scorecardresearch

സുഭാഷ് കുഴിയില്‍ വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു കാര്യം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:  ചിദംബരം പറയുന്നു

മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട ചില അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ചിദംബരം

മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട ചില അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ചിദംബരം

author-image
Entertainment Desk
New Update
Chidambaram | Manjummel Boys

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ തരംഗം തീർക്കുകയാണ് സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയത്. മികച്ച മേക്കിംഗും അഭിനേതാക്കളുടെ കുറ്റമറ്റ പ്രകടനവുമാണ് ചിത്രത്തെ വിസ്മയകരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Advertisment

എങ്ങനെയാവും ഇത്രയും റിസ്കിയായ രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടാവുക? എന്തൊക്കെയാണ് യഥാർത്ഥ സംഭവവും സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ? ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ സ്വാഭാവികമായും ഉയരുന്ന സംശയങ്ങൾ ഇതൊക്കെയാവും. ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകളും ഷൂട്ടിംഗ് രഹസ്യങ്ങളുമൊക്കെ പങ്കുവയ്ക്കുകയാണ് സംവിധായകൻ. 

ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് യഥാർത്ഥ സംഭവം സിനിമയാക്കിയപ്പോൾ പ്രധാനപ്പെട്ടൊരു കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും ചിദംബരം തുറന്നുപറയുന്നു. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് 2006ൽ കൊടൈക്കനാലിലേക്കു ടൂറുപോയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രമേയമായിരിക്കുന്നത്. അതീവ അപകടം പിടിച്ച ഗുണ കേവിലെ അഗാധമായ കുഴിയിലേയ്ക്ക് സുഭാഷ് എന്ന ചെറുപ്പക്കാരൻ വീഴുന്നതും ചങ്ങാതിമാർ സുഭാഷിനെ രക്ഷിക്കുന്നതുമാണ് ചിത്രം പറയുന്നത്.  ശ്രീനാഥ് ഭാസിയാണ് സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

യഥാര്‍ത്ഥത്തിൽ സുഭാഷ് കുഴിയിൽ വീണപ്പോൾ സുഭാഷിനെ രക്ഷിച്ചത് അരയിൽ കിടന്ന ബെൽറ്റാണെന്നാണ് ചിദംബരം പറയുന്നത്. വീഴ്ചയിൽ ബെൽറ്റ് എവിടെയോ കുരുങ്ങി കിടന്നതിനാലാണ് അധികം ആഴത്തിലേക്ക് പോവാതെ സുഭാഷ് തങ്ങി നിൽക്കാൻ കാരണമായത്. ആ ബെൽറ്റ് കുടുങ്ങിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ സുഭാഷ് കൂടുതൽ താഴ്ചയിലേക്ക് വീഴാനും മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുണ്ടായിരുന്നു.

Advertisment

"യഥാർത്ഥത്തിൽ, കുഴിയിലേക്ക് വീണപ്പോള്‍ സുഭാഷ് ഒരു പോയിന്റില്‍ പോയി സ്റ്റക്ക് ആയി. കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് വീട്ടില്‍ നിന്ന് അനിയന്റെ ബെല്‍റ്റ് എടുക്കുന്ന രംഗം ഓർമ്മയില്ലേ? അത് യഥാർത്ഥ കഥയിലും അങ്ങനെ തന്നെയാണ്. സുഭാഷ് താഴേക്ക് വീണപ്പോള്‍ ആ ബെല്‍റ്റ് ഒരു കല്ലില്‍ ഉടക്കിയിരുന്നു. ആ ബെല്‍റ്റ് ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. പക്ഷേ അത് സിനിമയില്‍ കാണിച്ചിട്ടില്ല.  സിനിമയിൽ അതു ചിത്രീകരിക്കണമെങ്കിൽ ബെല്‍റ്റിന്റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എങ്ങനെ എടുക്കുമെന്ന് കുറേ ചിന്തിച്ചു. കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഒഴിവാക്കുകയായിരുന്നു," ചിദംബരം പറയുന്നു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. 

സിനിമയുമായി ബന്ധപ്പെട്ട മറ്റു ചില ഡീറ്റെയിൽസ് കൂടി ചിദംബരം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. "യഥാർത്ഥത്തിൽ സംഭവം നടക്കുന്നത് ഏതാണ്ട് പന്ത്രണ്ടര- ഒരു മണിയോടെയാണ്.  7 മണിയോടെ ആണ് ഒടുവിൽ സുഭാഷിനെ പുറത്തെടുക്കുന്നത്. അങ്ങനെതന്നെയാണ് സിനിമയിലും കാണിച്ചത്. അതാണ് പൊലീസും ഗാർഡുമൊക്കെ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നിടത്തു നിന്നു എണീറ്റു പോവുന്നത്." 

കൂട്ടുകാർക്കൊപ്പം പ്രകൃതിയും ദൈവവുമൊക്കെ സുഭാഷിനെ രക്ഷിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ആ ദിവസമെന്ന് വേണമെങ്കിൽ പറയാമെന്നും  ചിദംബരം പറയുന്നു. "അന്ന് മഴ പെയ്തില്ലെങ്കിൽ കുറച്ചുകൂടി അപകടകരമാവുമായിരുന്നു അവസ്ഥ. കുഴിയിൽ ഓക്സിജൻ കുറവാണ്. മഴവെള്ളം അകത്തേക്ക് ചെല്ലുന്നത് കുഴിയ്ക്ക് അകത്തെ ഓക്സിജന്റെ അളവ് കൂട്ടാൻ കാരണമായി. ആദ്യം തോന്നും മഴ വില്ലനാണെന്ന്, പക്ഷേ മഴ പെയ്തതു കൊണ്ടാണ് സുഭാഷിന് അകത്ത് ശ്വസിക്കാനായത്.  ഒരർത്ഥഥ്തിൽ  പ്രകൃതിയും ദൈവവും പ്രപഞ്ചവുമൊക്കെ സുഭാഷിനെ രക്ഷിക്കാൻ കൂട്ടുനിന്നതാവാം."

ബാലു വർഗ്ഗീസ് അവതരിപ്പിക്കുന്ന സിക്സൻ എന്ന കഥാപാത്രത്തിന്റെ ഡീറ്റെയിലിംഗിനെ കുറിച്ചും ചിദംബരം പറയുന്നു. കൂട്ടത്തിൽ വളരെ ഉറക്കെ സംസാരിക്കുന്ന ആളാണ് സിക്സൻ. കൂട്ടുകാർക്കു തന്നെ പല അവസരത്തിലും സിക്സന്റെ സംസാരം അരോചകമാവുന്നുണ്ട്. പക്ഷേ കുഴിയിലേക്ക് വീണപ്പോൾ തന്നെ ബോധം നഷ്ടപ്പെട്ട സുഭാഷിനെ വിളിച്ചുണർത്തുന്നത് സിക്സന്റെ ശബ്ദമാണ്. " ജീവിതത്തിൽ സിക്സൻ അങ്ങനെയാണ്, വളരെ ലൗഡാണ്. അയാൾ ഒരു ലൗഡ് മെറ്റൽ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും ഉറക്കെ സംസാരിച്ച് സംസാരിച്ച് അങ്ങനെയായതാവും." 

Read More Entertainment Stories Here

Film Director Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: