ്പെടാം. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കും. മുഖരോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്.

ചിങ്ങക്കൂറിന്  (മകം, പൂരം, ഉത്രം ഒന്നാം പാദം)

ജന്മരാശിയിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. 12,8, ജന്മരാശി എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ ആപത്തുകാലമാണ് എന്നുപറയാറുണ്ട്. അതിനാൽ ചിങ്ങക്കൂറുകാർ മനോവാക്കർമ്മങ്ങളിൽ കരുതൽ പുലർത്തണം. ആരോഗ്യം ബാധിക്കപ്പെടാം. മാനസിക പിരിമുറുക്കം ഉയരുന്നതാണ്. കലഹവാസനയും ക്ഷോഭവും നിയന്ത്രിക്കപ്പെടണം. ദാമ്പത്യത്തിൽ ഓരോരോ പ്രശ്നങ്ങൾ തലപൊക്കാം. കൂട്ടുകച്ചവടത്തിൽ നിന്നും പിരിഞ്ഞാലോ എന്ന ആലോചന ശക്തിപ്പെടുന്നതാണ്. യാത്രകൾ ക്ലേശകരമായേക്കും. ലക്ഷ്യത്തിലെത്താൻ ചുറ്റിവളഞ്ഞ് സഞ്ചരിക്കുക എന്ന അനുഭവം വരാനിടയുണ്ട്. വിലപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തനത്തിൽ തിരിച്ചടികൾ ഒരു സാധ്യതയാണ്. ഔദ്യോഗികമായി അർഹതയുള്ള അവകാശങ്ങൾ നേടിയെടുക്കുക എളുപ്പമായേക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയും കേതുവും ഒത്തുചേരുന്നത്. പന്ത്രണ്ടാമെടത്തിലെ പാപഗ്രഹങ്ങളുടെ സഞ്ചാരം ദുർവ്യയത്തിനും ധനപരമായ ക്ലേശങ്ങൾക്കും ഇടവരുത്തും. കടബാധ്യത അധികരിക്കുന്നതാണ്. വീടുവിട്ടുനിൽക്കേണ്ടിവരും. ഉറ്റവരുമായി അകലാൻ സാധ്യതയുണ്ട്. ലക്ഷ്യത്തിലെത്താൻ ഇരട്ടി ഊർജ്ജം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. ലഘുവായ സമ്മർദ്ദങ്ങളിൽ പോലും വലിയ തളർച്ചയുണ്ടാവും. ആത്മശക്തി ചോരാനിടയുണ്ട്. ഉദ്യോഗസ്ഥർ ദൂരദിക്കുകളിലേക്ക് സ്ഥലംമാറ്റപ്പെടാം. യാത്രകൾ ദുരിതമുണ്ടാക്കും. പ്രതീക്ഷിച്ച നേട്ടങ്ങൾ അനർഹർ തട്ടിയെടുക്കുന്നത് കണ്ടുനിൽക്കേണ്ടി വരും. നവസംരംഭങ്ങൾ ഇപ്പോൾ തുടങ്ങരുത്. വിവാഹിതർക്കിടയിൽ കലഹം ഭവിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3)
 
ചൊവ്വ-കേതു യോഗത്തിൻ്റെ ഏറ്റവും നല്ല ഗുണഭോക്താക്കൾ തുലാക്കൂറുകാരാണ്. 'സർവ്വാഭീഷ്ടസ്ഥാനം' എന്നറിയപ്പെടുന്ന പതിനൊന്നാമെടത്തിലാണ് ഈ യോഗം ഭവിക്കുന്നത്. പലതരം നേട്ടങ്ങൾ വന്നുചേരും. ശനിയും വ്യാഴവും ഇഷ്ടഭാവങ്ങളിൽ തുടരുകയാണ്. ഇപ്പോൾ കേതുവും ചൊവ്വയും കൂടി ഇഷ്ടഭാവത്തിൽ വരുമ്പോൾ നാനാപ്രകാരേണയുള്ള അഭിവൃദ്ധി സംജാതമാകും. മത്സരങ്ങളിൽ അനായാസേന ജയിക്കുന്നതായിരിക്കും. വ്യവഹാരങ്ങളിൽ അനുകൂല വിധി വരും. ഭൂമി / വീട് വാങ്ങാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. സഹോദരർക്ക് വഴികാട്ടിക്കൊടുക്കും. തൊഴിൽ തേടുന്നവർക്ക് ന്യായമായ വരുമാനം ലഭിക്കുന്നതാണ്. സംഘടനകളിൽ നേതൃപദവി വഹിക്കും. ബിസിനസ്സിൽ ലാഭം ഉയരും. കിട്ടാക്കടങ്ങൾ തിരിച്ചുകിട്ടാം. പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നതാണ്. നാട്ടിലും തൊഴിലിടത്തിലും ബഹുമാനാദരങ്ങൾ കൈവരും. ആരോഗ്യ സൗഖ്യം അനുഭവപ്പെടും.

Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

പത്താം ഭാവത്തിൽ ചൊവ്വയും കേതുവും സംഗമിക്കുന്നത് വലുതായ ദോഷമായി പരിഗണിക്കാനാവില്ല. എന്നാൽ തിക്താനുഭവങ്ങൾ തൊഴിൽ മേഖലയിൽ ഉണ്ടാവുന്നതാണ്. തിടുക്കത്തിൽ പല കാര്യങ്ങളും ചെയ്ത് അബദ്ധത്തിലാവും. മേലധികാരികൾ വിരോധിച്ചേക്കാം. സഹപ്രവർത്തകരുമായി കലഹങ്ങൾക്ക് സാധ്യതയുണ്ട്. സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്നതാണ്. വാഹന നിയമങ്ങൾ തെറ്റിക്കപ്പെടുകയാൽ പിഴ ഒടുക്കേണ്ടി വന്നേക്കാം. വീട്ടിനടുത്തേക്കുള്ള സ്ഥലംമാറ്റത്തിന് കാത്തിരപ്പ് തുടരപ്പെടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് കാലം ഒട്ടും അനുകൂലമല്ല.  ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വിപണനതന്ത്രങ്ങൾ വിഫലമായേക്കും. മത്സരങ്ങളിൽ പ്രതീക്ഷിച്ച വിജയം അകലെയാവും. കുടുംബ ജീവിതത്തിൽ സംതൃപ്തി ശരാശരിയായിരിക്കും.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ധനുക്കൂറുകാർക്ക് ഒമ്പതാം ഭാവത്തിലായിട്ടാണ് കുജനും കേതുവും ഒരുമിക്കുന്നത്. പാപഗ്രഹങ്ങൾ ഭാഗ്യഭാവമായ ഒമ്പതാമെടത്തിൽ സഞ്ചരിക്കുന്നത് പ്രതികൂലഫലങ്ങൾ സൃഷ്ടിക്കും. നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' എന്നോണം നഷ്ടമാകാം. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച കോഴ്സുകളിലോ ആഗ്രഹിച്ച കലാശാലകളിലെ പ്രവേശനം കിട്ടിയേക്കില്ല. അച്ഛനും അമ്മയ്ക്കും സുഖക്കുറവ് വരാം.  തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാവില്ല. ബിസിനസ്സിൽ പലതരം തടസ്സങ്ങൾ ഉണ്ടാവും. കുടുംബാംഗങ്ങൾ ഭിന്നാഭിപ്രായം പറയുന്നതാണ്. ഉപാസനകൾ, ക്ഷേത്രാടനം എന്നിവ തടസ്സപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ക്ളേശമുള്ള ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടതായി വരുന്നതായിരിക്കും. സഹായിക്കാമെന്നേറ്റവർ വാക്കുപാലിക്കില്ല. സ്വഭാവത്തിൽ അറിഞ്ഞോ അറിയാതെയോ പരുക്കൻമട്ടുകൾ ഇടം പിടിക്കുന്നതാണ്.

Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മകരക്കൂറിന്(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ചൊവ്വയും കേതുവും ചേർന്ന് അഷ്ടമഭാവത്തിൽ സഞ്ചരിക്കുകയാൽ ഒട്ടും തന്നെ അനുകൂലമല്ലാത്ത കാലമാണെന്ന് ഓർമ്മയുണ്ടാവണം. തീരുമാനങ്ങൾ പുനരാലോചിക്കണം. റിസ്ക് സാധ്യത തെല്ലെങ്കിലും ഉള്ള കാര്യങ്ങൾ -- അതു സാമ്പത്തികമാവാം, വസ്തുവാങ്ങുന്നതാവാം, യാത്രകളാവാം -- ഒഴിവാക്കുകയാണ് അഭികാമ്യം. അധികാരികളുടെ അപ്രീതി ഭവിക്കും. സുഹൃത്തുക്കൾക്ക് നമ്മളറിയാത്ത  ഒരുവശം ഉണ്ടെന്നറിയുന്നതാണ്. ബന്ധുക്കളുടെ വാഗ്ദാനങ്ങൾ ജലരേഖകളാവും. വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങളോ അനിശ്ചിതത്വമോ ഏർപ്പെടാനിടയുണ്ട്. അഗ്നി, ആയുധം, യന്ത്രം, വൈദ്യുതി, വാഹനം എന്നിവയുടെ ഉപയോഗത്തിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്. ജാമ്യം നിൽക്കുക, സാക്ഷ്യം പറയുക ഇവയിൽ കരുതൽ പുലർത്തണം. ഭാഗ്യാനുഭവങ്ങൾ കൈവിട്ടുപോകുന്ന പ്രതീതിവരാം.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

ഏഴാം ഭാവത്തിലാണ് ചൊവ്വയും കേതുവും ഒന്നിക്കുന്നത്. പ്രണയത്തിൽ ശൈഥില്യം വരാം. ദാമ്പത്യത്തിലും തർക്കങ്ങൾ ഏർപ്പെടാനിടയുണ്ട്. ജോലിവശാലോ മറ്റു കാരണങ്ങളാലോ ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത ദിക്കുകളിൽ കഴിയാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. സഞ്ചാരം കൊണ്ട് പ്രതീക്ഷിച്ച നേട്ടങ്ങൾ വന്നുചേർന്നേക്കില്ല. പാർട്ണർഷിപ്പേ ബിസിനസ്സ് നഷ്ടത്തിലാവാം. വിപണനതന്ത്രങ്ങൾ പൊളിയാനിടയുണ്ട്. ചെറുപ്പക്കാർക്കായുള്ള വിവാഹാലോചനകൾ നീളുന്നതായിരിക്കും. വിലപിടിച്ച വസ്തുക്കൾ കളഞ്ഞുപോകാൻ സാധ്യത കാണുന്നു. ഇപ്പോൾ വഹിക്കുന്ന പദവിയിൽ നിന്നും തരംതാഴ്ത്തപ്പെടാം. എതിർലിംഗത്തിലുള്ളവരുടെ വിരോധത്തിന് പാത്രമാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. പകർച്ചവ്യാധികൾ ഉപദ്രവിക്കാം. ഗൃഹനിർമ്മാണത്തിന് ധനം കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ്.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) 

ചൊവ്വയും കേതുവും ആറാമെടത്തിലാണ്. പാപഗ്രഹങ്ങൾ ആറാംഭാവത്തിൽ സഞ്ചരിക്കുമ്പോൾ പലതരം നേട്ടങ്ങൾ വന്നെത്തും. കഴിവിന് അംഗീകാരം സിദ്ധിക്കുന്നതാണ്. സ്വശക്തി തിരിച്ചറിയുന്നതിനാൽ ആത്മവിശ്വാസം പ്രകടമാവും. തൊഴിലിടത്താൽ ആധികാരികതയും ആദരവും കൈവരുന്നതാണ്. ശത്രുക്കളെ തോൽപ്പിക്കാനാവും. മത്സരങ്ങളിൽ വിജയം കരസ്ഥമാക്കുന്നതാണ്. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാം. സ്വശ്രയ ബിസിനസ്സിൽ ആദായം വർദ്ധിക്കുന്നതാണ്. പുതിയ ശാഖകൾ തുടങ്ങാനാവും. രോഗഗ്രസ്തർക്ക് ചികിൽസകൾ ഫലവത്താകും. ജോലി തേടുന്നവർക്ക് നിയമന ഉത്തരവ് കൈവരും. കടബാധ്യതകളിൽ നിന്നും മുക്തി നേടാൻ  വഴിതെളിയുന്നതാണ്. വ്യവഹാരത്തിൽ വിജയിക്കും.  ഇലക്ട്രോണിക് ഉല്പന്ദങ്ങൾ  സമ്മാനിക്കപ്പെടാം.

Read More: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: