/indian-express-malayalam/media/media_files/4tJrSPxJENXq4jBffxWM.jpg)
നിയോം പദ്ധതി
സൗദി അറേബ്യയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് നിയോം. സൗദിയുടെ സ്വപ്ന പദ്ധതി കൂടിയാണിത്. എന്നാൽ, ഈ മാസം ആദ്യം, ദി വാൾ സ്ട്രീറ്റ് ജേണലിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്ത സൗദിയുടെ മെഗാസിറ്റി പദ്ധതിയായ നിയോമിനെക്കുറിച്ച് വിമർശനാത്മകമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
സൗദി അറേബ്യയുടെ നിയോം പദ്ധതി അഴിമതി, തൊഴിലാളി മരണം, വംശീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡബ്ല്യുഎസ്‌ജെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണ പദ്ധതി എന്താണെന്നും അതിനെക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ചും നിങ്ങൾക്ക് അറിയേണ്ടതെല്ലാം.
എന്താണ് നിയോം?
സൗദി അറേബ്യയുടെ 2030 വിഷൻ പദ്ധതിയുടെ ഭാഗമാണ് നിയോം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പെട്രോളിയം ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നിയോം സൗദി അറേബ്യയുടെ പടിഞ്ഞാറൻ തബൂക്ക് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ൽ കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതിയുടെ പേര് 'പുതിയത്' എന്നർത്ഥം വരുന്ന 'നിയോ' എന്ന ഗ്രീക്ക് പദത്തിന്റെയും 'ഭാവി' എന്നർത്ഥമുള്ള 'മുസ്തഖ്ബാൽ' എന്ന അറബി പദത്തിന്റെയും സംയോജനമാണ്.
500 ബില്യൺ ഡോളറിന്റെ പദ്ധതിയായി ആദ്യം കണക്കാക്കപ്പെട്ടിരുന്നെങ്കിലും ചെലവ് 1.5 ട്രില്യൺ ഡോളറായി ഉയർന്നുവെന്ന് 2024 ഏപ്രിലിലെ ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. 2039-ൽ പദ്ധതി പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. നിയോമിൽ അഞ്ച് പ്രദേശങ്ങളാണ് ഉൾപ്പെടുക.
1. ദ് ലൈൻ- മരുഭൂമിക്ക് കുറുകെ 34 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 170 കിലോമീറ്റർ നീളമുള്ള മിറേർഡ് സിറ്റി ലൈനായിട്ടാണ് ദ് ലൈൻ നിർമ്മിക്കുന്നത്. 500 മീറ്റർ ഉയരവും 200 മീറ്റർ വീതിയുമുള്ള ലംബമായി പാളികളുള്ള കെട്ടിടങ്ങളാണ് ഇവിടെ നിർമ്മിക്കുക. പൂർണമായും നടക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന നഗരം 95 ശതമാനം പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.
2. ഓക്സഗൺ - ഒക്‌സാഗൺ ഒരു വ്യാവസായിക നഗരമാണ്. ഇവിടെ ഒരു വ്യാവസായിക തുറമുഖവും പാർപ്പിട അപ്പാർട്ടുമെന്റുകളും ഉണ്ടാകും. ഓക്സഗണും പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.
3. ട്രോജെന - 2029-ൽ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ട്രോജെന. സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളുള്ള ഈ പ്രദേശത്ത് ഒരു സ്കൈ റിസോർട്ട് സ്ഥാപിക്കും. നിയോം വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ട്രോജെനയിൽ "താപനില കുറവാണ്, വർഷം മുഴുവനും മിതമായ കാലാവസ്ഥയുണ്ട്, ഇവിടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ശരാശരി തണുപ്പാണ്".
4. മാഗ്ന - ആഡംബര ജീവിതശൈലി ലക്ഷ്യമിട്ടാണ് മാഗ്ന രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കാബ ഉൾക്കടലിന്റെ തീരത്താണിത്. ഈ പ്രദേശത്ത് 120 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 12 പ്രീമിയർ ഡെസ്റ്റിനേഷനുകൾ ഉണ്ടാകും.
5. സിന്ദാല - ചെങ്കടലിലെ ഒരു ആഡംബര ദ്വീപാണ് സിന്ദാല. ഗ്രീക്ക് ദ്വീപുകൾ, കരീബിയൻ കടൽ, മെഡിറ്ററേനിയൻ തീരപ്രദേശം എന്നിവയോട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെല്ലാം യാച്ച്, ബോട്ട് ഉടമകൾ ഇഷ്ടപ്പെടുന്നു. ഈ വർഷം തുറക്കുന്ന സിന്ദാല 840,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.
നിയോമുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്തൊക്കെയാണ്?
വിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും നിയോമിന്റെ വികസനത്തിന് അതൊന്നും തടസമായിട്ടില്ല. നിയോമിനെ ബാധിച്ച ചില വിവാദങ്ങൾ ഇവയാണ്.
തദ്ദേശവാസികളുടെ കുടിയിറക്കം
നിയോം നിർമ്മിക്കുന്ന തബൂക്ക് മേഖലയിലെ തദ്ദേശവാസികളായ ഹുവൈതത് ഗോത്രത്തെ ഒഴിപ്പിക്കാൻ സൗദി സുരക്ഷാ സേന ബലപ്രയോഗം നടത്തുന്നതായി 2020-ൽ ബിബിസി റിപ്പോർട്ട് ചെയ്തു. ദ് ലൈനിൽ നിന്ന് 4.5 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന അൽ-ഖുറൈബയിൽ നിന്ന് ഹുവൈതത് ഗ്രാമവാസികളെ ഒഴിപ്പിക്കാൻ താൻ ഉത്തരവിട്ടതായി മുൻ സൗദി ഇന്റലിജൻസ് ഓഫീസർ കേണൽ റാബിഹ് അലനെസി 2024 മേയിലാണ് ബിബിസിയോട് പറഞ്ഞത്. ബലപ്രയോഗത്തിലൂടെ അവരെ കുടിയൊഴിപ്പിക്കാൻ സൗദി അധികൃതർ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു. 2023-ൽ നിർബന്ധിപ്പിച്ച് കുടിയൊഴിപ്പിച്ചതിൽ പ്രതിഷേധിച് ഹുവൈതത് ഗ്രാമവാസികളെ തീവ്രവാദികളായി മുദ്രകുത്തി അവർക്ക് വധശിക്ഷ നടപ്പാക്കിയ സൗദി ഭരണകൂടത്തിന്റെ നടപടിയിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പദ്ധതികളുടെ മന്ദഗതിയിലുള്ള പുരോഗതി
നിയോം പ്രോജക്ടിന്റെ പുരോഗതി മന്ദഗതിയിലായതായി 2024 ഏപ്രിലിൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 2030-ഓടെ ദ് ലൈനിലെ 9 ദശലക്ഷം നിവാസികളിൽ 1.5 ദശലക്ഷത്തെ താമസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, നഗരത്തിൽ പരമാവധി 300,000 നിവാസികൾക്ക് മാത്രമേ താമസിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. കൂടാതെ, പദ്ധതിയുടെ 1.4 കിലോമീറ്റർ മാത്രമേ 2030-ൽ പൂർത്തിയാകൂ. 2029 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് ട്രോജെനയിൽ ആതിഥേയത്വം വഹിക്കാൻ കഴിയുമോയെന്ന ആശങ്ക ഇത് ഉയർത്തിയിട്ടുണ്ട്.
നിയോമിലെ ഉന്നത വ്യക്തികളുടെ നിസംഗത
തുടക്കത്തിൽ എക്സിക്യൂട്ടീവുകൾക്ക് പദ്ധതിയുടെ പ്രധാന നിർദേശങ്ങൾ മുഹമ്മദ് ബിൻ സൽമാൻ കൈമാറി. ജോലിസ്ഥലത്തെ മോശം പെരുമാറ്റമോ കുറ്റകൃത്യങ്ങളോ കാരണം ജോലിക്കാർക്ക് പലപ്പോഴും അവരുടെ മുൻ ജോലികൾ ഉപേക്ഷിക്കേണ്ടിവന്നു. മൂന്ന് നിർമ്മാണ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന്, നിയോമിന്റെ മീഡിയ ഡിവിഷൻ മാനേജിംഗ് ഡയറക്ടർ വെയ്ൻ ബോർഗ് നടത്തിയ വംശീയവും വർഗീയവുമായ പരാമർശങ്ങൾ വിവാദമായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.