scorecardresearch

കുടിയേറ്റം, വാണിജ്യം, കാലാവസ്ഥ, ആരോഗ്യം, ഭീകരവാദം;നാല് വർഷം കൊണ്ട് ട്രംപ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങൾ എന്തൊക്ക?

സമസ്തമേഖലയിലും സമൂലമായ അഴിച്ചുപണിയാണ് ട്രംപ് ഭരണകൂടം അമേരിക്കയിൽ ലക്ഷ്യമിടുന്നത്. കുടിയേറ്റം മുതൽ തീവ്രവാദം വരെയുള്ള വിഷയങ്ങളിൽ തീവ്രനിലപാട് സ്വീകരിക്കുന്ന ട്രംപ് ലക്ഷ്യമിടുന്നത് എന്താെക്കെ? പരിശോധിക്കാം

സമസ്തമേഖലയിലും സമൂലമായ അഴിച്ചുപണിയാണ് ട്രംപ് ഭരണകൂടം അമേരിക്കയിൽ ലക്ഷ്യമിടുന്നത്. കുടിയേറ്റം മുതൽ തീവ്രവാദം വരെയുള്ള വിഷയങ്ങളിൽ തീവ്രനിലപാട് സ്വീകരിക്കുന്ന ട്രംപ് ലക്ഷ്യമിടുന്നത് എന്താെക്കെ? പരിശോധിക്കാം

author-image
WebDesk
New Update
trumph new

നാല് വർഷം കൊണ്ട് ട്രംപ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങൾ എന്തൊക്ക?

വാഗ്ദാനങ്ങളും വൈരുധ്യങ്ങളും പ്രതീക്ഷകളും പ്രകോപനങ്ങളും നിറഞ്ഞ സ്ഥാനാരോഹണ പ്രസംഗം. തുടർന്ന് തിരക്കിട്ട് ഒപ്പു വച്ച ഒട്ടേറെ തീരുമാനങ്ങൾ. ആദ്യ ദിവസത്തെ ട്രംപിന്റെ ഓരോ നടപടിയും വരാനിരിക്കുന്ന നാല് വർഷങ്ങളുടെ സൂചനയായി. സ്ഥാനമേറ്റ് മണിക്കൂറുകൾക്കുള്ളിൽ അൻപതിലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പു വച്ചത്. ഇതിൽ 2021 ജനുവരി ആറിലെ ക്യാപിറ്റൽ കലാപകാരികൾക്ക് മാപ്പ് നൽകിയതും ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥാന ഉടമ്പടിയിൽ നിന്നുമുള്ള പിന്മാറ്റവും ഉൾപ്പെടുന്നു.

Advertisment

തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചാവിഷയമായ കുടിയേറ്റവും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ട്രംപ് കൂടുതൽ ശ്രദ്ധയൂന്നിയത്. മെക്‌സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ തിരിച്ചയ്ക്കുന്നതിനുള്ള നടപടി ഇതിനോടകം തുടങ്ങി.

തന്റെ ആദ്യ ഊഴത്തിലും മെക്‌സിക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടായിരുന്നു ട്രംപ് കൈക്കൊണ്ടത്. അതിർത്തികൾ അടച്ച് നിയമവിരുദ്ധമായ കുടിയേറ്റവും, മയക്കുമരുന്ന് കടത്തും തടയാൻ 30 ദിവസത്തിനുള്ളിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ ട്രംപ് പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

മെക്‌സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമുദ്ര എണ്ണ ഖനനത്തിന്റെ നല്ലൊരു പങ്കും മെക്‌സിക്കൻ ഉൾക്കടലിൽ നിന്നാണ്. അതിനാൽ ഈ മേഖലയിൽ കൂടുതൽ സ്വാധീനമുറപ്പിക്കുകയാണ് പുതിയ പ്രസ്താവനയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.

Advertisment

പനാമ കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഒട്ടേറെ പണവും ജീവനും ബലി നല്കി അമേരിക്ക നിർമ്മിച്ചതാണ് പാനമ കനാലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അത് വഴി കടന്നു പോകുന്ന അമേരിക്കൻ കപ്പലുകളിൽ വൻ തുകയാണ് പനാമ ഈടാക്കുന്നത്. മാത്രമല്ല, കനാലിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുന്ന അവസ്ഥയാണ് നിലനില്ക്കുന്നത്. അതിനാൽ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. 

ലോകത്തെ ചരക്കുനീക്കത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്ന പനാമ കനാൽ, അമേരിക്കയെ സംബന്ധിച്ച് സാമ്പത്തികമായും സൈനികമായും ഏറെ പ്രാധാനമർഹിക്കുന്നൊരു വ്യാപാര പാതയാണ്. എന്നും അതിന്റെ നിയന്ത്രണം കൈക്കലാക്കാൻ അമേരിക്ക ആഗ്രഹിച്ചിരുന്നു. 1977ൽ ഗത്യന്തരമില്ലാതെയായിരുന്നു അവർ നിയന്ത്രണം പനാമയ്ക്ക് തന്നെ കൈമാറിയത്. അമേരിക്കയുടെ സർവ്വാധിപത്യം സ്വപ്നം കാണുന്ന ട്രംപ് അതിൽ അവകാശവാദമുന്നയിച്ചതിൽ അദ്ഭുതപ്പെടാനില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. പക്ഷെ അതിന്റെ നിയന്ത്രണം കൈക്കലാക്കുക എളുപ്പമാകില്ലെന്ന് മാത്രം. പനാമ കനാലിന് പുറമെ ഗ്രീൻലാന്റിനും കാനഡയ്ക്കും മേലുള്ള താല്പര്യവും ട്രംപ് കഴിഞ്ഞ മാസം തുറന്ന് പ്രകടിപ്പിച്ചിരുന്നു.

കാലാവസ്ഥ ഉടവമ്പടിയിലെ ഇടപെടൽ നിർണായകം

കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറിയതായിരുന്നു ആദ്യ ദിവസം ട്രംപ് കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനങ്ങളിലൊന്ന്. എന്നും കാലാവസ്ഥാ ഉടമ്പടിക്കെതിരായിരുന്നു ട്രംപിന്റെ നിലപാട്. പരിസ്ഥിതിയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നുള്ള പിന്മാറ്റം.

എണ്ണ, പ്രകൃതി വാതക ഉൽപ്പാദനം പരമാവധിയാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികൾ വേഗത്തിൽ ഊർജ്ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഇത് വാഹന വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. 

കോവിഡും മറ്റു ആരോഗ്യ പ്രതിസന്ധികളും കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം. ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ ഊഴത്തിലും ട്രംപ് സംഘടനയിൽ നിന്ന് പിൻവാങ്ങിയിരുന്നു. പിന്നീട് ബൈഡൻ ഭരണകാലത്താണ് അമേരിക്ക സംഘടയുടെ ഭാഗമായത്. വീണ്ടും അമേരിക്ക പുറത്ത് പോകുമ്പോൾ അത് സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. കാരണം സംഘടനയുടെ പ്രവർത്തന ഫണ്ടിൽ അഞ്ചിലൊരു ശതമാനവും സംഭാവന ചെയ്യുന്നത് അമേരിക്കയാണ്.

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ വ്യക്തതയില്ല

ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കിയ ബൈഡൻ ഭരണകൂടത്തിന്റെ നടപടി റദ്ദാക്കിയതാണ് ട്രംപ് ആദ്യ ദിവസം കൈക്കൊണ്ട മറ്റൊരു നടപടി. വത്തിക്കാന്റെ കൂടി ഇടപെടലിന്റെ ഭാഗമായി, ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്തായിരുന്നു ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിന്റെ ഫലമായി അഞ്ഞൂറോളം തടവുകാരെ വിട്ടയക്കാമെന്ന് ക്യൂബയും സമ്മതിച്ചിരുന്നു. ആദ്യ ഘട്ട തടവുകാരെ കഴിഞ്ഞ ബുധനാഴ്ച വിട്ടയ്ക്കുകയും ചെയ്തു. എന്നാൽ ട്രംപിന്റെ പുതിയ നടപടി സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ക്യൂബയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

അധികാരത്തിലേറിയാൽ ദിവസങ്ങൾക്കകം എല്ലാ യുദ്ധങ്ങൾക്കും പരിഹാരുമുണ്ടാക്കുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രയേൽ - ഗാസ വെടിനിർത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ , അതെത്ര കാലം നീണ്ടു നില്ക്കുമെന്നുറപ്പില്ലെന്നായിരുന്നു മറുപടി. ഇത് ഞങ്ങൾ ഇടപെടേണ്ട യുദ്ധമല്ല. പക്ഷെ ഗാസയുടെ പുനർനിർമ്മാണത്തിലടക്കം സഹായത്തിനൊരുക്കമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Read More

Donald Trump Usa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: