scorecardresearch

ഇഎംഐ മുടങ്ങി ഷാരൂഖിന്റെ ജിപ്സി പിടിച്ചെടുക്കപ്പെട്ടപ്പോൾ; അന്ന് ജൂഹി പറഞ്ഞത്

കരിയറിന്റെ തുടക്കത്തിൽ ഷാരൂഖ് നേരിട്ട സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും തിരിച്ചടവ് മുടങ്ങി ജിപ്സി നഷ്ടമായതിനെ കുറിച്ചുമുള്ള ഓർമകൾ പങ്കിടുകയാണ് ഷാരൂഖിന്റെ അടുത്ത സുഹൃത്തായ ജൂഹി ചൗള

കരിയറിന്റെ തുടക്കത്തിൽ ഷാരൂഖ് നേരിട്ട സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും തിരിച്ചടവ് മുടങ്ങി ജിപ്സി നഷ്ടമായതിനെ കുറിച്ചുമുള്ള ഓർമകൾ പങ്കിടുകയാണ് ഷാരൂഖിന്റെ അടുത്ത സുഹൃത്തായ ജൂഹി ചൗള

author-image
Entertainment Desk
New Update
Juhi Juhi Chawla  SRK

പതിറ്റാണ്ടുകളോളം നീളുന്ന സൗഹൃദമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും ജൂഹി ചൗളയും തമ്മിലുള്ളത്. ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ജൂഹി.  രാജു ബൻ ഗയാ ജെൻ്റിൽമാൻ, യെസ് ബോസ്, ഡാർ, ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. ഇപ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപങ്കാളികളാണ് ഷാരൂഖും ജൂഹിയും. 

Advertisment

കരിയറിന്റെ തുടക്കക്കാലത്ത് ഷാരൂഖിനു ലഭിച്ച നല്ലൊരു സുഹൃത്താണ് ജൂഹി. ഈയടുത്ത് നടന്ന ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻ്റ് ഇൻഡസ്ട്രി ഇവൻ്റിൽ, ഷാരൂഖുമായുള്ള സൗഹൃദത്തെ കുറിച്ച് ജൂഹി പങ്കുവച്ച ഓർമകളാണ് ശ്രദ്ധ നേടുന്നത്.

ഡൽഹിയിൽ നിന്ന് ഏറെ സ്വപ്നങ്ങളുമായി മുംബൈയിൽ വന്നിറങ്ങിയ, മുംബൈയിൽ താമസിക്കാനൊരിടം പോലുമില്ലാതിരുന്ന ഷാരൂഖ് എന്ന ചെറുപ്പക്കാരന്റെ ആദ്യനാളുകളെ കുറിച്ച് ഇവന്റിനിടെ ജൂഹി സംസാരിച്ചു.  

“അന്ന് ഷാരൂഖ് എവിടെയാണ് താമസിച്ചിരുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിനായി പാചകം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം  യൂണിറ്റ് അംഗങ്ങൾക്കൊപ്പം ചായ കുടിക്കുകയും അവർക്കൊപ്പം അവരുടെ പ്ലേറ്റിൽ  ഭക്ഷണം കഴിക്കുകയും ചെയ്തു. ചിരിച്ചും തമാശ പറഞ്ഞും എല്ലാവരോടും ഇണങ്ങി ജീവിച്ചു. അന്ന് രണ്ടു മൂന്നു ഷിഫ്റ്റുകളിൽ ഷാരൂഖ് ഒരേസമയം ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നോടൊപ്പം രാജു ബൻ ഗയാ ജെൻ്റിൽമാൻ  ചെയ്യുന്ന സമയത്തു തന്നെ ദിവ്യ ഭാരതിയ്ക്ക് ഒപ്പം ദീവാനയിലും  ദിൽ ആഷ്‌ന ഹേയിലും അഭിനയിക്കുന്നുണ്ടായിരുന്നു. "

Advertisment

ഇന്ന്, ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ് ഷാരൂഖ്. ഏകദേശം 6300 കോടി രൂപയുടെ ആസ്തിയുള്ള ഷാരൂഖ് ഐഎംഡിബി ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ കരിയറിൻ്റെ തുടക്കം ഷാരൂഖിനെ സംബന്ധിച്ച് അത്ര സുഗമമായിരുന്നില്ലെന്ന് ജൂഹി ഓർക്കുന്നു. ഷാരൂഖ് പലപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും ഇഎംഐ അടയ്ക്കാൻ പാടുപെടുകയും ചെയ്തു. ലോൺ മുടങ്ങിയതിനെ തുടർന്ന് ഷാരൂഖിൻ്റെ കറുത്ത ജിപ്‌സി നഷ്ടമായ കഥയും ജൂഹി വിവരിച്ചു. 

"ഷാരൂഖിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. പക്ഷെ ഇഎംഐ അടക്കാൻ പറ്റാത്തത് കൊണ്ടാണെന്നു തോന്നുന്നു ഒരു ദിവസം ബാങ്ക് അത് പിടിച്ചെടുത്തു. അദ്ദേഹത്തിന്  ഒന്നുമില്ലായിരുന്നു. വളരെ നിരാശയോടെയാണ് അന്നദ്ദേഹം സെറ്റിൽ വന്നത്. ‘വിഷമിക്കേണ്ട, നിങ്ങൾക്ക്  ഒരു ദിവസം കൂടുതൽ കാറുകൾ നേടാനാവും,’ ആശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു.  ഷാരൂഖ് ഇപ്പോഴും അത് ഓർക്കുന്നു.  അത് സത്യമായി, ഇന്ന് അദ്ദേഹത്തെ നോക്കൂ, ” ജൂഹിയുടെ വാക്കുകളിങ്ങനെ. 

എളിയ തുടക്കങ്ങളിൽ നിന്ന്, ജൂഹി പ്രവചിച്ചതുപോലെ ഷാരൂഖിൻ്റെ കരിയർ കുതിച്ചുയരുകയായിരുന്നു. ഇന്ന് ബോളിവുഡിന്റെ കിങ് ഖാൻ എന്ന രീതിയിൽ അതിപ്രശസ്തനായി മാറിയിട്ടും ഷാരൂഖ് ജൂഹിയുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നു. 

ആദ്യ ചിത്രമായ രാജു ബൻ ഗയാ ജെൻ്റിൽമാൻ എന്ന ചിത്രത്തിനു മുൻപ്  വിവേക് ​​വസ്വാനി ഷാരൂഖിനെ കുറിച്ചു പറഞ്ഞ കാര്യവും ജൂഹി ഓർത്തെടുത്തു.  ഖയാമത്ത് സേ ഖയാമത് തക് എന്ന ചിത്രത്തിൽ ആമിർ ഖാനൊപ്പം പ്രവർത്തിച്ചതിനു ശേഷമാണ് ജൂഹി ഈ ചിത്രത്തിലേക്ക് എത്തിയത്. ഷാരൂഖിനെ അതിനു മുൻപു ജൂഹി കണ്ടിട്ടുമില്ല.

"നിങ്ങളുടെ നായകൻ വളരെ സുന്ദരനും പ്രശസ്തനും ആമിർഖാനെ പോലെയുള്ള ആളാണെന്നുമാണ്," നിർമ്മാതാവ് വിവേക് ഷാരൂഖിനെ കുറിച്ച് ജൂഹിയ്ക്ക് നൽകിയ ചിത്രം.  ആമിറിനെപ്പോലെ ചോക്ലേറ്റ് മുഖമുള്ള, സുന്ദരനായ ഒരു നായകനെ ജൂഹി മനസ്സിൽ സങ്കൽപ്പിക്കുകയും ചെയ്തു.

എന്നാൽ ഷാരൂഖിനെ നേരിട്ട് കണ്ടപ്പോൾ താൻ നിരാശയായെന്നാണ്  ജൂഹി പറയുന്നത്. “ഞാൻ സെറ്റിൽ എത്തിയപ്പോഴാണ് ഷാരൂഖിനെ  ആദ്യമായി കാണുന്നത്. വെള്ള ഷർട്ട് അണിഞ്ഞ്  നിൽക്കുന്ന മെലിഞ്ഞ, തവിട്ട് നിറമുള്ള ചെറുപ്പക്കാരൻ. ഞാൻ നിർമ്മാതാവിനോടു ചോദിച്ചു, ‘ഏത് കോണിൽ നിന്നാണ് ഇയാൾ ആമിർ ഖാനെപ്പോലെ കാണപ്പെടുന്നത്? എന്നെ നിങ്ങൾ പറ്റിച്ചു."

എന്നാൽ, മുൻധാരണ തെറ്റിയ നിരാശയ്ക്കിടയിലും താൻ ഷാരൂഖിനൊപ്പം സിനിമ ചെയ്തെന്നും ജൂഹി കൂട്ടിച്ചേർത്തു. "നോക്കൂ, ഞാൻ അവനെയും ഒരു താരമാക്കി," ചിരിയോടെ ജൂഹി കൂട്ടിച്ചേർത്തു.

ഷാരൂഖിനൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും ജൂഹി പറഞ്ഞു. "ഷാരൂഖ് സീൻ എടുക്കും മുൻപ് റിഹേഴ്സ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഒരിക്കലും സ്വാർത്ഥതയോടെ പെരുമാറിയില്ല. എനിക്കും നല്ല നിർദേശങ്ങൾ നൽകും. നല്ല അനുഭവമായിരുന്നു അതെല്ലാം."

Read More Entertainment Stories Here

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: