/indian-express-malayalam/media/media_files/J7oQxDy9hY7wHAlOwyKS.jpg)
ഫയൽ ചിത്രം
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം അംഗീകരിച്ചുകൊണ്ട് ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങൾ കേന്ദ്രമന്ത്രിസഭ ബുധനാഴ്ച ആരംഭിച്ചു.
മാർച്ച് 14 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ച റിപ്പോർട്ടിൽ, കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ഒരേസമയം സുഗമമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിരവധി ഭരണഘടനാ ഭേദഗതികൾ കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തു.
ഒരേ സമയം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനായുള്ള നീക്കങ്ങൾ രണ്ട് ഘട്ടങ്ങളിലൂടെയാണ് പ്രാബല്യത്തിൽ വരുക. ആദ്യ ഘട്ടത്തിൽ, ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ യോജിപ്പിക്കും. ഇതു പൂർത്തിയായി 100 ദിവസത്തിനകം രണ്ടാം ഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു,
തുടർന്നുള്ള നീക്കങ്ങൾ എന്താകും?
പാർലമെൻ്റ് പാസാക്കിയ രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളെ ആശ്രയിച്ചാണ് 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന പദ്ധതി നിലവിൽ വരുന്നത്. എന്നാൽ ഇതിനായി സർക്കാരിന് വിവിധ പാർട്ടികളുടെ സമ്മതവും ആവശ്യമാണ്. ലോക്‌സഭയിൽ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ എൻഡിഎയിലെ സഖ്യകക്ഷികളും പ്രതിപക്ഷ കക്ഷികളുമായും ഇതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടി വരും.
പൊതുസമ്മതി നേടുന്നതിനുള്ള ഒരു മാർഗ്ഗം ഭരണഘടനാ ഭേദഗതി ബില്ലുകൾ പാർലമെൻ്ററി കമ്മിറ്റിക്ക് കൈമാറുക എന്നതാണ്; ഇത് ഒരു പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോ, സംയുക്ത പാർലമെൻ്ററി കമ്മിറ്റിയോ ആകാം. സഭയുടെ പാനലുകളിൽ പ്രതിപക്ഷ അംഗങ്ങളുണ്ടാകും, അവരുമായുള്ള ചർച്ചയിലൂടെ അഭിപ്രായ ഐക്യത്തിൽ എത്തിചേരാൻ സാധിച്ചേക്കാം.
ഒരേസമയം തിരഞ്ഞെടുപ്പ് എന്ന പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലേക്കും കേന്ദ്രം ചർച്ച നടത്തേണ്ടിവരും. ആകെയുള്ള സംസ്ഥാനങ്ങളിൽ പകുതിയെങ്കിലും ഭരണഘടന ഭേദഗതി അംഗീകരിക്കേണ്ടതുണ്ട്.
നിലവിൽ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ ബിജെപിയാണ് ഭരിക്കുന്നത്. എന്നാൽ ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സ്ഥിതി മാറിമറിഞ്ഞേക്കാം.
ഭരണഘടനയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്?
ഒരേസമയം തിരഞ്ഞെടുപ്പ് എന്ന സമ്പ്രദായത്തിലേക്ക് മാറുന്നതിന് ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയുടെയും രാജ്യസഭയുടെയും ‘പ്രത്യേക ഭൂരിപക്ഷം’ആവശ്യമാണ്. ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 368 പ്രകാരം രണ്ട് വ്യവസ്ഥകൾ പൂർത്തിയാക്കേണ്ടതുണ്ട്.
ആദ്യം, ലോക്‌സഭയിലെയും രാജ്യസഭയിലെയും മൊത്തം അംഗങ്ങളിൽ പകുതിയും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണം. രണ്ടാമതായി, ഹാജരാകുകയും വോട്ടുചെയ്യുകയും ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണം.
രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബിൽ എല്ലാ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളും (മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും) 100 ദിവസത്തിനുള്ളിൽ നടത്തപ്പെടുന്നു എന്ന് ഉറപ്പാക്കും. ഈ ഭേദഗതി പാസാകണമെങ്കിൽ, മുകളിൽ സൂചിപ്പിച്ച രണ്ട് വ്യവസ്ഥകൾ കൂടാതെ ഒരു അധിക വ്യവസ്ഥ കൂടി പാലിക്കേണ്ടതുണ്ട്.
കാരണം, പ്രാദേശിക ഭരണകൂടം എന്നത് ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റിന് കീഴിലുള്ള ഒരു വിഷയമാണ്. ഈ വിഷയത്തിൽ നിയമങ്ങൾ പാസാക്കാൻ സംസ്ഥാനങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ. ഒരേസമയത്തുള്ള തിരഞ്ഞെടുപ്പിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഉൾക്കൊള്ളിക്കുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ സംബന്ധിച്ച് ആർട്ടിക്കിൾ 368ൽ "രാജ്യത്തെ പകുതിയിൽ കുറയാത്ത സംസ്ഥാനങ്ങളിലെ നിയമസഭകളും ഈ ഭേദഗതി അംഗീകരിക്കേണ്ടതുണ്ട്" എന്ന് വ്യവസ്ഥ ചെയ്യുന്നു.
ഈ ബില്ലുകൾ പാർലമെൻ്റ് പാസാക്കിയാൽ എന്ത് സംഭവിക്കും?
കോവിന്ദ് കമ്മിറ്റി അവതരിപ്പിച്ച മാർഗരേഖ അനുസരിച്ച്, പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ സിറ്റിംഗിൽ രാഷ്ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിക്കും. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആദ്യ ബില്ലിലൂടെ അവതരിപ്പിച്ച ആർട്ടിക്കിൾ 82 എ പ്രാബല്യത്തിൽ വരും.
ഈ വിജ്ഞാപനത്തിൻ്റെ തീയതി 'നിയമന തീയതി' എന്ന് അറിയപ്പെടും. ഈ തീയതിക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന അസംബ്ലികൾ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞാൽ പിരിച്ചുവിടും.
ഒരേസമയം തിരഞ്ഞെടുപ്പ് എന്ന മാറ്റം നിലവിൽ വരുത്തുന്നതിൻ്റെ ഭാഗമായി ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന ചില സംസ്ഥാന അസംബ്ലികൾ കാലാവധി അവസാനിക്കുന്നതിനു മുമ്പ് പിരിച്ചു വിടേണ്ടി വരും. ഉദാഹരണത്തിന്, ബീഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 ഒക്ടോബറിലോ നവംബറിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പിലായാൽ പുതിയ നിയമസഭ 2030 എന്ന സാധാരണ സമയപരിധിക്കു മുമ്പ് 2029-ൽ പിരിച്ചുവിടും.
ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അതേ സമയം പുതിയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താൻ സാധിക്കും.
കോവിന്ദ് കമ്മിറ്റി നിർദ്ദേശിച്ച സ്കീമിൽ, ഒരു സംസ്ഥാന അസംബ്ലിയോ ലോക്‌സഭയോ അതിൻ്റെ അഞ്ച് വർഷത്തെ കാലാവധി 12 അവസാനിക്കുന്നതിന് മുമ്പ് പിരിച്ചുവിടുകയാണെങ്കിൽ, ഒരു മധ്യകാല തിരഞ്ഞെടുപ്പ് നടക്കും.
എങ്കിലും ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുന്നിന് മുമ്പുള്ള ശേഷിക്കുന്ന കാലയളവിൽ മാത്രമേ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അസംബ്ലിയോ ലോക്സഭയോ പ്രവർത്തിക്കൂ. ഇടക്കാല തിരഞ്ഞെടുപ്പിനും, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരേ സമയം നടക്കുന്ന തിരഞ്ഞെടുപ്പിനും, ഇടയിലുള്ള ഈ കാലയളവ് 'കാലഹരണപ്പെടാത്ത കാലാവധി' എന്ന് അറിയപ്പെടും.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒരേസമയം നടത്താൻ കഴിയില്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിശ്വസിക്കുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് മറ്റൊരു തീയതിയിൽ നടത്തുമെന്ന് അറിയിച്ചു കൊണ്ട് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാമെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വൈകിയാലും, അടുത്ത പൊതുതിരഞ്ഞെടുപ്പിനൊപ്പം (സംസ്ഥാന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ) അത് നടുക്കും.
സംസ്ഥാനത്തിൻ്റേയോ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയുടേയോ, പഞ്ചായത്തിൻ്റേയോ, ഓരോ പ്രാദേശിക മണ്ഡലത്തിനും ഒരൊറ്റ ഇലക്ടറൽ റോളിന് (ഇസിഐ) രൂപം നൽകും എന്ന് കോവിന്ദ് കമ്മറ്റി സൂചിപ്പിക്കുന്നു.
രാജ്യത്തെ എല്ലാ വോട്ടർമാരുടെയും വിശദാംശങ്ങൾ അടങ്ങിയ ഇലക്ടറൽ റോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് തയ്യാറാക്കും. ഈ ഭേദഗതിക്കും രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
Read More
- 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; എന്താണ് സർക്കാരിന് മുന്നിലുള്ള പ്രധാന നിയമ വെല്ലുവിളികൾ?
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; ആശയം അർത്ഥമാക്കുന്നതെന്ത് ?
- 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.