scorecardresearch

'ശുദ്ധ തെമ്മാടിത്തം, ആറ്റം ബോംബ് ഒന്നുമല്ലല്ലോ അത്;' വേടൻ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

വേടന്റെ അമ്മയെ പുലിപ്പല്ല് കേസുമായി ബന്ധപ്പെടുത്തിയത് അസംബന്ധവും ശുദ്ധ തെമ്മാടിത്തവുമാണെന്ന് ജോൺ ബ്രിട്ടാസ്

വേടന്റെ അമ്മയെ പുലിപ്പല്ല് കേസുമായി ബന്ധപ്പെടുത്തിയത് അസംബന്ധവും ശുദ്ധ തെമ്മാടിത്തവുമാണെന്ന് ജോൺ ബ്രിട്ടാസ്

author-image
Entertainment Desk
New Update
Vedan, John Brittas

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: പുലിപ്പല്ല് കൈവശംവച്ചതുമായി ബന്ധപ്പെട്ട് റാപ്പർ വേടനെതിരെ വനം വകുപ്പ് കേസെടുത്തതിൽ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്നും ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Advertisment

വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണ്. ആ കണക്ഷൻ കേസിൽ ഉണ്ടെന്ന വനംവകുപ്പിന്റെ നിഗമനം ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. വേടന്റെ കഴുത്തിൽ പുലിപ്പല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജോൺ ബ്രിട്ടാസ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
"റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. 

വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും.  ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്. 

Advertisment

വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," ജോൺ ബ്രിട്ടാസ് കുറിച്ചു.

Read More

Forest Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: