scorecardresearch

എന്താണ് മെക് സെവൻ ? വിവാദത്തിന് കാരണം എന്തെല്ലാം

മെക് സെവൻ എന്നാൽ എന്താണ് ? നിലവിലെ വിവാദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്. പരിശോധിക്കാം

മെക് സെവൻ എന്നാൽ എന്താണ് ? നിലവിലെ വിവാദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്. പരിശോധിക്കാം

author-image
WebDesk
New Update
Mec 7 Health Club

എന്താണ് മെക് സെവൻ ?

മെക് സെവൻ, മലയാളികൾ ഇന്ന് ഏറ്റവുമധികം തിരയുന്ന പദമാണിത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും നിറഞ്ഞതോടെയാണ് മെക 7 ചർച്ചാവിഷയമായത്. എന്താണ് മെക് സെവൻ കൂട്ടായ്മ. ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. എന്താണ് ഈ കൂട്ടായ്മയെ ചുറ്റിപ്പറ്റിയുള്ള വിവാദം. പരിശോധിക്കാം.

മെക് സെവൻ തുടക്കം

Advertisment

ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് സെവൻ. മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ എന്നതാണ് മെക് സെവന്റെ പൂർണ്ണരൂപം. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്. 2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് സെവൻ മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു.

ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക എന്ന മെക് സെവൻ പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. എയ്റോബിക്സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.

ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ കൂട്ടായ്മ നല്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയിൽ പ്രധാനമായുള്ളത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യുഎഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് സെവൻ വളർന്നു. 

വിവാദങ്ങൾ

Advertisment

മെക് സെവനെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തുന്നത് സിപിഎം ആണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കൂട്ടായ്മയ്ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് ആരോപിക്കുന്നത്. കായിക പരിശീലനം എന്ന് പേരിൽ നടക്കുന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. 

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രത്തിന് മറയിടാനുള്ള പരിവേഷം ഉണ്ടാക്കലാണിത്. തീവ്രവാദികളെയും കൂടെക്കൂട്ടിയുള്ള ഏർപ്പാടാണിത്- മോഹനൻ പറഞ്ഞു. ഇതിനുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെ പിന്തുണച്ച് കാന്തപുരം വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും രംഗത്തെത്തി. ഇതിന് പിന്നാലെ ബിജെപിയും സ്വാമി ചിദാനന്ദപുരി ഉൾപ്പടെയുള്ളവർ ജില്ലാ സെക്രട്ടറുയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയതോടെയാണ് മെക് സെവൻ  വിവാദത്തിലാകുന്നത്. 

മലക്കം മറിച്ചലും പിന്തുണയും

പ്രസ്താവന വിവാദമായതോടെ പി.മോഹനൻ മലക്കം മറിഞ്ഞു. താൻ മെക് സെവനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്. ഇത്തരം സംഘടകളിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദികൾ നുഴഞ്ഞുകയറി ഹൈജാക്ക് ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 

പി മോഹനന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മിനുള്ളിൽ തന്നെ എതിർ സ്വരം ഉയർന്നിരുന്നുവെന്നാണ് വിവരം. മന്ത്രി പിഎ മുഹമ്മദ് റിയാസ്, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ മെക് സെവനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ കോൺഗ്രസ് എംപി വികെ ശ്രീകണ്ഠനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേ സമയം, ആരോപണം ഉന്നയിച്ചവർ സത്യം മനസ്സിലാക്കിയപ്പോൾ പിൻവാങ്ങിയെന്നാണ് മെക് സെവൻ ഭാരവാഹികൾ പറയുന്നത്.

Read More

Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: