scorecardresearch

വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം

അമേരിക്കയുടെ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് നിരവധി പ്രതീക്ഷകളും വെല്ലുവിളികളുമാണ്‌

അമേരിക്കയുടെ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് നിരവധി പ്രതീക്ഷകളും വെല്ലുവിളികളുമാണ്‌

author-image
WebDesk
New Update
trump explained

വീണ്ടും ട്രംപ് യുഗം

അമേരിക്കയുടെ നാൽപ്പത്തിയേഴാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ ലോകം പുതിയൊരു മാറ്റത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യ അമേരിക്ക ബന്ധം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ട്രംപ് അധികാരത്തിൽ എത്തിയാൽ അവസരങ്ങളും കാര്യമായ വെല്ലുവിളികളും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഉഭയകക്ഷി ബന്ധം തുടരുമെന്ന് ഉറപ്പാണ്. ട്രംപിന്റെ വ്യത്യസ്തമായ അമേരിക്കൻ നയങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സുരക്ഷ, നയതന്ത്ര ഇടപെടലുകൾ രൂപപ്പെടുത്തുന്നത്തിന് വഴിയൊരുക്കും. മോദിയും ട്രംപും തമ്മിൽ നല്ല സൗഹൃദമാണുള്ളത്. ഇത് തുടരുമെന്ന് വിലയിരുത്തപ്പെടുമ്പോഴും ഇപ്പോഴത്തെ ലോകരാഷ്ട്രീയ സാഹചര്യം, പ്രത്യേകിച്ച് ചൈന, വ്യാപാര അസന്തുലിതാവസ്ഥ, പ്രതിരോധ സഹകരണം എന്നിവ എങ്ങനെയാണ് ട്രംപ് കൈകാര്യം ചെയ്യുക എന്നതിൽ കൃത്യമായ ഒരു ധാരണ പുറത്തുവന്നിട്ടില്ല. ട്രംപിന്റെ രണ്ടാം ടേമിൽ മോദി-ട്രംപ് ബന്ധം പുതിയ തലത്തിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

വ്യാപാര ബന്ധം

ട്രംപ് ഭരണകൂടത്തിന് കീഴിൽ വ്യാപാരം ഒരു പ്രധാന ഘടകമായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന അജണ്ട നടപ്പിലാക്കാൻ പുതിയ കരാറുകൾ സൃഷ്ടിക്കുന്നതിലേക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ട്രംപ് ആദ്യതവണ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ, പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ ബിസിനസ് രീതികൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

Advertisment

തന്റെ ആദ്യ ടേമിൽ, ട്രംപ് ഇന്ത്യയെ 'താരിഫ് രാജാവ്' എന്ന് വിളിക്കുകയും വിവിധ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാം ടേമിൽ ഈ പ്രശ്‌നം വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രതിരോധ, ഊർജ മേഖലയിൽ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുമെന്ന് ഉറപ്പാണ്.

ലോകം ഇരുചേരിയിൽ

ട്രംപിന്റെ വിജയത്തോടെ ലോകം രണ്ട് ചേരികളിലായി മാറുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ഇന്ത്യ ഈ രണ്ട് പക്ഷത്തുമില്ല. ട്രംപിന്റെ വരവിനെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചുരുക്കം ചിലരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

ട്രംപിന്റെ ആദ്യ ഊഴത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിലനിന്നിരുന്ന മികച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുഎസ് സൗഹൃദം കൂടുതൽ ഊഷ്മളമാകുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. എങ്കിലും ഉരസലുകളും പിണക്കങ്ങളും പ്രതീക്ഷിക്കുകയും ചെയ്യാം.

ഇന്തോ-അമേരിക്ക പ്രതിരോധ ബന്ധം

ഇന്തോ-പസഫിക്കിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക എന്നതായിരിക്കും ട്രംപിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന്. ആയുധ വിൽപ്പന, സൈനിക സാങ്കേതിക കൈമാറ്റം, സംയുക്ത പ്രതിരോധ അഭ്യാസങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനീക സഹകരണം കഴിഞ്ഞ തവണ ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ മികച്ച രീതിയിൽ ഉയർത്തിക്കൊണ്ട് വന്നിരുന്നു. രണ്ടാം തവണയും ട്രംപ് അധികാരത്തിൽ എത്തുമ്പോൾ ഇത് തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈന ഉയർത്തുന്ന വെല്ലുവിളിയാണ് ഇരുരാജ്യങ്ങളെയും ചേർത്തുനിർത്തുന്ന ഘടകം. ചൈന സാമ്പത്തികവും സൈനികവുമായി വെല്ലുവിളിക്കുന്ന നിലയിലേക്കു വളരുമെന്ന് അമേരിക്ക ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ചൈനയുടെ ഭീഷണി നേരിടുന്നതിന് അമേരിക്ക രൂപപ്പെടുത്തിയ ബഹുമുഖ പദ്ധതികളിലൊന്നാണ് ക്വാഡ്. എന്നാൽ അയൽരാജ്യത്തെ ശത്രുപക്ഷത്തിൽ നിർത്തുന്നതിൽ ഇന്ത്യ അൽപം വിമുഖത കാണിക്കുന്നതിനാൽ ക്വാഡ് ഇതുവരെ പൂർണ സൈനിക സഖ്യമായി മാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കുടിയേറ്റ നയം

കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ ഇരുരാജ്യവും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ആദ്യ തവണ അധികാരത്തിൽ എത്തിയപ്പോൾ എച്ച്് വൺ ബി  വിസ പ്രോഗ്രാമിലെ അദ്ദേഹത്തിന്റെ നിയന്ത്രണങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

യുഎസിലേക്കുള്ള വിദേശ വിദഗ്ധ തൊഴിലാളികളുടെ ഒഴുക്ക് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയത് ഐടി, ടെക് മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകളെ കാര്യമായി ബന്ധിച്ചിരുന്നു. അതെ നിലപാട് ഇത്തവണയും ട്രംപ് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്.

ട്രംപിന്റെ രണ്ടാം ടേം ആരംഭിക്കുമ്പോൾ, അവസരങ്ങളും വെല്ലുവിളികളും ആണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒരു വശത്ത്, പ്രതിരോധ പങ്കാളിത്തം, യുഎസുമായുള്ള വർധിച്ച വ്യാപാരം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ സഹകരണം എന്നിവ ഇന്ത്യയെ ഇന്തോ-പസഫിക്കിൽ അതിന്റെ സ്ഥാനം സുരക്ഷിതമാക്കാനും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്താനും സഹായിക്കും.

മറുവശത്ത്, വ്യാപാര നയങ്ങൾ, കുടിയേറ്റ നിയന്ത്രണങ്ങൾ, ചൈനയുമായുള്ള പിരിമുറുക്കങ്ങൾ എന്നിവയിൽ വെല്ലുവിളികൾ ഉയർത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ട്രംപുമായുള്ള ബന്ധം ബാലൻസ് ചെയ്ത് കൊണ്ടുപോവുക എന്നത് വളരെ പ്രധാനമാണ്.

Read More

Narendra Modi Usa Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: