Prithviraj-Mohanlal’s Lucifer Movie Review: ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നടൻ മറ്റൊരു സൂപ്പർ സ്റ്റാറിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഒരു കൗതുകത്തിന്റെയോ ഭ്രമത്തിന്റെയോ പുറത്ത് സംവിധാനത്തിലേക്കു പ്രവേശിച്ച നടന്മാർ മുൻപും ഉണ്ടായിട്ടുണ്ടാകും. ഇതു പക്ഷേ അതു പോലെയല്ല. തന്റെ തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും, സംവിധാനം എന്ന കലയോടുള്ള പ്രതിപത്തി കെടാതെ സൂക്ഷിച്ചു, അതിനാവശ്യമുള്ള പഠനങ്ങള്‍ നടത്തി, തന്നിലെ സര്‍ഗാത്മകതയെ സജ്ജമാക്കിയാണ് പൃഥിരാജ് സുകുമാരന്‍ സംവിധായകന്റെ കസേരയില്‍ വന്നിരിക്കുന്നത്.
ആ പ്രത്യേകത തന്നെയാവും ‘ലൂസിഫര്‍’ എന്ന ചിത്രത്തെ സിനിമാ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ എടുത്തു പറയപ്പെടുക. അതിനൊപ്പം തന്നെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ യു എസ് പിയായി (Unique Selling Proposition) കണക്കാക്കാവുന്നത്, ഒരു നടൻ എന്നതിനേക്കാൾ ഉപരി, ആരാധകര്ക്കിഷ്ടമുള്ള, താര- പരിവേഷമുള്ള മോഹൻലാലിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. എന്നും ബോക്സ് ഓഫീസിനെ ത്രസിപ്പിക്കുന്ന, അതിലും തന്റെ തന്നെ റെക്കോർഡുകൾ പല തവണ ഭേദിച്ച മോഹൻലാൽ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം എന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ‘ലൂസിഫറി’നെ വിലയിരുത്തേണ്ടത്.

ഐ യു എഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സമുന്നത നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന പികെ ആർ എന്ന പികെ രാമദാസിന്റെ മരണത്തോടെയാണ് ‘ലൂസിഫറി’ന്റെ കഥ ആരംഭിക്കുന്നത്. എല്ലാ നേതാക്കന്മാരുടെയും പോലെ, മരണം സ്ഥിരീകരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന പതിവുള്ള രാഷ്ട്രീയ ചർച്ചകളുടെയും അണിയറ കരുനീക്കങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിലാണ് പികെ ആറിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നത്.
‘ആരായിരിക്കും അടുത്ത മുഖ്യമന്ത്രി ?’ എന്ന പാർട്ടി അണികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും ജനങ്ങളുടെയുമെല്ലാം ചോദ്യങ്ങൾക്ക് മുന്നിൽ പ്രബലമായി ഉയർന്നു വരുന്നത് പ്രിയദർശിനി രാമദാസ്, ജതിൻ രാമദാസ് എന്ന പേരുകളാണ്. മക്കൾ രാഷ്ട്രീയത്തിന്റെ തായ്വഴികളിലേക്കു തന്നെ ഐ യു എഫിന്റെ രാഷ്ട്രീയഭാവി വഴി മാറിയൊഴുകും എന്നു തോന്നി തുടങ്ങുന്നിടത്തേക്കാണ് നിഗൂഢതകളേറെയുള്ള സ്റ്റീഫൻ നെടുമ്പള്ളി എന്ന എസ്തപ്പാന്റെ കടന്നു വരവ്. രാമദാസിന്റെ അരുമ ശിഷ്യനാണ് അയാൾ. പ്രിയദർശിനി അകാരണമെന്നു തോന്നിപ്പിക്കുന്ന ഒരു അകലം സൂക്ഷിക്കുകയും വെറുപ്പോടെ മാത്രം ഓർക്കുകയും ചെയ്യുന്നവൻ.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിനു പിന്നിലെ നിഗൂഢതകളെന്ത്? അധികാരത്തിനും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടിയുള്ള വടംവലിയിൽ ആരാവും ജയിക്കുക? രാമദാസ് എന്ന മുഖ്യൻ ഒഴിച്ചിട്ടു പോയ അധികാര സ്ഥാനങ്ങൾ ബാക്കി വയ്ക്കുന്ന അനിശ്ചിതത്വങ്ങൾക്ക് ഉത്തരം തേടുകയാണ് ‘ലൂസിഫർ’. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങൾ കണ്ടു പരിചയിച്ച നമുക്കു മുന്നിലേക്ക് ഗ്രേ ഷെയ്ഡിൽ നിൽക്കുന്ന ഒരു നായകനെയാണ് ‘ലൂസിഫർ’ അവതരിപ്പിക്കുന്നത്.
പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന കഥ പതിയെ പതിയെ ആണ് പ്രേക്ഷകനുമായി ‘കണക്റ്റ്’ ചെയ്തു തുടങ്ങുന്നത്. കഥകളും ഫ്ളാഷ് ബാക്കുകളും ട്വിസ്റ്റുകളുമെല്ലാമായി ‘ലൂസിഫറി’ന്റെ കഥാപരിസരം വികസിക്കുന്നതിനൊപ്പം സിനിമ ഒരു എന്റർടെയിനറിന്റെ ട്രാക്കിലേക്ക് കയറി തുടങ്ങും. വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പിന്നെയങ്ങോട്ട്.
Read more: Lucifer Movie Release Live Updates: ‘ലൂസിഫർ’ ആദ്യ ഷോ കഴിഞ്ഞു’ നിറപുഞ്ചിരിയോടെ പൃഥ്വിയും മോഹൻലാലും
ആരും ഇതുവരെ പറയാത്ത കഥയോ, പ്രേക്ഷകർക്ക് പരിചിതമല്ലാത്തൊരു കഥയോ ഒന്നുമല്ല ‘ലൂസിഫർ’ പറയുന്നത്. അധികാര കസേരകൾക്കു പിറകിലെ വടംവലികളെയും ചരടു വലികളെയും കുറിച്ച് നല്ല ബോധ്യമുള്ളൊരു ജനതയ്ക്കു മുന്നിൽ അവർക്ക് പരിചയമുള്ള ഒരു പ്ലോട്ട് തന്നെയാണ് തിരക്കഥാകൃത്തായ മുരളി ഗോപി ഒരുക്കിയിരിക്കുന്നത്. പക്ഷേ കഥ പറച്ചിൽ രീതിയും ട്വിസ്റ്റുകളും പഞ്ച് ഡയലോഗുകളുടെ സാന്നിധ്യവും ആ പതിവു കാഴ്ചകളെ വിരസമാക്കാതെ മുൻപോട്ടു കൊണ്ടു പോവുന്നുണ്ട്. മുരളി ഗോപി സ്ക്രിപ്റ്റുകളുടെ സ്ഥിരം സ്വഭാവ സവിശേഷതകൾ പിൻതുടരുമ്പോഴും മോഹൻലാൽ എന്ന താരത്തിനെ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള മാസ് രംഗങ്ങളും സീനുകളുമെല്ലാം തിരക്കഥയിലുണ്ട്.
‘സ്റ്റോറി-ലൈൻ’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോവുന്നത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. ‘സ്റ്റൈലിഷ്’ ആയിട്ടാണ് പൃഥിരാജ് ‘ലൂസിഫർ’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളിൽ പോലും സംവിധായകൻ പുലർത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാൻ കാഴ്ചക്കാർക്കുമാവില്ല. നൂറു ശതമാനം അർപ്പണ ബോധത്തോടെ, മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സംവിധാനവും തനിക്ക് പറഞ്ഞിട്ടുള്ള മേഖല തന്നെയാണെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിക്കുകയാണ് പൃഥിരാജ്. ‘ഫൈൻ ട്യൂണിംഗും’ സൂക്ഷ്മതയും ‘ലൂസിഫറി’നെ സാങ്കേതികപരമായി മികച്ചതാക്കുന്നുണ്ട്.
മോഹൻലാൽ എന്ന നടനേക്കാളും താരം നിറഞ്ഞാടുന്ന സിനിമയാണ് ‘ലൂസിഫർ’ എന്നു പറയാം. കൃത്യമായ കാസ്റ്റിംഗാണ് ‘ലൂസിഫറി’നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും പെർഫോമൻസും ‘ലൂസിഫറി’ന് കരുത്തു പകരുകയാണ്. സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും മികച്ചു നിൽക്കുന്നു.
‘ലൂസിഫർ’ ഒരു ഗംഭീര സിനിമയോ ക്ലാസ്സ് സിനിമയോ അല്ല. അതേ സമയം പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന, പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുന്ന, മാസ്സിന്റെ പൾസ് അറിഞ്ഞ് നിർമ്മിക്കപ്പെട്ട ഒരു സിനിമയാണത്. പൃഥ്വിരാജ് തന്നെ പറഞ്ഞത് പോലെ, ഒരു ‘ഫാൻ ബോയ്’ അയാൾക്കേറെയിഷ്ടപ്പെട്ട താരത്തെ സ്ക്രീനിൽ കണ്ടു ആസ്വദിക്കുകയാണ് ‘ലൂസിഫറി’ൽ. പൃഥ്വിരാജ് എന്ന ‘ഫാൻ ബോയ്’ക്ക് ഒപ്പം ആ സ്ക്രീൻ കാഴ്ചകൾ പ്രേക്ഷകനോട് കൂടി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നിടത്താണ് ‘ലൂസിഫർ’ വിജയിക്കുന്നതും തിയേറ്ററുകളിൽ കയ്യടി നേടുന്നതും.