scorecardresearch
Latest News

Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ‘കുമ്പളങ്ങി’ ബ്രദേഴ്സ്

Kumbalangi Nights Movie Review in Malayalam: ശല്യക്കാരായ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടു കളയാൻ മനുഷ്യർ തെരെഞ്ഞെടുക്കുന്ന ചിലയിടങ്ങളുണ്ട്. കുമ്പളങ്ങിക്കാർ പൂച്ചകളെ കൊണ്ടുകളയുന്ന ഒരു തുരുത്തിലെ വാതിലുകളില്ലാത്ത, അച്ഛനില്ലാത്ത, അമ്മയില്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന നാലു സഹോദരങ്ങളാണ് സജിയും ബോബിയും ബോണിയും ഫ്രാങ്കിയും

Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ‘കുമ്പളങ്ങി’ ബ്രദേഴ്സ്

Fahadh Faasil Starrer Kumbalangi Nights Movie Review in Malayalam: കള്ളിമുൾച്ചെടിയിൽ പോലും പൂക്കൾ വിരിയിക്കുന്ന സ്നേഹമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. കണ്ടിറങ്ങുമ്പോൾ ഹൃദയം നിറയ്ക്കുന്ന അനുഭവം സമ്മാനിക്കുന്ന ഒരു കൊച്ചുചിത്രം.

ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഒരു ദേശത്തിന്റെ ജൈവികത കൈവിടാതെ തന്നെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ തനിമയോടെ നിൽക്കുന്ന കുമ്പളങ്ങിയെന്ന ഗ്രാമമാണ് ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നത്. എന്നാൽ പൊതുസമൂഹത്തിന്റെ ഭൂപടങ്ങളിൽ അധികം അടയാളപ്പെടാതെ പോവുന്ന പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരിലേക്കും അവരുടെ ഇമോഷനുകളിലേക്കും ജീവിതാവസ്ഥകളിലേക്കുമാണ് മധു സി നാരായണൻ എന്ന നവാഗത സംവിധായകന്റെ ‘കുമ്പളങ്ങി നൈറ്റ്സ്’ ഫോക്കസ് ചെയ്യുന്നത്.

തനിക്ക് ആവശ്യമില്ലാത്ത, ശല്യക്കാരായ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടു കളയാൻ മനുഷ്യർ തെരെഞ്ഞെടുക്കുന്ന ചിലയിടങ്ങളുണ്ട്. കുമ്പളങ്ങിക്കാർ പൂച്ചകളെ കൊണ്ടുകളയുന്ന ഒരു തുരുത്തിലെ വാതിലുകളില്ലാത്ത, അച്ഛനില്ലാത്ത, അമ്മയില്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന നാലു സഹോദരങ്ങളാണ് സജിയും ബോബിയും ബോണിയും ഫ്രാങ്കിയും. നെപ്പോളിയന്റെ മക്കൾ. ഇളയവൻ ഫ്രാങ്കി വിശേഷിപ്പിക്കും പോലെ, ഭൂമിയിലെ നരകമെന്നോ,​ ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരിടം. അവരുടെ ജീവിതത്തിലെ സങ്കീർണ്ണതകൾ, ആകുലതകൾ, പിടച്ചിലുകൾ… അങ്ങനെ കുമ്പളങ്ങി നൈറ്റ്സിന് പറയാൻ ഒരുപാടുണ്ട്. ഉള്ളിന്റെയുള്ളിലെ സ്നേഹവും കനിവും സാഹോദര്യവുമെല്ലാം വീണ്ടെടുക്കുന്ന നെപ്പോളിയന്റെ മക്കൾ സിനിമ കണ്ടിരിക്കെ പതിയെ പതിയെ പ്രേക്ഷകരുടെ ഹൃദയത്തിലും ഇടം കണ്ടെത്തും. ഭൂമിയിലെ നരകങ്ങളെ സ്വർഗ്ഗമാക്കാൻ കഴിവുള്ള മനുഷ്യസ്നേഹത്തിലേക്കാണ് കുമ്പളങ്ങി രാത്രികൾ പ്രേക്ഷകനെ ക്ഷണിക്കുന്നത്.

‘കുമ്പളങ്ങി നൈറ്റ്സി’ൽ അതിഗംഭീരമായ പെർഫോമൻസ് കാഴ്ച വെച്ച ഒരാൾ സൗബ്ബിൻ സാഹിറാണ്. അരക്ഷിതാവസ്ഥകളും സങ്കടങ്ങളും അപമാനവുമൊക്കെ ഹൃദയത്തിൽ പേറുന്ന കനിവും സ്നേഹവും ഉള്ളിൽ നീരുറവ പോലെ സൂക്ഷിക്കുന്ന സജിയായി സൗബിൻ കണ്ണുകളെ നനയിക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും പുതുമുഖതാരം മാത്യു തോമസുമൊക്കെ കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് അഭിനയിക്കുമ്പോൾ ‘കുമ്പളങ്ങി നൈറ്റ്സി’ന് ഒരു ക്ലാസ്സ് സ്വഭാവം കൂടി കൈവരികയാണ്. ‘കുമ്പളങ്ങി’യുടെ പശ്ചാത്തലത്തിൽ പറയുന്ന ഒരു കഥയ്ക്ക് ഇന്റർനാഷണൽ സ്വഭാവം കൈവരുന്നത്, ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനുമപ്പുറം മനുഷ്യരുടെ ഇമോഷനുകൾ ഒന്നാകുന്നതു കൊണ്ടുകൂടിയാവാം. മലയാളികൾ കണ്ടുപഴകിയ പതിവു സിനിമാകാഴ്ചകളുടെ സ്ഥിരം ഫ്രെയിമുകൾക്ക് അപ്പുറത്തേക്ക് കൂടിയാണ് ചിലപ്പോഴൊക്കെ സിനിമ പ്രേക്ഷകനെ കൂട്ടികൊണ്ടുപോവുന്നത്.

ബേബി മോൾ ആയെത്തിയ പുതുമുഖതാരം അന്ന ബെന്നും ഗ്രെയ്സുമൊക്കെ റിയലിസ്റ്റിക്കായ അഭിനയത്താൽ പ്രേക്ഷകരുടെ ഇഷ്ടം കവരും. ട്രെയിലറിൽ അൽപ്പം വശപിശക് ചേട്ടനാണെന്ന് പറഞ്ഞ് ‘കുമ്പളങ്ങി’യിലെ ആ കുട്ടികൾ പരിചയപ്പെടുത്തിയ ഷമ്മി എന്ന കഥാപാത്രം ഫഹദിന്റെ കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ്. കണ്ണിലും നോട്ടത്തിലും ചിരിയിൽ പോലും നിഗൂഢത തോന്നിക്കുന്ന സങ്കീർണ്ണതകളുള്ളൊരു കഥാപാത്രമാണ് ഫഹദിന്റെ ഷമ്മി.

തൊട്ടടുത്തുള്ള ജീവിതങ്ങൾ കാണാൻ പോലും ചിലപ്പോൾ നമുക്ക് മറ്റൊരാളുടെ സഹായം വേണ്ടിവരും. മറ്റൊരാൾ പറയും വരെ, നമുക്ക് പിടികിട്ടാതെ പോവുന്ന ചില ജീവിതങ്ങൾ. അത്തരം ചില ജീവിതചതുപ്പുകളിലേക്ക് വെളിച്ചം കാണിച്ചു തരികയാണ് തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരൻ. വലിയ ട്വിസ്റ്റുകളും ടേണുകളും അതിഗംഭീരമായ സംഭവവികാസങ്ങളും ഒന്നുമില്ലാതെ, സ്വാഭാവികത കൊണ്ട് തന്നെ ഒരു സിനിമയെ ആസ്വാദ്യകരമാക്കാം എന്നതിനു കൂടിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ അടിവരയിടുന്നത്.

കെട്ടുറപ്പോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയുടെ ആത്മാവു ചോരാതെ, നവാഗതന്റെ പതർച്ചകളില്ലാതെ തിരശ്ചീലയിലേക്ക് പകർത്താൻ മധു സി നാരായണൻ എന്ന സംവിധായകനു സാധിച്ചിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സൈജു ശ്രീധരന്റെ എഡിറ്റിംഗും സിനിമയോട് നൂറുശതമാനം നീതി പുലർത്തുന്നു. കണ്ടു കണ്ടിരിക്കെ ക്യാമറകണ്ണുകളും സമാന്തരമായൊരു കഥ പറയുന്നുണ്ടെന്ന് കാഴ്ചക്കാരന് തോന്നിപ്പിക്കുന്നത്രയും മനോഹരമായി, ഡീറ്റെയിലിംഗ് ആയാണ് ഷൈജു ഖാലിദിന്റെ ക്യാമറയുടെ സഞ്ചാരം. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഒരുങ്ങിയ പാട്ടുകളും ഏറെ മികവു പുലർത്തുന്നുണ്ട്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിച്ചിരിക്കുന്നത്.

തിയേറ്ററിൽ പോയി കണ്ടറിയേണ്ട ഒരനുഭവമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’, ഒരു ഫീൽ ഗുഡ് മൂവി. പ്രതീക്ഷകൾക്കപ്പുറത്തേക്ക് നിറവ് സമ്മാനിക്കുന്ന ചിത്രം. ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ- ഫഹദ് കൂട്ടുക്കെട്ടിൽ പ്രതീക്ഷ പുലർത്തുന്നവരോട്, ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല. നിരാശരാക്കില്ലെന്നു മാത്രമല്ല, ബ്രില്ല്യന്റ് സ്ക്രിപ്റ്റും, റിയലിസ്റ്റിക്ക് ട്രീറ്റ്‌മെന്റും നാച്യുറലായ അഭിനയമുഹൂർത്തങ്ങളും ‘കുമ്പളങ്ങി നൈറ്റ്സി’നെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ഉയർത്തുക കൂടി ചെയ്യുന്നുണ്ട്. നെപ്പോളിയന്റെ മക്കളെയും അവരുടെ കുഞ്ഞു ജീവിതവും കാണാതെ പോയാൽ അതൊരു നഷ്ടമായിരിക്കും.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Kumbalangi nights malayalam movie release review rating fahadh faasil soubin shahir dileesh pothan shane nigam