Latest News

Rewind 2019: നവാഗത സംവിധായകർ ആഘോഷമാക്കിയ 2019

വാർപ്പു മാതൃകകൾക്ക് അപ്പുറമുള്ള ചില സിനിമാക്കാഴ്ചകളിലേക്ക് ഇവർ പ്രേക്ഷകരെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്

കോടികൾ കളക്റ്റ് ചെയ്ത സൂപ്പർതാര ചിത്രങ്ങൾ, പുതുമയാർന്ന കാഴ്ചകളുമായി എത്തി വിജയം കൊയ്ത ചെറുചിത്രങ്ങൾ, മലയാള സിനിമ ഇതുവരെ കാണാത്ത ട്രീറ്റ്മെന്റുകളെ പരിചയപ്പെടുത്തിയ പരീക്ഷണ സിനിമകൾ എന്നിങ്ങനെ കാഴ്ചയ്ക്കും ഭാവുകത്വത്തിനുമെല്ലാം ഉണർവ്വേകിയ നിരവധിയേറെ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു കൊണ്ടാണ് 2019 കടന്നു പോവുന്നത്. പ്രതിഭാധനരായ​ ഒരു കൂട്ടം നവാഗത സംവിധായകരെ  ഈ വർഷം മലയാള സിനിമയ്ക്ക് ലഭിച്ചു എന്നതാണ് സന്തോഷത്തോടെ ഓർക്കേണ്ട ഒരു കാര്യം. മലയാളത്തിന് അപ്പുറത്തേക്കും ചർച്ച ചെയ്യപ്പെട്ട ചില സിനിമകളിൽ ഈ നവാഗതരുടെയും കയ്യൊപ്പ് പതിഞ്ഞിരുന്നു.

നവാഗത സംവിധായകർ ആഘോഷമാക്കിയ വർഷമെന്ന് 2019നെ വിശേഷിപ്പിക്കാം. കാരണം ഈ വർഷം തീയേറ്ററിലെത്തിയ 182 ഓളം ചിത്രങ്ങളിൽ എഴുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ് എന്ന് ഐ എം ഡി ബി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ പ്രതിഭകൾ എത്തുന്നത് ഒരു ഇൻഡസ്ട്രിയുടെ വളർച്ചയുടെ മാനദണ്ഡമായി കണക്കാക്കാമെങ്കിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായൊരു കാര്യം തന്നെയാണിത്.

ജയപരാജയങ്ങൾ മാറ്റി നിർത്തിയാൽ, മാറ്റങ്ങളും പുത്തൻ ഭാവുകത്വവുമൊക്കെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു കൊണ്ടാണ് ഇവരുടെ കടന്നു വരവ്. വാർപ്പു മാതൃകകൾക്ക് അപ്പുറമുള്ള ചില സിനിമാക്കാഴ്ചകളിലേക്ക് ഇവർ പ്രേക്ഷകരെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്. മാറിയ കഥ പറച്ചിൽ രീതികളെ പരിചയപ്പെടുത്താനും വിഷയത്തെ കുറേക്കൂടി സൂക്ഷ്മമായി അടയാളപ്പെടുത്താനും ഈ സംവിധായകരിൽ പലർക്കും സാധിച്ചിട്ടുണ്ട്.

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക്

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് എത്തിയ മൂന്നു താരങ്ങളെയും അവരുടെ ചിത്രങ്ങളും 2019 ൽ പ്രേക്ഷകർ കണ്ടു. ‘ലൂസിഫറി’ലൂടെ പൃഥ്വിരാജും ‘ബ്രദേഴ്സ് ഡേ’യിലൂടെ കലാഭവൻ ഷാജോണും ‘An International ലോക്കൽ സ്റ്റോറി’യിലൂടെ ഹരിശ്രീ അശോകനും സംവിധായകരായി ഹരിശ്രീ കുറിച്ചു. അനൂപ് മേനോൻ (കിംഗ്ഫിഷ്), മോഹൻലാൽ (ബറോസ്) എന്നിവർ സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത നമ്മൾ കേട്ടതും 2019 ൽ തന്നെ.

Read Here: പത്തു വർഷത്തിനിടെ മലയാള സിനിമയിൽ സംഭവിച്ച വിസ്മയം

നവാഗത സംവിധായകരും അവരുടെ ചിത്രങ്ങളും

ഈ വർഷം തങ്ങളുടെ ആദ്യചിത്രവുമായി എത്തിയവരിൽ, വർഷങ്ങളോളം സിനിമയുടെ അണിയറയിൽ സഹസംവിധായകരായി പ്രവർത്തിച്ചവരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും സിനിമ പഠിച്ചിറങ്ങിയവരും മാത്രമല്ല, ഒരു മുൻപരിചയവുമില്ലാതെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ സിനിമയിൽ എത്തിപ്പെട്ടവരുമുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും ഒന്നു രണ്ടു സ്ത്രീ സംവിധായകരും തങ്ങളുടെ ആദ്യചിത്രവുമായി ഈ വർഷം തുടക്കം കുറിച്ചിരുന്നു.

2019ൽ തിയേറ്ററുകളിലെത്തിയ പ്രമേയം കൊണ്ടും ട്രീറ്റ്‌മെന്റ് കൊണ്ടും ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്ത ചിത്രങ്ങളിൽ ഏതാനും ചില ചിത്രങ്ങളുടെയും സംവിധായകരുടെയും പേര് താഴെ കൊടുക്കുന്നു (ലിസ്റ്റ് പൂർണമല്ല).

 1. മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്)
 2. മനു അശോകൻ (ഉയരെ)
 3. പൃഥ്വിരാജ് (ലൂസിഫർ)
 4. അനുരാജ് മനോഹർ (ഇഷ്ക്)
 5. പി ആർ അരുൺ (ഫൈനൽസ്)
 6. ഗിരീഷ് എം ഡി (തണ്ണീർമത്തൻ ദിനങ്ങൾ)
 7. മാത്തുക്കുട്ടി സേവ്യർ (ഹെലൻ)
 8. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ)
 9. നിസ്സാം ബഷീർ (കെട്ട്യോളാണ് എന്റെ മാലാഖ)
 10. അഷ്റഫ് ഹംസ (തമാശ)
 11. വിവേക് (അതിരൻ)
 12. അഹമ്മദ് കബീർ (ജൂൺ)
 13. എം സി ജോസഫ് (വികൃതി)
 14. അരുൺ ബോസ് (ലൂക്ക)
 15. ദിൻജിത്ത് (കക്ഷി അമ്മിണിപ്പിള്ള)
 16. ഡിമൽ ഡെന്നീസ് (വലിയ പെരുന്നാൾ)
 17. ശങ്കർ രാമകൃഷ്ണൻ (പതിനെട്ടാംപടി)
 18. പ്രവീൺ പ്രഭാറാം (കൽക്കി)
 19. ജോൺ മാന്ത്രിക്കൽ (ജനമൈത്രി)
 20. കലാഭവൻ ഷാജോൺ (ബ്രദേഴ്സ് ഡേ)
 21. ജിബി-ജോജി (ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന)
 22. ധ്യാൻ ശ്രീനിവാസൻ (ലവ് ആക്ഷൻ ഡ്രാമ)
 23. ഗിരീഷ് നായർ (പൂഴിക്കടകൻ)
 24. കിരൺ പ്രഭാകരൻ (താക്കോൽ)
 25. രാജേഷ് മോഹനൻ (തൃശൂർ പൂരം)
 26. സുദീപ് ജോഷി-ഗീതിക (ഹാപ്പി സർദാർ)
 27. സ്വപ്നേഷ് കെ നായർ (എടക്കാട് ബറ്റാലിയൻ)
 28. ഹരിശ്രീ അശോകൻ (An International ലോക്കൽ സ്റ്റോറി)
 29. ബിലഹരി (അള്ള് രാമേന്ദ്രൻ)
 30. ജോസ് സെബാസ്റ്റ്യൻ (എന്റെ ഉമ്മാന്റെ പേര്)
 31. വിവേക് ആര്യൻ (ഓർമയിൽ ഒരു ശിശിരം)
 32. സുജിത്ത് വിഘ്നേശ്വർ (രമേശൻ ഒരു പേരല്ല)
 33. അനിൽ ആർ രാജ് (സൂത്രക്കാരൻ)
 34. ഹസീന സുനീർ (പ്രകാശന്റെ മെട്രോ)

സംവിധാന സ്വപ്നവുമായി മലയാളസിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് പ്രചോദനമാകാനും ഈ സിനിമകൾക്ക് സാധിക്കുന്നുണ്ട്. ആദ്യചിത്രത്തിലൂടെ കയ്യൊപ്പു ചാർത്തിയ ഓരോ സംവിധായകനും സിനിമാമോഹികളായ ചെറുപ്പക്കാർക്ക് സമ്മാനിക്കുന്നത് പ്രതീക്ഷകളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam cinema 2019 a year of debut directors

Next Story
ഷെയ്ൻ നിഗം നിർമാതാക്കളോട് ഖേദം പ്രകടിപ്പിച്ചുShane Nigam, ഷെയ്ൻ നിഗം, Iffk, ഐഎഫ്എഫ്കെ, Producers' association, shane nigam latest news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com