/indian-express-malayalam/media/media_files/2024/11/07/lVgWgfwlLwHyfP6ppLOM.jpg)
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഹസ്യ അറ കണ്ടെത്തിയില്ല
പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയ്ക്കുള്ളിലെ രഹസ്യഅറകൾ തുറക്കുന്നത് അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയ്ക്കുള്ളിൽ രഹസ്യ അറ ഇല്ലെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും (എഎസ്‌ഐ) നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (എൻജിആർഐ) മുതിർന്ന ശാസ്ത്രജ്ഞർ ക്ഷേത്രത്തിൽ നടത്തിയ സർവ്വേയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
മുതിർന്ന ശാസ്ത്രജ്ഞർ സർവേ നടത്തിയിട്ടും കണ്ടെത്താനാവാത്ത രഹസ്യ അറ എവിടെയാണ്. എന്തുകൊണ്ടാണ് പുരി ക്ഷേത്രത്തെ ചുറ്റിപ്പറ്റി രഹസ്യഅറ വാദം ഉയരുന്നത്. പരിശോധിക്കാം.
രഹസ്യഅറയെ ചുറ്റിപ്പറ്റിയുള്ള കഥകൾ
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ആരാധനാമൂർത്തികളായ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവർക്കായി നൂറ്റാണ്ടുകളായി ഭക്തരും പണ്ടത്തെ പ്രബലരായ രാജാക്കന്മാരും സംഭാവന ചെയ്ത വിലയേറിയ സമ്മാനങ്ങളും സ്വത്തുക്കളുമാണ് രത്‌ന ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.
ക്ഷേത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇതിന് ഭിതർ ഭണ്ഡാർ (അകത്തെ അറ), ബഹാര ഭണ്ഡാർ (പുറത്തെ അറ) എന്നിങ്ങനെ രണ്ട് അറകൾ ആണുള്ളത്. വാർഷിക രഥയാത്രയുടെ ഭാഗമായി പുറത്തെ അറ പതിവായി തുറക്കാറുണ്ട്. എന്നാൽ രത്‌നഭണ്ഡാരം അവസാനമായി തുറന്നത് 1978-ലാണ്. 1985-ൽ വീണ്ടും അകത്ത് പ്രവേശിച്ചിരുന്നെങ്കിലും പ്രധാന അറകൾ തുറന്നിരുന്നില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, രത്‌നഭണ്ഡാരത്തിന്റെ അകത്തെ അറ തുറക്കാത്തതാണ് നിലവിലെ അഭ്യൂഹങ്ങൾക്ക് ശക്തി പ്രാപിച്ചത്.
ലേസർ സ്‌കാനിംഗ് നടത്താനും അറയുടെ അന്തരീക്ഷം വൃത്തിയാക്കാനും എഎസ്‌ഐ അത്യാധുനിക ഉപകരണം ഉപയോഗിക്കുമെന്ന് പുരിയുടെ മുൻ രാജകുടുംബം ദേവാലയ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ദിബ്യസിംഗ ദേബ് പറഞ്ഞു.സംസ്ഥാന സർക്കാർ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിന്റെ (എസ്ഒപി) ഭാഗമല്ല ഇത്തരമൊരു സാങ്കേതിക സർവേയെങ്കിലും വ്യാപകമായ ആവശ്യം പരിഗണിച്ച് ക്ഷേത്ര ഭരണസമിതി സർക്കാരിന്റെ അനുമതി തേടി. അനുമതി ലഭിച്ചതോടെ സർവേ നടത്താൻ എഎസ്‌ഐക്ക് കത്തെഴുതി.
സർവേ നടത്തിയത് ഇങ്ങനെ
സെപ്റ്റംബർ 18 നാണ് സർവേ നടപടികൾ ആരംഭിച്ചത്. എഎസ്‌ഐ അഡീഷനൽ ഡിജി ജാൻവിജ് ശർമ്മയുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘം ടെക്നിക്കൽ സർവേയ്ക്കായി ക്ഷേത്ര ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ട്രഷറിയിൽ പ്രവേശിക്കുകയും മൂന്ന് മണിക്കൂർ ചേംബർ പരിശോധിക്കുകയും ചെയ്തു. ലേസർ സ്‌കാനിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നിലവറകളുടെ ഭിത്തികൾ, മേൽക്കൂരകൾ തുടങ്ങി എല്ലായിടത്തും സംഘം പരിശോധന നടത്തി.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജിപിആർ) സർവേ ഉപയോഗിച്ചായിരുന്നു രണ്ടാം ഘട്ട പരിശോധന. ഹൈദരാബാദിലെ എൻജിആർഐയിലെ വിദഗ്ധർ എട്ട് മണിക്കൂറോളം ജിപിആർ സർവേ നടത്തി. ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള പാളികൾ, ഘടനകൾ, മറ്റ് വശങ്ങൾ എന്നിവ മാപ്പ് ചെയ്യുന്നതിനാണ് ജിപിആർ സർവേ നടത്തുന്നത്. പത്ത് ദിവസത്തോളമാണ് സംഘം ക്ഷേത്രത്തിനുള്ളിൽ സർവേ നടത്തിയത്.
പ്രാഥമിക കണ്ടെത്തലുകൾ
എഎസ്‌ഐ ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും നിലവറയ്ക്കുള്ളിൽ രഹസ്യ അറകളില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പരിശോധനയിൽ നിലവറകളിലെ വിള്ളലുകൾ കണ്ടെത്താൻ കഴിഞ്ഞു. അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്്.
നിലവറയ്ക്കുള്ളിൽ പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് മിത്തും പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി പരിശോധനാ വേളയിൽ പാമ്പ് പിടുത്തക്കാരെയും മെഡിക്കൽ സംഘത്തെയും പുറത്ത് സജ്ജമാക്കി നിർത്തിയിരുന്നു. എന്നാൽ നിലവറയിൽ പ്രവേശിച്ച സംഘം പാമ്പിനെയോ മറ്റ് ഇഴജന്തുക്കളെയോ കണ്ടെത്തിയില്ല.
Read More
- ട്രംപിന്റെ മിന്നും വിജയം; കാരണങ്ങൾ ഇവയാണ്
- യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിർണായകം 7 സ്വിങ് സ്റ്റേറ്റുകൾ; അറിയേണ്ടതെല്ലാം
- വരാഗ് കഴിച്ച് മുന്ന് ദിവസത്തിനിടെ ചരിഞ്ഞത് പത്ത് ആനകൾ:കാരണം ഇതാണ്
- Murine Typhus: ഭീകരനാണ് മ്യൂറിൻ ടൈഫസ് : എന്താണ് ഈ രോഗം, അറിയേണ്ടതെല്ലാം
- മരുഭൂമിയിലെ ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന സൗദിയുടെ വിവാദ പദ്ധതി, നിയോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us