/indian-express-malayalam/media/media_files/uploads/2019/12/rewind-1.jpg)
മികച്ച സിനിമകളാൽ സമ്പന്നമായൊരു വർഷമാണ് കടന്നുപോവുന്നത്. നവാഗത സംവിധായകർ പുതിയ പ്രമേയങ്ങളുമായെത്തി തങ്ങളുടെ വരവറിയിച്ച വർഷമായിരുന്നു 2019. വർഷത്തിന്റെ ആദ്യത്തിൽ റിലീസിനെത്തിയ 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ 'ഹെലൻ' വരെ നീളുന്ന ചിത്രങ്ങളിലൂടെ ആ ഫ്രെഷ്നെസ്സ് പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. സൂപ്പർതാര ചിത്രങ്ങൾക്കൊപ്പം തന്നെ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി തുടങ്ങിയ നടന്മാരും ഏറെ നേട്ടമുണ്ടാക്കിയൊരു വർഷമാണ് 2019. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിൽ ഏറെ ലാഭം കൊയ്തു കൊണ്ട് ലൂസിഫറും മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി കളക്റ്റ് ചെയ്ത ചിത്രമായി തീർന്നു.
വലുതും ചെറുതുമായി 180 ലേറെ ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലെത്തിയത്. അതിൽ കലാമൂല്യം കൊണ്ടും നിരൂപക പ്രശംസ കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ശ്രദ്ധ നേടിയ ചില ചിത്രങ്ങൾ ഓർത്തെടുക്കാം.
/indian-express-malayalam/media/media_files/uploads/2019/12/lucifer.jpg)
ലൂസിഫർ
ബോക്സ് ഓഫീസിന് മുഴുവൻ ഉണർവ്വു നൽകി, പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി കോടികൾ കളക്റ്റ് ചെയ്ത ചിത്രമായിരുന്നു 'ലൂസിഫർ'. 200 കോടിയോളം രൂപ കളക്റ്റ് ചെയ്ത് ബോക്സ് ഓഫീസ് ചരിത്രങ്ങളെ മുഴുവൻ മാറ്റിയെഴുതുകയായിരുന്നു 'ലൂസിഫർ'. ‘സ്റ്റോറി-ലൈൻ’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് എന്ന നവാഗതസംവിധായകൻ ‘ലൂസിഫർ’ ഒരുക്കിയത്. മോഹൻലാൽ എന്ന താരത്തെ പൃഥ്വിരാജ് എന്ന ഫാൻ ബോയ് നോക്കി കണ്ട ചിത്രമെന്നും 'ലൂസിഫറി'നെ വിശേഷിപ്പിക്കാം. കാരണം താൻ കാണാൻ ആഗ്രഹിക്കുന്ന വിന്റേജ് മോഹൻലാലിനെയും ആ മാനറിസങ്ങളെയുമാണ് ചിത്രത്തിൽ പൃഥ്വിരാജ് ഹൈലൈറ്റ് ചെയ്തത്. മോഹൻലാൽ എന്ന താരത്തിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ, വിവേക് ഒബ്റോയ് എന്നു തുടങ്ങി താരമൂല്യമുള്ള അഭിനേതാക്കളെയും അണിനിരത്തിയപ്പോൾ ഒരു ഉത്സവപ്രതീതിയാണ് 'ലൂസിഫർ' സമ്മാനിച്ചത്.
Read more: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന 'ലൂസിഫര്‍'
/indian-express-malayalam/media/media_files/uploads/2019/12/kumbalangi-1.jpg)
കുമ്പളങ്ങി നൈറ്റ്സ്
പാർശ്വവത്കരിക്കപ്പെട്ടുപോവുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക്, ആണുങ്ങളുടേതു മാത്രമായ ഒരു ലോകത്തേക്ക്, അവരുടെ ജീവിതക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രമായിരുന്നു 'കുമ്പളങ്ങി നൈറ്റ്സ്'. തുരുത്തിലെ മനുഷ്യരുടെ ജീവിതത്തിൽ സ്നേഹം കൊണ്ടുവരുന്ന മാറ്റങ്ങൾ, സാഹോദര്യത്തിന്റെ മനോഹരമായ കാഴ്ചകൾ ഒക്കെ ചിത്രം കാണിച്ചു തന്നു. കെട്ടുറപ്പോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയുടെ ആത്മാവു ചോരാതെ, നവാഗതന്റെ പതർച്ചകളില്ലാതെ തിരശ്ചീലയിലേക്ക് പകർത്തുകയായിരുന്നു സംവിധായകൻ മധു സി നാരായണൻ. സൈക്കോ ഷമ്മിയായി ഫഹദ് ഫാസിലിന്റെ വേഷപ്പകർച്ച, സൗബിൻ സാഹിറിന്റെ ഗംഭീര പ്രകടനം, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു എന്നിവരുടെ സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങൾ. എല്ലാം കൂടി ചേർന്നപ്പോൾ ഹൃദയത്തെ സ്പർശിക്കുന്ന ഒരു ദൃശ്യാനുഭവമായി 'കുമ്പളങ്ങി നൈറ്റ്സ്' മാറുകയായിരുന്നു.
Read more: Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'കുമ്പളങ്ങി' ബ്രദേഴ്സ്
/indian-express-malayalam/media/media_files/uploads/2019/12/thamasha.jpg)
തമാശ
മലയാളസിനിമ അതുവരെ സംസാരിക്കാത്ത വിഷയങ്ങളിലേക്ക് ഫോക്കസ് ചെയ്ത നിരവധിയേറെ ചിത്രങ്ങൾ ഉണ്ടായി എന്നതാണ് 2019 ലെ മറ്റൊരു പ്രത്യേകത. സ്വവർഗ്ഗ പ്രണയം, ശരീരത്തിന്റെ രാഷ്ട്രീയം എന്നിവയൊക്കെ ഈ വർഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ ധൈര്യപൂർവ്വം ചർച്ച ചെയ്ത വിഷയങ്ങളാണ്. അത്തരമൊരു പ്രമേയം തന്നെയാണ് 'തമാശ'യും പറഞ്ഞത്. തടിയുടെയും നിറത്തിന്റെയും ശാരീരികമായ പരിമിതികളുടെയും പേരിൽ നിരന്തരമായി കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുന്ന വലിയൊരു കൂട്ടം ആളുകൾക്ക് വേണ്ടി സംസാരിക്കുകയായിരുന്നു 'തമാശ' എന്ന ചിത്രം. ബോഡി ഷെയിമിംഗ് എന്ന വിഷയത്തെ ശക്തമായി തന്നെ ചിത്രം ആവിഷ്കരിച്ചു. ഒപ്പം, ചിത്രത്തിലെ നായകനും നായികയുമെല്ലാം നിലവിലെ നായികാനായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുക കൂടിയാണ് ചെയ്തത്.
Read more: Thamaasha Movie Review: ചില തമാശക്കാരുടെ മുഖത്തടിക്കുന്ന ‘തമാശ’
/indian-express-malayalam/media/media_files/uploads/2019/12/unda.jpg)
ഉണ്ട
സൂപ്പർതാരത്തിന്റെ ബാധ്യതകളില്ലാതെ, അതി മാനുഷിക കഴിവുകളോ, കട്ട ഹീറോയിസമോ ഇല്ലാതെ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു പൊലീസുകാരനായി മമ്മൂട്ടി എത്തിയ ചിത്രമായിരുന്നു 'ഉണ്ട'. ഏറെ നാളുകൾക്കു ശേഷം പച്ചയായൊരു മനുഷ്യനായി മമ്മൂട്ടിയെ സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നതാണ് 'ഉണ്ട' സമ്മാനിച്ച കാഴ്ചാനുഭവങ്ങളിൽ ഒന്ന്. ചത്തീസ്‌ഗഢിലെ ബസ്തറിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോവുന്ന ഒരു പൊലീസ് സംഘത്തിന്റെ കഥ വളരെ റിയലിസ്റ്റിക് ആയി ആവിഷ്കരിക്കുകയായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം. ചിത്രത്തിന്റെ രാഷ്ട്രീയവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ആദിവാസി പ്രശ്നങ്ങൾ, ഭരണകൂടം എങ്ങനെയാണ് സാധാരണക്കാരെ മാവോയിസ്റ്റുകളാക്കി മുദ്ര കുത്തുന്നത് തുടങ്ങിയ കാര്യങ്ങളും ചിത്രം പറഞ്ഞുവെച്ചു.
Read more: Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’; പച്ചമനുഷ്യനായി മമ്മൂട്ടി
/indian-express-malayalam/media/media_files/uploads/2019/12/thanneermathan-dinangal.jpg)
തണ്ണീർമത്തൻ ദിനങ്ങൾ
ചുട്ടുപൊളളുന്ന വേനലിൽ ഒരു തണ്ണീർമത്തൻ ജ്യൂസ് കഴിച്ച സുഖം നൽകുന്ന ചിത്രമായിരുന്നു 'തണ്ണീർമത്തൻ ദിനങ്ങൾ'. ഒരു സ്കൂൾ പ്രണയവും അവിടുത്തെ കാഴ്ചകളുമെല്ലാമായി വളരെ ചെറിയൊരു പ്ലോട്ടിനെ അതിമനോഹരമായി ചിത്രീകരിച്ച 'തണ്ണീർമത്തൻ ദിനങ്ങൾ', അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയം കൊണ്ടും വളരെ പുതുമ തോന്നിപ്പിക്കുന്ന കൗണ്ടർ ഡയലോഗുകൾ കൊണ്ടും നർമ്മരസം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു. വിനീത് ശ്രീനിവാസന്റെ അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രവും 'കുമ്പളങ്ങി നൈറ്റ്സി'ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ മാത്യുവിന്റെ കുട്ടിത്തം മാറാത്ത അഭിനയവുമെല്ലാം ചേർന്നതോടെ ചിത്രം കയറി ഹിറ്റായി. നവാഗതനായ ഗിരീഷ് എം ഡി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നേടിയത് അപ്രതീക്ഷിത വിജയമായിരുന്നു.
Read more: Thanneermathan Dinangal: പൊരി വെയിലത്ത് കഴിച്ച തണ്ണിമത്തന്റെ കുളിര്‍മ
/indian-express-malayalam/media/media_files/uploads/2019/12/uyare.jpg)
ഉയരെ
ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയെന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ'. പാർവ്വതിയുടെ പോയവർഷത്തെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് 'ഉയരെ'യിലെ പല്ലവി. സ്ത്രീയുടെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് 'ഉയരെ' പറഞ്ഞത്. പാർവതിയെന്ന നടിയുടെ പ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രമായിരുന്നില്ല 'ഉയരെ'യിലെ പല്ലവി. എന്നാൽ ചിത്രത്തിൽ അവിസ്മരണീയമായ അഭിനയം കാഴ്ച വച്ചത് ആസിഫ് അലിയാണ്. ടൈപ്പ് കാസ്റ്റ് റോളുകളിൽ നിന്നും ആസിഫിന് മോചനം നൽകുന്നൊരു കഥാപാത്രമായിരുന്നു 'ഉയരെ'യിലെ ഗോവിന്ദ്.
Read more: Uyare Movie Review: അതിജീവനത്തിന്റെയും ആത്മബന്ധങ്ങളുടെയും ‘ഉയരെ’
/indian-express-malayalam/media/media_files/uploads/2019/12/vikrithi.jpg)
വികൃതി
സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ സാധ്യതകളെ ഒരിക്കൽ കൂടി പ്രേക്ഷകർക്കു കാണിച്ചുതന്ന ചിത്രമാണ് 'വികൃതി'. കൊച്ചി മെട്രോയിൽ ഉണ്ടായ ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം, സംസാരശേഷിയും കേൾവി ശേഷിയുമില്ലാത്ത എൽദോ എന്ന മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോയത്. ഒരു തമാശക്ക് സമീർ എന്ന ചെറുപ്പക്കാരൻ എടുത്തൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതും അത് എൽദോയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളുമൊക്കെ കാണിച്ചുതന്ന ചിത്രത്തിൽ സുരാജും സൗബിനും മത്സരിച്ചു അഭിനയിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.
Read more: Vikrithi Movie Review: ഈ ‘വികൃതി’ നല്ലതാണ്
/indian-express-malayalam/media/media_files/uploads/2019/12/helen.jpg)
ഹെലൻ
മലയാളത്തിൽ അധികം ചിത്രങ്ങൾ ഉണ്ടായിട്ടില്ലാത്ത 'സർവൈവർ ത്രില്ലർ' എന്ന ഴോണറിൽ എത്തിയ ചിത്രമാണ് 'ഹെലൻ'. ഫ്രീസർ റൂമിനകത്ത് അകപ്പെട്ടുപോയ ഹെലൻ എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയത് അന്ന ബെന്നിന്റെ പ്രകടനമാണ്. ആദ്യം പ്രേക്ഷകർക്കു മുന്നിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിൽ, ഒരു സിനിമയുടെ മുഴുവൻ കഥ ഉണ്ടായിട്ടു കൂടി തിയേറ്ററിൽ ആളുകളെ ഉദ്വോഗത്തോടെ പിടിച്ചിരുത്താൻ മാത്തുക്കുട്ടി സേവ്യർ എന്ന നവാഗതന്റെ മേക്കിംഗിനു കഴിഞ്ഞു.
Read more: Helen Movie Review: ഇരച്ചു കയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയെയും
/indian-express-malayalam/media/media_files/uploads/2019/12/moothon.jpg)
മൂത്തോൻ
സ്വവർഗപ്രണയികളെ അംഗീകരിക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്ന ഒരു സമൂഹത്തിലേക്ക് വളരെ ധീരമായൊരു ചുവടുവെപ്പായിരുന്നു ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന 'മൂത്തോൻ' മലയാളസിനിമയ്ക്ക് സമ്മാനിച്ചത് ഒരു പുത്തൻ കാഴ്ചാനുഭവമാണ്. ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അത്ഭുതാവഹമായ പ്രകടനമാണ് നിവിൻ പോളി ചിത്രത്തിൽ കാഴ്ച വച്ചത്. അക്ബർ എന്ന കഥാപാത്രത്തിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ, സഞ്ജന ദിപു, സുജിത്ത് ശങ്കർ എന്നിവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്.
Read more: ‘Moothon’ Review: ഇരുട്ടിന്റെ അലർച്ചയാകുന്ന ‘മൂത്തോന്‍’
/indian-express-malayalam/media/media_files/uploads/2019/12/jallikkattu.jpg)
ജല്ലിക്കെട്ട്
ലോകോത്തര നിലവാരമുള്ള സിനിമാറ്റിക് എക്‌സ്പീരിയന്‍സ് സമ്മാനിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ‘ജല്ലിക്കെട്ട്’. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഗോവ രാജ്യാന്തര ചലച്ചിത്രമേള, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിലെല്ലാം തിളങ്ങാൻ ചിത്രത്തിനായി. കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്തും അതിനെ പിടിക്കാനായി ഓടുന്ന ഒരു പറ്റം മനുഷ്യരുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ ചെയ്തത്.
Read more: allikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ‘ജല്ലിക്കട്ട്’
/indian-express-malayalam/media/media_files/uploads/2019/12/android-kunjappan.jpg)
ആൻഡ്രോയിഡ് കുഞ്ഞപ്പൻ
കഥയുടെ ഫ്രെഷ്നെസ്സ് കൊണ്ടും സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ'. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്. വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്.
Read more: Android Kunjappan Version 5.25 Review: ഈ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ ക്യൂട്ടാണ്; റിവ്യൂ
/indian-express-malayalam/media/media_files/uploads/2019/12/ishq.jpg)
ഇഷ്ക്
വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാരപൊലീസിംഗിന്റെ കരണത്ത് അടിച്ച ചിത്രമായിരുന്നു നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത 'ഇഷ്ക്'. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രം ഒരു ത്രില്ലിംഗ് സ്വഭാവത്തോടെയാണ് മുന്നോട്ടു പോയത്. രതീഷ് രവിയുടെ തിരക്കഥയും ക്ലൈമാക്സ് രംഗത്തിലെ ധീരമായ ചില നിലപാടുകളും ഷെയ്ൻ നിഗം- ഷൈൻ ടോം ചാക്കോ​- ജാഫർ ഇടുക്കി എന്നീ താരങ്ങളുടെ മികച്ച പെർഫോമൻസും ചിത്രത്തെ വേറിട്ടൊരു കാഴ്ചാനുഭവമാക്കി.
Read more: Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’
/indian-express-malayalam/media/media_files/uploads/2019/12/kettyolananu-ente-malakha.jpg)
കെട്ട്യോളാണ് എന്റെ മാലാഖ
കുടുംബബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’. സെക്സ് എജ്യുക്കേഷന്റെ പ്രാധാന്യത്തെ കുറിച്ചും ദാമ്പത്യബന്ധത്തിൽ ഉണ്ടാവേണ്ട പരസ്പരമുള്ള മനസ്സിലാക്കലുകളെ കുറിച്ചുമൊക്കെ സംസാരിച്ച സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഉയരെ'യിലെ ഗോവിന്ദിനും 'വൈറസി'ലെ വിഷ്ണുവിനും ശേഷം ആസിഫിനെ തേടിയെത്തിയ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രത്തിലെ സ്ലീവച്ചൻ എന്ന കഥാപാത്രം.
അതിരൻ, ജൂൺ, വൈറസ്, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളും പോയവർഷം പ്രേക്ഷക പ്രീതിയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രങ്ങളാണ്. മധുരരാജ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ കച്ചവടസിനിമകളും പോയവർഷം ബോക്സ് ഓഫീസിൽ പണം കൊയ്ത ചിത്രങ്ങളാണ്.
Cochin Multiplexes Top Grossers 2019#Lucifer#KumbalangiNights#ThanneermathanDinangal#Uyare#AvengersEndgame#LoveActionDrama#Athiran#Virus#KettiyolanuEnteMalakha#VSP#TheLionKing#June#OYPK#MadhuraRaja#PorinjuMariamJose#Unda#IttymaaniMadeInChina#AndroidKunjappanpic.twitter.com/MQ5xlNUXlT
— Movie Planet (@MoviePlanet8) December 28, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us