scorecardresearch

എന്ത് കൊണ്ട് സ്‌പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം

മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്

മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്

author-image
WebDesk
New Update
isro

എന്ത് കൊണ്ട് സ്‌പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ?

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐഎസ്ആർഒ ) അതിന്റെ വർഷാവസാന ദൗത്യമായ 'സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് (സ്പേഡെക്സ്)' വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ന് രാത്രി 10.00 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്ഡിഎസ്സി) ഷാറിൽ നിന്ന് പിഎസ്എൽവി-സി60 ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം. രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങൾ ഉപയോഗിച്ച് ഇൻ-സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിക്കും.

Advertisment

ഒരുക്കങ്ങളുടെ ഭാഗമായി, പിഎസ്എൽവി-സി60 വിക്ഷേപണ വാഹനം വിജയകരമായി സംയോജിപ്പിച്ചതായും അന്തിമ പരിശോധനകൾക്കായി ഫസ്റ്റ് ലോഞ്ച് പാഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. മറ്റ് ഐഎസ്ആർഒ കേന്ദ്രങ്ങളുടെ (വിഎസ്എസ്‌സി, എൽപിഎസ്‌സി, എസ്എസി, ഐഐഎസ്‌യു, എൽഇഒഎസ്) പിന്തുണയോടെ യുആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്‌സി) ആണ് സ്പേഡെക്സ് ബഹിരാകാശ പേടകം രൂപകല്പന ചെയ്യുകയും യാഥാർഥ്യമാക്കുകയും ചെയ്തത്. നിലവിൽ, എല്ലാ പരിശോധനകളും അനുമതികളും പൂർത്തിയാക്കിയ ശേഷം, പേടകം യുആർഎസ്സിയിൽ നിന്ന് എസ്ഡിഎസ്സിയിലേക്ക് മാറുകയും വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലുമാണ്

സ്പേസ് ഡോക്കിങ് എന്നാൽ എന്ത്

മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്.ബഹിരാകാശ നിലയം നിർമിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെർത്തിങ് സാങ്കേതികവിദ്യകൾ അത്യന്താപേക്ഷിതമാണ്. 

ബഹിരാകാശനിലയ ക്രൂ എക്സ്ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ നിർണായക ജോലികൾക്ക് ഈ സാങ്കേതികവിദ്യകൾ ഇല്ലാതെ പറ്റില്ല. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം, ആകാശഗോളങ്ങളിൽനിന്നുള്ള സാമ്പിൾ ശേഖരണം ഉൾപ്പെടെയുള്ള സങ്കീർണ ദൗത്യങ്ങൾക്കും ഇവ അനിവാര്യം. ഭൂമിയിൽനിന്ന് ബഹിരാകാശയാത്രികർ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ പേടകം സ്റ്റേഷനിൽ കൃത്യമായി ഡോക്ക് ചെയ്യണം. ഇത് ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നു.

Advertisment

രണ്ടു പേടകങ്ങളുടെ കൂടിച്ചേരലാണ് ഡോക്കിങ്ങെങ്കിൽ ബെർത്തിങ് അൽപ്പം വ്യത്യസ്തമാണ്. ഒരു ബഹിരാകാശ പേടകത്തിലെ റോബോട്ടിക് കൈ ഉപയോഗിച്ച് മറ്റൊരു പേടകത്തെയോ ഒരു മൊഡ്യൂളിനെയോ വാഹനത്തെയോ പിടിച്ചെടുക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പ്രക്രിയയിൽ സംഭവിക്കുന്നത്. ഉദാഹരണത്തിന്, സ്പേസ് എക്സ് ഡ്രാഗൺ പേടകം കനാഡാം2 റോബോട്ടിക് കൈ ഉപയോഗിച്ച് രാജ്യാന്തര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്കു ബെർത്ത് ചെയ്ത സംഭവം.

ചന്ദ്രോപരിതലത്തിൽനിന്നു പാറയും മണ്ണും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായി 2027ൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ-4 ഉം 2028 ഓടെ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയ(ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ)ത്തിന്റെ ആദ്യ ഘട്ടവും ഐഎസ്ആർഒയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഇതിനു മുന്നോടിയായാണു ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.

ചാന്ദ്രഭ്രമണപഥത്തിൽ വെച്ചുള്ള ഡോക്കിങ്, അൺഡോക്കിങ് പ്രവർത്തനങ്ങൾ ചന്ദ്രയാൻ-4 ദൗത്യത്തിന്റെ വലിയ പ്രത്യേകതയാണ്. അഞ്ച് മൊഡ്യൂളുകൾ അടങ്ങുന്ന രണ്ട് ഭാഗങ്ങളായാണു ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ടു തവണയായി വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ രണ്ടു ഭാഗവും ചന്ദ്രോപരിതലത്തിൽവച്ച് കൂടിച്ചേരുകയും സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിനായി വീണ്ടും വേർപെടുകയും ചെയ്യും. സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള അസെൻഡർ, ഡിസെൻഡർ മൊഡ്യൂളുകൾ ഉൾപ്പെടുന്നതാണു ദൗത്യത്തിന്റെ ഒന്നാം ഭാഗം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ശേഖരിച്ച സാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള ട്രാൻസ്ഫർ മൊഡ്യൂൾ, സാമ്പിളുകൾ ഭൂമിയിലേക്കു തിരികെ കൊണ്ടുവരുന്നതിനുള്ള റീ-എൻട്രി മൊഡ്യൂൾ എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഭാഗം.

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ കാര്യത്തിലും ഡോക്കിങ് സാങ്കേതികവിദ്യ നിർണായകമാണ്. പല ഘട്ടങ്ങളായി വിക്ഷേപിക്കുന്ന വ്യത്യസ്ത മൊഡ്യൂളുകൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിച്ചാണ് ബഹിരാകാശനിലയം യാഥാർഥ്യമാക്കുക. 52 ടൺ വരുന്ന ഭാരതീയ അന്തരിക്ഷ് ബഹിരാകാശ നിലയം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ മുകളിലാണു ഭ്രമണം ചെയ്യുക.

സ്പേഡെക്സ്

സ്പേഡെക്സ് (സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ്) എന്നാണ് ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണദൗത്യത്തിന്റെ പേര്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ സുപ്രധാന ചുവടുവെയ്പ്പായി, ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ സ്വയം നിയന്ത്രണത്തിലൂടെ സംയോജിക്കുന്ന കഴിവ് പ്രകടിപ്പിക്കുകയാണ് സ്പേഡെക്സ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.

400 കിലോ ഗ്രാം വീതം വരുന്ന ടാർഗറ്റ്, ചേസർ എന്നീ രണ്ട് പേടകങ്ങളെയാണു ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയായ അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്ഷേപണത്തിനായി ഉപഗ്രഹങ്ങൾ വികസിപ്പിച്ചത്. പിഎസ്എൽവി-സി 60 റോക്കറ്റിൽ അൽപ്പം വ്യത്യാസമുള്ള രണ്ട് ഭ്രമണപഥങ്ങളിൽ ഒറ്റത്തവണയായി വിക്ഷേപിക്കുന്ന ഇരു ഉപഗ്രഹങ്ങളും 700 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഡോക്ക് ചെയ്യുക.

isro1

മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ (സെക്കൻഡിൽ എട്ടു മണിക്കൂർ) വേഗതയിൽ പരസ്പരം സമീപിക്കുമ്പോഴാണു ഉപഗ്രഹങ്ങൾ 'സ്‌പേസ് ഹാൻഡ്‌ഷേക്ക്' നടത്തി ഒറ്റ യൂണിറ്റായി മാറുക. അതിവേഗത്തിൽ വരുന്നതിനാൽ പേടകങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുകയെന്നത് അതീവ ശ്രമകരമാണ്. ഡോക്ക് ചെയ്യുന്ന പേടകങ്ങൾ അധിക ജോലികൾ ചെയ്യാനായി പിന്നീട് വേർപിരിയും.

ഉപഗ്രഹങ്ങളുടെ കാര്യത്തിലും വലിയനേട്ടം

സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യയ്ക്കു ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യത്തിൽ വലിയനേട്ടം കൊയ്യാനാവും. വളരെ ചെലവേറിയതാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ. പ്രൊപ്പൽഷൻ യൂണിറ്റുകളിലെ ഇന്ധനം തീരുന്നതിനനുസരിച്ച് എട്ടു മുതൽ 10 വർഷം വരെയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ ആയുസ്. സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ കൈവരിക്കുന്നതിലൂടെ പ്രൊപ്പൽഷൻ യൂണിറ്റുകൾ മാറ്റിസ്ഥാപിക്കാൻ ഐഎസ്ആർഒ പ്രാപ്തമാകും. അത് ഉപഗ്രഹങ്ങളുടെ ആയുസ് കൂട്ടാൻ സഹായിക്കും.

Read More

Space Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: