/indian-express-malayalam/media/media_files/2025/07/05/karkkidakam-horoscope-2025-fi-2025-07-05-11-45-38.jpg)
കർക്കടക മാസത്തെ നക്ഷത്രഫലം
Karkidakam Monthly Horoscope: മിഥുനം 32 ന് , ജൂലൈ 16 ന് വൈകിട്ട് 5 മണി 32 മിനിട്ടിന് ആണ് കർക്കടക സംക്രമം. അതിനാൽ തൊട്ടു പിറ്റേദിവസം ആയ ജൂലൈ 17ന് വ്യാഴാഴ്ച കർക്കടകം ഒന്നാം തീയതിയായി കണക്കാക്കുന്നു. കർക്കടകം 31 തീയതികളുള്ള മാസമാണ്. ആഗസ്റ്റ് 16 ന് കർക്കടകം അവസാനിക്കുന്നു.
ആദിത്യൻ കർക്കടകം രാശിയിൽ പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. കർക്കടകം തുടങ്ങുന്നത് കൃഷ്ണ അഥവാ കറുത്തപക്ഷത്തിലാണ്. കർക്കടകം 8 ന്, ജൂലൈ 24 ന് ആണ്, പിതൃതർപ്പണത്തിന് പ്രസിദ്ധമായ 'കർക്കടക വാവ്'. പിറ്റേന്ന്, കർക്കടകം 9 ന് , ജൂലൈ 25 ന് ചാന്ദ്രമാസങ്ങളിൽ അഞ്ചാമത്തേതായ 'ശ്രാവണം' തുടങ്ങുന്നു. കർക്കടകം 23-24 , ആഗസ്റ്റ് 8, 9 തീയതികളിലായി പൗർണ്ണമി വരുന്നു.
കർക്കടകം 10 വരെ ശുക്രൻ ഇടവത്തിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നു. ചൊവ്വ കർക്കടകം 12 വരെ ചിങ്ങം രാശിയിലാണ്. തുടർന്ന് കന്നി രാശിയിൽ പ്രവേശിക്കുന്നു. ബുധൻ കർക്കടക മാസം മുഴുവൻ കർക്കടകത്തിൽ തുടരുകയാണ്. കർക്കടകം 8 മുതൽ 25 വരെ ബുധന് വക്രമൗഢ്യം ഉണ്ട്.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. എന്നാൽ ശനിക്ക് രാശിയിൽ തന്നെ വക്രഗതിയുണ്ട്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതി മൂന്നാം പാദത്തിലാണ് മാസാദ്യം. പിന്നീട് രണ്ടാം പാദത്തിലേക്ക് കടക്കുന്നു. ഇതനുസരിച്ച് കേതുവും കർക്കടകം 5 ന് ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിൽ നിന്നും പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും പിൻഗതിയായാണ് സഞ്ചരിക്കുക എന്നത് ഓർമ്മിക്കത്തക്കതാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. കർക്കടകം 28 ന് വ്യാഴം പുണർതം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടക മാസഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
അശ്വതി
ആത്മവിശ്വാസം കുറയില്ല. കർമ്മമേഖലയിൽ ഉത്സാഹമുണ്ടാവും. കാര്യങ്ങളുടെ മർമ്മം കണ്ടറിയാനുള്ള സഹജമായ കഴിവ് തുണക്കെത്തുന്നതായിരിക്കും. കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിയാനും ചിന്തകളിലും പ്രവർത്തനങ്ങളിലും കാലത്തിനൊപ്പം തന്നെ സഞ്ചരിക്കാനും സാധിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും ക്രിയാത്മകമായ പിന്തുണയുണ്ടാവും. മാസത്തിൻ്റെ രണ്ടാം വാരത്തിൽ രാശ്യധിപനായ ചൊവ്വ ആറാമെടത്തിലേക്ക് മാറുന്നതിനാൽ തടസ്സങ്ങളെ പ്രതിരോധിക്കാനാവും. വിരോധികൾക്ക് എല്ലാക്കാലത്തും പിണങ്ങിയിരിക്കാൻ കഴിയാതെ വന്നേക്കും. സാങ്കേതികമായ അറിവുകൾ നേടാൻ ശ്രമം തുടരുന്നതാണ്. ലഘുയാത്രകൾ ആവർത്തിക്കാം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാതിരിക്കില്ല. കുടുംബ ജീവിതത്തിൽ അലോസരങ്ങൾ കുറയുന്നതാണ്. ധനവിനിയോഗത്തിൽ മിതവ്യയം നിർബന്ധമാക്കണം.
ഭരണി
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിഞ്ഞെന്നുവരില്ല. തന്മൂലമുണ്ടാവുന്ന ക്ലേശങ്ങളിൽ മനപ്രയാസം അനുഭവിക്കും. സാമ്പത്തികമായി മോശമില്ലാത്ത സ്ഥിതിയാണ്. നിക്ഷേപം, ചിട്ടി, ഊഹക്കച്ചവടം ഇവകളിൽ നിന്നും ആദായം വരുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കുന്നതിന് സമയം അനുകൂലമല്ലെന്ന് ഓർക്കണം. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ അസന്ദിഗ്ധതയുണ്ടാവും. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. എതിർപ്പുകളെ അതിജീവിച്ചേക്കും. സർഗപ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കും. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കാൻ കഴിയുന്നതാണ്.
കാർത്തിക
പലതരം മാറ്റങ്ങൾ ജീവിതത്തിൽ വന്നെത്തുന്ന കാലമാണ്. മുൻപ് കൈമെയ് മറന്ന് പ്രവർത്തിച്ചതിൻ്റെ ഫലം അനുഭവിക്കാറാവും. ഭൗതികമായ നേട്ടങ്ങൾ ഒന്നൊന്നായി വന്നെത്തും. പുതിയ ജോലിക്കുള്ള ശ്രമം വിജയം കാണുന്നതാണ്. ഉന്നതരുടെ സഹകരണം കിട്ടും. സാമൂഹികമായ ചലനങ്ങളിൽ വലിയ താത്പര്യമൊന്നും കാണിക്കില്ല. മക്കളുടെ ഭാവികാര്യത്തിൽ ചില ഉത്കണ്ഠകൾ ഉണ്ടാവും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസുകത്വം വരും. വചോവിലാസം അഭിനന്ദിക്കപ്പെടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം.
രോഹിണി
ആദിത്യൻ മൂന്നാമെടത്തിൽ സഞ്ചരിക്കുകയാൽ അധികാരലബ്ധി ഉണ്ടാവും. ജോലിയിൽ വേതനം ഉയരുന്നതാണ്. സാങ്കേതിക പരിശീലനം ഭംഗിയായി പൂർത്തിയാക്കും. ന്യായമായ ആഗ്രഹങ്ങൾ സാധിക്കുന്നതാണ്. അന്യദേശത്തുനിന്നും സ്വദേശത്ത് ജോലിമാറ്റം പ്രതീക്ഷിക്കാം. രണ്ടാമെടത്തെ ശുക്രവ്യാഴയോഗം വാഗ്വിലാസത്തിനും തൊഴിൽ വളർച്ചയ്ക്കും കാരണമാകും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹൃതമാവും. ഭോഗസുഖവും പ്രണയികൾക്ക് സന്തോഷവും സംജാതമാവും. ശത്രുക്കളുടെ കുത്സിതകർമ്മങ്ങളെ സമർത്ഥമായി നേരിടുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിന് വേണ്ട മുന്നൊരുക്കം തുടങ്ങും. കിടപ്പുരോഗികളായ ബന്ധുക്കളെ സന്ദർശിച്ച് വിദഗ്ദ്ധ ചികിൽസക്കാവശ്യമായ സൗകര്യം ചെയ്തുകൊടുക്കും.
മകയിരം
സാമ്പത്തികോന്നമനം ലക്ഷ്യമാക്കിച്ചെയ്യുന്ന പ്രവൃത്തികൾ ഫലം കാണുന്നതാണ്. കഠിനാദ്ധ്വാനം സഫലമാവുന്നതിൽ സന്തോഷിക്കും. വ്യാപാര വ്യവസായങ്ങളിൽ വിപണി ലക്ഷ്യമാക്കി പല പദ്ധതികൾ ആവിഷ്കരിക്കും. വായ്പയ്ക്ക് ഉള്ള ശ്രമം വിജയം കണ്ടേക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പൊതുപ്രവർത്തനത്തിൽ ശത്രുക്കളേറും. എന്നാൽ പ്രതിരോധം സഫലമാവും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്.മകന് പരീക്ഷാ വിജയത്തിൻ്റെ പാരിതോഷികമായി വാഹനം വാങ്ങിക്കൊടുക്കും. കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വരും. ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാർ ജോലികളിൽ ചേരുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കണം.
