/indian-express-malayalam/media/media_files/2025/05/02/shukra-horoscope-2025-astrological-predictions-306504.jpg)
ശുക്രൻ മേടം രാശിയിലേക്ക്
Venus Transit 2025: തുടർച്ചയായി 4 മാസക്കാലം (2025 ജനുവരി 30 മുതൽ) ഉച്ചരാശിയായ മീനം രാശിയിൽ സഞ്ചരിച്ചിരുന്ന ശുക്രൻ (Venus), മേയ് 31ന് (1200 ഇടവം 17ന്), മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഏതാണ്ട് ഒരു മാസക്കാലം (ജൂൺ 29 വരെ) ശുക്രൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്നു.
ഉച്ചരാശിയാണ്, മീനമെങ്കിലും ശുക്രന് മീനത്തിൽ പാരതന്ത്ര്യവും ശക്തിക്ഷയവും സംഭവിച്ചു. ഒരു ചെറിയ കാലയളവിൽ മൗഢ്യവും ഉണ്ടായി. കൂടാതെ ശനിയും രാഹുവും സൂര്യനും - എല്ലാം പാപഗ്രഹങ്ങൾ - മീനം രാശിയിൽ ഒപ്പം സഞ്ചരിച്ചുകൊണ്ടു ശുക്രനെ വരിഞ്ഞുമുറുക്കി. ബുധയോഗമുണ്ടായി എന്നത് പ്രസ്താവ്യം. എന്നാൽ ബുധൻ നീചഭാവത്തിലാണ്, മീനത്തിൽ. അതിനാൽ ശുക്രന് മീനത്തിൽ വലിയതോതിൽ ഗുണഫലങ്ങൾ സൃഷ്ടിക്കാനായില്ല.
മേടം രാശി ശുക്രൻ്റെ സമനായ ചൊവ്വയുടെ വീടാണ്. ഇടയ്ക്ക് വന്നുപോകുന്ന ചന്ദ്രനൊഴികെ മറ്റുഗ്രഹങ്ങളൊന്നും ശുക്രനൊപ്പം മേടത്തിലില്ല. ശുക്രൻ ഏകാന്തയാത്രയാണ് മേടം രാശിയിൽ നയിക്കുന്നതെന്ന് കാണാം. ആകയാൽ ശുക്രൻ നൽകുന്ന ഫലങ്ങൾ ഒരുപക്ഷേ, മീനത്തിലോളം തന്നെ ശക്തമായിരിക്കും. മേയ് 31ന് പകൽ 11.30ന് ആണ് ശുക്രൻ മേടത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ മുതൽ ജൂൺ 13 വരെ അശ്വതിയിലും, തുടർന്ന് ജൂൺ 25 വരെ ഭരണിയിലും, തുടർന്ന് കാർത്തിക നക്ഷത്രമണ്ഡലത്തിലും ശുക്രൻ സഞ്ചരിക്കുന്നു.
ശുക്രന്റെ മേടം രാശിയിലെ സഞ്ചാരം ഏതൊക്കെ കൂറുകാർക്കാണ് ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും ഏതൊക്കെ കൂറുകാർക്കാണ് ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതെന്നും അപഗ്രഥിക്കാം.
Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ജന്മരാശിയിലൂടെ കടന്നുപോവുമ്പോൾ ശുക്രൻ പൊതുവേ നേട്ടങ്ങളും നന്മകളും നൽകും. മേടക്കൂറുകാരുടെ ജീവിതത്തിൽ ഭൗതിക കാര്യങ്ങളിൽ ശ്രദ്ധയും താല്പര്യവും കൂടുവാനിടയുണ്ട്. ഉടുപ്പും നടപ്പും പരിഷ്കൃതമാവും. മോടിയുള്ള വസ്തുക്കൾ വാങ്ങുന്നതാണ്. തന്നോടുള്ള സ്നേഹം സ്വയമറിയാതെ തന്നെ വർദ്ധിക്കും. എതിർലിംഗത്തിൽ പെട്ടവരുടെ ശ്രദ്ധയാകർഷിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചേക്കും. അക്കാര്യത്തിൽ കുറച്ചൊക്കെ വിജയിക്കുന്നതമാണ്. കലാപഠനത്തിൽ താല്പര്യമേറും. വിനോദ പരിപാടികൾ, ഒത്തുചേരൽ, ഷോപ്പിംഗ്, കലാസ്വാദനം, മുന്തിയ ഭക്ഷണം, സുഹൃൽ സല്ലാപം ഇവയ്ക്ക് സമയം കണ്ടെത്തുന്നതാണ്. കലാപരമായ തൊഴിലിൽ വളർച്ച പ്രകടമാവും. ജോലിയിൽ അലച്ചിൽ കുറഞ്ഞേക്കും. വിരോധികളോടു പോലും അടുക്കാൻ ശ്രമിക്കും. ഏകോപനത്തിൽ വിജയിക്കുന്നതാണ്. ധനസ്ഥിതി ഒട്ടൊക്കെ സംതൃപ്തിയേകും.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ശുക്രൻ പന്ത്രണ്ടാം ഭാവത്തിലാണ്. ശുക്രനൊഴിക മറ്റുള്ള ഗ്രഹങ്ങൾക്കെല്ലാം പന്ത്രണ്ടാം ഭാവം അഥവാ വ്യയസ്ഥാനം അനിഷ്ടപ്രദമാണ്. എന്നാൽ ശുക്രൻ എട്ടിലും പന്ത്രണ്ടിലും ഗുണഫലങ്ങൾ നൽകുന്നു. ദൂരദിക്കിൽ നിന്നും ശുഭവാർത്തയെത്തും. പഠിപ്പ് / തൊഴിൽ/ മക്കളുടെ കൂടെ താമസിക്കാൻ ഒക്കെയായി ദൂരദിക്കുകളിൽ പോകാനാഗ്രഹിക്കുന്നവർക്ക്, ഈ ഒരുമാസം അനുകൂലമാണ്. തടസ്സങ്ങൾ നീങ്ങിക്കിട്ടും. ആഹ്ളാദങ്ങൾക്കും ആഢംബരത്തിനുമായി ചെലവുണ്ടാകുന്നതാണ്. പ്രണയികൾക്ക് സമ്മാനം നൽകാനും വാങ്ങാനും അവസരം കൈവരും. ഗൃഹം മോടിപിടിപ്പിക്കുക, വാഹനം പുതുക്കുക, നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയും ചെലവിലുൾപ്പെടും. മുൻപു വാങ്ങിയ കടം മടക്കിക്കൊടുക്കാനാവുന്നതാണ്. സുഹൃൽ സംഗമങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കും.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ഏതുഗ്രഹവും ഏറ്റവും അനുകൂലമായ ഫലങ്ങൾ തടസ്സങ്ങളില്ലാതെ സമ്മാനിക്കുന്നത് പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുമ്പോഴാണ്. മിഥുനക്കൂറുകാർക്ക് ശുക്രൻ പതിനൊന്നിലാണ്. ആകയാൽ ഭാഗ്യാനുഭവങ്ങൾ പലതും പ്രതീക്ഷിക്കാം. ഭൗതിക നേട്ടങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നെത്തും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയം കൈവരിക്കാം. മികച്ച പരീക്ഷാവിജയവും, അതിനനുസരിച്ച, അർഹതയ്ക്കൊത്ത ഉപരിപഠനവും നേടുന്നതാണ്. മനസ്സമാധാനവും കുടുംബസൗഖ്യവും പ്രതീക്ഷിക്കാം. പ്രണയ സാഫല്യം വരും. ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാവുന്നതാണ്. വ്യാപാരികൾക്ക് അഭംഗുരമായ കർമ്മവിജയം സിദ്ധിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. കലാരംഗത്ത് വ്യക്തിമുദ്ര സ്ഥാപിക്കാനാവും. തൽസംബന്ധമായ അവസരങ്ങൾ തുറന്നുകിട്ടുന്നതാണ്.
കർക്കടക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
പത്താം ഭാവത്തിലാണ് ശുക്രസഞ്ചാരം. ജന്മരാശിയുടെ 6,7,10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ പ്രതികൂല ഗ്രഹമായി മാറും. പത്താമെടം തൊഴിലിടമാവുകയാൽ കർമ്മമേഖലയ്ക്ക് പുഷ്ടികുറയും. സഹപ്രവർത്തകർ, മേലധികാരികൾ എന്നിവരുമായി ഒത്തുപോകാൻ വിഷമിക്കും. മുതൽമുടക്കുന്നത് കരുതലോടെ വേണം. വായ്പകളുടെ തിരിച്ചടവിന് സമ്മർദ്ദം ഭവിക്കുന്നതാണ്. രാഷ്ട്രീയക്കാർക്കുമേൽ ദുരാരോപണങ്ങൾ ഉയരുവാനിടയുണ്ട്. സ്ത്രീ സൗഹൃദം, പ്രണയം, തുടങ്ങിയവ ശിഥിലമാവാം. ധനപരമായി കൃത്യത പുലർത്തണം. സ്വർണ്ണം, പണം ഇത്യാദികൾ കളവു പോകാനിടയുണ്ട്. രോഗാരിഷ്ടകൾ കൂടാനിടയുണ്ട്. വൈദ്യസഹായം വേണ്ടി വരാം. തീർത്ഥാടനം നീട്ടിവെക്കപ്പെടും. വീടുവിട്ടു നിൽക്കുന്നവർക്ക് ആഗ്രഹിച്ചാലും വീട്ടിലേക്കു വരാൻ വൈകുന്നതാണ്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഒമ്പതാം ഭാവത്തിലാണ് ശുക്രസഞ്ചാരമെന്നതിനാൽ ഭാഗ്യാനുഭവങ്ങൾ ആശ്ലേഷിക്കുന്നതാണ്. നറുക്കെടുപ്പിലൂടെയും മറ്റും ധനാഗമം വരാം. ആസൂത്രണം ചെയ്ത കാര്യങ്ങൾ വിഘ്നം കൂടാതെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നതാണ്. അഭിപ്രായവ്യത്യാസം പരിഹരിച്ച് കുടുംബ ജീവിതത്തെ സംതൃപ്തമാക്കാൻ സാധിക്കുന്ന സ്ഥിതിയുണ്ടാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം കൈവരും. സുഖഭോഗങ്ങളുണ്ടാവും. കുടുംബ സമേതം ദേവാലയ ദർശനം സാധ്യമായേക്കും. മാതാപിതാക്കളുടെ അനാരോഗ്യ കാര്യത്തിലെ ഉൽക്കണ്ഠ ഒഴിയുന്നതാണ്. പൂർവ്വിക സ്വത്തിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. അന്യനാട്ടിൽ തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആത്മസംതൃപ്തിയേകും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വരാം.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
അഷ്ടമത്തിൽ ബുധശുക്രന്മാരൊഴികെ എല്ലാ ഗ്രഹങ്ങളും ആപൽക്കാരികളാണ്. അശുഭങ്ങളെ സമ്മാനിക്കുന്നവരാണ്. കന്നിക്കൂറുകാർക്ക് മേയ് 31 മുതൽ മേടം രാശിയിൽ അനിഷ്ടഭാവമായ എട്ടാമെടത്തിലായി സഞ്ചരിക്കുന്ന ശുക്രൻ ഗുണഫലദാതാവാണ്. ഇൻഷ്വറൻസ്, കുടിശിക, പഴയ വസ്തുക്കളുടെ കൈമാറ്റം എന്നിവയിലൂടെ സമ്പാദ്യം വളർത്തും. പണയവസ്തുക്കൾ തിരിച്ചെടുക്കാനായേക്കും. ശത്രുക്കളെ അടിയറവ് പറയിപ്പിക്കുന്നതാണ്. മുൻകടം തിരികെക്കിട്ടാം. വസ്തുക്കൾക്ക് മോഹവിലയുയർത്തി ധനാഗമം വളർത്താനിടയുണ്ട്. തടസ്സങ്ങളിൽ പകയ്ക്കാതെ മുന്നോട്ടുപോകും. പഴയ സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ഉന്നതരുമായി ഇടപെടാനവസരം സംജാതമാകും. ഒപ്പമുള്ളവരുടെ വിശ്വാസ്യത നേടിയെടുക്കുന്നതാണ്.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ശുക്രൻ ഏഴാമെടത്താണ് സഞ്ചരിക്കുന്നത്. ശുക്രൻ്റെ അനുകൂലത കുറഞ്ഞ ഭാവമാണത്. ഏഴാമെടം കൊണ്ടു ചിന്തിക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ വരാം. പ്രണയത്തിൽ പിണക്കം ഉണ്ടാവുന്നതാണ്. ദാമ്പത്യത്തിലും സ്വൈരം കുറയുന്നതായിരിക്കും. യാത്രകൾ ക്ലേശപ്രദങ്ങളാവും. ഉറക്കം കുറയും. മുന്നേപ്പോലെ ഉന്മേഷം ഉണ്ടാവില്ല. ഏതു കാര്യത്തിലും പുനരാലോചനയും പുനർശ്രമവും വേണ്ടിവന്നേക്കും. ഏഴാമെടത്താൽ പാർട്ണർഷിപ്പുകൾ ചിന്തിക്കാറുണ്ട്. കൂട്ടുകച്ചവടത്തിലും അഭിപ്രായ ഭിന്നത തലപൊക്കാം. സുഹൃത്തുക്കൾ അവരുടെ താത്പര്യങ്ങൾ അടിച്ചേല്പിക്കുന്നുണ്ടോ എന്നും സംശയിക്കും. പ്രമേഹം, രക്തസമ്മർദ്ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവർ കരുതൽ കൈക്കൊള്ളേണ്ട സമയമാണ്.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ആറാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. പ്രതികൂല ഭാവമാണ് ശുക്രന് ആറാമെടം. രോഗം, ശത്രു, കാര്യതടസ്സം, കടബാധ്യതകൾ, കർമ്മരംഗം തുടങ്ങിയവ ആറാമെടം കൊണ്ട് പരിഗണിക്കുന്നു. അനായാസം നേടും എന്നുകരുതിയ കാര്യങ്ങൾ വൈകാം. യാത്രകൾ നീട്ടിവെക്കേണ്ടി വരാം. പ്രണയം, സൗഹൃദം തുടങ്ങിയവയിൽ ആത്മാർത്ഥതയില്ലാ യ്മ അനുഭവപ്പെടും. നവസംരംഭങ്ങൾ തുടങ്ങുന്നത് നീളുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിച്ചത്ര പല കാര്യത്തിലും ഉണ്ടാവുകയില്ല. സ്വർണാഭരണങ്ങൾ, പണം തുടങ്ങിയവ നഷ്ടപ്പെടാനിടയുണ്ട്. കരാർ ജോലികളിലെ വ്യവസ്ഥകൾ മുൻകൂട്ടി മനസ്സിലാക്കിയിട്ടു വേണം അതിൽ ചേരുവാൻ. ലക്ഷ്യപ്രാപ്തിക്ക് ഉദ്ദേശിച്ചതിലും കടമ്പകൾ ഉണ്ടാവുന്നതാണ്. സാമ്പത്തിക അച്ചടക്കം കുറയും. ദുശ്ശീലങ്ങളുള്ളവർ സ്വയം നിയന്ത്രണം സ്വീകരിക്കണം.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
അഞ്ചാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ശുഭകാര്യങ്ങളും ശുഭഫലങ്ങളും അനുഭവത്തിൽ ഉണ്ടാവും. ഭാവിയെക്കുറിച്ച് കുടുംബത്തോടൊപ്പം ചർച്ച ചെയ്യുന്നതാണ്. നല്ല ഉപദേശം പല കാര്യങ്ങളിലും ലഭിക്കും. സാമ്പത്തിക വിഷയങ്ങളിൽ തൃപ്തിയുണ്ടാവും. ഊഹക്കച്ചവടത്തിൽ ആദായം പ്രതീക്ഷിക്കാം. കലാസാഹിത്യ പ്രവർത്തനങ്ങളിൽ അഭംഗുരം ഏർപ്പെടുന്നതാണ്. അവയിൽ നിന്നും നേട്ടങ്ങൾ വന്നെത്തും. മക്കളുടെ തുടർപഠനം സംബന്ധിച്ച ആശങ്കയൊഴിയും. ജോലി തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ സംജാതമാകും. സംഘടനകളുടെ കാര്യാലോചനകളിൽ സക്രിയമായ സാന്നിധ്യം പുലർത്തും. ഉപാസനാദികൾക്കും ആത്മീയമായ ഉണർവ്വിനും ചേരുന്ന സാഹചര്യം രൂപപ്പെടുന്നതാണ്. പ്രണയസാഫല്യം ഉണ്ടാവും. രോഗചികിൽസ ഫലപ്രദമായിത്തീരും. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്.
