/indian-express-malayalam/media/media_files/2025/07/16/chovva-kanni-2025-2025-07-16-13-26-14.jpg)
Mars Transit to Virgo 2025
2025 ജൂലൈ 28 ന് (കർക്കടകം 12 ന്) ചൊവ്വ കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 13 (ചിങ്ങം 28) വരെ ചൊവ്വ കന്നിരാശിയിൽ തുടരുന്നതാണ്. ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ -കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന 'കാളസർപ്പയോഗം' അതോടെ ഇല്ലാതാവുന്നു.
ഈ രണ്ടു തമശ്ശക്തികളുടെ യോഗം ലോകത്തിനുണ്ടാക്കിയ ചേതം ചെറുതൊന്നുമായിരുന്നില്ല. ചൊവ്വ ശരാശരി ഒരു രാശിയിൽ ഒന്നരമാസം അഥവാ 45 ദിവസം വീതം സഞ്ചരിക്കും. ഇത്തവണ ഏതാണ്ട് 50 ദിവസം കന്നിരാശിയിൽ തുടരുകയാണ്. ചൊവ്വയുടെ ശത്രുവായ ബുധൻ്റെ സ്വക്ഷേത്രമാണ് കന്നിരാശി എന്നതോർക്കാം.
പാപഗ്രഹം (ചൊവ്വ ഒരു പാപഗ്രഹമാണ്), ശത്രുരാശിയിലൂടെ കടന്നുപോവുമ്പോൾ കൂടുതൽ ദുർബലനായി മാറുന്നു. തന്മൂലം അതിൻ്റെ ക്രൂരശക്തി കൂടും എന്നതാണ് മനസ്സിലാക്കാനുള്ളത്. ഇക്കാലയളവിൽ വ്യാഴം, ശുകൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ചൊവ്വയ്ക്ക് ലഭിക്കുന്നില്ല. എന്നാൽ പാപഗ്രഹമായ ശനിയും ചൊവ്വയും പരസ്പരം നോക്കുന്നു. തന്മൂലം ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്.
കന്നിരാശിയിൽ ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രമണ്ഡലങ്ങളുണ്ട്. കർക്കടക മാസം അവസാനം വരെ ഉത്രത്തിലും ചിങ്ങമാസം 20 വരെ അത്തത്തിലും തുടർന്ന് ചിത്തിരയിലും ചൊവ്വ സഞ്ചരിക്കും. ചിങ്ങം 28ന്, സെപ്തംബർ 13 ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കുന്നതാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തി മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ടു രാശികളിൽ, അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വരാവുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നു. പാപഗ്രഹങ്ങൾ നന്മയും അനുഗ്രഹവും പൊഴിക്കുന്നത് ഉപചയസ്ഥാനങ്ങളിലാണ് എന്നുണ്ട്. ആറാമെടമാകട്ടെ ഉപചയസ്ഥാനമാണ്. അതിനാൽ മേടക്കൂറുകാർക്ക് ചൊവ്വയുടെ കന്നിയിലെ സഞ്ചാരം അത്യന്തം ഗുണകരമാവും. സ്വാഭിമാനം തിരിച്ചുപിടിക്കും. ആത്മവിശ്വാസം കുന്നോളം ഉയരുന്നതാണ്. ചെയ്യുന്ന പ്രവൃത്തിയിൽ മുൻനിരയിലെത്തും. അധികാര സ്ഥാനങ്ങൾ ലഭിക്കാം. ഔദ്യോഗിക ജീവിതത്തിൽ സമാധാനമുണ്ടാവും. പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയും എതിർക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ്. സംഘടനകളിൽ നേതൃപദവി ലഭിക്കുന്നതായിരിക്കും. ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാവുന്ന സമയമാണിത്. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. വസ്തുവ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. മത്സരാധിഷ്ഠിതമായ കരാറുകളിൽ നേട്ടമുണ്ടാക്കും. തടസ്സപ്പെട്ടിരുന്നവയുടെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള യത്നം ഫലവത്താകും. കുടുംബത്തിലെ അനൈക്യങ്ങൾക്ക് അറുതിയാവുന്നതാണ്.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
നാലാമെടത്തിൽ നിന്നും അഞ്ചിലേക്കാണ് ചൊവ്വയുടെ മാറ്റം. നിലവിലെ സ്ഥിതിയിൽ നിന്നും കാര്യമായ വ്യത്യാസമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുകാൽ മന്ത് വലതുകാലിൽ മാറിയതുപോലെ മാത്രം. ബുദ്ധിപരമായി തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. ആലോചനാശൂന്യത കാര്യനിർവഹണത്തിലും ഉണ്ടായേക്കും. ജോലിയിലെ അതൃപ്തി തുടരപ്പെടും. പക്ഷേ ജോലി ഉപേക്ഷിച്ചാൽ പുതിയത് ഉടനേ കിട്ടിയേക്കില്ല. ആത്മിക / അദ്ധ്യാത്മികകാര്യങ്ങളിൽ തടസ്സം ഏർപ്പെടാം. വാഗ്ദന ലംഘനങ്ങൾ വിമർശനം ഏറ്റുവാങ്ങുന്നതാണ്. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അവരുടെ ശാഠ്യങ്ങൾ, വാക്കുകൾ, കർമ്മങ്ങൾ എന്നിവ മാതാപിതാക്കളുടെ മനോബലം ദുർബലപ്പെടുത്താം. പണമെടപാടുകളിൽ അങ്ങേയറ്റം ജാഗ്രത വേണം. അമിതവ്യയത്തിന് കാരണങ്ങൾ വരാം. ചോരശല്യം, ശത്രൂപദ്രവം എന്നിവ സാധ്യതകളാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
അനുകൂല സ്ഥാനത്തു നിന്നാണ് അത്ര അനുകൂലമല്ലാത്ത സ്ഥാനത്തേക്ക് ചൊവ്വ മാറിയത്. നാലാമെടത്തെ ചൊവ്വ അതിവൈകാരികതയും ക്ഷോഭവും സൃഷ്ടിക്കാം. പല കാര്യങ്ങളും തിടുക്കത്തിൽ നിർവഹിക്കും. വരും വരായ്കകൾ ആലോചിക്കില്ല. കുടുംബത്തിൽ അല്പം സ്വൈരക്കേടോ അനൈക്യമോ ഉണ്ടാവാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും എതിർ ചേരിയിലാണോ എന്ന സന്ദേഹം ഉടലെടുക്കും. വസ്തുസംബന്ധമായ വ്യവഹാരം ഒത്തുതീർപ്പിന് വഴങ്ങാതെ നീളാം. ക്രയവിക്രയങ്ങളിൽ അമളി സംഭവിക്കാൻ സാധ്യത കാണുന്നു. മാതാവിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാവില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കിക്കാം. ബിസിനസ്സിൽ വിപുലീകരണ ശ്രമം മന്ദഗതിയിലാവുന്നതാണ്. മനസ്സിൽ എപ്പോഴും വിഷാദം, ഭയം, പരാജയഭീതി എന്നിവ സ്ഥാനം പിടിക്കാം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
രണ്ടാമെടത്തിൽ നിന്നും മൂന്നാമെടത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം കർക്കടകക്കൂറുകാർക്ക് ഏറ്റവും അനുകൂലമാണ്. ആത്മശക്തി ഉണരുകയും സ്വന്തം സിദ്ധികൾ തിരിച്ചറിയുകയും ചെയ്യും. തൊഴിൽ രംഗത്തെ തടസ്സങ്ങളെ മറി കടന്ന് ഭൗതിക പുരോഗതിയുണ്ടാവും. വിദ്യാഭ്യാസം നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാൻ കഴിയും. നേതൃപാടവം അഭിനന്ദിക്കപ്പെടും. ചില സ്വപ്നങ്ങൾ സഫലമാവുന്ന കാലം കൂടിയാണ്. ഭൂമി വാങ്ങാനുള്ള പരിശ്രമം ഫലവത്തായേക്കും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ ധനം സ്വരൂപിക്കാൻ സാധിക്കുന്നതാണ്. ഔദ്യോഗികമായി സ്ഥാനക്കയറ്റമോ അധികച്ചുമതലകളോ കൈവരാനിടയുണ്ട്. വിദൂര ദിക്കിൽ കഴിയുന്നവർക്ക് വീട്ടിനടുത്ത് മാറ്റം കിട്ടും. ദാമ്പത്യസൗഖ്യം ഉണ്ടാവുന്നതായിരിക്കും. ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. പ്രതിസന്ധികളുണ്ടായാൽ തന്നെ അവയെ ഭയപ്പെടാതെ നേരിടാനുള്ള മനസ്സാന്നിദ്ധ്യം ചൊവ്വയുടെ മൂന്നാം ഭാവത്തിലെ സ്ഥിതിയാൽ കൈവരുന്നതാണ്.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ജന്മരാശിയിലായിരുന്ന ചൊവ്വ രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ചെറിയ തോതിലെങ്കിലും ആശ്വാസമുണ്ടാക്കുന്ന മാറ്റമാണത്. എന്നാൽ ഭൗതികമായ ക്ലേശങ്ങൾ തുടരുന്നതുമാണ്. രണ്ടാം ഭാവത്തിലെ ചൊവ്വ കുടുംബ ബന്ധത്തിൻ്റെ സുഗമതയെ ദുർബലമാക്കും. സ്നേഹം അകാരണമായി, ദ്വേഷത്തിലേക്ക് നീങ്ങാം. പുതുതലമുറയും മുതിർന്നവരും തമ്മിൽ അകൽച്ചയുണ്ടാവും. വിദ്യാഭ്യാസത്തിൽ ശ്രദ്ധക്കുറവ് വരാനിടയുണ്ട്. ആലസ്യം പിടിമുറുക്കാം. കർമ്മരംഗത്ത് സ്വാധീനം കുറയുവാനിടെയുണ്ട്. മേലധികാരികൾക്ക് അതൃപ്തി ഭവിക്കും. സഹപ്രവർത്തകരുടെ സഹകരണം ഭാഗികമാവാം. വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം. അവയുടെ പാരുഷ്യം ശത്രുക്കളെ സൃഷ്ടിക്കാം. വാഗ്ദാനങ്ങൾ നിറവേറ്റാൻ ക്ലേശിക്കുന്നതാണ്. ധന വരവ് മോശമാവില്ല. എന്നാൽ ചെലവ് അമിതമാവാനിടയുണ്ട്. ഇ.എൻ.ടി. വിഭാഗത്തിൽ വരുന്ന അസുഖങ്ങൾ ഉപദ്രവിച്ചേക്കാം.
കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിൽ നിന്നും ചൊവ്വ ജന്മരാശിയിലേക്ക് പകരുന്നു. ചൊവ്വ അനിഷ്ടഫലങ്ങൾ തന്നെയാണ് പന്ത്രണ്ടാമെടത്തിലും നൽകിയത്. അതുതന്നെ ജന്മരാശിയിലും തുടരുന്നതാണ്. 8,12, ജനിച്ച കൂറ് ഇവയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ദോഷശക്തി അധികരിക്കും. കാര്യവിഘ്നം വരാം. നേട്ടങ്ങൾക്ക് ആവർത്തിത ശ്രമം അനിവാര്യമാണ്. അനായാസം നേടാവുന്നവ പോലും കൃച്ഛ്രസാധ്യമാവും. ശത്രൂപദ്രവം അധികരിക്കുന്നതാണ്. പ്രവർത്തനരംഗത്ത് ഉദാസീനത, കിടമത്സരം ഇവ ഭവിച്ചേക്കും. ബന്ധുക്കളും സുഹൃത്തുക്കളും മറുകണ്ടം ചാടിയാൽ അത്ഭുതപ്പെടാനില്ല. അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക നന്ന്. ചെലവുകൾ കൂടും. ക്ഷോഭം, മാനസിക പിരിമുറുക്കം, അകാരണ ഭയം ഇവ ഉണ്ടാവുന്നതാണ്. ശരിതെറ്റുകളെക്കുറിച്ച് വിവേകം നഷ്ടമാകാം. രോഗാദികൾ കൂടും. വൈദ്യസഹായത്തിന് അമാന്തിക്കരുത്. എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണെന്നത് ഓർമ്മയിലുണ്ടാവണം.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
അഭീഷ്ട ഭാവമായ പതിനൊന്നാമെടത്തു നിന്നും ചൊവ്വ പ്രതികൂല ഭാവമായ പന്ത്രണ്ടാമെടത്തിലേക്ക് വരികയാണ്. പൊതുവേ അലച്ചിലുണ്ടാവും. യാത്രാക്ലേശം ദിനചര്യയുടെ ഭാഗമാവുന്നതാണ്. സമയബന്ധിതമായി ഒരു കാര്യവും പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ബിസിനസ്സിൽ ധനവരവ് ഉയരുന്നതായിരിക്കും. എന്നാൽ പലതരത്തിൽ ചെലവുകൾ വന്നുകൂടും. കെടുകാര്യസ്ഥതയും അതിനൊരു കാരണമാവും. "കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ" എന്ന പഴഞ്ചൊല്ല് എപ്പോഴും ഓർക്കേണ്ടതുണ്ട്. സാദ്ധ്യമാവുന്ന ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്താൽ മതിയാകും. വെല്ലുവിളികളിൽ നിന്നും തത്കാലം ഒഴിയുകയാവും ഉചിതം. പാദങ്ങൾക്ക് അസുഖങ്ങൾ വരാം. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാവാൻ സാധ്യത കാണുന്നു. ദുഷ്പ്രേരണകളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
പത്താം ഭാവത്തിൽ നിന്നും ഏറ്റവും അനുകൂലമായ പതിനൊന്നാമെട ത്തിലേക്കാണ് ചൊവ്വയുടെ സംക്രമണം. ജീവിതത്തിന് ലക്ഷ്യബോധം കൈവരും. ആലസ്യം അകന്ന് കർമ്മരംഗത്ത് ഉത്സുകത നിറയുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ ഏകാഗ്രത പുലർത്തും. പുതുസൗഹൃദങ്ങൾ മൊട്ടിടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ ഐക്യം ദൃഢമാകും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങും. ഗൃഹാന്തരീക്ഷത്തിൽ സമാധാനം നിറയുന്നതായിരിക്കും. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം സാമ്പത്തിക ക്ലേശങ്ങളെ മറികടന്ന് പുരോഗമിക്കും. പുതുവാഹനം വാങ്ങാൻ അവസരമുണ്ടാവും. മത്സരങ്ങൾ, എത്ര കടുത്തതായിരുന്നാലും അവയിൽ വിജയിക്കാൻ സാധിക്കുന്നതാണ്. തൊഴിലന്വേഷകർക്ക് മനസ്സിനിണങ്ങിയ, ആഗ്രഹിച്ച ശമ്പളം ലഭിക്കുന്ന ജോലി കിട്ടാം. നവസംരംഭങ്ങൾ സാക്ഷാൽകരിക്കും. കിടപ്പുരോഗികൾക്ക് ആശ്വാസം വരും. കാത്തിരുന്ന സ്ഥാനമാനങ്ങൾ കൈവരുന്നതായിരിക്കും.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഒമ്പതിൽ നിന്നും പത്താം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. അനുകൂലമായ ഭാവമല്ല. എന്നാൽ കടുത്ത പ്രതികൂലതകൾ പറയാനുമില്ല. ബിസിനസ്സിനായി കടം വാങ്ങരുത്. പിന്നീട് അതു വീടാൻ വിഷമമായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ക്ലേശിക്കുന്നതാണ്. ലൈസൻസും മറ്റും കിട്ടാൻ അലച്ചിലുണ്ടാവും. വാഗ്ദാനങ്ങൾ തടസ്സപ്പെടും. തീർത്ഥാടനം മാറ്റിവെക്കേണ്ടി വന്നേക്കും. അധികാര സ്ഥാനങ്ങളിലേക്ക് മത്സരം ഉണ്ടാവാം. അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ ചെയ്തു വരുന്ന ജോലി ഉപേക്ഷിച്ചാൽ പുതിയ ജോലി ഉടനെ കിട്ടാൻ സാധ്യത കുറവാണ്. സഹായ വാഗ്ദാനങ്ങൾ പാഴാവുന്നതിൽ വിഷമിക്കും. ഏറ്റെടുക്കുന്ന ചടങ്ങുകളുടെ സംഘാടനം എത്രയൊക്കെ വിയർപ്പ് ചിന്തിയാലും വിമർശിക്കപ്പെട്ടേക്കാം. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ കുറയാം. വേതന വർദ്ധനവ്, പ്രൊമോഷൻ തുടങ്ങിയവയ്ക്ക് സാധ്യത വിരളമാണ്. കുടുംബ ബന്ധങ്ങളിൽ സമ്മിശ്ര ഫലം പ്രതീക്ഷിച്ചാൽ മതിയാകും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഏറ്റവും പ്രതികൂല സ്ഥാനമായ അഷ്ടമത്തിൽ നിന്നും ചൊവ്വ മാറുന്നത് ഒട്ടൊക്കെ ആശ്വാസം തന്നെ. ഒമ്പതാമെടത്തും ചില ക്ലേശങ്ങൾ ചൊവ്വ സൃഷ്ടിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം ഭവിക്കാം. ന്യായമായ അവകാശങ്ങൾ വൈകിപ്പിക്കപ്പെടാം. പിതാവിൽ നിന്നുള്ള സ്വത്തും അനുഭവങ്ങളും വ്യവഹാരത്തിലേക്ക് മാറാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഉപാസനകൾ, ദൈവിക സമർപ്പണങ്ങൾ, തീർത്ഥാടനങ്ങൾ ഇവക്ക് ഭംഗം / തടസ്സം വരാനിടയുണ്ട്. നിയമനം കിട്ടിയ ജോലിയിൽ പ്രവേശിക്കാൻ കാലതാമസം ഉണ്ടാവും. സഹോദരരുമായി പിണക്കം വരാം. പൊതുപ്രവർത്തകർ അണികളുടെ അതൃപ്തിക്ക് പാത്രമായേക്കാം. പ്രമാണം, കരാറുകൾ, ഉടമ്പടികൾ ഇവയിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. സഹായിക്കാമെന്നേറ്റവർ അവസാന നിമിഷം കൈമലർത്താം. ആരോഗ്യ പരിപാലനത്തിൽ ശുഷ്കാന്തി വേണ്ടതുണ്ട്. രക്തസമ്മർദ്ദം ഉള്ളവർ കൂടുതൽ കരുതൽ പുലർത്തണം.
കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വയുടെ കന്നിരാശിയിലേക്കുള്ള മാറ്റത്താൽ കൂടുതൽ ക്ലേശം വന്നുപെടുന്ന ഒരുരാശി കുംഭക്കൂറാണ്. അഷ്ടമത്തിലേക്കാണ് ചൊവ്വ മാറുന്നത്. തന്മൂലം അനിഷ്ട കാര്യങ്ങൾ ചെയ്യേണ്ടിവരും. 'തൊട്ടതും പിടിച്ചതും ' അബദ്ധമായി എന്നുവന്നേക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടാനിടയുണ്ട്. 'പുലിവാൽ പിടിക്കുക' എന്ന ശൈലി ശരിയായി വരുന്ന കാലമാവും. മനസ്സിനിണങ്ങാത്തവരുമായി ഒത്തിണങ്ങേണ്ട സാഹചര്യം സംജാതമായേക്കും. പരീക്ഷണങ്ങൾ പരാജയപ്പെടാം. നിത്യവും ഓരോ തലവേദനകൾ വിരുന്നുവരാം. ആത്മാർത്ഥതയെ ഉറ്റവർതന്നെ സംശയിച്ചേക്കും. ഭൂമി സംബന്ധിച്ചുള്ള വ്യാപാരം നഷ്ടത്തിൽ കലാശിക്കുന്നതാണ്. സാമ്പത്തിക അമളികൾക്ക് വിധേയരാവാൻ സാധ്യതയുള്ളതിനാൽ കരുതൽ അനിവാര്യം. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാം. ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന സ്ഥാനവും വേതനവും തടയപ്പെടുവാനിടയുണ്ട്. വാഹനം, അഗ്നി, ആയുധം ഇവയുടെ ഉപയോഗത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തണം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കുക, കടം വാങ്ങുക തുടങ്ങിയവയും പിന്നീട് ദോഷത്തിനിടയുണ്ടാക്കും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ആറാമെടത്തിൽ നിന്നും എഴാമെടത്തിലേക്ക് ചൊവ്വ മാറിയത് അനുകൂലമാണെന്ന് പറയാനാവില്ല. പ്രണയികൾക്കിടയിലെ ഹൃദയബദ്ധത്തിന് ശൈഥില്യം ഉണ്ടാക്കാം. ദാമ്പത്യത്തിലും ചില വൈപരീത്യങ്ങൾ ഭവിക്കുന്നതാണ്. ഭാര്യാഭർത്താക്കന്മാർ വ്യത്യസ്തസ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടതായി വരാം. കൂട്ടുകച്ചവടത്തിലെ പാർട്ണർമാർക്കിടയിൽ തർക്കങ്ങൾ ഉയരുന്നതാണ്. പഠനത്തിനായി/വിദേശത്തുപോകാൻ അവസരം ലഭിക്കും. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനാൽ പിഴ ഒടുക്കേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. മത്സരങ്ങളിലും അഭിമുഖങ്ങളിലും കഴിവിനനുസരിച്ച് ശോഭിക്കാൻ സാധിക്കണമെന്നില്ല. ബന്ധുതർക്കങ്ങളിൽ മാധ്യസ്ഥത്തിന് ശ്രമിക്കും. എന്നാൽ ദുരാരോപണങ്ങളെ നേരിടേണ്ട സ്ഥിതിവരാം. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. വിനോദയാത്രകൾക്കും പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. വിവാഹകാര്യത്തിൽ തീരുമാനം നീളാം. സർക്കാർ രേഖകൾ / ലൈസൻസ് നേടാൻ പുനർശ്രമങ്ങൾ വേണ്ടിവന്നേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.