തിരുവാതിര
അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കുറച്ചൊക്കെ കരകേറാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച ആലോചനകൾ പുരോഗമിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചെറിയ തോതിൽ വേതനവർദ്ധനവിന് സാധ്യതയുണ്ട്. പ്രണയകാര്യത്തിൽ എതിർപ്പുണ്ടാവുമെങ്കിലും ഉറച്ചു നിൽക്കുവാൻ കഴിയും. പ്രിയജനങ്ങളുമൊത്ത് ലഘുഉല്ലാസയാത്രകൾ ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെട്ടതായി പറയാൻ കഴിയില്ല. പിതാവിന് മികച്ച ചികിൽസ നൽകാൻ കഴിഞ്ഞേക്കും. രണ്ടാം വാരം മുതൽ ജന്മരാശിയിൽ ശുക്ര - ഗുരു യോഗം വരുന്നത് ജീവിതകാമനകളെ വളർത്തും. പുതുജീവിത പാഠങ്ങൾ പഠിക്കാനും തന്മൂലം അവസരം ലഭിക്കാം.
പുണർതം
സ്വന്തം കഴിവുകളിൽ വിശ്വസിക്കും. സ്വാശ്രയ ബിസിനസ്സിൽ നടത്തിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതാണ്.സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് / സാങ്കേതിക വിദഗ്ദ്ധന്മാർക്കസ്വതന്ത്രചുമതലകളോ വേതന വർദ്ധനവോ പ്രതീക്ഷിക്കാം. പുതുതലമുറയുടെ കാര്യത്തിൽ ശുഭവാർത്തകൾ കേൾക്കും.കുടുംബത്തിൽ സമാധാനമുണ്ടാവും. അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ ശത്രുക്കളും കുറയില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി ഉണ്ടായേക്കും.ഭോഗസുഖം, സുഹൃത്തുക്കളുമായി ഉല്ലാസം ഇവയ്ക്ക് അവസരം സംജാതമാകും. കൊടുക്കാനുള്ള ധനത്തിൻ്റെ കുറച്ചുഭാഗം കൊടുക്കാനായേക്കും. എന്നാൽ കിട്ടാനുള്ള ധനത്തിന് അവധി പറയപ്പെടും. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
പൂയം
ജന്മരാശിയിൽ ആദിത്യനും ബുധനും സഞ്ചരിക്കുകയാൽ കൃത്യാന്തരങ്ങളിൽ മുഴുകേണ്ടിവരും. ഔദ്യോഗികമായും അനൗദ്യോഗികമായും യാത്രകൾ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ നിലപാടുകൾ തുറന്നു പറയുന്നതാണ്. സഹപ്രവർത്തകരുമായി സംവാദത്തിലേർപ്പെടാനിടയുണ്ട്. ബിസിനസ്സിൽ തത്കാലം കൂടുതൽ ധനം മുടക്കാതിരിക്കുകയാണ് അഭികാമ്യം. രണ്ടാം ആഴ്ചയുടെ ഒടുവിൽ ചൊവ്വ മൂന്നാമെടത്തിലേക്ക് മാറുന്നത് അല്പം ആശ്വാസമുണ്ടാക്കും.സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. സൽകാര്യങ്ങൾക്കായും കുറച്ചൊക്കെ ധാടിമോടികൾക്കായും ധനം വിനിയോഗിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. അഷ്ടമത്തിലെ രാഹു അനാരോഗ്യത്തിന് ഇടവരുത്താമെന്നതിനാൽ ആരോഗ്യത്തിൽ ശ്രദ്ധവേണം.
ആയില്യം
ഭൂമിയോ വീടോ വിൽക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങാം. കൃത്യമായ ആസൂത്രണം കാര്യവിജയമുണ്ടാക്കും. ആദിത്യൻ ജന്മരാശിയിലൂടെ കടന്നുപോകുന്നത് അലച്ചിലിനും അലംഭാവത്തിനും ഇടവരുത്തിയേക്കും. തൊഴിലിൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനർഹന്മാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിളംബത്തിന് സാധ്യതയുണ്ട്. മനസ്സാന്നിധ്യം തുണയ്ക്കും, പലപ്പോഴും. ധനവിനിയോഗത്തിൽ അച്ചടക്കം അനിവാര്യമാണ്. നല്ലതും കൊള്ളരുതാത്തതുമായ കാര്യങ്ങൾക്ക് പണച്ചെലവുണ്ടാവും. പുനരാലോചനകളോടെ പ്രവൃത്തിയിൽ ഏർപ്പെടുന്നത് വിജയത്തിന് കാരണമാകുന്നതാണ്.
മകം
ആദിത്യബുധന്മാർ പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വീടുവിട്ടു നിൽക്കൽ, സഞ്ചാരം, പതിവിലും വ്യയം എന്നിവ സാധ്യതകളാണ്. കാര്യസാധ്യത്തിന് കൂടുതൽ പരിശ്രമം ആവശ്യമാവും. വിദ്യാഭ്യാസത്തിനായി പരദേശഗമനം ഉണ്ടായേക്കും. കർക്കടകം 10 മുതലുള്ള പതിനൊന്നാമെട ത്തിലെ വ്യാഴശുക്രയോഗം ധനപരമായി ഗുണമുണ്ടാക്കും. കിട്ടാക്കടങ്ങൾ കിട്ടുന്നതാണ്. ആത്മവിശ്വാസം ഉണ്ടാവും. ഭൗതികമായ വളർച്ചയുടെ കാലമാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ലാഭം ഇരട്ടിക്കും. ജന്മരാശിയിൽ നിന്നും ചൊവ്വ മാറുകയാൽ രണ്ടാം പകുതിയിൽ ദേഹാരോഗ്യം പുഷ്ടിപ്പെടുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. പൊതുവേ ജീവിതം പുരോഗതിയുടെ പാതയിലാണെന്ന ബോധ്യം സന്തോഷമേകും.
പൂരം
ജന്മരാശിയിൽ കേതുവും ചൊവ്വയും തുടരുന്നതും പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുന്നതും കർക്കടകത്തിലെ ആദ്യ രണ്ടാഴ്ചയെ അല്പം ക്ലേശകരമാക്കാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനായേക്കില്ല. പ്രതീക്ഷിച്ച പിന്തുണ എവിടെ നിന്നും കിട്ടുകയുമില്ല. രോഗാർത്തർക്ക് വൈദ്യസഹായം വേണ്ടിവന്നേക്കാം. കർക്കടകം 12 നുശേഷം സ്ഥിതിഗതികൾ ഗുണകരമായിത്തുടങ്ങും. ധനപരമായ സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. സ്നേഹബന്ധം ഹൃദയബന്ധമായി പരിണമിച്ചേക്കും. പാരിതോഷികങ്ങൾ ലഭിക്കുന്നതായിരിക്കും. കലാപ്രവർത്തനത്തിന് അവസരം നിരന്തരമായിത്തുടങ്ങും. സ്ത്രീകൾ, ഗുരുക്കന്മാർ എന്നിവരുടെ പിൻബലം ആശ്വാസമേകും. വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടുനീങ്ങും. ഗാർഹസ്ഥ്യത്തിൽ കയ്പു കുറയും. മധുരം അനൂഭൂതമാവുന്നതാണ്.
ഉത്രം
ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം. ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.
അത്തം
ആദിത്യനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉചിതമായ അവസരങ്ങൾ സംജാതമാകുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. കടബാധ്യത ഭാഗികമായി പരിഹരിക്കുന്നതാണ്. വിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും ശോഭിക്കാനാവും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണ ഗുണം ചെയ്യുന്നതാണ്. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. സ്വന്തം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് അധികം ക്ളേശിക്കാതെ ലഭിക്കാം. രണ്ടാം പകുതിയിൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ദാമ്പത്യം സമ്മിശ്രമായിരിക്കും.
ചിത്തിര
മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്ത കാര്യങ്ങൾ / നേട്ടങ്ങൾ ലഘുയത്നത്തിലൂടെ ഇപ്പോൾ സ്വന്തമാക്കും. കാര്യാലോചനയോഗങ്ങളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. മിത്രങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കും. വരവുചെലവുകണക്കുകൾ എഴുതി സൂക്ഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ പകുതിയോടെ നക്ഷത്രാധിപനായ ചൊവ്വ കേതുവിൽ നിന്നും അകലുന്നത് സമ്മിശ്രഗുണമുണ്ടാക്കും. സാഹിത്യവാസന പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാം. ചെറുകിട സംരംഭകർക്ക് വളർച്ചയുണ്ടാവും. സ്വാശ്രയത്വത്തിൽ സന്തുഷ്ടി വന്നെത്തും.
ചോതി
ആദിത്യൻ പത്താമെടത്തിൽ സഞ്ചരിക്കുന്നതിനാൽ തൊഴിൽ മേഖലയിലെ കുഴപ്പങ്ങൾ പരിഹരിക്കപ്പെടും. പുതുതൊഴിൽ ലഭിക്കാം. അർഹമായ സ്ഥാനമാനങ്ങളും കൈവരുന്നതാണ്. ഒമ്പതിലെ ശുക്രഗുരുയോഗം ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാനിടയാക്കും. ധനസ്ഥിതി ഉയരാം. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. സംരംഭങ്ങളുമായി മുന്നോട്ടു പോകാനാവും. കുടുംബ ജീവിതത്തിൽ സമാധാനം വന്നെത്തും. മനസ്സിൽ സന്തോഷം ഉണ്ടാക്കുന്ന ബന്ധങ്ങൾ പുഷ്ടിപ്പെടുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസം അനുഭവപ്പെടും. ശത്രുക്കളുടെ നാവിൽ നിന്നു തന്നെ പരാജയസമ്മതം കേൾക്കാനാവും. പൊതുവേ അമിതമായ അധ്വാനം ഉണ്ടാവില്ല. ജീവിതം പുരോഗതിയുടെ പാതയിലാണെന്ന് സ്വയം ബോധ്യമാകുന്നതാണ്.
വിശാഖം
കാര്യനിർവഹണം കൂടുതൽ സുഗമമാവും. കർമ്മരംഗത്തെ വിഘ്നങ്ങൾക്ക് കാരണം കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതാണ്. സ്വന്തം സംരഭത്തിൽ മുതൽമുടക്കിയ തുക തിരിച്ചുകിട്ടിത്തുടങ്ങും. സാങ്കേതിക മികവിന് സ്വീകാര്യത ലഭിക്കും. വരുമാനത്തിലെ അസ്ഥിരത മാറുന്നത് ആശ്വാസമേകും. വിദ്യർത്ഥികൾക്ക് ദിശാബോധം കൈവരുന്നതാണ്. ജീവിത പങ്കാളിക്കും മക്കൾക്കും സന്തോഷം അനുഭവപ്പെടുന്ന കാലമാണ്. ഗൃഹനിർമ്മാണത്തിലെ പ്രാരംഭ തടസ്സങ്ങൾ നീങ്ങും. സർക്കാരിൽ നിന്നും അനുമതി കിട്ടും. കൃത്യാന്തരങ്ങളാൽ ജന്മനാട്ടിൽ പോകാൻ കഴിഞ്ഞേക്കില്ല. വിനോദയാത്ര അടുത്തു വരുന്ന അവധിക്കാലത്തിലേക്ക് മാറ്റും. സംഘടനയുടെ ഭാരവാഹിത്വം തുടരാൻ നിർബന്ധമുണ്ടാവും. അവിവാഹിതർക്ക് വിവാഹസാഫല്യത്തിന് സാഹചര്യം അനുകൂലമാവും.
അനിഴം
നേട്ടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരും. പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യം കുറയാം. അക്കാര്യത്തിൽ കലഹങ്ങളുണ്ടാവും. പല കാര്യങ്ങളിലും മറ്റുള്ളവരുടെ ഇടപെടൽ സാധ്യതയാണ്. ജീവിതശൈലീ രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും. സൗഹൃദം പുഷ്ടിപ്പെടും. അന്യനാട്ടിലെ പ്രശസ്ത തൊഴിൽ സ്ഥാപനങ്ങൾക്ക് അപേക്ഷയയക്കും. തീർത്ഥയാത്രകൾ മാറ്റിവെക്കപ്പെടാം. ധനപരമായി സമ്മിശ്രമായ കാലമാണ്. പൊതുപ്രവർത്തനത്തിൽ സത്യസന്ധത പുലർത്തും. ജീവകാരുണ്യത്തിന് സ്വന്തം പോക്കറ്റിലെ പണം ചെലവഴിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം ഗൃഹം മോടിപിടിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിക്കും. പിതൃപുത്ര ബന്ധത്തിൽ രമ്യത കുറയുന്നതാണ്.
തൃക്കേട്ട
പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളന്നതിന് മുൻപ് പുനരാലോചനകൾ അനിവാര്യമാണ്. പൊതുപ്രവർത്തകർക്ക് ശത്രുക്കളേറും. സാങ്കേതിക പരിജ്ഞാനത്തെ മുൻനിർത്തി ജോലി കിട്ടാം. തൽസംബന്ധമായി അന്യദേശ യാത്ര വേണ്ടി വന്നേക്കും. ആടയാഭരണങ്ങൾ, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങും. സ്വജനങ്ങളിൽ നിന്നും പിന്തുണ കിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ലാഭമോ കമ്മീഷനോ ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടിവരും. സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മാനസിക പിരിമുറുക്കം ഉണ്ടായേക്കും. അനുരാഗികൾക്ക് നല്ലകാലമാണ്. ആത്മീയ സാധനകളിൽ താല്പര്യം കുറയുന്നതായിരിക്കും. സാമ്പത്തിക നില ശരാശരിയായിരിക്കും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.
മൂലം
ആദിത്യസഞ്ചാരം എട്ടാമെടത്തിലാകയാൽ ഔദ്യോഗികമായി അലച്ചിലുണ്ടാവും. മേലധികാരികളുടെ ഇഷ്ടക്കേട് പ്രകടമാവും. സർക്കാർ മുഖാന്തിരം നേടേണ്ട കാര്യങ്ങളിൽ കാലവിളംബം വന്നേക്കും. വസ്തുക്കളുടെ ക്രയവിക്രയത്തിൽ തടസ്സം നേരിടാം. ബിസിനസ്സിൽ വിപണന തന്ത്രങ്ങൾ ഫലിക്കുന്നില്ലെന്നു വരാം. പാർട്ണർഷിപ്പ് ബിസിനസ്സിൽ കൂടുതൽ സമയം ചെലവഴിക്കും. കുടുംബകാര്യങ്ങളിൽ സമാധാനമുണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണ എത്ര വിലപ്പെട്ടതെന്ന് ബോധ്യമാവും. അനുരാഗികൾക്ക് വിഘ്നങ്ങൾ ഒഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനോ സാങ്കേതിക മുഖ്യത്വമുള്ള കോഴ്സിനോ അവസരം വന്നെത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ അനിവാര്യം.
പൂരാടം
കണ്ടകശ്ശനിക്കാലമെന്ന് ഓർക്കണം. ആദിത്യനും അഷ്ടമത്തിലാണ്. അതിനാൽ തിടുക്കം ഗുണം ചെയ്യില്ല. ആലോചനയും പുനരാലോചനയും ഒഴിവാക്കരുത്. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. അറിവിൻ്റെ ചക്രവാളം വികസിപ്പിക്കാനാവും. വീട്ടമ്മമാർ ഹ്രസ്വകാല കോഴ്സുകൾക്ക് ചേർന്നേക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും. വസ്തു ഈട് നൽകി കടബാധ്യതകൾ പരിഹരിച്ചേക്കും. കലാകാരന്മാർക്ക് അംഗീകാരം കൈവരും. ന്യായമായ ആഗ്രഹങ്ങൾ നേടും. വിനോദ യാത്രകൾ / തീർത്ഥാടനങ്ങൾ എന്നിവയ്ക്ക് അവസരം കൈവരുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിലിലെ ആശങ്കക്ക് അറുതി വരാം. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഉത്രാടം
പല കാര്യങ്ങളിലും സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. തോറ്റെന്നും ജയിച്ചെന്നും പറയാനാവാത്ത സ്ഥിതി വരാം. വ്യാപാരത്തിൽ കുറച്ചൊക്കെ മെച്ചം ഭവിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ഒഴിവാക്കണം. കമ്മീഷൻ, ഫ്രാഞ്ചൈസി മുതലായവയിൽ നിന്നും തരക്കേടില്ലാത്ത ഫലം ലാഭം ഉണ്ടാവും. കുടുംബ ബന്ധങ്ങളിൽ നൈരാശ്യം തോന്നാം. ചിലപ്പോൾ സന്തോഷിക്കാനുമാവും. ആദർശത്തിൽ ഉറച്ചുനിൽക്കുകയാൽ പൊതുപ്രവർത്തനത്തിൽ കഷ്ടനഷ്ടങ്ങൾ വരാനിടയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാകും. കരാർ ജോലികളിൽ നൈരന്ത്യരം കുറയാം. വായ്പയുടെ തിരിച്ചടവ് വൈകിയാലും മുടങ്ങില്ല. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനങ്ങൾ ഉണ്ടായേക്കും. സ്വന്തം ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
തിരുവോണം
ഭൂമിയോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. വസ്തുവില്പനയിൽ അമളി പറ്റാതെ നോക്കണം. കുടുംബ വഴക്കുകൾ മധ്യസ്ഥന്മാർ മുഖേന പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് ലോൺ തരപ്പെട്ടേക്കും. ബിസിനസ്സിൽ അലച്ചിലുണ്ടാവും. യാത്രകൾ മുഷിപ്പിക്കുന്നതാണ്. ഇത്രയും കാലത്തെ കലാപ്രവർത്തനം കൊണ്ട് എന്തുനേട്ടമെന്ന് സ്വയം ചോദിച്ചേക്കും. ഗൃഹത്തിലെ വയോജനങ്ങളുടെ അനാരോഗ്യം മനക്ലേശമുണ്ടാക്കാം. മുൻപ് അസാധ്യമെന്ന് കരുതി ഉപേക്ഷിച്ച കാര്യങ്ങൾ ലഘുപ്രയത്നത്തിലൂടെ നേടിയെടുക്കാനാവും. ക്ഷേത്രാടനത്തിന് സാഹചര്യമൊരുങ്ങും. ചിട്ടി, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മകൻ്റെ വിദ്യാഭ്യസ പുരോഗതി സന്തോഷിപ്പിക്കും.
അവിട്ടം
കുംഭക്കൂറുകാർക്ക് ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് ഉന്മേഷമുണ്ടാവും. തൊഴിൽ തേടുന്നവർക്ക് താത്കാലിക ജോലിയെങ്കിലും കരഗതമാവുന്നതാണ്. തൊഴിലിടത്തിൽ സമാധാനം പുലരും. അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടംപിടിക്കാനാവും. ഭാവനയുണരുകയാൽ സാഹിത്യ പ്രവർത്തനത്തിൽ മുന്നേറ്റം പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സിൽ അഭിമാനിക്കും. മകരക്കൂറകാരായ അവിട്ടം നാളുകാർക്ക് കാര്യതടസ്സം ഇടക്കിടെ തലപൊക്കുന്നതാണ്. ആത്മവിശ്വാസം കുറയാം. പ്രതീക്ഷിച്ച ലാഭം ബിസിനസ്സിൽ നിന്നും ഉണ്ടാവണമെന്നില്ല. അത്യാവശ്യ ചെലവുകൾ നടന്നുകിട്ടിയേക്കും. പ്രോജക്ടുകൾ സാക്ഷാൽകരിക്കാൻ നൂലാമാലകളെ മറികടക്കേണ്ടതായി വന്നേക്കും. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.
ചതയം
മനസ്സിൽ ഉന്മേഷഭാവം നിറയും. കർമ്മമണ്ഡലം ഉണരുന്നതാണ്. സ്വയം തിരുത്താനുള്ള മാനസികാവസ്ഥ സംജാതമാവും. ആസൂത്രണമികവ് ബിസിനസ്സ് വിജയത്തിന് വഴിയൊരുക്കും. ഔദ്യോഗിക യാത്രകളാൽ നേട്ടങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ സ്ഥാനക്കയറ്റം / വേതനവർദ്ധനവ് ഇവ സാധ്യതകളാണ്. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ ഉന്നമനം ഉണ്ടാവും. നവസംരംഭങ്ങൾക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതാണ്. ഏഴാമെടത്തിൽ നിന്നും ചൊവ്വ മാറുകയാൽ ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. എന്നാൽ വാഹനം, അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുന്നതിൽ ഏറ്റവും കരുതൽ വേണ്ട സന്ദർഭം കൂടിയാണ്. മകൻ്റെ കലാപഠനത്തിൽ പുരോഗതി ദൃശ്യമാകും. ശനിയും രാഹുവും അനിഷ്ടഭാവങ്ങളിൽ തുടരുന്നതിനാൽ ഒന്നും നിസ്സാരമായി കാണരുത്. എപ്പോഴും ജാഗ്രത ഉണ്ടാവണം.
പൂരൂരുട്ടാതി
കുംഭക്കൂറിൽ ജനിച്ചവർക്ക് അധികാരമുള്ള പദവിയിൽ ശോഭിക്കാനാവും. കഴിവ് തെളിയിക്കാൻ പറ്റിയ ധാരാളം പുതിയ അവസരങ്ങൾ വന്നെത്തുന്നതാണ്. ഉദ്യോഗസ്ഥരുടെ ചുമതലകൾ വർദ്ധിക്കും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതാണ്. വ്യാഴവും ശുക്രനും ശുഭഭാവത്തിലാകയാൽ മക്കളെ സംബന്ധിച്ച മനപ്രയാസങ്ങളിൽ ചിലതിനെങ്കിലും പരിഹാരം കിട്ടും. ആരംഭിച്ച കാര്യങ്ങൾ തടസ്സം കൂടാതെ പൂർത്തീകരിക്കാനാവും. ധനപരമായി അത്ര മോശം സമയമല്ല. എന്നാൽ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. രാഹുവും ശനിയും സ്വാധീനം ചെലുത്തുന്നത് ദുഷ്പ്രേരണകളെ സൂചിപ്പിക്കുന്നു. അന്യദിക്കുകളിൽ നിന്നും ഉറ്റവരുടെ സഹായം കിട്ടിയേക്കും. ഭാര്യാഭർത്തൃബന്ധത്തിൽ അല്പം കാലുഷ്യം കലരാനിടയുണ്ട്.
ഉത്രട്ടാതി
ആദിത്യൻ്റെ അഞ്ചിലെ സഞ്ചാരത്താൽ ജീവിതത്തിന് വലിയ മാറ്റം ഉണ്ടാവണമെന്നില്ല. കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചാലും ദോഷൈകദൃക്കുകൾ ആരോപണങ്ങൾ ഉന്നയിക്കാം. പാരമ്പര്യമഹിമകൾ ചിലപ്പോൾ വിലപ്പോയില്ലെന്ന് വരാം. കാര്യനിർവഹണം മെല്ലെയാവുന്നതാണ്. പുതിയ സംരംഭങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. ഗൃഹത്തിൽ സമാധാനം പുലരുന്നതാണ്. ആഘോഷങ്ങൾ, മംഗളകർമ്മങ്ങൾ ഇവ നടക്കാം. രഹസ്യ നിക്ഷേപങ്ങളിലൂടെ ധനസ്ഥിതി ഉയരാം. കിട്ടാക്കടങ്ങൾ തേടിവരും. രണ്ടാം പകുതിയിൽ ചൊവ്വ ഏഴിൽ സഞ്ചരിക്കുകയാൽ ഗാർഹിക ജീവിത്തിൽ സ്വൈരം കുറയുന്നതാണ്. അനുരഞ്ജനത്താൽ പ്രശ്നങ്ങൾ പരിഹരിക്കും.
രേവതി
സ്വന്തം തൊഴിലിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സന്ദർഭമാണ്. എതിർപ്പുകൾ ഉയരുന്നതിൽ അസ്വസ്ഥത വേണ്ടതില്ല. വിമർശിക്കാൻ ആളുണ്ടാവുന്നതും പരാജയഭീതി വരുന്നതും ഒക്കെ ഗ്രഹാനുകൂല്യം കുറയുമ്പോഴാണ്. ഇപ്പോൾ അത്തരം ഘട്ടമാണെന്നോർത്താൽ മതി. സാമ്പത്തിക അമളി പിണയുന്നതിനിടയുള്ളതിനാൽ കരുതൽ വേണം. സ്വാശ്രയ ജോലികളിൽ സമ്മർദ്ദം അധികരിക്കാം. എല്ലാ കഴിവുകളുമുണ്ടായാലും വിനിയോഗിക്കാൻ അവസരം വന്നെത്തണമെന്നില്ല. കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ചെറുസംരംഭങ്ങൾ ലാഭം നൽകാം. മകൻ്റെ വിവാഹം തീരുമാനിക്കപ്പെടും. യാത്ര കൊണ്ട് ഗുണമുണ്ടായേക്കും. പുതുവീട് വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.