/indian-express-malayalam/media/media_files/FLphuKThtJ7d3OGWjiWm.jpg)
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ തരംഗം തീർക്കുകയാണ് സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. എന്നാൽ, മഞ്ഞുമ്മൽ ബോയ്സിനു തമിഴ്നാട്ടിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അമ്പരപ്പിക്കുന്ന സ്വീകാര്യത ചിലരെയൊക്കെ അസ്വസ്ഥരാക്കുന്നുണ്ടെന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി തമിഴ് നടി മേഘ്ന രംഗത്തു വന്നിരുന്നു.
മഞ്ഞുമ്മൽ ബോയ്സിന് കേരളത്തിൽ വെറും ആവറേജ് അഭിപ്രായം മാത്രമാണെന്നും എന്തിനാണ് തമിഴ്നാട്ടിൽ ഈ സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നുമായിരുന്നു മേഘ്നയുടെ ചോദ്യം. വ്യാഴാഴ്ച മേഘ്ന അഭിനയിച്ച അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു, അതിന്റെ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു മഞ്ഞുമ്മൽ ബോയ്സിനെ താഴ്ത്തി കെട്ടികൊണ്ട് മേഘ്ന പ്രതികരിച്ചത്.
ഇപ്പോഴിതാ, മഞ്ഞുമ്മൽ ബോയ്സിനെ മുൻനിർത്തി മലയാളികളെ അധിക്ഷേപിക്കുകയാണ് തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. 'സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'പെറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്' എന്നാണ് ജയമോഹൻ്റെ വിവാദ പരാമർശം. "മഞ്ഞുമ്മൽ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം", "മയക്കുമരുന്നിനു അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയെ നയിക്കുന്നത്" എന്നിങ്ങനെ പോവുന്നു ജയമോഹന്റെ തമിഴിൽ എഴുതിയ ബ്ലോഗിലെ പരാമർശങ്ങൾ.
"മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ചിത്രമാണ്. കാരണം അതൊരു കല്‍പ്പിതകഥയല്ല. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ വേണ്ടി മാത്രമാണത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്നും പറയും," ജയമോഹൻ കുറിക്കുന്നു.
"മലയാള സിനിമയില്‍ സാധാരണക്കാര്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിനു കാരണം, ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ മുന്‍പും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്‍റെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ അവിടെയുണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാന്‍ നികൃഷ്ടരായാണ് കാണുന്നത്. സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'കുടികാര പൊറുക്കികളിൻ കൂത്താട്ട'ത്തെ (കുടിച്ചുകൂത്താടുന്ന തെണ്ടികളെ) സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്‍റെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. സിനിമയുടെ അവസാനം അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്," ജയമോഹൻ്റെ കുറിപ്പിലെ രൂക്ഷ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.
പ്രശസ്ത തമിഴ് നോവലിസ്റ്റും എഴുത്തുകാരനുമായ ജയമോഹൻ ഒഴിമുറി, കാഞ്ചി, വൺ ബൈറ്റു, നാക്കു പെന്റ നാക്കു ടാക്ക എന്നിവയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലും കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
Read More Entertainment Stories Here
- സുഭാഷ് കുഴിയില്‍ വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു കാര്യം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: ചിദംബരം പറയുന്നു
- 'എന്റെ തല, എന്റെ ഫുൾഫിഗർ' അത് മമ്മൂട്ടിയാണ്; മോഹൻലാലിന് കേണൽ പദവി കിട്ടിയത് അയാളിലൂടെ; തുറന്നടിച്ച് ശ്രീനിവാസൻ
- "ആദ്യായിട്ടാ ഇങ്ങനൊരു കമന്റ് ബോക്സ് കാണുന്നത്;" പാട്ടുപാടിയ പ്രിയ വാര്യർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ
- വാടകപോലും നൽകിയില്ല; താരനിശ പൊളിയാൻ കാരണം സ്പോൺസർമാർ; നഷ്ടം നികത്താൻ മൾട്ടിസ്റ്റാർ സിനിമ
- അമ്മാളു അമ്മയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ആരാധികയെ ചേർത്തു പിടിച്ച് മമ്മൂട്ടി
- ബോളിവുഡിന് ഇതൊക്കെ റീമേക്ക് ചെയ്യാനേ സാധിക്കൂ: മഞ്ഞുമ്മൽ ബോയ്സിനെ പുകഴ്ത്തി അനുരാഗ് കശ്യപ്
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.