/indian-express-malayalam/media/media_files/2025/05/23/11CJGJ3MNmurx39ZceRt.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കറുത്തവാവ് വരുന്നുണ്ട്. ചൊവ്വാഴ്ച ഗ്രീഷ്മ ഋതുവും ഒപ്പം ജ്യേഷ്ഠമാസവും ആരംഭിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ഇടവം രാശിയിൽ കാർത്തിക - രോഹിണി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഇപ്പോൾ ബുധന് മൗഢ്യവുമുണ്ട്.
വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി മീനത്തിൽ ഉത്രട്ടാതി ഒന്നാം പാദത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും, കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
ജന്മനക്ഷത്രത്തിൽ തന്നെയാണ് ആഴ്ച ആരംഭിക്കുന്നത്. പല കാര്യങ്ങളും ആലോചിച്ചുറപ്പിക്കും. ഇഷ്ടസുഹൃത്തുക്കളെ കാണാനാവും. സന്തോഷത്തിനു പിറകെ സന്താപവും, സന്താപത്തിന് പിറകെ സന്തോഷവും ഉണ്ടെന്ന ജീവിത പാഠം അനുഭവിച്ചറിയും. ഔദ്യോഗികമായി കാര്യങ്ങൾ വരുതിയിലാവും. ചിലപ്പോൾ മുൻകൂട്ടി തീരുമാനിച്ചവ പാടേ മാറ്റിവെക്കേണ്ടി വരുന്ന സ്ഥിതി ഭവിക്കും. രാഹുവും കേതുവും തീർക്കുന്ന അർദ്ധവലയത്തിൽ മുഴുവൻ ഗ്രഹങ്ങളും ഉൾപ്പെടുന്ന കാലമാണ്. വേഗത ആഗ്രഹിച്ചാലും വാഹനം മാത്രമല്ല ജീവിതവും മന്ദഗതി കൈക്കൊണ്ടേക്കും. ഞായർ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സാമാന്യമായി സ്വാസ്ഥ്യവും സ്വച്ഛന്ദതയും പ്രതീക്ഷിക്കാം.
ഭരണി
പതിനൊന്നാം രാശി തൊട്ട് അഞ്ചാം രാശി വരെ തുടർച്ചയായി ഗ്രഹങ്ങളുണ്ട്. ആൾക്കൂട്ടത്തിനിടയിൽ പെട്ട പ്രതീതിയാവും. സ്വകാര്യത ഭഞ്ജിക്കപ്പെടാം. കർമ്മനിരതത്വം പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. എന്നാൽ ഉദ്ദേശിച്ച കാര്യങ്ങൾക്കു പകരം മറ്റു ചില പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവും. വീടുവിട്ടുനിൽക്കേണ്ട സ്ഥിതി വരുന്നതാണ്. മനസ്സിലൂടെ വിഷാദ കാർമേഘങ്ങൾ കടന്നുപോകാം. ബുദ്ധിയുണർന്ന് പ്രവർത്തിച്ചേക്കില്ല. വാക്കിൽ പാണ്ഡിത്യവും മാധുര്യവും നിറയും. ജീവിത പങ്കാളിയിൽ നിന്നും പാരിതോഷികം ലഭിക്കുന്നതാണ്.
Also Read: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കാർത്തിക
തിടുക്കവും അമിതോത്സാഹവും കൊണ്ട് കാര്യമൊന്നുമില്ലെന്ന് അനുഭവം കൊണ്ടറിയും. തൊഴിലിടത്തിൽ ഏകോപനം ക്ലേശകരമാവും. ക്ഷോഭം യന്ത്രിക്കപ്പെടണം. പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഔദ്യോഗികയാത്രകൾ ഗുണകരമാവും. ബിസിനസ്സ് നടത്തിപ്പിൽ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. വാഹനം മോടിപിടിപ്പിക്കാൻ ചെലവുണ്ടാവും. കുടുംബകാര്യങ്ങളിൽ സ്വയം തീരുമാനം കൈക്കൊള്ളുന്ന രീതി മാറ്റേണ്ടി വന്നേക്കും. തിങ്കൾ, വ്യാഴം, വെള്ളി മെച്ചമുള്ള ദിവസങ്ങൾ.
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രന് ബലഹാനിയും പരിവർത്തനവും വരുന്നതിനാൽ വാരാദ്യം മനക്ലേശം വരാനിടയുണ്ട്. തീരുമാനങ്ങളിൽ ചാഞ്ചല്യത്തിനും സാധ്യത കാണുന്നുണ്ട്. ആരോഗ്യജാഗ്രത വേണം. തൊഴിൽ രംഗത്ത് അദ്ധ്വാനമേറുന്നതാണ്. വീടിൻ്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. കുടുംബാംഗങ്ങളുടെ സഹകരണം കുറയുന്നതിൽ പരിഭവിക്കും. ശനി - ശുക്ര യോഗം ഭോഗസുഖം, ധനലബ്ധി ഇവയ്ക്ക് കാരണമാകും. വ്യാപാരത്തിൽ ചുമതലക്കാരുണ്ടെങ്കിലും മേൽനോട്ടം ഉദാസീനമാവരുത്. സംഭാഷണത്തിലൂടെ ബഹുമാന്യത നേടും.
മകയിരം
ക്ഷേത്രാടനം, ജീവകാരുണ്യം തുടങ്ങിയ സൽകാര്യങ്ങൾക്കും ഒപ്പം അതിഥി സൽകാരങ്ങൾക്കും സമയം കണ്ടെത്തും. മനസ്സ് ഇടക്കിടെ ചഞ്ചലമായിക്കൊണ്ടിരിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ സാധിച്ചേക്കില്ല. ആഗ്രഹിക്കാതെ തന്നെ പരാശ്രയത്വം വേണ്ടി വരുന്നതാണ്. സാമ്പത്തികം മോശമാവില്ല. സർക്കാർ കാര്യങ്ങളിൽ ആവർത്തിത ശ്രമം വേണം. ഉപരിവിദ്യാഭ്യാസ കാര്യം ആശയക്കുഴപ്പത്തിൽ തുടരുന്നതാണ്. കടം കൊടുക്കാത്തതിനാൽ ബന്ധു അപവാദം പറയും. രോഗചികിൽസയിൽ ആലസ്യമരുത്. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
തിരുവാതിര
പ്രവർത്തനങ്ങൾ പെരുവഴിയിലാവാതിരിക്കാൻ ലക്ഷ്യബോധവും കഠിനാധ്വാനവും വേണ്ടസമയമാണ്. ആരാണ് മിത്രം? ആരാണ് ശത്രുവെന്ന് അറിയാനാവാതെ കുഴങ്ങിയേക്കും. പെട്ടെന്ന് ചെയ്യേണ്ട കാര്യം മനസ്സിലുദിക്കയുമില്ല. വാഗ്വാദങ്ങൾക്ക് മുതിരരുത്. ചില മാറ്റങ്ങൾ സ്വയം അറിയാതെ തന്നെ സംഭവിക്കുന്നതാണ്. വാരാദ്യം ശുഭവർത്തമാനം കേൾക്കും. തന്നെക്കുറിച്ച് നല്ലവാക്കുകൾ ശ്രവിക്കാനാവും. പണച്ചെലവ് കുറയില്ല. വരുമാനം അല്പാല്പമായിട്ടാവും കരഗതമാവുക. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാം. പരോക്ഷമായി ആരൊക്കെയോ പിന്തുണക്കുന്നുണ്ടെന്ന് തോന്നിയേക്കും.
Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
പുണർതം
സാഹചര്യങ്ങൾ കുറച്ചൊക്കെ പ്രതികൂലമായി അനുഭവപ്പെടും. സാധാരണ കാര്യങ്ങൾ ഒരുവിധം നടന്നുകിട്ടും. ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. മകളുടെ ഉപരിവിദ്യാഭ്യാസത്തിന് ധനം കണ്ടെത്താൻ വിഷമിക്കുന്നതാണ്. സുഹൃൽബന്ധം ദൃഢമായേക്കും. താലൂക്ക് -വില്ലേജ് ഓഫീസുകളിൽ നിന്നും ചില രേഖകൾ ലഭിക്കാൻ പ്രയത്നിക്കേണ്ടി വരും. കുടുംബ ബജറ്റിൻ്റെ താളം തെറ്റാനിടയുണ്ട്. ചെലവുകളുയരുന്നതിൽ അലോസരം ഉണ്ടാവും. വാരാദ്യത്തിന് ശേഷം രോഗം കുറഞ്ഞുതുടങ്ങും. പാരിതോഷികം ലഭിക്കാം.
പൂയം
കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. ചുമതലപ്പെടുത്തിയവർ കൃത്യനിർവഹണത്തിൽ വിജയിക്കും. സർക്കാർ അനുമതി / ലൈസൻസ് ലഭിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അനുയായികളുടെ പിന്തുണയുണ്ടാവും. ഗൃഹത്തിൽ സമാധാനാന്തരീക്ഷം പുലരും. ബന്ധുക്കളെ സന്ദർശിച്ച് പൂർവ്വകാല അനുഭവങ്ങൾ അനുസ്മരിക്കാൻ സാധിക്കുന്നതാണ്. നല്ലകാര്യങ്ങൾക്ക് ചെലവുണ്ടാവും. വായ്പാ തിരിച്ചടവ് സുഗമമായേക്കും. രണ്ടിലെ കേതുസഞ്ചാരം മുഖരോഗങ്ങൾക്ക് കാരണമാകാം. കലാപ്രവർത്തകർ നല്ല അവസരങ്ങൾക്ക് കാത്തിരിക്കേണ്ടി വരാം.
Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ആയില്യം
സ്വന്തം വാക്കുകളും പ്രവർത്തികളും തനിക്കുനേരെ തന്നെ തിരിയാം. ധനപരമായ ഇടപാടുകളിൽ ശ്രദ്ധവേണം. ജന്മനക്ഷത്രത്തിൽ ചൊവ്വയും രണ്ടാമെടത്ത് കേതുവും സഞ്ചരിക്കുകയാൽ ക്ഷോഭം അധികരിക്കും. വലിയ തോതിൽ പണം മുടക്കി എന്തെങ്കിലും കാര്യങ്ങൾ സമാരംഭിക്കാൻ ഈയാഴ്ച അനുകൂലമല്ല. കരാറുകൾ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. ഹ്രസ്വയാത്രകൾ മനസ്സിന് സന്തോഷമേകുന്നതാണ്. സുഹൃത്തുക്കളെ അമിതമായി ആശ്രയിക്കുന്നത് ദോഷകരമായേക്കാം. തിടുക്കം ഒഴിവാക്കണം.
മകം
ഗ്രഹനിലകളിൽ ചിലതൊക്കെ അനുകൂലമല്ലെന്നിരുന്നാലും കാര്യസാധ്യം ഭവിക്കുന്നതാണ്. പുതിയ ജോലിയിൽ / പദവിയിൽ പ്രവേശിക്കാനാവും. ധനക്ലേശം കുറയും. മുൻ നിക്ഷേപങ്ങൾ ആവശ്യത്തിന് ഉപകാരപ്പെടും. സമൂഹത്തിൻ്റെ അംഗീകാരം നേടുന്നതായിരിക്കും. മക്കളുടെ പഠനകാര്യത്തിൽ വ്യക്തത കൈവരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റാൻ തയ്യാറാകാത്തത് ഗൃഹത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകാം. സുഹൃൽ സമാഗമം, ലഘുയാത്രകൾ ഇവയുണ്ടായേക്കും. അമിതസാഹസങ്ങൾക്ക് മുതിരരുത്.
പൂരം
മാറ്റങ്ങൾ ഉൾക്കൊള്ളാൻ മനസ്സ് തയ്യാറാവും. പുതിയ വാടകവീട് കണ്ടെത്തുവാൻ കഴിഞ്ഞേക്കും. ജീവിതത്തിൻ്റെ താളം വീണ്ടും മുഴങ്ങിത്തുടങ്ങും. കലാപ്രവർത്തനത്തിന് സമയം കണ്ടെത്താനാവും. ചെറുപ്പക്കാർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. വ്യാപാരികൾക്ക് സീസൺ അനുസരിച്ചുള്ള ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. സാംക്രമിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. പണയസ്വർണ്ണം തിരിച്ചെടുക്കാനാവും. ബന്ധുക്കളുടെ സഹായം പ്രയോജനപ്പെടുത്തും.
ഉത്രം
മാറ്റം ആഗ്രഹിക്കും. പക്ഷേ മാറ്റം വരുത്തുവാനാവശ്യമായ പ്രയത്നത്തിന് മനസ്സുണ്ടാവില്ല. ആരാൻ്റെ കാര്യത്തിൽ ഇടപെടാതിരിക്കുക ഉത്തമം. കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയുണ്ടാവണം. ആരെയും നിസ്സാരന്മാരായി കരുതുകയുമരുത്. നവസംരംഭങ്ങൾ ഒരുവിധം മുന്നോട്ടുപോകും എന്നേ പറയാൻ കഴിയൂ! പുതിയ ചുമതലക്കാരെ നിയമിക്കേണ്ടി വന്നേക്കാം. രോഗഗ്രസ്തതർക്ക് ചികിൽസാച്ചെലവേറും. കുടുംബത്തിൽ സമാധാനം കുറയുന്നതിനിടയുണ്ട്.
അത്തം
ഞായറും തിങ്കളും അഷ്ടമരാശിയാണ്. അതിനാൽ അവയിൽ പുതുകാര്യങ്ങൾ തുടങ്ങരുത്. വാക്കിലും കർമ്മങ്ങളിലും കരുതലുണ്ടാവണം. തീർച്ചെപ്പെടുത്തിയ കാര്യങ്ങളായാലും ഒന്നുകൂടി ആലോചിക്കുന്നതിൽ തെറ്റില്ല. മറ്റു ദിവസങ്ങൾ ഗുണപ്രധാനങ്ങളാണ്. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടുന്നതായിരിക്കും. ഭോഗ സുഖം അനുഭവിക്കും. വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുക്കുന്നതാണ്. ജന്മനാട്ടിൽ പോകാനും പിതൃബന്ധുക്കളെ സന്ദർശിക്കാനുമാവും. സക്രിയത നിലനിർത്തും. കച്ചവടതന്ത്രങ്ങൾ വിജയം കാണുന്നതാണ്.
ചിത്തിര
പല കാര്യങ്ങളും കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി അനുഭവപ്പെടാം. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ചോദ്യം ചെയ്യപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. വിദ്യാഭ്യാസ വായ്പ ലഭിച്ചേക്കാം. ഏജൻസി പ്രവർത്തനം ഗുണകരമാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമല്ലാത്ത ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടി വരാം. പ്രണയികൾക്ക് തടസ്സങ്ങൾ നീങ്ങാം. സ്ത്രീ സുഹൃത്തിൽ നിന്നും സഹായം സ്വീകരിക്കുന്നതാണ്. ചിലപ്പോൾ കൂടുതൽ നേരം ചിന്തയിൽ മുഴുകും. വസ്തുവിൽ നിന്നും ആദായം ഉണ്ടാവും.
ചോതി
വാരാദ്യവും വാരാന്ത്യവും ഗുണപ്രദമാവും. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ ചൊവ്വയും ബുധനും കരുതൽ വേണം. വാഗ്വാദങ്ങളിൽ സംയമം പാലിക്കണം. ക്ഷോഭത്തിന് വിധേയമാകരുത്. മറ്റു ദിവസങ്ങളിൽ കരുതിയതൊക്കെ ചെയ്യാനാവും. ആത്മവിശ്വാസം ഉയരും. വിദ്യാഭ്യാസകാര്യങ്ങളിൽ വഴി തെളിഞ്ഞേക്കും. വൃദ്ധജനങ്ങളുടെ പരിചരണത്തിൽ സന്തോഷം കണ്ടെത്തും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. സകുടുംബം സുഹൃൽ ഭവനം സന്ദർശിച്ചേക്കും. ഉദ്യാനപരിപാലനത്തിന് സമയം കണ്ടെത്തും. ഉപാസനാദികൾ മുടങ്ങില്ല.
Also Read: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
വിശാഖം
ഉദ്യോഗസ്ഥർക്ക് സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവും. കലഹവാസനയുള്ള സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങാൻ ആദിത്യൻ അനിഷ്ടസ്ഥാനത്ത് തുടരുന്നത് അനുകൂലമല്ല. കേതുവിൻ്റെ അനുകൂലസ്ഥിതി അപ്രതീക്ഷിതമായ ധനാഗമം സൃഷ്ടിക്കും. രാഹുസ്ഥിതി ആശയക്കുഴപ്പത്തിനും കാരണമായേക്കാം. പുതിയ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ഓഫീസിൽ നിന്നും നിർദ്ദേശം വരാം. സമൂഹമാധ്യമങ്ങൾ കാണാൻ കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. ചൊവ്വ, ബുധൻ, വ്യാഴം മേന്മ കുറഞ്ഞ ദിനങ്ങൾ.
അനിഴം
കർമ്മരംഗത്ത് ഉൽസാഹം ഉണ്ടാവും. ബുദ്ധിയുണർവ്വോടെ പ്രവർത്തിക്കാനാവും. ഒപ്പമുള്ളവരുടെ നിസ്സഹകരണം തളർത്തില്ല. ബിസിനസ്സിൽ അഭിവൃദ്ധി പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. ലക്ഷ്യപ്രാപ്തിക്കായി ആലോചിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതാണ്. ഉന്നതരുമായി കൂടിക്കാഴ്ച സാധ്യമാകും. വഴിനടത്തം മൂലം ക്ലേശങ്ങളുണ്ടാവും. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം. ഭോഗസുഖം, ഭക്ഷണതൃപ്തി എന്നിവ വാരാദ്യ ദിവസങ്ങളിലെ അനുഭവങ്ങളാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ സുപ്രധാന കാര്യങ്ങൾ ഒഴിവാക്കുക ഉചിതം.
തൃക്കേട്ട
മികച്ച അവസരങ്ങൾക്കായി കാത്തിരിക്കും. വിദ്യാർത്ഥികൾ ഇടക്കാല കോഴ്സുകൾ പഠിക്കാൻ ചേരുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾക്കായി പകരക്കാരെ നിയോഗിക്കും. സംഘടനാ പ്രവർത്തനം പരിമിതപ്പെടുത്താൻ വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടാവുന്നതാണ്. അയൽ തർക്കങ്ങൾ പരിഹരിക്കും. താലൂക്ക് -വില്ലേജ് ഓഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ ശ്രമം തുടരും. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. ജീവകാരുണ്യത്തിൽ താത്പര്യമേറുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വാഗ്ദാനം പാലിക്കാനാകാതെ വിഷമിക്കും. ആരോഗ്യശ്രദ്ധ വേണം.
മൂലം
അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. പ്രയോജനപ്പെടുത്താൻ സന്നദ്ധതയുണ്ടാവണം. ഗാർഹികാന്തരീക്ഷം കുറച്ചൊക്കെ സഹായകമാവും. ജീവിത പങ്കാളിയുടെ പിന്തുണ കരുത്തേകും. മകൻ്റെ പരീക്ഷാവിജയത്തിന് ആഗ്രഹിച്ച പാരിതോഷികം നൽകുന്നതാണ്. വ്യാപാരത്തിൽ സാമാന്യം ലാഭമുണ്ടാവും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവർക്ക് പ്രതീക്ഷിച്ച അവസരം വന്നുചേരുന്നതാണ്. പൂർവ്വിക വസ്തുക്കളെ സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ സാധിച്ചേക്കില്ല. പുതിയ സുഹൃത്തുക്കളെ സ്വീകരിക്കുന്ന കാര്യത്തിൽ വിവേചനമുണ്ടാവണം.
പൂരാടം
സാധാരണ കാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. വലിയ ദൗത്യങ്ങൾ നിറവേറാൻ പരാശ്രയം വേണ്ടിവരും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും. പണയം വെച്ച ആഭരണം തിരിച്ചെടുക്കാനായേക്കും. സഹോദരരുടെ കാര്യത്തിൽ ചില ആശങ്കകളുണ്ടാവാം. അന്യനാട്ടിൽ പോയി പഠിക്കാനുള്ള മകൻ്റെ ആഗ്രഹം അംഗീകരിക്കും. ഗൃഹത്തിൻ്റെ മോടിപിടിപ്പിക്കൽ പ്രതീക്ഷിച്ച നിലവാരം ഉള്ളതായേക്കില്ല. സംഘടനയുടെ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. ഒമ്പതിൽ കേതു സഞ്ചരിക്കുന്നതിനാൽ ഉപാസനകൾ തടസ്സപ്പെടാനിടയുണ്ട്. ശനി അനുകൂല ദിവസമല്ല.
ഉത്രാടം
ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വ്യക്തിബന്ധം പരിഗണിക്കില്ല. ആകയാൽ വേണ്ടപ്പെട്ട ചിലരുടെ ശത്രുത സമ്പാദിക്കാനിടയുണ്ട്. വാഹനം സർവ്വീസ് ചെയ്യേണ്ട സമയമാവും. ആകയാൽ അത്യാവശ്യ യാത്രകൾ നീട്ടിവെക്കേണ്ടി വരാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ജാഗ്രതയുണ്ടാവണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സാഹിത്യകാരന്മാർക്ക് രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. മകരക്കൂറുകാർക്ക് ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. ധനുക്കൂറുകാർക്ക് പ്രവൃത്തി വിജയമുണ്ടാവും. സർക്കാർ കാര്യങ്ങളിൽ സുഗമത പ്രതീക്ഷിക്കാവുന്നതാണ്.
തിരുവോണം
സമരോത്സുകതയും ലക്ഷ്യപ്രാപ്തിക്കുള്ള ഏകാഗ്രതയും ഉണ്ടാവുന്നതാണ്. വിട്ടുവീഴ്ചയില്ലായ്മ കഠിനഹൃദയരാണെന്ന ആക്ഷേപത്തിനിട വരുത്തും. കൂട്ടുകച്ചവടത്തിൽ നഷ്ടം വരുകയാൽ അതവസാനിപ്പിക്കാൻ ശ്രമം തുടങ്ങുന്നതാണ്. ധനകാര്യം ഭംഗിയായി കൈകാര്യം ചെയ്യും. അതിഥി സൽകാരത്തിന് സമയം കണ്ടെത്തും. പുതിയ സംരംഭങ്ങളുടെ പേപ്പർ വർക്കുകൾ പൂർത്തിയാക്കും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വയം മുന്നോട്ടു വരുന്നതാണ്. രാഹുകേതുക്കളുടെ ദുഃസ്ഥാനസ്ഥിതി ആരോഗ്യക്ലേശത്തിന് വഴിവെക്കും. അക്കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.
അവിട്ടം
സ്ഥാപിത താത്പര്യക്കാരെ തിരിച്ചറിയുന്നതാണ്. ഏർപ്പെടുന്ന കർമ്മങ്ങളിൽ നൂറുശതമാനം ആത്മാർത്ഥത പുലർത്താൻ ശ്രമിക്കും. കടം വാങ്ങേണ്ട സാഹചര്യങ്ങളെ മിതവ്യയം കൊണ്ട് മറികടക്കുവാനാവും. കള്ളം പറയേണ്ട സാഹചര്യങ്ങൾ വരാം. ഉദ്യോഗസ്ഥരുടെ പദവിയിൽ ഉയർച്ചയോ താഴ്ചയോ ഉണ്ടാവാനിടയില്ല. ഉപരിപഠനത്തിൽ ആശയക്കുഴപ്പം തുടരുവാനാണ് സാധ്യത. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജീവിതപങ്കാളിയുടെ അഭിപ്രായം ആരായും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്.
ചതയം
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ വിഷമിക്കുന്നതാണ്. സ്വാശയ ജോലി ആരംഭിക്കാനാഗ്രഹിക്കും. എന്നാൽ രാഹുവും ശനിയും മറ്റും വിപരീതഭാവങ്ങളിൽ സഞ്ചരിക്കുകയാൽ അതൊഴിവാക്കുകയാവും കരണീയം. അനുരാഗത്തിന് വിഘാതം വരാനിടയുണ്ട്. പലപ്പോഴും സ്വന്തം പരിമിതികൾ തിരിച്ചറിയില്ല. ഭൂമിവിൽപ്പനയിലെ തടസ്സങ്ങളകലും. എന്നാൽ വിലയിൽ കുറവ് വരുത്തേണ്ടി വരുന്നതായിരിക്കും. നാലിലെ ആദിത്യ സ്ഥിതിയാൽ സഞ്ചാരങ്ങൾ ക്ലേശപ്രദമാവും. ഞായർ, തിങ്കൾ, ചൊവ്വ, ശനി എന്നിവ അനുഭവഗുണമുള്ള ദിവസങ്ങളായിരിക്കും.
പൂരൂരുട്ടാതി
അനാവശ്യമായ തിടുക്കം ഗുണം ചെയ്യില്ല. ചിലപ്പോൾ ഏതുകാര്യവും ഏറ്റവും മെല്ലെയായി ചെയ്യാനും സാധ്യതയുണ്ട്. മക്കളും പേരക്കുട്ടികളും സഹായത്തിനുണ്ടാവും. ചെറുപ്പക്കാർക്ക് ഭാവിയെക്കുറിച്ചും ജോലിയെക്കുറിച്ചും ഉൽക്കണ്ഠ ഉയർന്നേക്കും. പാരമ്പര്യ വ്യാപാരത്തിൽ ശ്രദ്ധയുണ്ടാവും. വരവും ചെലവും സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. സാംക്രമിക രോഗങ്ങൾക്കെതിരെ കരുതൽ വേണ്ടതുണ്ട്. സംഘടനകളുടെ ചുമതലകൾ ഒഴിയാൻ ആഗ്രഹിക്കുമെങ്കിലും വീണ്ടും നിയമിക്കപ്പെടും. വാരമധ്യത്തിലെ ദിവസങ്ങളിൽ പ്രധാനകാര്യങ്ങൾ ഒഴിവാക്കുക ഉത്തമം.
ഉത്രട്ടാതി
പ്രവർത്തന മികവ് നിലനിർത്താൻ കഴിയുന്ന വാരമാണ്. കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനെക്കാൻ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയാക്കാനാവും.
വിദഗ്ദ്ധരുമായി ആലോചിക്കുമെങ്കിലും തീർപ്പ് തൻ്റെതുതന്നെ ആയിരിക്കും. വീടുപണിയുടെ പൂർത്തീകരണം വൈകുവാനാണിട. കൂടുതൽ തുക കടം വാങ്ങാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. രാഷ്ട്രീയ പക്ഷപാതങ്ങൾ പ്രകടമാക്കുന്നതാണ്. സഹോദരരിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങൾ, നിർവഹണത്തിൽ എത്തിയേക്കില്ല. വ്യായാമം നിർബന്ധമാക്കാൻ തയ്യാറായേക്കും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ കൂടുൽ ഗുണകരമാവും.
രേവതി
കൃത്യനിഷ്ഠക്ക് ലോപം വരുകയാൽ ഔദ്യോഗികമായി സമ്മർദ്ദം ഉണ്ടാവും. ആലസ്യം അനുഭവപ്പെടുന്നതാണ്. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ഊഹക്കച്ചവടത്തിൽ ആദായം കുറയാനുള്ള സാധ്യത കാണുന്നു. പന്ത്രണ്ടാം ഭാവത്തിലെ രാഹുസഞ്ചാരം പാഴ്ച്ചെലവുകൾ വരുത്താനിടയുണ്ട്. ജീവിതപങ്കാളിയുടെ സ്ഥലം മാറ്റക്കാര്യത്തിന് സംഘടനകൾ വഴി ശ്രമം തുടരുന്നതാണ്. പാരമ്പര്യ തൊഴിലിൽ വിപുലീകരണം ആഗ്രഹിക്കും. എന്നാൽ തത്കാലം വലിയ മുതൽമുടക്കുകൾ സാഹസമാവും എന്നത് ഓർമ്മയിലുണ്ടാവണം. ആഴ്ച മധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ഗുണകരമായേക്കും.
Read More: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.