scorecardresearch

ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; മകം മുതൽ തൃക്കേട്ട വരെ

Venus Mercury transit to Gemini 2024 Star Predictions: ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്, മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ ഇതെങ്ങനെ ബാധിക്കും?

Venus Mercury transit to Gemini 2024 Star Predictions: ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്, മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ ഇതെങ്ങനെ ബാധിക്കും?

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Venus Mercury Transit To Gemini 2024 Star Predictions

Venus Mercury Transit To Gemini 2024 Star Predictions: 2024 ജൂൺ 12 ന് ശുക്രനും ജൂൺ 14 ന് ബുധനും (യഥാക്രമം കൊല്ലവർഷം 1199 ഇടവം 29 നും 31നും) ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂൺ 29 വരെ അതായത് മിഥുനം 15 വരെ ബുധനും, ജൂലായ് 6 വരെ അതായത് മിഥുനം 22 വരെ ശുക്രനും മിഥുനം രാശിയിൽ തുടരുന്നു. കാലം കുറഞ്ഞ ദിനമാണെങ്കിലും ശുക്രബുധന്മാരുടെ മിഥുനരാശിയിലെ സഞ്ചാരം അർത്ഥദീർഘമാണ്.

Advertisment

ബുധനും ശുക്രനും പരസ്പരം ബന്ധുക്കളായ അഥവാ മിത്രങ്ങളായ ഗ്രഹങ്ങളാണെന്ന് ജ്യോതിഷ നിയമം വ്യക്തമാക്കുന്നു. മിഥുനം രാശി ബുധൻ്റെ സ്വക്ഷേത്രമാണ്.
ഈ കാലയളവിൽ ബുധന് മൗഢ്യവുമില്ല. എന്നാൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന ദിവസങ്ങളിൽ ശുക്രൻ മൗഢ്യത്തിലാണ്. അതിനാൽ മിഥുനം രാശിയിൽ ബലം കൂടുതൽ ബുധനാണെന്ന് പറയേണ്ടിവരും. 

ശുക്രൻ ജന്മരാശിയിലും 2,3,4,5,8,9,11,12 എന്നീ    ഒമ്പത് രാശികളിലും സഞ്ചരിക്കുമ്പോൾ ഗുണദാതാവാണ്. അതായത് അവരവർ ജനിച്ച കൂറിൻ്റെ 6,7,10 എന്നീ മൂന്ന് സ്ഥാനങ്ങളൊഴികെ എല്ലായിടത്തും ശുക്രൻ ശുഭഫലമേകും. ഈക്കാര്യത്തിൽ, ഈ ഉദാര മനസ്ഥിതിയിൽ മറ്റെല്ലാ ഗ്രഹങ്ങളും ശുക്രൻ്റെ പിന്നിലാണ് എന്നതാണ് സത്യം.

ഇനി ബുധൻ്റ ഗോചര ഫലം ചിന്തിക്കാം. 1,3,5,7,9,12 എന്നീ ആറിടങ്ങളിൽ സഞ്ചരിക്കുമ്പോൾ ബുധൻ അനിഷ്ടകാരിയാവും. 2,4,6,8,10,11 എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ബുധൻ ശുഭഫലദാതാവ് ആവുന്നത്. എന്നാൽ മിഥുനം ബുധൻ്റെ സ്വക്ഷേത്രമാകയാൽ ഗുണഫലങ്ങൾക്കാവും മുൻതൂക്കം വരിക.  

മിഥുനം രാശിയിൽ സഞ്ചരിക്കുന്ന ശുക്രബുധന്മാർക്കൊപ്പം ആദിത്യനും സഞ്ചരിക്കുന്നുണ്ട്. അതും ഫലത്തെ സ്വാധീനിക്കാം. ബുധന് ബന്ധു അഥവാ മിത്രൻ ആണ് ആദിത്യൻ. എന്നാൽ ശുക്രൻ്റെ ശത്രുഗ്രഹമാണ് ആദിത്യനെന്നത് പ്രത്യേകം ഓർമ്മിക്കണം. ഇങ്ങനെ പല നിലയ്ക്കും മിഥുനത്തിലെ ബുധൻ ശുഭഫലം തരുന്ന കാര്യത്തിൽ ഒരുപടി മുന്നിലാണ് എന്ന് മനസ്സിലാക്കാം. 

Advertisment

ശുക്രബുധന്മാരുടെ മിഥുനം രാശിയിലെ സഞ്ചാരത്തെ മുൻനിർത്തി മേടം മുതൽ മീനം വരെയുള്ള  കൂറുകളിൽ ജനിച്ച മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടെ അനുഭവങ്ങൾ എപ്രകാരമാവുമെന്ന് ഇവിടെ വിശകലനം ചെയ്യുന്നു.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ശുക്രനും ബുധനും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമാണ്. ന്യായമായ ആഗ്രഹങ്ങൾ മിക്കതും നിറവേറപ്പെടും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ടവ ഇപ്പോൾ ലഘുപ്രയത്നത്താൽ വിജയിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും  പിന്തുണയും സഹകരണവും ലഭിക്കും. ബന്ധുക്കൾ പിണക്കം തീർന്ന് ഇണക്കത്തിലാവും.  ഉപരിപഠനം ആഗ്രഹിച്ച വിഷയത്തിലും ആഗ്രഹിച്ച സ്ഥാപനത്തിലും നിർവഹിക്കാൻ കഴിയുന്നതാണ്. തൊഴിൽ മേഖല ഉണരും. സാമ്പത്തികമായി ഉന്നമനം ഉണ്ടാവുന്നതാണ്. കലാപ്രവർത്തനത്തിൽ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. അവസരോചിത ബുദ്ധി പ്രശംസിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റം എന്നിവ പ്രതീക്ഷിക്കാം. പ്രണയികൾക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും.

കന്നിക്കൂറിന് (ഉത്രം മുക്കാൻ, അത്തം, ചിത്തിര ആദ്യ പകുതി)

പത്താം ഭാവത്തിലാണ് ബുധശുക്രന്മാർ. നേട്ടങ്ങൾക്കാവും മുൻതൂക്കം. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഉണ്ട്. കരാർ പണികൾക്ക് തുടരനുമതി ലഭിച്ചേക്കും.  സുഹൃൽസംഗമങ്ങളിൽ സജീവമായ പങ്കാളിത്തമുണ്ടാവും. മാധ്യമ പ്രവർത്തകർ, അധ്യാപകർ, എഴുത്തുകാർ, നിയമജ്ഞർ, സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർ, വ്യാപാരികൾ തുടങ്ങിയവർക്ക് കൂടുതൽ ശോഭിക്കാനാവും. സമൂഹ മധ്യമങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽ ചെയ്യുന്നവർക്ക് അംഗീകരം സിദ്ധിക്കുന്നതാണ്. വിദേശത്തുനിന്നും മകൻ്റെ ധനം വന്നെത്തും. അഭിമുഖങ്ങളിലും മത്സരപ്പരീക്ഷകളിലും വിജയിക്കുന്നതാണ്. അന്യനാട്ടിൽ ജോലി / പഠനം ഇവയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനവസരം സിദ്ധിക്കുന്നതാണ്. മൂത്രാശയ രോഗങ്ങൾ ജീവിതശൈലീ രോഗങ്ങൾ, കഫജന്യ രോഗങ്ങൾ ഇവ ക്ലേശിപ്പിക്കാനിടയുണ്ട്.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)

ബുധനും ശുക്രനും ഭാഗ്യ ഭാവത്തിൽ സഞ്ചരിക്കുകയാൽ ഗുണപുഷ്കല്യം ഭവിക്കും. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലിൽ മുന്നേറാനാവും. പിതാവിൻ്റെ വാത്സല്യത്തിനും പ്രീതിയ്ക്കും പാത്രമാകുന്നതാണ്. ഗുരുജനങ്ങളെ സന്ദർശിച്ച് അവരുടെ അനുഗ്രഹം നേടും. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. കാര്യതടസ്സം നീങ്ങി കർമ്മരംഗത്ത് പൂർണ്ണമനസ്സോടെ മുഴുകാൻ സാധിക്കും. തൊഴിലിൽ അല്പാല്പമായി ലാഭം കണ്ടുതുടങ്ങുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനും അവയിലൂടെ സമൂഹത്തിൻ്റെ ആദരവ് നേടാനും സാഹചര്യം വന്നെത്തും. ഭാഗ്യപുഷ്ടിയുണ്ടാവും. മംഗളകർമ്മങ്ങളിൽ, ദൈവീക സമർപ്പണങ്ങളിൽ പങ്കുചേരുന്നതാണ്. ബൗദ്ധിക പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

എട്ടാം ഭാവത്തിലാണ് ബുധനും ശുക്രനും. മറ്റു ഗ്രഹങ്ങൾ അഷ്ടമത്തിൽ അനിഷ്ടഫലം നൽകുമ്പോൾ ബുധനും ശുക്രനും ശുഭഫലങ്ങൾ സമ്മാനിക്കുന്നു. ഭൗതികസുഖഭോഗങ്ങൾ അനുഭവിക്കാനാവും. ലക്ഷ്യം നേടാൻ സ്വന്തം പരിശ്രമം മാത്രമല്ല മറ്റുള്ളവരുടെ പിന്തുണയും ലഭിക്കുന്നതായിരിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ മുൻകൂട്ടി കണ്ടറിയാനും സമർത്ഥമായി പ്രതിരോധിക്കാനും സാധിക്കുന്നതാണ്. വിട്ടുപോയ ബന്ധങ്ങൾ വീണ്ടും ദൃഢമാകാം. ബിസിനസ്സ് ചർച്ചകളിൽ നിന്നും പ്രയോജനം സിദ്ധിക്കും. ഇൻഷ്വറൻസ്, ഊഹക്കച്ചവടം, ചിട്ടി മുതലായവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. വയോജനങ്ങളെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുതിയ ചികിൽസ ഗുണകരമാകുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യവും പിന്തുണയും കരുത്തുപകരും. പുതുതലമുറയുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും.

Promo

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: