/indian-express-malayalam/media/media_files/2025/01/05/nqQzES5a1ViXbU9CTzVo.jpg)
ബസ് ചാർജ് വർധനവിനെതിരെ കർണാടകയിൽ പ്രതിഷേധിക്കുന്ന ബിജെപി നേതാക്കൾ
പുതുവത്സരത്തിലാണ് കർണാടകയിൽ ബസ് ചാർജ് 15-ശതമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടിനാണ് ഇതുസംബന്ധിച്ചുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഞായറാഴ്ച മുതൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ വന്നു. കുത്തനെയുള്ള നിരക്ക് വർധനവിനെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തിയിട്ടുണ്ട്. എന്താണ് ടിക്കറ്റ് ചാർജ് കുത്തനെ വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത് കാരണങ്ങൾ പരിശോധിക്കാം.
ശക്തി സ്‌കീമും ചെലവും
ശക്തി സ്‌കീം നിലവിൽ വന്നതിന് പിന്നാലെ ഇന്ധനം, ശമ്പളം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലെ ചെലവുകൾ വർധിച്ചതിനാലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായതെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
2023 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ശക്തി പദ്ധതി. കർണാടക സർക്കാരിന് കീഴിലുള്ള പൊതുഗതാഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതായിരുന്നു പദ്ധതി.
കർണാടകയിൽ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളാണ് സർക്കാരിന് കീഴിലുള്ളത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), കല്യാൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി).
ശക്തി സ്‌കീം പ്രകാരം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ സൗജന്യയാത്ര ഉറപ്പാക്കുന്നു. സ്ത്രീകൾ യാത്രചെയ്ത മൊത്തം ദൂരത്തിന്റെ മൂല്യം കണക്കാക്കി സർക്കാർ കോർപ്പറേഷനുകൾക്ക് പണം നൽകുന്നതായിരുന്നു പദ്ധതി.
പാളിയത് എവിടെ
2023 ജൂൺ 11-നാണ് ശക്തി സ്‌കീം ആരംഭിച്ചത്. 2025 ജനുവരി രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം 363-കോടി സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. കൂടാതെ സ്‌കീം വന്നതോടെ സർക്കാർ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 25-ശതമാനം വർധനവ് ഉണ്ടായി. ശക്തി സ്‌കീമിന് മുമ്പ് പ്രതിദിന സ്ത്രീ യാത്രക്കാരുടെ എണ്ണം 93 ലക്ഷമായിരുന്നപ്പോൾ, പദ്ധതി വന്നതിന് ശേഷം യാത്രക്കാരുടെ എണ്ണം ഒരുകോടിയായി വർധിച്ചു.
യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ബസുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4304 ബസുകൾ സർക്കാരിന് നിരത്തിലിറക്കേണ്ടിതായി വന്നു. കൂടാതെ സ്‌കീമിന് ശേഷം പ്രതിദിനം 4828 ഷെഡ്യൂളുകൾ അധികമായി പ്രവർത്തിപ്പിക്കേണ്ടി വന്നു. ഇത് വർധിച്ച ഇന്ധനചെലവിനും അധിക ഡ്യൂട്ടിക്കും കാരണമായി.
സൗജന്യ യാത്രയായതിനാൽ കോർപ്പറേഷന് അധിക ഷെഡ്യൂളുകളിൽ നിന്ന് യാതൊരു ലാഭവും ഉണ്ടായില്ല. ഇത് വൻ സാമ്പത്തിക ബാധ്യതയിലേക്ക് കോർപ്പറേഷനെ നയിച്ചു.
സർക്കാർ സഹായം ലഭിച്ചിട്ടും നഷ്ടത്തിൽ
സർക്കാരിന്റെ കണക്കുകൾ പ്രകാരം 2023 ജൂണിനും 2024 നവംബറിനുമിടയിൽ ശക്തി പദ്ധതിക്കായി ധനവകുപ്പ് 6,543 കോടി രൂപയാണ് അനുവദിച്ച്ത്്. എന്നിട്ടും ചെലവുകൾ കൃത്യാമായി മുന്നോട്ട് കൊണ്ടുപോകുവാൻ കോർപ്പറേഷന് സാധിച്ചില്ല. 2014-ന് ശേഷം കർണാടകയിൽ ടിക്കറ്റ് വർധനവ് നടപ്പിലാക്കിയിട്ടില്ല. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
സൗജന്യയാത്രയ്‌ക്കൊപ്പം ഇന്ധനവില വർധനവും നഷ്ടത്തിന്റെ തോത് വർധിപ്പിച്ചെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.2020-ൽ പ്രതിദിന ഡീസൽ വില 9.16 കോടി രൂപയായിരന്നെങ്കിലും നിലവിൽ അത് 13.12 കോടി രൂപയായി വർധിച്ചെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ ജീവനക്കാരുടെ വേതന പരിഷ്‌കരണവും കോർപ്പറേഷനുകൾക്ക് സാമ്പത്തിക ബാധ്യത വരുത്തിയെന്നും മന്ത്രി കൂട്ടിചേർത്തു.
അതേ,സമയം കോൺഗ്രസ് സർക്കാരിന്റെ തെറ്റായ ഭരണനയങ്ങളാണ് കർണാടകയിലെ പൊതുഗതാഗതത്തെ നഷ്ടത്തിലാക്കിയതെന്ന് ബിജെപി ആരോപിച്ചു. നേരത്തെയും, ശക്തി സ്‌കീമിനെ വിമർശിച്ച സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു.
Read More
- എന്താണ് എച്ച്എംപിവി വൈറസ് ? അറിയേണ്ടതെല്ലാം
- ബ്രഹ്മപുത്രയിൽ ചൈനയുടെ പടുകൂറ്റൻ ഡാം; എന്ത് കൊണ്ട് ഇന്ത്യ ഭയപ്പെടുന്നു
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
- വാലറ്റത്തോ മധ്യഭാഗത്തോ? വിമാനങ്ങളിൽ ഏതു സീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം?
- കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയോ? വാസ്തവം പരിശോധിക്കാം
- സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.