/indian-express-malayalam/media/media_files/2024/11/26/5JhULIUa2SZLWheXcHz2.jpg)
Government's PAN 2.0 project: എന്താണ് പാൻ 2.0 പദ്ധതി?
Cabinet Approves PAN 2.0: നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക, ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്രം അംഗീകാരം നൽകിയ പദ്ധതിയാണ് 'പാൻ 2.0.' നിലവിലെ പാൻ സേവനങ്ങളുടെ നവീകരിച്ച പതിപ്പാണ്, പാൻ 2.0. മെച്ചപ്പെട്ട പ്രവർത്തനക്ഷമതയ്ക്കും സുരക്ഷയ്ക്കുമായി ക്യുആർ കോഡ് സംവിധാനമുൾപ്പെടെയുള്ള സവിശേഷതകൾ പാൻ 2.0ൽ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ സവിശേഷതകൾ പ്രയോജനപ്പെടുത്തുന്നതിനായി പാന്‍ ഉടമകള്‍ അവരുടെ കാര്‍ഡുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ തിരിച്ചറിയലിൻ്റെയും വിവരങ്ങളുടെയും ശക്തമായ ഉറവിടമായി പാൻ കാർഡ് മാറുമെന്നാണ് പ്രതീക്ഷ. 78 കോടിയോളം വരുന്ന നിലവിലുള്ള പാൻ ഉടമകൾക്ക് പാൻ കാർഡ് അപ്‌ഗ്രേഡ് ചെയ്യാം. അതേസമയം, നിലവിലുള്ള ഉപയോക്താക്കൾക്ക് നമ്പറും പാൻ കാർഡും മാറുന്നില്ല. ഇത് സൗജന്യമായിരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
എന്താണ് പാൻ 2.0 പദ്ധതി?
1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന ആദായനികുതി വകുപ്പിൻ്റെ പാൻ 2.0 പദ്ധതിക്ക് തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതിക്ക് കീഴിൽ, നിലവിലുള്ള പാൻ സംവിധാനം പൂർണ്ണമായും നവീകരിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം, ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പാൻ 2.0 സവിശേഷതകൾ
പുതിയതും നിലവിലുള്ളതുമായ എല്ലാ പാൻ കാർഡുകൾക്കും ക്യുആർ-കോഡ് ഫീച്ചർ, പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും "നിർബന്ധിത പാൻ ഡാറ്റ വോൾട്ട് സിസ്റ്റം" തുടങ്ങി ഒരു ഏകീകൃത പോർട്ടൽ സജ്ജീകരിക്കുന്നതിനായി പാൻ 2.0 പദ്ധതി ലക്ഷ്യമിടുന്നു. ഡാറ്റ സംരക്ഷണവും സൈബർ സുരക്ഷയും മുൻ നിർത്തിയാണ് പദ്ധതി.
'പാൻ ഡാറ്റ വോൾട്ട്' സംവിധാനമാണ് സവിശേഷതകളിൽ പ്രധാനം. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പാൻ സംബന്ധ വിവരങ്ങൾ ഉപയോഗിക്കുന്നു. അതിനാൽ, പാൻ വിശദാംശങ്ങൾ ശേഖരിക്കുന്നവർ (എൻ്റിറ്റികൾ) പാൻ ഡാറ്റ സുരക്ഷിതമായി, ഡാറ്റ വോൾട്ട് സംവിധാനത്തിലൂടെ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ടെന്ന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിലുള്ള സോഫ്റ്റ്‌വെയറിന് ഏകദേശം 15-20 വർഷം പഴക്കമുള്ളതിനാൽ ഒരു ഏകീകൃത പോർട്ടൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർണ്ണമായും പേപ്പർ രഹിതമായിരിക്കും. കൂടാതെ പരാതി പരിഹാര സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പദ്ധതി നികുതിദായകരുടെ രജിസ്‌ട്രേഷൻ പ്രക്രിയകൾ പുനഃക്രമീകരിക്കുകയും പാൻ/ടാൻ സേവനങ്ങളെ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും സുരക്ഷിതവും വേഗമേറിയതുമായിരിക്കും.
നിലവിലുള്ള ഉപയോക്താക്കൾക്ക് പാൻ 2.0 കാർഡിനായി അപ്‌ഗ്രേഡ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. എന്നാൽ അപേക്ഷയ്ക്കായുള്ള നടപടിക്രമവും സമയക്രമവും സംബന്ധിച്ച വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയതും പഴയതുമായ പാൻ കാർഡുകളിലെ ക്യുആർ-കോഡ് ഫീച്ചറിലൂടെ, ആദായ നികുതി വകുപ്പുമായുള്ള സാമ്പത്തിക ഇടപാടുകളൾ മെച്ചപ്പെട്ട രീതിയിൽ സംയോജിപ്പിക്കും. 2017-ലാണ് രാജ്യത്ത് ക്യുആർ കോഡ് സംവിധാനമുള്ള പാൻ കാർഡ് അവതരിപ്പിച്ചത്. പാൻ 2.0 പദ്ധതിയിലൂടെ കൂടുതൽ നവീകരിച്ച് ഈ സേവനം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിലുള്ള പാൻ കാർഡ് ഉടമകൾക്ക് പഴയ പാൻ കാർഡ് ക്യുആർ കോഡിലേക്ക് മാറ്റാൻ കഴിയും. ക്യുആർ കോഡില്ലാത്ത പഴയ പാൻ കാർഡുള്ള പാൻ ഉടമകൾക്ക് ക്യുആർ കോഡുള്ള പുതിയ കാർഡിന് അപേക്ഷിക്കാനുള്ള അവസരവുമുണ്ട്. പാൻ 2.0 അപേക്ഷകൾ പൂർണമായും ഓണലൈനിലൂടെ ആയിരിക്കും ലഭ്യമാകുകയെന്ന്, ധനകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
Read More
- പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഹസ്യഅറ? അന്വേഷണത്തിൽ കണ്ടെത്തിയത്
- ട്രംപിന്റെ മിന്നും വിജയം; കാരണങ്ങൾ ഇവയാണ്
- യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിർണായകം 7 സ്വിങ് സ്റ്റേറ്റുകൾ; അറിയേണ്ടതെല്ലാം
- വരാഗ് കഴിച്ച് മുന്ന് ദിവസത്തിനിടെ ചരിഞ്ഞത് പത്ത് ആനകൾ:കാരണം ഇതാണ്
- Murine Typhus: ഭീകരനാണ് മ്യൂറിൻ ടൈഫസ് : എന്താണ് ഈ രോഗം, അറിയേണ്ടതെല്ലാം
- മരുഭൂമിയിലെ ഉട്ടോപ്യ വാഗ്ദാനം ചെയ്യുന്ന സൗദിയുടെ വിവാദ പദ്ധതി, നിയോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.