/indian-express-malayalam/media/media_files/2025/01/01/january-26-to-february-1-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
ആദിത്യൻ ഇടവം രാശിയിൽ സഞ്ചരിക്കുന്ന അവസാനവാരമാണ്. ഞായറാഴ്ച രാവിലെ മകയിരം ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്, വാരാദ്യം. ചൊവ്വ - ബുധൻ ദിവസങ്ങളിലായി ജ്യേഷ്ഠമാസ പൗർണമി വരുന്നു. വ്യാഴാഴ്ച കൃഷ്ണപക്ഷം തുടങ്ങുകയായി. ചൊവ്വ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്. ബുധൻ മിഥുനം രാശിയിൽ മകയിരം - തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ബുധന് മൗഢ്യം അവസാനിച്ചു കഴിഞ്ഞു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശുക്രൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്, തുടക്കത്തിൽ. ശനിയാഴ്ച ഭരണിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വെള്ളിയാഴ്ച തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നതാണ്.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ജൂൺ 12 മുതൽ വ്യാഴം മൗഢ്യത്തിലാവുന്നു. കഷ്ടിച്ച് ഒരു മാസക്കാലം വ്യാഴത്തിന് മൗഢ്യം ഉണ്ടാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലാണ്. രാഹു പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ഉത്രം ഒന്നാം പാദത്തിലും സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
നക്ഷത്രാധിപനായ കേതുവും രാശിയുടെ അധിപനായ ചൊവ്വയും യോഗം ചെയ്യുന്നു. ആത്മവിശ്വാസം വർദ്ധിക്കാം. ഒറ്റയ്ക്കല്ല, പിൻബലമായി ഒരുപാടുപേരുണ്ടെന്ന തോന്നൽ ശക്തമാവും. എങ്കിലും ആലോചനകൾ കാടുകയറാനിടയുണ്ട്. ഭാവന ഉൺമയെ വിഴുങ്ങാം. കർത്തവ്യ നിർവഹണത്തിൽ ഒരുപടി മുന്നേ നിൽക്കുന്നതിനാവും. മറ്റുള്ളവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിച്ചേക്കാം. അനുരഞ്ജനശ്രമങ്ങൾ വിജയിക്കുന്നതാണ്. ചൊവ്വയും ബുധനും അഷ്ടമരാശിക്കൂറാകയാൽ സംയമം അനിവാര്യം. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. മറ്റു ദിവസങ്ങളിൽ മനസ്സുഖം, ഭക്ഷണപ്രീതി, ന്യായമായ വിശ്രമം ഇവയുണ്ടാവുന്നതാണ്.
ഭരണി
അനാവശ്യമായ തിടുക്കം ഒഴിവാക്കണം. പഞ്ചമഭാവത്തിലെ കേതുകുജയോഗം ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. തെറ്റായ തീരുമാനങ്ങൾ എടുക്കാനുമിടയുണ്ട്. പ്രവൃത്തിയിൽ ആലസ്യം വരാം. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭൗതികമായി തരക്കേടില്ലാത്ത കാലമാണ്. ഭോഗസുഖമുണ്ടാവും. നവീന ഗൃഹ / ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങുവാനായേക്കും. ഔദ്യോഗികമായ തിരക്കുകൾ പതിവിലും വർദ്ധിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധ വേണം. പുതുകാര്യങ്ങൾ തുടങ്ങരുത്.
കാർത്തിക
കാര്യകാരണബോധത്തോടെ പ്രവർത്തിക്കുന്നതിൽ വിജയിക്കും. നിലപാടുകൾ ഒപ്പമുള്ളവരെ അസന്ദിഗ്ദ്ധമായി ബോധിപ്പിക്കും. സംഘാടന മികവ് അഭിനന്ദിക്കപ്പെടാം. വിയോജിക്കുന്നവരെ അവഗണിക്കാൻ മടിക്കില്ല. സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാവുന്ന കാലമാണ്. വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കങ്ങൾ നടത്തും. പ്രണയികൾക്ക് സന്തോഷിക്കാനാവും. കുടുംബ ജീവിതത്തിലും പാരസ്പര്യം ദൃഢമാകും. നിക്ഷേപങ്ങൾ കരുതലോടെ വേണം. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
രോഹിണി
കഴിവും പ്രതിഭാവിലാസവും തെളിയിക്കുന്നതിനുള്ള ധാരാളം അവസരങ്ങൾ മുന്നിലുണ്ടാവും. ചില വിജയങ്ങളെ ആർക്കും തടക്കാനാവില്ല. മേലധികാരികളുടെ അനുമോദനം ലഭിക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിസമയം അല്പം അസൗകര്യം സൃഷ്ടിച്ചേക്കാം. ഉപരിപഠനം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്കകളുയരും. നാലാമെടത്തിലെ കേതുകുജയോഗം മനശ്ചാഞ്ചല്യത്തിന് കാരണമാവുന്നതാണ്. ധനവരവ് മോശമാവില്ല. എന്നാൽ ആഢംബരച്ചെലവുകൾ വർദ്ധിക്കുന്നതാണ്. അതുസംബന്ധിച്ച ചില സ്വൈരക്കേടുകൾ വീട്ടിൽ നിന്നുമുയരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജാഗ്രത കുറയരുത്.
Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകയിരം
അനുകൂലതകൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണ്. അല്പമായ പരിശ്രമം പോലും ഫലവത്താകും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഇടവക്കൂറിൽ ജനിച്ചവർക്ക് ചില അവ്യക്തതകൾ വരാം. തീരുമാനം വൈകിയേക്കും. ആഢംബരച്ചെലവുകൾ വർദ്ധിക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് പ്രണയം സുരഭിലമാവും. തൊഴിലിടത്തിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യും. മേലധികാരികൾ ആധികാരിക അഭിപ്രായം തേടുന്നതായിരിക്കും. വിരോധികളെ തമസ്കരിക്കുന്നതാണ്. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.
തിരുവാതിര
സംതൃപ്തിയുണ്ടാവും, വീട്ടിലും കർമ്മമേഖലയിലും. ദൗത്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കുറയില്ല. മുൻപ് പരിശ്രമിച്ച് പരാജയപ്പെട്ടവയിൽ ഇപ്പോൾ വിജയിക്കാം എന്ന സ്ഥിതി സംജാതമാകും. വിപൽധൈര്യം പ്രശംസിക്കപ്പെടും. അനുരാഗികൾക്ക് ഭാവി പ്രതീക്ഷ ദൃഢമാകുന്നതാണ്. സഹോദരരുടെ പിൻബലം ആശ്വാസം നൽകും. ദാമ്പത്യത്തിൽ സുഖമനുഭവിക്കും. വസ്തുവിൽപ്പനയിലെ വിഘ്നങ്ങൾ ഒഴിയാം. പാരിതോഷികം ലഭിക്കാം. പുതിയ ഫർണീച്ചറുകൾ വാങ്ങിയേക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് ഗുണം കുറയും.
Also Read: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
പുണർതം
പ്രധാന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. സ്വന്തം കഴിവിൽ അഭിമാനിക്കാറാവും. ബിസിനസ്സിൽ വിജയം കണ്ടുതുടങ്ങും. വലിയ പ്രോജക്ടുകൾ ആസൂത്രണം ചെയ്തതുപോലെ ആരംഭിക്കാൻ കഴിയും. സഹായ വാഗ്ദാനങ്ങൾ സമയത്തു തന്നെ കരഗതമാവും. മക്കളുടെ ശ്രേയസ്സിൽ പുറത്തു കാട്ടാതെ ആഹ്ളാദിക്കും. സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങുന്നതാണ്. അനുരാഗികൾക്ക് നല്ല കാലമാണ്. ദൈവസമർപ്പണങ്ങൾ നിർവിഘ്നം പൂർത്തിയാക്കും. ചൊവ്വ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ കൂടുതൽ സൗഖ്യം പ്രതീക്ഷിക്കാം.
പൂയം
ജന്മരാശിയിൽ നിന്നും ചൊവ്വ മാറിയത് ആശ്വാസമേകും. എന്നാലും വാക്സ്ഥാനത്ത് പാപഗ്രഹങ്ങൾ യോഗം ചെയ്യുകയാൽ വാക്കിൽ കരുതൽ വേണം. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ശ്രമിക്കും. ഇടക്കിടെ ആലസ്യമുണ്ടാവും. സൽകാര്യങ്ങൾക്കായി ധനം ചെലവോയേക്കും. സർക്കാർ ഓഫീസുകളിലെ ദൗത്യം വിജയിക്കുന്നതാണ്. ബന്ധുക്കളുടെ തർക്കത്തിൽ ഇടപെടുന്നത് കരുതലോടെയാവണം. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം വേണ്ടി വരുന്നതാണ്. ഞായർ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്.
ആയില്യം
ബുധനും വ്യാഴവും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ കുടുംബ/ദൈവിക കാര്യങ്ങൾക്കായി യാത്രയുണ്ടാവും. തത്സംബന്ധമായ ചെലവുകളും ഭവിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച അറിയിപ്പുകൾ കിട്ടാം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. കച്ചവടത്തിൽ ലാഭം സാമാന്യമായിട്ടാവും. കടം കൊടുത്ത തുക മടക്കിക്കിട്ടാൻ പ്രയത്നം വേണ്ടി വരും. ജന്മനക്ഷത്രത്തിൽ നിന്നും ചൊവ്വ മാറിയതിനാൽ ദേഹക്ലേശത്തിനും മനഃസംഘർഷത്തിനും അയവുണ്ടാവും. എന്നാൽ വാക്സ്ഥാനത്തിൽ ചൊവ്വ -കേതു സഞ്ചരിക്കുകയാൽ തർക്കങ്ങളിൽ ഏർപ്പെടാം.
Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.