Jallikkattu Movie Review: ‘ജല്ലിക്കെട്ടി’നായി  കാത്തിരുന്നതു പോലെ മലയാള സിനിമാപ്രേക്ഷകര്‍ ഈ വര്‍ഷം കാത്തിരുന്ന മറ്റൊരു സിനിമയുണ്ടോ എന്ന് സംശയമാണ്. ഫിലിം മേക്കിംഗിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, മികച്ച ക്രാഫ്റ്റ്സ്മാന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം. ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലുമെല്ലാം നിരവധി പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ‘ഈ മ യൗ’വിന് ശേഷം ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പോലുള്ള രാജ്യാന്തര വേദികളില്‍ കയ്യടികളും മുക്തകണ്ഠ പ്രശംസയുമേറ്റു വാങ്ങി  ലിജോ വീണ്ടും എത്തുന്നു.

‘ജല്ലിക്കെട്ടി’ന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ആ പ്രതീക്ഷകള്‍ക്ക് എല്ലാം ഒരുപടി അപ്പുറത്തേക്ക് സഞ്ചരിക്കുകയാണ് സിനിമ. ചിത്രത്തെ കുറിച്ച് കേട്ടതത്രയും സത്യം എന്ന് ബോധ്യപ്പെട്ടും അപൂര്‍വ്വമായൊരു സിനിമാനുഭവം സമ്മാനിക്കുന്ന ഭ്രമകല്പനകളുടെ ചുഴിയില്‍ ഉലഞ്ഞും മാത്രമേ  പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിട്ട് ഇറങ്ങാനാവൂ.

Read Here: ഏറ്റവും അപകടകാരിയായ മൃഗം പുരുഷനാണ്: ബുസാനില്‍ നിരൂപകപ്രശംസ ഏറ്റുവാങ്ങി ‘ജല്ലിക്കട്ട്’

 

Jallikkattu Movie Review: ‘ജല്ലിക്കെട്ടി’ലെ നായകന്‍ ഒരു പോത്താണ്

മനുഷ്യനിലെ ‘മൃഗ’ത്തിന്റെ തൊലിയടര്‍ത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ‘ക്രേസി’യായ സംവിധായകന്‍. കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്താണ് ‘ജല്ലിക്കെട്ടി’ലെ നായകന്‍. വിരണ്ടു കൊണ്ടുള്ള  ജീവന്‍-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന  പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ.

വന്യതയാണ് ജല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യര്‍ക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആള്‍കൂട്ട  മനശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകള്‍, ദ്രുതചലനങ്ങള്‍, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് ‘ജല്ലിക്കെട്ടി’ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കുന്നത്.

പേരുകള്‍ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യര്‍ സ്‌ക്രീനില്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍, ആണത്ത ആഘോഷങ്ങളുടെ കൊടിപിടിച്ച് പ്രേക്ഷകനും ആ ആള്‍ക്കൂട്ടത്തിനൊപ്പം ഓടി തുടങ്ങും. വീറ്, വാശി, പരാജയബോധം, അപമാനം, കീഴ്‌പ്പെടുത്താനുള്ള ത്വര തുടങ്ങി മനുഷ്യനിലെ എല്ലാ വന്യതകളും പുറത്തു ചാടുമ്പോള്‍ മനുഷ്യനും മൃഗത്തിനും ഇടയിലുള്ള വേര്‍ത്തിരിവിന്റെ ലക്ഷ്മണരേഖകളെല്ലാം മായ്ക്കപ്പെടുകയാണ്.

Image may contain: text

Jallikkattu Movie Review: ‘ജല്ലിക്കട്ടി’ലെ താരങ്ങള്‍

ചെമ്പന്‍ വിനോദ്, ആന്റണി പെപ, സാബു മോന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കഥാപാത്രങ്ങളിലേക്ക്  കൂട് വിട്ട് കൂടുമാറുന്ന അഭിനയമികവിന്റെ ദൃഷ്ടാന്തം കൂടിയാണ്  ഈ സിനിമയില്‍. ഒരു വളര്‍ത്തു മൃഗത്തെ ചിത്രീകരിക്കേണ്ടി വരുന്ന സിനിമകളില്‍ പോലും ‘No Animals Were Harmed in the Making of This Film’ എന്നെഴുതി കാണിക്കേണ്ട സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാണ് ഇപ്പോഴത്തെ ചിത്രങ്ങള്‍. സ്വയം വിരണ്ടും ഒരു നാടിനെ വിരട്ടിയും വന്യതയോടെ കുതിക്കുന്ന ഒരു പോത്തിനു ചുറ്റും കിടന്നു കറങ്ങുന്ന ഒരു സിനിമയില്‍, ഇല്ലാത്ത പോത്തിനെ വെച്ച് ആ വന്യത കൊണ്ടു വരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പോത്ത് സ്‌ക്രീനില്‍ നിറയുമ്പോഴെല്ലാം തിയേറ്റര്‍ തണുപ്പിലും ഭീതി പ്രേക്ഷകരിലേക്ക് അരിച്ചു കയറുന്നുവെങ്കില്‍ അത് മേക്കിംഗിന്റെ വിജയമാണ്. അയഥാര്‍ത്ഥമായ ബിംബങ്ങളെ പോലും റിയലിസ്റ്റിക് ആക്കുകയാണ് ലിജോയുടെ ‘മാജിക്കല്‍ മേക്കിംഗ്’.

ദൃശ്യങ്ങളും ശബ്ദവുമാണ് ജല്ലിക്കെട്ടിനെ മറ്റൊരു തലത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍. ക്യാമറക്കണ്ണുകള്‍ ഏതൊക്കെ ആംഗിളില്‍ നിന്നാണ് പോത്തിനൊപ്പം ഓടുന്ന ആ ആള്‍ക്കൂട്ടചലനങ്ങളെ ഒപ്പിയെടുത്തിരിക്കുന്നതെന്ന് വിസ്മയത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. പെട്രോമാക്‌സിന്റെയും തീപന്തങ്ങളുടെയും ടോര്‍ച്ചിന്റെയും വെളിച്ചത്തില്‍ ഇരമ്പിയാര്‍ക്കുന്ന കടലു പോലെ കുതിക്കുന്ന മനുഷ്യര്‍. കാടിന്റെയും രാത്രിയുടെയും തീക്ഷ്ണവും വന്യവുമായ സൗന്ദര്യം മതിയാവോളം ഒപ്പിയെടുക്കുകയാണ് ഗിരീഷ് ഗംഗാധരന്റെ ക്യാമറക്കണ്ണുകള്‍. സമീപകാലത്ത് മലയാളസിനിമ കണ്ട ഏറ്റവും മികച്ച വിഷ്വല്‍ ട്രീറ്റാണ് ‘ജല്ലിക്കെട്ടി’ന്റേത് നിസ്സംശയം പറയാം.

സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാനാവാതെ, ശ്രദ്ധ മാറ്റാനാവാതെ പ്രേക്ഷകനെ കൊളുത്തിയിടുകയാണ് പ്രശാന്ത് പിള്ളയുടെ പശ്ചാത്തലസംഗീതം. ചിത്രത്തെ ചടുലമാക്കി മുന്നോട്ട് കൊണ്ടുപോവുന്നതില്‍ പശ്ചാത്തലസംഗീതത്തിനുള്ള പങ്ക് ചെറുതല്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും എടുത്തു പറയേണ്ടതാണ്. വളരെ സൂക്ഷ്മമായി, കണിശതയോടെ, കാഴ്ചയ്ക്ക് ഒപ്പം തന്നെ സഞ്ചരിക്കുന്നുണ്ട് പശ്ചാത്തലത്തിലെ ഓരോ ചെറുശബ്ദവും. തിരശ്ചീല കാഴ്ചയോ യാഥാര്‍ത്ഥ്യമോ എന്ന് ഭ്രമിപ്പിക്കുന്നുണ്ട്  ‘ജല്ലിക്കെട്ടി’ന്റെ ശബ്ദപ്രപഞ്ചം.

ജല്ലിക്കട്ട്, jallikattu, jallikattu review, jallikattu movie review, jallikattu movie, jalikattu, jallikatu, lijo jose, lijo jose pellissery, Chemban Vinod Jose, Antony Varghese, Sabumon, Santhy Balachandran,

Jallikkattu Movie Review: ‘ജല്ലിക്കെട്ട്’ എന്ന അനുഭവം

മലയാളസിനിമ ഇന്നു വരെ കാണാത്ത സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് ലിജോ ‘ജല്ലിക്കെട്ടി’ലൂടെ ഒരുക്കിയിരിക്കുന്നത്. ‘ജല്ലിക്കെട്ട്’ സമ്മാനിക്കുന്ന ആ കാഴ്ചാനുഭവത്തെ ഓരോ വ്യക്തിയും തിയേറ്ററില്‍ തന്നെ അനുഭവിച്ചറിയേണ്ടതാണ്. അവസാന 30 മിനിറ്റിലെ ദൃശ്യാനുഭവമൊക്കെ വാക്കുകള്‍ക്കതീതമായ ഒരു അനുഭവം സമ്മാനിക്കും.

‘നീയിപ്പോള്‍ കണ്ടത് ഒരു മലയാളസിനിമയാണെന്ന് മറന്നു കളയൂ, അപ്പോള്‍ ഈ അമ്പരപ്പ് മാറും,’- സിനിമ കണ്ടിറങ്ങുമ്പോള്‍ അയല്‍പ്പക്ക സീറ്റിലെ ഒരു ചെറുപ്പക്കാരന്‍ സിനിമ സമ്മാനിച്ച ദൃശ്യാനുഭവം കണ്ട് തരിച്ചിരിക്കുന്ന സുഹൃത്തിനെ തട്ടിയുണര്‍ത്തി പറഞ്ഞതു പോലെ, ‘ജല്ലിക്കെട്ട്’ ഒരു ‘മലയാള സിനിമ’യല്ല, പ്രാദേശികഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ്.

Read Here: Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook