/indian-express-malayalam/media/media_files/wPVbZrYL0tidtO2g8OLo.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: രാജ്യത്ത് 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കാൻ പൊതു ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വിഷയം കൈകാര്യം ചെയ്യുന്ന ഉന്നതതല സമിതി പുറത്തിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുപ്പുകളുടെ ഘടന മാറ്റുന്ന കാര്യത്തിൽ പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്.
ജനുവരി 15-നകം ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമിതിയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. സമിതിയുടെ വെബ്‌സൈറ്റായ onoe.gov.in വഴിയോ sc-hlc@gov.in എന്ന ഇമെയിൽ വഴിയോ നിർദ്ദേശങ്ങൾ രേഖാമൂലം അയയ്ക്കാൻ പൊതുജനങ്ങൾക്ക് കഴിയും. 2023 സെപ്തംബർ 2-ന് രൂപീകൃതമായ കമ്മിറ്റി ഇത് വരെ രണ്ട് യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഈ യോഗങ്ങളിൽ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഭരണഘടനയ്ക്ക് കീഴിലുള്ള നിലവിലെ ചട്ടക്കൂട് കണക്കിലെടുത്ത്, ലോക്‌സഭ സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകൾ പരിശോധിക്കാനും അവയിൽ നിന്നും പരിഗണിക്കാവുന്നവ മുന്നോട്ട് നീക്കാനുമാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. നിയമപരമായ വ്യവസ്ഥകളും, അതിനായി, ഭരണഘടന, ജനപ്രാതിനിധ്യ നിയമം, 1950, ജനപ്രാതിനിധ്യ നിയമം,1951, എന്നിവയ്ക്ക് കീഴിലുണ്ടാക്കിയ ചട്ടങ്ങൾ, മറ്റ് നിയമങ്ങൾ എന്നിവ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കും.എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുന്നതിന് നിലവിലെ ചട്ടങ്ങളിൽ ഭേദഗതികൾ ആവശ്യമാണ്.
ഭരണഘടനാ ഭേദഗതികൾ സംസ്ഥാനങ്ങൾ അംഗീകരിക്കേണ്ടതുണ്ടോയെന്നും അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്നും സമിതി പരിശോധിക്കും. ഒക്ടോബറിൽ നടന്ന രണ്ടാമത്തെ യോഗത്തിൽ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിക്കുന്ന ലോ കമ്മീഷൻ അംഗങ്ങളുമായി ഉന്നത തല സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു. വിരമിച്ച ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ലോ കമ്മീഷൻ വിഷയത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ ലോ കമ്മീഷൻ ഇതുവരെ ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.
രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവും നിയമ സെക്രട്ടറി നിതിൻ ചന്ദ്ര സെക്രട്ടറിയുമാണ്. ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും രൂപീകരണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം അംഗത്വം രാജിവെച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us