/indian-express-malayalam/media/media_files/2024/12/22/4LD4U50pwKJeX5iPrMdH.jpg)
കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ
പത്ത് വർഷങ്ങൾക്ക് മുമ്പ് കാണാതായ എംഎച്ച് 370 വിമാനം കണ്ടെത്താൻ വീണ്ടും തിരച്ചിൽ നടത്താനൊരുങ്ങി മലേഷ്യ. മലേഷ്യൻ ഗതാഗത മന്ത്രിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യൻ എയർലൈൻസിൻറെ എംഎച്ച് 370 വിമാനമാണ് യാത്രമധ്യേ അപ്രതീക്ഷിതമായത്.
ഇത്രയും ആളുകളെയും കൊണ്ട് ഇത്രയും വലിയൊരു വിമാനം ഏങ്ങോട്ട് പോയെന്ന് മാത്രം ആരും കണ്ടില്ല. പിന്നാലെ പല സിദ്ധാന്തങ്ങളും രൂപം കൊണ്ടു. വിമാനം ഇന്ത്യൻ മഹാ സമുദ്രത്തിൽ തകർന്ന് വീണെന്ന് വാദത്തിനായിരുന്നു കൂടുതൽ സ്വീകാര്യത. പക്ഷേ, ഒരു പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് വീണ്ടും തിരച്ചിൽ ആരംഭിക്കാൻ മലേഷ്യൻ സർക്കാർ തീരുമാനിച്ചത്.
അന്ന് സംഭവിച്ചത്
15 രാജ്യങ്ങളിൽ നിന്നുള്ള 239 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370 മായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. തായ്‌ലൻഡ് ഉൾക്കടലിന് മുകളിലൂടെ വിയറ്റ്‌നാം വ്യോമാതിർത്തിയിൽ പ്രവേശിച്ച വിമാനം ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റുമരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വടക്കൻ മലേഷ്യയ്ക്ക് മുകളിലൂടെ പറക്കാനായി തെക്കോട്ട് തിരിയുന്നതിനുമുമ്പ് വിമാനം ആൻഡമാൻ കടലിലേക്ക് പറന്നതായി സൈനിക റഡാറിൽ നിന്നുള്ള വിവരങ്ങൾ പറയുന്നു. അസാധാരണ നിമിഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നീട് റഡാർ ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ദിശ തെറ്റി മണിക്കൂറുകളോളം വിമാനം പറന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ശൂന്യതയിലേക്കായിരുന്നു ആ യാത്ര എന്നത് തിരിച്ചറിയുമ്പോഴേക്കും ആശയവിനിമയത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതായിരുന്നു.
വിമാനം എവിടെയെന്ന് ലോകത്തിന്റെ ചോദ്യത്തിന് ഒരു ദശാബ്ദത്തിനിപ്പുറവും ഉത്തരം നൽകാൻ ഒരു വിദഗ്ധ സംഘത്തിനുമായിട്ടില്ല. ഇന്ധനം തീർന്നതിനെ തുടർന്ന് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്ന് വീണതാകാമെന്ന് ചില ഔദ്യോഗിക വൃത്തങ്ങൾ വിധിയെഴുതിയിട്ടുണ്ട്. വിമാനം കാണാതായതും എവിടെയാണ് മറഞ്ഞതെന്നതും വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ മിസ്റ്ററികളിലൊന്നായി ഇന്നും തുടരുന്നു.
തിരച്ചിലിന്റെ ദിനങ്ങൾ
ലോകചരിത്രം കണ്ട ഏറ്റവും വലിയ തിരച്ചിലിന്റെ ദിനങ്ങളായിരുന്നു പിന്നീട്. ആദ്യ ഘട്ട തിരച്ചിലിന്റെ ദൈർഘ്യം 52 ദിവസമായിരുന്നു. 336 സേർച്ച് ഫ്‌ലൈറ്റുകൾ ഉപയോഗിച്ചുള്ള വ്യോമയാന ശ്രമം. 1.7 ദശലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചുള്ള തിരച്ചിലായിരുന്നു നടന്നത്.
Malaysia has agreed to resume search for the wreckage of missing Malaysia Airlines Flight MH370, more than 10 years after it disappeared mid-flight https://t.co/TPuvelrZhjpic.twitter.com/5AcSv6d7Hz
— Reuters (@Reuters) December 20, 2024
2017 ജനുവരിയിൽ ഓസ്‌ട്രേലിയ, മലേഷ്യ, ചൈന സർക്കാരുകൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. ഏകദേശം 46,000 ചതുരശ്ര മൈൽ പരിധിയാണ് തിരച്ചിലിൽ ഉൾപ്പെട്ടത്. ഇതിനായി ചിലവാക്കിയ തുക 150 മില്യൺ അമേരിക്കൻ ഡോളറായിരുന്നു. പിന്നീട് ഓഷ്യൻ ഇൻഫിനിറ്റിയുമായി ചേർന്ന് മലേഷ്യൻ സർക്കാർ വീണ്ടും തിരച്ചിലിനിറങ്ങി. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങളുടെ അതിസമ്മർദമായിരുന്നു നടപടിക്ക് പിന്നിലെ കാരണം. പക്ഷേ, ഓഷ്യൻ ഇൻഫിനിറ്റിക്കും ഉത്തരം നൽകാനായില്ല.
സർക്കാർ റിപ്പോർട്ടുകൾ
നാല് വർഷം നീണ്ടു നിന്ന തിരച്ചിലിനും അന്വേഷണത്തിനും ശേഷം 495 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് കണ്ടെത്താൻ സാധിക്കാതെയാണ് റിപ്പോർട്ട് അവസാനിക്കുന്നതും. സുരക്ഷാ അന്വേഷണ സംഘത്തിന്റെ തലവനായ കോക് സൂ ചോൻ വിമാനം ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞില്ല. പക്ഷേ, എന്താണ്, എന്തിനാണ് എന്നതിൽ വ്യക്തത വരുത്താൻ അദ്ദേഹത്തിനുമായിട്ടില്ല.
പൈലറ്റ് സഹാരി അഹമ്മദ് ഷാ, ഫസ്റ്റ് ഓഫീസറായ ഫാരിഖ് അബ്ദുൾ ഹമീദ് എന്നിവരുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ചായിരുന്നു റിപ്പോർട്ട്. യാത്രക്കാരുടെ സാമ്പത്തിക സാഹചര്യം, ആരോഗ്യം, ശബ്ദം തുടങ്ങിയവും പരിശോധനയ്ക്ക് വിധേയമായി. അസ്വാഭാവീകമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
ഇനി എന്ത് ?
2018 -ലാണ് അവസാനമായി വിമാനത്തിനായി തിരച്ചിൽ നടത്തിയത്. അന്ന് തിരച്ചിൽ നടത്തിയ പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തിരച്ചിലിനായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇത്തവണ 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ കടലിലാണ് തിരച്ചിൽ നടക്കുക. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ കമ്പനിക്ക് 70 മില്യൺ ഡോളറാണ് (ഏകദേശം 594 കോടി രൂപ) ലഭിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിമാനത്തിൽ 150 ഓളം ചൈനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം 50 മലേഷ്യക്കാരും ഫ്രാൻസ്, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുക്രൈയ്ൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ കൂട്ടത്തിലുണ്ട്. മലേഷ്യൻ സർക്കാറിൻറെ പുതിയ തീരുമാനത്തെ അന്ന് കാണാതായവരുടെ ബന്ധുക്കൾ സ്വാഗതം ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.