മകരക്കൂറിന് (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ശുക്രൻ നാലാം ഭാവത്തിലാണ്. ദേഹസ്സുഖവും ഒപ്പം മനസ്സുഖവും ഉണ്ടാവും. നല്ല സുഹൃത്തുക്കളെ കിട്ടാം. ബന്ധുക്കളുമായുണ്ടായിരുന്നു കലഹം പറഞ്ഞുതീർക്കാൻ കഴിഞ്ഞേക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള സാധ്യത കാണുന്നു. മകന്/ മകൾക്ക് ഉന്നത വിജയത്തിനുള്ള പാരിതോഷികമെന്ന നിലയിൽ വാഹനം വാങ്ങിക്കൊടുക്കും. തറവാട് നവീകരിക്കാനുള്ള ശ്രമം തുടരുന്നതാണ്. നിലവിലെ ജോലിയിൽ ആവശ്യത്തിന് വിശ്രമം ലഭിക്കും. ഭാര്യാഭർത്താക്കന്മാർക്ക് വീട്ടിനടുത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതാണ്. വിദേശത്ത് തൊഴിൽക്കുഴപ്പത്തിൽ പെട്ടവർക്ക് സമാശ്വസിക്കാൻ സാഹചര്യം ഒത്തുവരും. ബിസിനസ്സുകാർക്ക് ആദായം കൂടുന്നതാണ്. ധനകാര്യത്തിൽ വ്യക്തമായ ക്രമീകരണം സാധ്യമാകുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്തി മാതാപിതാക്കളോടൊപ്പം കുറച്ചുകാലം ചിലവഴിക്കാനാവും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി)
"മൂന്നാം ഭാവത്തിലെ വ്യാഴം മുറവിളികൂട്ടും എന്നാണ്." എന്നാൽ മൂന്നാമെടത്തിലെ ശുക്രൻ സന്തോഷിപ്പിക്കുന്ന ഗ്രഹമാണ്. സഹോദരരാൽ തനിക്കും, തന്നാൽ സഹോദരർക്കും ഗുണമുണ്ടാവും. തടസ്സപ്പെട്ട സംരംഭങ്ങൾ തുടങ്ങുവാനാവും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ വരുന്നതാണ്. വായ്പക്കുള്ള അപേക്ഷയിൽ തീരുമാനമുണ്ടാവും. ദുർബുദ്ധികളുടെ ദുരാരോപണങ്ങളെ ചെറുക്കാൻ പറ്റും. നവസാങ്കേതികവിദ്യകൾ പഠിക്കാനായേക്കും. കൈത്തൊഴിലുകളിൽ നേട്ടം അധികരിക്കും. ഓഫീസിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. അകലങ്ങളിൽ ജീവിക്കുന്നവർക്ക് കുടുംബാംഗങ്ങളുമായി ഒത്തുചേരാൻ അവസരം കൈവരും. ആൾക്കൂട്ടത്തിൻ്റെ പിന്നാലെ പോകാതെ സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളുന്നതാണ്. നിക്ഷേപങ്ങൾ പുതുക്കി ഉയർന്ന പലിശ നേടാനാവും.
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറിൽ ജനിച്ചവർക്ക് ശുക്രൻ ധന,കൂടുംബ,വിദ്യാ, വാക് സ്ഥാനമായ രണ്ടാം ഭാവത്തിലാണ്. ജന്മരാശിയിൽ ഇപ്പോൾ എപ്രകാരം ഗുണപ്രദനായിരുന്നുവോ അപ്രകാരം തന്നെയാണ് ഇനിയും ശുക്രൻ. തൊഴിൽ രംഗം പുഷ്ടിപ്പെടുന്നതാണ്. വാക്കുകൾക്ക് വശ്യശക്തിയുണ്ടാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവിഘ്നം നിർവഹിക്കാനാവും. കുടുംബ ബന്ധങ്ങൾക്ക് പാരസ്പര്യത്തിൻ്റെ ദൃഢത വന്നെത്തും. ഉപരിപഠനാവസരങ്ങൾ തെളിയുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സംതൃപ്തിയുണ്ടാവും. ജോലിഭാരം കൂടുകയില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഇൻക്രിമെൻ്റ്, കുടിശ്ശിക, ലാഭവിഹിതം ഇവ കൈവരുന്നതാണ്. കലാവാസന പുഷ്ടിപ്പെടും. പാരിതോഷികങ്ങൾ ലഭിക്കാം. പ്രണയത്തിൽ നിന്നും ആഹ്ളാദം അനുഭവിക്കും. കിടപ്പുരോഗികൾക്ക് ആശ്വാസം വന്നെത്തും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതാണ്.
Read More: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.