Vikrithi Movie Review: രണ്ടു വർഷങ്ങൾക്ക് മുമ്പ് ‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന പേരിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ഒരു ചിത്രം മലയാളി അത്ര പെട്ടെന്ന് മറന്നു കാണില്ല. മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങി എന്നാരോപിക്കപ്പെട്ടു കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത എൽദോ എന്ന യുവാവ് കുറച്ചൊന്നുമല്ല സോഷ്യൽ മീഡിയാ ട്രോളുകൾക്ക് ഇരയായത്.
എൽദോയുടെ ജീവിതത്തെ ആസ്പദമാക്കി നവാഗതനായ എംസി ജോസഫ് ഒരുക്കിയ ‘വികൃതി’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് എൽദോയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രചരിപ്പിച്ച വ്യക്തിയായി എത്തുന്നത് സൗബിൻ ഷാഹിറും.
Vikrithi Movie Review: എല്‍ദോയും സമീറും
എൽദോ(സുരാജ്)യുടെ ജീവിതത്തില്‍ നിന്നാണ് ‘വികൃതി’ ആരംഭിക്കുന്നത്. ഒരു പ്രൈവറ്റ് സ്കൂളിലെ പ്യൂണാണ് എൽദോ. ഭാര്യ എൽസിയും(സുരഭി ലക്ഷ്മി) ഒരു മകനും മകളും അടക്കുന്ന സന്തുഷ്ട കുടുംബമാണ് എൽദോയുടേത്. ഇതിന് സമാന്തരമായി തന്നെ മുഹമ്മദ് സമീർ(സൗബിൻ) എന്ന യുവാവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും കഥയും ‘വികൃതി’ പറയുന്നു. പ്രവാസിയായ സമീർ അവധിക്ക് നാട്ടിലെത്തുന്നതും ആറ് വർഷമായി തന്റെ മനസിലുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നതിലൂടെയുമാണ് സമീറിന്റെ കഥ വികസിക്കുന്നത്.
എൽദോയുടെ മകൾക്ക് ന്യൂമോണിയ ബാധിക്കുകയും ദിവസങ്ങളോളം ഉറക്കമൊഴിച്ച് എൽദോ തന്റെ മകൾക്ക് കൂട്ടിരിക്കുകയും ചെയ്യുന്നു. ഇടയ്ക്കൊരു ദിവസം വീട്ടിലേക്ക് വരുന്ന എൽദോ ക്ഷീണം മൂലം മെട്രോയിൽ കിടന്ന് ഉറങ്ങിപ്പോകുന്നു. ഇതേ മെട്രോയിലാണ് സമീറും യാത്ര ചെയ്തിരുന്നത്. സമീറിന്റെ അനാവശ്യമായ ഒരു ‘വികൃതി’ എൽദോയുടെ ജീവിതം തന്നെ കീഴ്മേൽ മറിയ്ക്കുകയും ചെയ്യുന്നു. ഇവിടെയാണ് സിനിമ യഥാർഥത്തിൽ മറ്റൊരു തലത്തിലേക്ക് എത്തുന്നത്.
Vikrithi Movie Review: കാസ്റ്റിംഗിലെ മിടുക്ക്
മലയാളികൾ ഏറെ ചർച്ച ചെയ്ത ഒരു വിഷയത്തെ എല്ലാവർക്കും മനഃപാഠമായ ഒരു കഥയെ സിനിമയായി ചിത്രീകരിക്കുക എന്ന വെല്ലുവിളിയാണ് സംവിധായകൻ എംസി ജോസഫ് ‘വികൃതി’യിലൂടെ ഏറ്റെടുത്തതും വിജയിപ്പിച്ചതും. പ്രത്യേകിച്ച് ട്വിസ്റ്റ് ആൻഡ് ടേണുകളില്ലാതെ, ക്ലൈമാക്സ് എങ്ങനെയാകും എന്ന് പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥ രണ്ട് മണിക്കൂർ ബോറടിക്കാതെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ പാകത്തിൽ ഒരുക്കിയെടുത്തു എന്നത് സംവിധായകന്റെ മിടുക്ക് തന്നെയാണ്.
ഏറ്റവും മനോഹരം എന്നത് ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണ്. എൽദോ എന്ന വ്യക്തി കടന്നു പോകുന്ന വൈകാരിക അവസ്ഥകളും ഏറ്റവും ഹൃദയ സ്പർശിയായി തന്നെ അവതരിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടിന് സാധിച്ചു. എൽദോ കരയുമ്പോൾ കൂടെ പ്രേക്ഷകരും കരയും, ചിരിക്കുമ്പോൾ കൂടെ നമ്മളും ചിരിക്കും. സുരാജ് എന്ന നടനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നുമല്ല ‘വികൃതി’യിലേത്, എങ്കിലും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നാവും ഇത് എന്നതില്‍ തര്‍ക്കമില്ല. ഏറ്റവും ഭദ്രമായ കൈകളിൽ തന്നെയാണ് സംവിധായകൻ കഥാപാത്രത്തെ ഏൽപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ബോധ്യപ്പെടും.
സോഷ്യൽ മീഡിയാ ഭ്രമമുള്ള, വൈറൽ പോസ്റ്റുകളും അതിന്റെ ലൈക്കുകളിലുമൊക്കെ ജീവിതത്തിന്റെ രസങ്ങൾ കണ്ടെത്തുന്ന സമീറാകാൻ സൗബിനോളം പോന്ന മറ്റാരുമില്ല. പ്രേക്ഷകർക്ക് അയാളോട് ഇഷ്ടം തോന്നും, ദേഷ്യം തോന്നും, അയാൾ കുരുക്കിൽ ചാടണമെന്ന് ഒരു സെക്കൻഡ് എങ്കിലും ആഗ്രഹം തോന്നും, അതേ സമയം അയാളുടെ ടെൻഷനും കുറ്റബോധവും നിസ്സഹായതയും കാണുമ്പോൾ സഹതാപവും തോന്നും. ഓരോ ഘട്ടങ്ങളിലും സമീറായി സൗബിൻ ജീവിച്ചു കാണിച്ചു. സുരാജിനെ പോലെ തന്നെ സൗബിനും തന്റെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതൊന്നുമല്ല. എവിടെയൊക്കെയോ പണ്ട് സൗബിൻ ചെയ്തിരുന്ന കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് സമീർ. എങ്കിലും സൗബിന്റെ ഫിലിമോഗ്രഫിയിലും ‘വികൃതി’ സുവര്‍ണ്ണ അക്ഷരങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെടുമെന്ന് തീര്‍ച്ച.
എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ദേശീയ പുരസ്കാരജേതാവ് കൂടിയായ സുരഭി ലക്ഷ്മി അവതരിപ്പിച്ച എൽസിയാണ്, എൽദോയുടെ ഭാര്യ. എൽദോയെ പോലെ തന്നെ സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത വ്യക്തിയാണ് എൽസിയും. മലയാളത്തിലെ എണ്ണം പറഞ്ഞ ഒരാളാണ് താന്‍ എന്ന് സുരഭി ഒന്ന് കൂടി തെളിയിച്ചു.
പുതുമുഖ നായിക വിൻസി അലോഷ്യസാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന സമീർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്നത്. സീനത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു തുടക്കക്കാരിയാണെന്ന് തോന്നിപ്പിക്കാതെ വളരെ കൈയ്യടക്കത്തോടെയാണ് വിൻസി സീനത്തായി മാറിയത്.
Read More: പാർവ്വതിയോട് ഇഷ്ടം; ഐശ്വര്യയോട് അസൂയ; ‘വികൃതി’ നായിക വിന്‍സി പറയുന്നു
ജാഫർ ഇടുക്കി, സുധീഷ് കോപ്പ, മാമുക്കോയ, ഭഗത്, സുധീർ കരമന, ജോളി ചിറയത്ത്, ഇർഷാദ്, ബാബുരാജ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. ബിജിപാൽ ഒരുക്കിയ സംഗീതവും ആൽബിയുടെ ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ മനോഹരമാക്കി.
മലയാളികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ കൃത്യമായി പഠിച്ചാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ആരെന്നോ എന്തെന്നോ അറിയാതെ ലഭിക്കുന്ന ഫോർവേഡ് മെസ്സേജുകൾ വൈറലാക്കുകയും അത് വഴി ട്രോളുകളുണ്ടാക്കി രസിക്കുകയും ചെയ്യുമ്പോൾ അതിന് പിന്നിൽ ആരുടേയോ ജീവിതമാണെന്ന് നമ്മളോർക്കുന്നില്ല എന്നാണ് ‘വികൃതി’ പറയാന്‍ ശ്രമിക്കുന്നത്.
ട്രോളുകളുടെ അവസാനമുള്ള അതിന്റെ സത്യാവസ്ഥയും ഒക്കെ തിരിച്ചറിയുമ്പോൾ ഞാനൊന്നും ചെയ്തില്ലെന്ന മട്ടിൽ മറ്റുള്ളവരെ പഴി ചാരുന്ന നമ്മുടെ സ്വഭാവവും സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവിടെ ‘വികൃതി’ തുടക്കം സമീറിൽ നിന്നാണെങ്കിലും നമ്മള് ഓരോരുത്തരും ഓരോരുത്തരും അതിൽ പങ്കാളികളാണ്, നമ്മുടെയെല്ലാം ഉള്ളിലുമുണ്ട് ഒരു സമീർ എന്ന് കൂടിയാണ് സിനിമ ഓര്‍മ്മിപ്പിക്കുന്നത്.
സമകാലിക കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം, മനോഹരമായി പ്രതിപാദിച്ചിരിക്കുന്ന ഒരു ചിത്രം, അതാണ് ‘വികൃതി’.