Five Reasons to watch ‘Thanneermathan Dinangal’: ‘വിശുദ്ധ ആംബ്രോസേ’, ‘മൂക്കുത്തി’ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ താനൊരു ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ച യുവസംവിധായകനാണ് ഗിരിഷ് എഡി. അതു കൊണ്ട് തന്നെ ഗിരീഷിന്റെ ആദ്യ സിനിമയായ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ആ പ്രതീക്ഷകളൊന്നും വെറുതെയായിട്ടില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ഫ്രാങ്കിയായി മലയാളികളുടെ ഹൃദയം കീഴടക്കിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ചിരിയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു കോമഡി എന്റര്‍ടെയിനര്‍ ആണ്. പുതുമയുള്ള തമാശകളും അഭിനേതാക്കളുടെ സ്വതസിദ്ധമായ അഭിനയമുഹൂര്‍ത്തങ്ങളും രസകരമായൊരു കഥയുമായി രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും തിയേറ്ററുകളില്‍ കയ്യടി നേടുകയാണ് ചിത്രം.

Five Reasons to watch ‘Thanneermathan Dinangal’

തണ്ണിമത്തന്റെ ഫ്രഷ്‌നെസ്

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ആ പേരില്‍ തന്നെ ഒരു പുതുമയുണ്ട്. അതുപോലെ തന്നെയാണ് ചിത്രവും. കത്തുന്ന വെയിലില്‍ നടന്ന ക്ഷീണിച്ച് നില്‍ക്കുമ്പോള്‍ ഒരു കഷ്ണം തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നൊരു സുഖമില്ലേ, ആ സുഖവും കുളിര്‍മയും പകരുന്ന സിനിമ. ഒറ്റ ലൈനില്‍ പറഞ്ഞു തീര്‍ക്കാവുന്നത്ര ചെറിയൊരു കഥയാണ് ചിത്രത്തിന്റേത്. പക്ഷേ അതിനെ സംവിധായകന്‍ ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയാണ് ചിത്രത്തിന് ഫ്രഷ്‌നെസ് നല്‍കുന്നത്.

സമീപകാലത്ത് ഒരുപാട് ടീനേജ്/പ്ലസ് ടു ലൈഫ് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷെ അവയ്‌ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഫ്രഷ്‌നസ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കുണ്ട്. അതിന് കാരണമാകുന്നത് ചിത്രത്തിന് അന്യഭാഷ ടീനേജ് സ്‌റ്റോറികളുടെ ഹാങ് ഓവറോ പരിചയമില്ലാത്ത സ്‌കൂള്‍ പരിസരമോ ഇല്ലാതെയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ഒരുക്കിയിരിക്കുന്നതെന്നാണ്. താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവുമെല്ലാം ചിത്രത്തിന് നമുക്ക് പരിചിതമായ പരിസരമായിരിന്നിട്ട് കൂടിയൊരു ഫ്രഷ്‌നസ് കൊണ്ടു വരുന്നുണ്ട്.

ചിരിപ്പിച്ച് കൊല്ലുന്ന കൗണ്ടറുകള്‍

ചിത്രത്തിന്റെ ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ ചിരിച്ച് ഉല്ലസിച്ച് കണ്ട് തീര്‍ക്കാന്‍ സാധിക്കുന്ന ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’. ചിത്രം ഗൗരവതയുള്ള രംഗങ്ങളിലേക്ക് മാറുന്ന ഘട്ടങ്ങളില്‍ പോലും ചിത്രത്തിന്റെ ആകെ മൊത്തമായുള്ള ഫണ്‍ മൂഡ് നഷ്ടപ്പെടുന്നില്ല. ഡയലോഗുകള്‍ മിക്കതും ഭാവിയില്‍ ട്രോളുകളും മീമുകളുമായി മാറാന്‍ സാധ്യതയുള്ളതാണ്. പൊതുവെ ടീനേജ് സ്റ്റോറിയില്‍ കാണുന്ന ഡബിള്‍ മീനിങ് തമാശകളും ചിത്രത്തിലില്ല.

കുഞ്ഞു കുഞ്ഞു ഡയലോഗുകള്‍ പോലും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വേറെ ലെവലിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാത്യൂവിന്റേയും കൂട്ടുകാരുടേയും രംഗങ്ങള്‍. ആ ഗാങ്ങിലെ ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിരിക്കുന്നു. സയന്‍സ് ക്ലാസുകാരുടെ കൂടെ സദാ നടക്കുന്ന ഹ്യൂമാനിറ്റിക്‌സുകാരന്‍ പയ്യനാണ് കൂട്ടത്തില്‍ ഏറ്റവും ചിരിയുണര്‍ത്തിയ പല കൗണ്ടറുകള്‍ പറയുന്നത്. മാത്യുവിന്റെ ജെയ്‌സനും വിനീതിന്റെ രവി പത്മനാഭന്‍ സാറും ഒരുമിച്ചു വരുന്ന രംഗങ്ങളും ചിരിയുണര്‍ത്തുന്നതാണ്.
Thanneer Mathan Dinangal, തണ്ണീർമത്തൻ ദിനങ്ങൾ, franky, ഫ്രാങ്കി, kumbalangi nights, കുമ്പളങ്ങി നൈറ്റ്സ്, iemalayalam

Thanneermathan Dinangal: മുതിര്‍ന്നവരെ പോലും പിന്നിലാക്കിയ കുട്ടിത്താരങ്ങള്‍

ചിത്രത്തിന്റെ നട്ടെല്ലെന്ന് പറയുന്നത് തന്നെ ഇതിലെ അഭിനേതാക്കളുടെ പ്രകടനമാണ്. പ്രത്യേകിച്ചും കുട്ടികളുടേത്. ഫ്രാങ്കിയായി മാത്യുവിനെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഫ്രാങ്കിയുടെ നിഴല് പോലും ജെയ്‌സനില്‍ കാണാനാകില്ല. കുട്ടികളെ കുട്ടികളായും അധ്യാപകരെ അധ്യാപകരായും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇര്‍ഷാദ്, നിഷാ സാരംഗ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ പോലും അസാധ്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മാത്യു-അനശ്വര കെമിസ്ട്രിയും മനോഹരമാണ്. ടീനേജ് പ്രണയത്തിന്റെ ക്യൂട്ട്‌നെസ് ഒട്ടും ചോരാതെയാണ് രണ്ട് പേരും അഭിനയിച്ചിരിക്കുന്നത്. പൊതുവെ സ്‌കൂള്‍ കഥ പറയുന്ന സിനിമകളിലൊന്നും കാണാത്ത സത്യസന്ധത ഇവരുടെ പ്രകടനങ്ങളില്‍ കാണാം. മുകളില്‍ പറഞ്ഞത് പോലെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന രംഗങ്ങളുള്ളത് ജെയ്‌സനും കൂട്ടുകാരും ഒരുമിച്ച് വരുന്നിടത്താണ്. സംഘത്തിലുള്ള നാല് പേര്‍ക്കും അവരവരുടേതായ സ്വഭാവമുണ്ട്.

മുമ്പ് കണ്ട ഒരു കഥാപാത്രമായിട്ടും ആര്‍ക്കും സാമ്യമില്ല. കോമഡി ടൈമിങ് ഞെട്ടിക്കുന്നതാണ്. ഓരോ കൗണ്ടറുകളും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. സൗഹൃദവും പ്രണയവും കോമഡിയുമെല്ലാം ഗംഭീരമാക്കാന്‍ കുട്ടിത്താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഗിമ്മിക്കുകളില്ലാത്ത നൊസ്റ്റാള്‍ജിയ

പൊതുവെ സ്‌കൂള്‍/ടീനേജ് കഥ പറയുന്ന സിനിമകളുടെ ലക്ഷ്യം പ്രേക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയ അനുഭവപ്പെടുത്തുക എന്നതാണ്. ഇതിനായി ഒരുങ്ങി തന്നെയായിരിക്കും പ്രേക്ഷകര്‍ തിയ്യറ്ററിലേക്ക് എത്തുക എന്നത് കൊണ്ട് തന്നെ പകുതി പണി എളുപ്പമാണ്. സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷത്തിനും സമാനമായ രംഗങ്ങള്‍ സ്വന്തം സ്‌കൂള്‍ ലൈഫില്‍ നിന്നും അവര്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് ഇപ്പോഴത്തെ സ്‌കൂള്‍ കാഴ്ച്ചകളിലേക്ക് പഴയ പശ്ചാത്തലം കൊണ്ടു വരികയോ (അല്ലെങ്കില്‍ തിരിച്ച്) അല്ലെങ്കില്‍ ബോളിവുഡ് സ്‌റ്റൈലിലൊരു ടീനേജ് ലൗവ് സ്‌റ്റോറി പറയുകയോ ആയിരിക്കും. ഇതോടെ പലപ്പോഴും പ്രേക്ഷകന് സിനിമയില്‍ നിന്നും ഏതെങ്കിലും ഒരുഘട്ടത്തില്‍ വച്ച് അകന്നു പോകും.

എന്നാല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഇന്ന് നടക്കുന്ന കഥയാണ്. പക്ഷെ ചിത്രം തീര്‍ച്ചയായും പ്രേക്ഷകരെ അവരുടെ സ്‌കൂള്‍ ജീവിതത്തിലേക്ക് കൊണ്ട് പോകും. അതിനായി കണ്ട് പരിചയിച്ച എല്ലാവര്‍ക്കും ഈസിയായി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന രംഗങ്ങളല്ല ഗിരീഷ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ കുട്ടികളായി വിട്ടുകൊണ്ട്, അവരുടെ പ്രശ്‌നങ്ങളെ അവരുടെ പ്രായത്തിന് പാകമായ രീതിയില്‍ തന്നെ അവതരിപ്പിക്കുന്ന എന്നിടത്താണ് സംവിധായകന്റെ വിജയം. അതുകൊണ്ട് തന്നെ ചിത്രം കാണുന്നവര്‍ക്ക് സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ക്കൊപ്പം തന്നെ ആ നിഷ്‌കളങ്കതയേയും ഓര്‍മ്മപ്പെടുത്തുന്നതാകും.

ഇങ്ങനെയെക്കെ തന്നെയായിരുന്നു തങ്ങളുടെ സ്‌കൂള്‍ ജീവിതമെന്ന് അവര്‍ക്ക് സ്വാഭാവികമായി തന്നെ തോന്നും. ചിത്രത്തില്‍ ഒരുപക്ഷേ ഏറ്റവും എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നൊരു കഥാപാത്രമാണ് സയന്‍സ് ബാച്ചിനൊപ്പം നടക്കുന്ന ഹ്യൂമാനിറ്റിക്‌സുകാരന്‍. സ്‌കൂളിലേയും കോളേജിലേയും മിക്ക ഗ്യാങ്ങുകളിലും ഇങ്ങനൊരു ആളുണ്ടാകും.

Read More: Thanneermathan Dinangal movie review: രസകരമായ കൗമാരപ്രണയവുമായി ‘തണ്ണീർമത്തൻ ദിനങ്ങൾ’; റിവ്യൂ

Thanneermathan Dinangal: ഈയ്യടുത്ത് കണ്ട ഏറ്റവും മികച്ച വിനീത് കഥാപാത്രം

കുറച്ച് കാലത്തിന് ശേഷമാണ് വിനീത് ശ്രീനിവാസനിലെ നടനെ ഇങ്ങനെ അഴിച്ചു വിട്ടൊരു സിനിമ കാണുന്നത്. ഒരുപക്ഷേ ‘ചാപ്പാ കുരിശി’ന് ശേഷം വിനീത് തകര്‍ത്തഭിനയിച്ച ചിത്രമാണ്. ആദ്യ സീനില്‍ മുതല്‍ എവിടെയോ ഒരു പിശക് തോന്നിപ്പിച്ചു കൊണ്ട് തകര്‍ത്ത് അഭിനയിക്കുകയാണ് വിനീത്.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ, ഊര്‍ജ്ജ്വലനായ പപ്പന്‍ മാഷാണ് വിനീത് ചിത്രത്തില്‍. എന്നാല്‍ ജെയ്‌സനെ അദ്ദേഹത്തിന് ഇഷ്ടമല്ല. തിരിച്ചും. ആദ്യ സീനില്‍ തന്നെ ജെയ്‌സനോടുള്ള ആ ഇഷ്ടക്കേട് വിനീതിന്റെ ശരീരഭാഷയില്‍ വ്യക്തം. പിന്നീടങ്ങോട്ടും അത് അതുപോലെ വളരെ ലിമിറ്റഡായി അവതരിപ്പിക്കാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook