/indian-express-malayalam/media/media_files/2024/12/26/o2EueMtFc1NkQBXUZQG5.jpg)
കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയോ
അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു റഷ്യയിൽ കാൻസറിനുള്ള വാക്സിൻ കണ്ടെത്തിയെന്നത്. പലരും ഇൻറർനെറ്റിൽ അധികം തിരഞ്ഞതും ഇത് സംബന്ധിച്ചുള്ള വിവരങ്ങളായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കുടുതൽ വിവരങ്ങൾ റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്താണ് റഷ്യയുടെ അവകാശവാദം. കാൻസറിനുള്ള വാക്സിൻ റഷ്യ കണ്ടെത്തിയോ പരിശോധിക്കാം.
റഷ്യ അവകാശപ്പെട്ടത്
കാൻസറിനുള്ള പുതിയ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവകാശപ്പെട്ടത്.അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു തുടങ്ങുമെന്നും അവർ പറഞ്ഞു. കാൻസർ ബാധ തടയുന്നതിന് പൊതുജനങ്ങൾക്ക് വാക്സിൽ നൽകുന്നതിനേക്കാൾ കാൻസർ രോഗികളെ ചികിത്സിക്കാനാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാൻസറിനെതിരേ പ്രവർത്തിക്കുന്ന എംആർഎൻഎ വാക്സിൻ രാജ്യം സ്വന്തമായി വികസിപ്പിച്ചിട്ടുണ്ടെന്നും അത് സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു.
എന്ന് വിപണിയിൽ
അടുത്ത വർഷം ആദ്യത്തോടെ വാക്സിൽ വിതരണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നും മുഴകളുടെ വലുപ്പം കുറഞ്ഞതായും പുതിയൊരു സ്ഥലത്ത് മുഴകൾ പ്രത്യക്ഷപ്പെടുന്നത് തടയാൻ കഴിഞ്ഞുവെന്നും ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു.
ഏതൊക്കെ കാൻസറിന്
കാൻസറിനുള്ള വാക്സിനുകൾ റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇത് രോഗികൾക്ക് ലഭ്യമാകുമെന്നും ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു.
അതേസമയം, ഏത് തരം കാൻസറിനുള്ള വാക്സിനാണ് വികസിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മറ്റ് നിരവധി രാജ്യങ്ങൾ സമാനമായ പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്. വ്യക്തിഗതമായ കാൻസർ ചികിത്സ വികസിപ്പിക്കുന്നതിന് ജർമനി ആസ്ഥാനമായുള്ള ബയോഎൻടെക് കമ്പനിയുമായി ബ്രിട്ടീഷ് സർക്കാർ കരാർ ഒപ്പിട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാക്സിനുകളിൽ എഐ
കൃത്രിമമായ ന്യൂറൽ നെറ്റ് വർക്കുകളുടെ ഉപയോഗം വ്യക്തിഗത കാൻസർ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള സമയം കുറയ്ക്കുമെന്ന് ജിന്റ്‌സ്ബർഗ് വ്യക്തമാക്കി.
ഇപ്പോൾ വാക്സിനുകൾ നിർമിക്കാൻ വളരെയധികം സമയമെടുക്കുന്നുണ്ട്. കാരണം, വാക്സിൻ അല്ലെങ്കിൽ വ്യക്തിഗതമായ എംആർഎൻഎ എങ്ങനെയായിരിക്കണം എന്നതിന് ഗണിതശാസ്ത്രത്തിലെ മട്രിക്സ് രീതികളാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയയിൽ എഐയെ ആശ്രയിക്കുന്നത് സമയം വളരെയധികം കുറയ്ക്കും. വാക്സിൻ നിർമാണത്തിനായി എഐ ആശ്രയിക്കുന്ന ഇവാനിക്കോവ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്,'' റഷ്യൻ വാക്സിൻ മേധാവി ജിന്റ്‌സ്ബർഗ് ടാസിനോട് പറഞ്ഞു.
മരുന്നു കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും പരീക്ഷണാടിസ്ഥാനത്തിൽ ഒരു കാൻസർ വാക്സിൽ വികസിപ്പിച്ചെടുത്തിരുന്നു. മൂന്ന് വർഷത്തെ ചികിത്സയ്ക്ക് ശേഷം ചർമത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ കാൻസറായ മെലനോമ വീണ്ടും പിടിപെടാനും മരണം സംഭവിക്കാനുമുള്ള സാധ്യത പകുതിയായി കുറഞ്ഞതായി ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
സെർവിക്കൽ കാൻസർ ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരേ (എച്ച്പിവി) പ്രവർത്തിക്കുന്ന വാക്സിനുകളും കരളിനെ ബാധിക്കുന്ന കാൻസറിന് കാരണമായ ഹെപ്പറ്റൈറ്റിസ് ബിയ്‌ക്കെതിരേ(എച്ച്ബിവി) പ്രവർത്തിക്കുന്ന വാക്സിനുകളും ഇന്ന് ലഭ്യമാണ്.
Read More
- സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം
- വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ; കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ
- നെഹ്റു എഴുതിയതെന്ന് മോദി പരാമർശിച്ച കത്തുകൾ ഏതാണ്, മുൻ പ്രധാനമന്ത്രി അതിൽ എഴുതിയത് എന്താണ്?
- എന്താണ് മെക് സെവൻ ? വിവാദത്തിന് കാരണം എന്തെല്ലാം
- PAN 2.0: എന്താണ് 'പാൻ 2.0,' സവിശേഷതകൾ? അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.